അഷ്ടമിരോഹിണി നാളിൽ (അവസാന ഭാഗം)
(രചന: സോണി അഭിലാഷ്)
ദിവസങ്ങൾ തന്നിൽ പ്രേത്യേകിച്ചു മാറ്റങ്ങൾ ഇല്ലാതെ കടന്നുപോയി.. അരവിന്ദേട്ടൻ പത്താം ക്ലാസ് പരീക്ഷ നന്നായി എഴുതി നല്ല മാർക്കും വാങ്ങി…
സ്കൂളിൽ എല്ലാവർക്കും മിട്ടായി കൊണ്ടുവന്നു കൊടുത്തപ്പോൾ തനിക്കും തരാൻ മറന്നില്ല… പിന്നേ സ്കൂളിൽ മീറ്റിങ് കൂടി എല്ലാവരും അരവിന്ദേട്ടനെ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു അച്ഛനും വന്നിരുന്നു..
അന്ന് അതൊന്നും അത്രകാര്യമായി തോന്നിയില്ല. തന്റെയും പരീക്ഷകഴിഞ്ഞു റിസൾട്ട് വന്നു എട്ടാം ക്ലാസിലെത്തി..
വീണ്ടും സ്കൂളിൽ എത്തി പക്ഷേ എന്തോ ഒന്ന് മനസിനെ നിരാശപെടുത്തുന്നത് പോലെ തോന്നി..
ആദ്യമൊക്കെ അത് വെറും തോന്നലായ് തള്ളിക്കളയാൻ ശ്രെമിച്ചു പക്ഷേ അത് കൂടുതൽ ഉള്ളിൽ വേരൂന്നുന്നതായി തോന്നി ഗ്രൗണ്ടിലും പൈപ്പിൻ ചുവട്ടിലുമെല്ലാം ആ തിളങ്ങുന്ന കണ്ണുകളും പൊടിമീശക്ക് താഴെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും തന്റെ കണ്ണുകൾ തേടി നടന്നു..
അപ്പോൾ ആണ് കൂടെ പഠിക്കുന്ന ഒരു പെൺകുട്ടി സ്ഥിരമായി അവളെ നോക്കി ഒരു ചേട്ടൻ ചിരിക്കാറുണ്ട് എന്നും
ഇഷ്ടമാണ് എന്ന് ഒക്കെ പറഞ്ഞെന്നും തന്നോട് പറഞ്ഞത്..
ആദ്യം ആ ഇഷ്ടം എന്താണെന്ന് മനസിലായില്ല പിനീട് ആണ് ആ ഇഷ്ടത്തിന്റെ അർത്ഥം മനസിലായത്. അത് അറിഞ്ഞപ്പോൾ മുതലാണ് മനസിനെ അലട്ടുന്ന ആ പൊടിമീശക്കാരന്റെ മുഖം ഒന്നുകൂടി കണ്ടെങ്കിൽ എന്ന് ആശ തോന്നിയത്
അരവിന്ദേട്ടൻ എന്നും അമ്പലത്തിൽ വരാറുള്ളത് കൊണ്ടു പറ്റുന്ന സമയങ്ങളിൽ അമ്പലത്തിൽ പോകാൻ തുടെങ്ങി..
പക്ഷേ നിരാശ ആയിരുന്നു ഫലം.. അങ്ങിനെ പോകെ ഒരുദിവസം വഴിപാട് രസീത് കുറിപ്പിക്കാൻ ഓഫീസിലേക്ക് പോയി അവിടെ അരവിന്ദേട്ടന്റെ അച്ഛനുണ്ട് വെറുതെ കാര്യം തിരക്കാം എന്നും തീരുമാനിച്ചു
” അല്ല ഇതാരാ കൃഷ്ണ മോളോ..എന്ത് വേണം..” നാരായണൻ ചോദിച്ചു
” അത് നരയണേട്ട എനിക്ക് ഒരു പുഷ്പാഞ്ജലി വേണം..”
ആ സമയത്തു തന്നെയാണ് അങ്ങോട്ട് ഒരു ചേട്ടൻ വന്നത് ..
” അല്ല നാരായണ അരവിന്ദിനെ ഇപ്പോ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ.” വന്നയാൾ ചോദിച്ചു
” അവനിപ്പോ വരാറില്ല..ഒൻപത് മണിക്ക് ക്ലാസ് തുടെങ്ങും അതുകൊണ്ട് ഏഴരയുടെ ബസിനു പോകും..”
ഇതെല്ലം കേട്ട് രസീതും വാങ്ങി അമ്പലത്തിലേക്ക് നടന്നു ..
” അപ്പോൾ അതാണ് ആളെ കാണാത്തതിന്റെ രഹസ്യം..”
അന്ന് ആദ്യമായ് കൃഷ്ണനോട് ഇങ്ങനെ പ്രാർത്ഥിച്ചു
” എന്റെ കണ്ണാ..ആ പൊടിമീശക്കാരനെ എനിക്ക് തന്നെ തരണേ..”
ദിവസങ്ങൾ കടന്നുപോയി.. പഠിത്തത്തിൽ ശ്രെധിക്കണം എന്ന അച്ഛന്റെ വാക്ക് കേട്ട് ശ്രെധ അതിലേക്ക് മാറ്റി..ഒരു ദിവസം സ്കൂളിലേക്ക് പോകും വഴി അവിടെയുള്ള ഒരു കടയുടെ മുൻപിൽ അരവിന്ദേട്ടൻ നിൽക്കുന്നത് കണ്ട് മനസ് വല്ലാതെ തുള്ളിച്ചാടി…തന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് അരവിന്ദേട്ടൻ തന്റെ അടുത്തേക്ക് നടന്നുവന്നു..
എന്തോ പറയാൻ തുനിഞ്ഞപ്പോഴേക്കും അത്രയും ദിവസം കാണാതിരുന്ന പരിഭവം ആണോ മനസിന്റെ പേടികൊണ്ടാണോ അപ്പോൾ അരവിന്ദേട്ടനെ അവഗണിക്കാ നാണു തോന്നിയത്..
തന്റെ അവഗണ ആ മനസിനെ വേദനിപ്പിച്ചു എന്ന് മനസിലായത് തിരിഞ്ഞു നോക്കിയപ്പോൾ ആ മുഖം കണ്ടപ്പോൾ ആണ്..പിന്നേ കുറ്റബോധം തോന്നി സോറി പറയാൻ ചെന്നപ്പോൾ തന്നെയും അവഗണിച്ചു പരസ്പരം കണ്ടാലും നോക്കാതെ ആയി..
എന്നാലും പിറന്നാൾ ദിവസം എപ്പോഴും ഒന്നിച്ചു നിന്നാണ് തൊഴുന്നത്..ആ പൊടിമീശക്കാരനിൽ നിന്നും ഒത്തിരി വളർന്നു ആരെയും മോഹിപ്പിക്കുന്ന ഒരു യുവാവായി..ഇന്നും അറിയില്ല ആ മനസിൽ എന്താണെന്ന്..ഇനി ആ മനസിൽ മറ്റാരെങ്കിലും ഉണ്ടോന്നും അറിയില്ല..
കൃഷ്ണ ആ ബുക്ക് അവിടെ വച്ചിട്ട് കിടന്നു കണ്ണുകളിൽ ആപുഞ്ചിരിയും കണ്ടുകൊണ്ട്.. ദിവസങ്ങൾ കടന്നുപോയി… ഒരു ഞായറാഴ്ച രാവിലെ പപ്പൻ പത്രം വായിക്കുന്നിടത്തേക്ക് ജാനകി വന്നത് ഒപ്പം അവരുടെ കൈയിൽ തൂങ്ങി കൃഷ്ണയും..അച്ഛന്റെ അടുത്തെത്തി ഒരു പേപ്പർ വായിക്കാൻ എടുത്തു… ജാനകിയും അവരുടെ അടുത്തിരുന്നു..
” പപ്പാ..” ജാനകി വിളിക്കുന്നത് കേട്ട് അയാൾ തലയുയർത്തി നോക്കി..
” നീ ആ ശങ്കരൻ ജ്യോൽസ്യരെ ഒന്ന് പോയി കാണു…കുഞ്ഞിയുടെ ജാതകം കൂടികൊണ്ടുപോയിക്കോ…ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ കല്യാണം നടത്തണം എന്നല്ലേ..”
“ശരിയമ്മേ..ഞാൻ ബുധനാഴ്ച്ച പോകാം അന്ന് പുള്ളി വീട്ടിൽ കാണും…”
” ദേ അച്ഛാ എനിക്കിപ്പോൾ കല്ല്യാണം ഒന്നും വേണ്ടാ..”
” അതെന്താ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ..” പപ്പൻ ചോദിച്ചു
” പിന്നേ..എനിക്ക് അതല്ലേ പണി..”
“കുഞ്ഞി അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ നീ ഈ അച്ഛമ്മയോട് പറഞ്ഞാൽ മതി..”
” എന്റെ മോള് അത്രയ്ക്ക് വളർന്നുവല്ലേ അമ്മേ..” പപ്പൻ ചോദിച്ചു
” അതേ അഞ്ചു വയസുള്ളപ്പോൾ നന്ദിനി എന്നേ ഏല്പിച്ചു പോയതാണ്..ഇന്ന് അവൾ ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനും ഉത്സാഹം കാട്ടിയേനെ…” ജാനകി പറഞ്ഞു.
നന്ദിനി എന്ന പേര് കേട്ടതും പപ്പനും കൃഷ്ണയും വല്ലാതെ ആയി..വായിച്ചിരുന്ന പേപ്പർ മടക്കിവച്ചിട്ട് നിറഞ്ഞ കണ്ണുകൾ അവർ കാണാതെ തലകുനിച്ചുകൊണ്ട് അയാൾ മുറിയിലേക്ക് പോയി..
“ഈ അച്ഛമ്മയുടെ ഒരു കാര്യം..അമ്മയെ കുറിച്ച് ഇപ്പോൾ പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ…അച്ഛന് വിഷമം ആയി..”
” എന്ത് പറയാനാ കുഞ്ഞി അറിയാതെ പറഞ്ഞു പോയതാ..അവനു വിഷമം ആകും എന്ന് ഞാൻ ഓർത്തില്ല..” ജാനകി സങ്കടത്തോടെ പറഞ്ഞു.
” മ്മ് സാരമില്ല അച്ചമ്മേ..ഞാൻ അച്ഛനെ നോക്കിയിട്ട് വരാം..” അതും പറഞ്ഞവൾ
പപ്പന്റെ മുറിയിലേക്ക് നടന്നു..
മുറിയിലെത്തിയ പപ്പൻ മേശപ്പുറത്തു ഇരുന്ന നന്ദിനിയുടെ ഫോട്ടോ കൈയിലെടുത്തു പതിയെ തലോടി..
അതുമായിമുറിയിലെചാരുകസേരയിലേക്ക് ഇരുന്നു ആ ഫോട്ടോ നെഞ്ചോട് ചേർത്തു..അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകി ഇറങ്ങി.
മുറിയിലേക്ക് വന്ന കൃഷ്ണ ആ കാഴ്ച്ച കണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് പിന്തിരിഞ്ഞു..
അവൾ വന്നതും പോകുന്നതുമെല്ലാം അയാൾ അറിയുന്നുണ്ടായിരുന്നു..
അയാൾ ആ ഫോട്ടോയിലേക്ക് ഒരിക്കൽ കൂടി നോക്കി…
” നന്ദിനി…നീ അറിയുന്നുണ്ടോ നമ്മളുടെ കുഞ്ഞി വലിയ കുട്ടിയായി കല്യാണ പ്രായം ആയി..നീ എന്നെ ഏല്പിച്ചുപോയ അഞ്ചുവയസുകാരി അല്ല…” അയാളുടെ മനസ് മന്ത്രിച്ചു…ആ മനസിലേക്ക് കഴിഞ്ഞു പോയ ജീവിതത്തിന്റെ ജീവനുള്ള ചിത്രങ്ങൾ ഒഴുകി എത്തി.
അന്ന് താൻ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം പഠിപ്പിക്കാൻ അച്ഛന് താല്പര്യം ആയിരുന്നു.. അച്ഛൻ ദാമോദരനു മകൻ
ഒരു ജോലിക്കാരൻ ആവനായിരുന്നു ഇഷ്ടം എന്നാൽ തനിക്കു മണ്ണിന്റെ മണമുള്ള ജോലിയോടായിരുന്നു താല്പര്യം
അച്ഛൻ വീണ്ടും പഠിക്കാനായി നിര്ബന്ധിച്ചപ്പോൾ വേണ്ടാ എന്നും പറഞ്ഞു അച്ഛനെ ജോലിക്കിടയിൽ സഹായിക്കാൻ കൂടി കടകളും അതുപോലെ തേങ്ങാ വെട്ടും മില്ലും ഒക്കെ ആയി അച്ഛന് നിന്നുതിരിയാൻ സമയം ഇല്ലായിരുന്നു
പാരമ്പര്യമായി കിട്ടിയ സ്വത്തുക്കൾ ഉണ്ടായിരുന്നതിന്റെ കൂടെ അച്ഛനും അതിലേക്ക് സമ്പാദിച്ചു കൂട്ടി..ഇരുപത്തിനാലുകാരനായ താനും അതിലൊരു ഭാഗമായി മാറി.
അങ്ങിനെയിരിക്കെ ആ നാട്ടിലേ ബ്രോക്കർ കുഞ്ഞാലിക്ക അച്ഛനെ കാണാൻകടയിൽ വന്നത്.
” എന്താടോ കുഞ്ഞാലി ഈ വഴിക്ക്..എന്റെ മോന് കല്യാണപ്രായം ആയിട്ടില്ല..”അച്ഛൻ പറഞ്ഞു
“അയ്യോ അങ്ങുന്നേ ഞാൻ അതിനു വന്നതല്ല..മേലേടത്തെ പുരയിടത്തിന്റെ അറ്റത്തുള്ള ആ കൊച്ചുവീട് വാടകക്ക് കൊടുക്കുന്നുണ്ടോ എന്നറിയാൻ വന്നതാ ”
“വീട് വാടകക്കോ…അത് ഇപ്പോ ആർക്കു വേണ്ടിയാ..” അച്ഛൻ ചോദിച്ചു
” അത് പിന്നേ നമ്മുടെ കോശി വക്കീൽ ഇല്ലേ പുള്ളിയുടെ ഒരു ഗുമസ്തന് വേണ്ടിയാണ്..”
അതുകേട്ട് അച്ഛനൊന്ന് ആലോചിച്ചു എന്നിട്ട് ചോദിച്ചു ” ആള് വന്നിട്ടുണ്ടോ..?”
” ഉവ്വ് അങ്ങുന്നേ..” അതുംപറഞ്ഞു കുഞ്ഞാലി കുറച്ചു മാറിനിന്ന ഒരാളെ കൈ കാട്ടി വിളിച്ചു അയാൾ അച്ഛന്റെ അടുത്തെത്തി അച്ഛൻ ആളെ ഒന്ന് നോക്കി ഒരു പാവം മനുഷ്യൻ..
” എന്താ പേര് ..? ” അച്ഛൻ ചോദിച്ചു
” പീതാംബരൻ..” അയാൾ ബഹുമാനത്തോടെ പറഞ്ഞു
” എവിടെയാ വീട്..ആരൊക്കെ ഉണ്ട് ? ” വീണ്ടും അച്ഛന്റെ ചോദ്യം
” ഭാര്യയും ഒരു മോളും വീട് കുറച്ചു ദൂരയാ”
” ശരി വീട് തരാം..വീടെന്നു പറഞ്ഞാൽ രണ്ടു മുറിയും ഒരു അടുക്കള ചായ്പ്പും ഇളംതിണ്ണയും ഉള്ളു..
എന്റെ അച്ഛന് ലേശം മദ്യസേവ ഉണ്ടായിരുന്നു അതിനായി ഉപയോഗിച്ചിരുന്നതാ എനിക്കും എന്റെ മോനും ആ ശീലം ഇല്ല..എന്നാലും പൊളിച്ചു കളയാതെ അത് അങ്ങിനെ നിലനിർത്തിയേക്കുവാ..കറണ്ടും വെള്ളവും ഒക്കെ ഉണ്ട്..” അച്ഛൻ പറഞ്ഞു.
എല്ലാം പുള്ളിക്കാരന് ബോധ്യമായി.. വാടകയേ പറ്റി കുഞ്ഞാലിക്ക ചോദിച്ചപ്പോ അതൊക്കെ പിന്നേ പറയാമെന്നും ഇപ്പോ നല്ല ദിവസം നോക്കി വന്ന് താമസിച്ചോളാൻ അച്ഛൻ പറഞ്ഞു..
അന്ന് രാത്രി അത്താഴത്തിരുന്നപ്പോൾ അച്ഛൻ അമ്മയോട് ഈ വിവരം പറഞ്ഞു അമ്മക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു..
പിറ്റേദിവസം കുഞ്ഞാലിക്ക കടയിൽ വന്ന് അവർ ഞായറാഴ്ച്ച വരുമെന്ന് പറഞ്ഞു പക്ഷേ വീട് കാണിക്കാൻ പോകാൻ ഇക്ക ഉണ്ടാവില്ലെന്നും പറഞ്ഞു..അതിനുള്ള മാർഗം എന്താന്നുവച്ചാൽ അച്ഛൻ ഏർപ്പാട് ആക്കികൊള്ളാമെന്ന് അച്ഛൻ പറഞ്ഞു..
അങ്ങിനെ ഞായറാഴ്ച്ച രാവിലെ ഒരു ചെറിയ വണ്ടിയിൽ കുറച്ചു വീട്ടുസാധനങ്ങളുമായി അവരെത്തി താക്കോൽ വാങ്ങാൻ വന്നപ്പോൾ അവരോടൊപ്പം പോകാൻ അച്ഛൻ എന്നോട് പറഞ്ഞു…
” ഇത് എന്റെ മോൻ പദ്മനാഭൻ ഞങ്ങൾ പപ്പൻ എന്ന് വിളിക്കും..താക്കോലുമായി ഇവന്റെ കൂടെ പൊയ്ക്കോളൂ..” അച്ഛൻ പറഞ്ഞു
താൻ വേഗം സൈക്കളുമായി മുന്നിൽ പോയി അവർ എന്റെ പുറകെ വന്നു..വീടിന്റെ മുറ്റത്തു സൈക്കിൾ നിർത്തി ഞാനിറങ്ങി ഒപ്പം പീതാംബരനും..
വണ്ടിയിൽ നിന്നും അയാൾക്ക് പുറമെ ഭാര്യ ഇറങ്ങി പിന്നേ ധാവണിക്കാരിയായ ഒരു പെൺകുട്ടിയും…
അയാൾ അവരെ പരിചയപ്പെടുത്തി ” ഇതെന്റെ ഭാര്യ രമണി ഇത് നന്ദിനി ഞങ്ങളുടെ മകളാണ് ടൗണിലെ കോളേജിൽ ഡിഗ്രി ഒന്നാം വർഷം പഠിക്കുന്നു..”
എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് താക്കോലുമായി ചെന്ന് വാതിൽ തുറന്നു അകത്തേക്ക് കയറി.. ഒപ്പം അവരും വന്നു..അവരുടെ മുഖഭാവത്തിൽ നിന്നും വീട് ഇഷ്ടമായിന്ന് മനസിലായി..
ഡ്രൈവറിന്റെയും പീതാംബരന്റെയും കൂടെ സാധനങ്ങൾ ഇറക്കാനും കൂടി..
പോകാൻ നേരം പീതാംബരൻ പറഞ്ഞു
” കുഞ്ഞേ..എന്തേലും വെള്ളം കുടിച്ചിട്ട് പോകാം..”
“വേണ്ട ചേട്ടാ…ഇപ്പോ തന്നെ വൈകി..”
അതും പറഞ്ഞു സൈക്കിളിൽ തിരിച്ചു പോരുമ്പോൾ ആ ധാവണികാരിയുടെ മുഖമായിരുന്നു മനസിൽ..
വലിയ വ്യത്യാസങ്ങൾ ഒന്നുമില്ലതെ ആ ഗ്രാമത്തിലെ ഓരോ ദിവസവും കടന്നു പോയി..കടയുടെ ചുമതല പൂർണമായും പപ്പനെ ഏല്പിച്ചിട്ട് ദാമോദരൻ മറ്റ് പണികളിൽ ശ്രെധിച്ചു..
കടയുടെ നേരെ മുന്നിൽ ആണ് ബസ്‌സ്റ്റോപ് നന്ദിനി അവിടെയാ ബസ് കയറാൻ വരുന്നത് എന്നും ആ വരവിനായി കാത്തിരിക്കാൻ എന്തോ ഒരു പ്രേത്യേക സുഖം മനസിൽ തോന്നുന്നത് അറിഞ്ഞു തുടെങ്ങിയ സമയമായിരുന്നു അത്..ചിലപ്പോൾ എന്തെങ്കിലും വാങ്ങാനായി നന്ദിനി കടയിൽ വരുമായിരുന്നു..
വീട്ടുടമയുടെ മകൻ എന്ന നിലയിൽ ഒരു പുഞ്ചിരി തരും അത്രമാത്രം..അവർ നാട്ടിൽ വന്നിട്ട് രണ്ട് വർഷം ആയി..
നന്ദിനിയുടെ പഠിത്തം കഴിഞ്ഞു സ്ഥിരം നന്ദിനിയെ കണ്ടിരുന്നിടത് ഇപ്പോ കാണാതായപ്പോൾ എന്തോ ഒരു ഭാരം നെഞ്ചിൽ കയറിയത് പോലെ തോന്നി തുടെങ്ങി..നന്ദിനിയെ ഇഷ്ടമാണെന്ന് അമ്മയോട് പറഞ്ഞാലോ..ഒന്ന് ചിന്തിച്ചു നോക്കി..അവസാനം രണ്ടുംകല്പിച്ചു അമ്മയോട് പറയാൻ തീരുമാനിച്ചു..
വിഷുവിന്റെ അന്ന് കട അവധിയായിരുന്നു അമ്പലത്തിൽ പോയി വന്നിട്ട് അമ്മയെ അടുക്കളയിൽ സഹായിച്ചു.ഉച്ചക്ക് ഊണു കഴിച്ചിരുന്നപ്പോൾ അമ്മ അച്ഛനോട് പറഞ്ഞു
“ഇനി പപ്പന് ഒരു പെണ്ണിനെ നോക്കാലോ..”
” മ്മ് ഞാനും അത് ആലോചിച്ചു..” അച്ഛൻ
” ഇനി നിന്റെ മനസിൽ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞോ..അവസാനം ചോദിച്ചില്ല എന്ന് പറയേണ്ട..” അച്ഛൻ ചോദിച്ചു
ആദ്യം ഒരു പേടി തോന്നിയെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവരോട് നന്ദിനിയുടെ കാര്യം പറഞ്ഞു..കേട്ട് കഴിഞ്ഞപ്പോൾ അവിടം നിശബ്ദമായി..എന്തോ അപരാധം പറഞ്ഞത് പോലെ തലകുനിച്ചിരുന്ന എന്നെ അച്ഛൻ തോളിൽ തട്ടി വിളിച്ചു..
” നീ കാര്യമായിട്ട് പറഞ്ഞതാണോ..? ”
ഞാൻ തലയാട്ടി..
” നീ ആ കുട്ടിയോട് ഇത് പറഞ്ഞിട്ടുണ്ടോ. ആ കുട്ടിക്ക് ഇഷ്ടമാണോ..” അമ്മയുടെ ചോദ്യം
” അറിയില്ല അമ്മേ ഞാൻ പറഞ്ഞിട്ടില്ല..”
” ഉം “അച്ഛൻ ഒന്ന് മൂളിയിട്ട് അമ്മയെ നോക്കി പറഞ്ഞു
“ജാനകി ഊണുകഴിഞ്ഞു ഒന്ന് അത്രേടം വരെ പോകാം..പപ്പനും കൂടെ പോന്നോളൂ ”
അത് കേട്ടപ്പോൾ മനസിൽ വല്ലാത്തൊരു തുടിപ്പായിരുന്നു..ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവരെല്ലാം ഇളംതിണ്ണയിൽ ഇരിക്കുകയായിരുന്നു.. ഞങ്ങളെ കണ്ടതും അവരെല്ലാം ബഹുമാനത്തോടെ എഴുനേറ്റു ഞങ്ങളെ കയറിയിരിക്കാൻ ക്ഷണിച്ചു നന്ദിനി അകത്തേക്ക് കയറി പോയി പീതാംബരൻ വല്ലാത്തൊരു പരിഭ്രമത്തോടെ അച്ഛനോട് ചോദിച്ചു
” എന്താ അങ്ങുന്നേ എല്ലാവരുംകൂടി..”
” താൻ പേടിക്കാതെ..തന്റെ മോളോട് ഇങ്ങു വരാൻ പറയ് അവളോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്..”
അച്ഛൻ പറഞ്ഞത് കേട്ട് പീതാംബരൻ നന്ദിനിയെ വിളിച്ചു അവൾ ഉമ്മറത്തേക്ക് വന്നു..അമ്മയുംഅച്ഛനുംസ്നേഹത്തോടെ അവളെ നോക്കിയതെങ്കിലും ആ കണ്ണുകളിൽ പേടിയായിരുന്നു.
” മോളോട് ഒരു കാര്യം ചോദിക്കാനാ ഞങ്ങൾ വന്നത്..” ജാനകി പറഞ്ഞു
” മോൾക്ക് ഈ ഇരിക്കുന്ന ഞങ്ങളുടെ മകനെ അറിയാമോ..” അച്ഛൻ ചോദിച്ചു
” അറിയാം..” മറുപടി വന്നു
” ഇവനെ കുറിച്ച് എന്താ മോളുടെ അഭിപ്രായം ”
ആ ചോദ്യം നന്ദിനിയെ ഞെട്ടിച്ചു…അവൾ അമ്പരപ്പോടെ അച്ഛനെയും എന്നെയും നോക്കി..അതുകണ്ട അച്ഛൻ പീതാംബരനോടായി തുടർന്നു..
” ഇവൻ ഞങ്ങൾക്ക് ഒറ്റമോനാ മേലേടത്തെ സ്വത്തുക്കളുടെ ഏക അവകാശി..ഇന്ന് അവന്റെ മനസിലുള്ള ഒരാഗ്രഹം ഞങ്ങളോട് പറഞ്ഞു അത് വേറെ ഒന്നുമല്ല ഇവിടുത്തെ കുട്ടിയെ ഇഷ്ടമാണെന്ന്..
അത് കേട്ടപ്പോൾ തന്നെ ഞങ്ങൾ ഇവനെയും കൂട്ടി ഇങ്ങോട്ട് പോന്നത് മോളുടെ ഇഷ്ടം അറിയാനാ.. കോളേജിൽ ഒക്കെ പഠിച്ച കുട്ടി അല്ലേ മനസിൽ ഇനി മറ്റ് വല്ലതും ഉണ്ടോ എന്നറിയില്ലല്ലോ.. മോളുടെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂ..പപ്പനെ ഇഷ്ടം ആയെങ്കിൽ അതും പറയാം.”
നിന്ദിനി അവളുടെ അച്ഛനെയും അമ്മയെയും നോക്കി അവരും കേട്ടത് വിശ്വാസം വരാതെ നിൽക്കുകയാണ്.. പിന്നേ തിരിഞ്ഞു അച്ഛനോടായി പറഞ്ഞു
” എനിക്കും ഇഷ്ടമാണ്..”
അതുകേട്ട് മനസിൽ ഒരു മഞ്ഞുമഴ പെയ്യുന്നത് അറിഞ്ഞു…പിന്നേ എല്ലാം പെട്ടന്ന് ആയിരുന്നു കല്ല്യണം കെങ്കേമമായി നാടടച്ചു ക്ഷണിച്ചു നടത്തി വലതുകാലുവച്ചു നന്ദിനി കടന്നുവന്നത് ഞങ്ങൾക്കുള്ള ഐശ്വര്യവും ആയിട്ടാണ്
എന്നാലും അഞ്ചു വർഷം കാത്തിരുന്നിട്ട് ആണ് കുഞ്ഞി ജനിച്ചത്..
താഴത്തും തലയിലും വയ്ക്കാതെ കുഞ്ഞിയെ അവൾ കൊണ്ടുനടന്നു കുഞ്ഞിക്ക് അഞ്ചു വയസായി ഒരു ദിവസം രാവിലെ മുതൽ നന്ദിനി നെഞ്ചിൽ എന്തോ ഒരു അസ്വസ്ഥത പറഞ്ഞുകൊണ്ടിരുന്നു
പലപ്രാവശ്യം താൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പോകാൻ പക്ഷേ അപ്പോൾ എല്ലാം ഗ്യാസ് ആയിരിക്കും എന്ന് പറഞ്ഞുകൊണ്ട് അവൾ നിരസിച്ചു പക്ഷേ അന്ന് രാത്രി നല്ല ഉറക്കത്തിലായിരുന്ന തന്നെ അവൾ കുലുക്കി വിളിച്ചു ഉണർന്നപ്പോൾ കണ്ടത് ആകെ വിയർത്തു നെഞ്ചിൽ കൈ പൊത്തിപിടിച്ചിരിക്കുന്ന നന്ദിനിയെ ആണ്..
രംഗം ശരിയല്ല എന്ന് മനസ് പറഞ്ഞപോൾ ഫോൺ എടുത്തു ഡ്രൈവറേ വിളിച്ചു കുഞ്ഞിയെ അമ്മയെ ഏല്പിച്ചു നന്ദിനിയുമായി ഹോസ്പിറ്റലിൽ എത്തി ക്യാഷുവാലിറ്റിയിൽ വച്ചുതന്നെ ഡോക്ടർ പറഞ്ഞു അവസ്‌ഥ വളരെ മോശമാണ് എന്ത് സംഭവിച്ചാലും സഹിക്കാൻ തയ്യാറാകണം. എന്ന്..
എന്തൊക്കയോ ടെസ്റ്റുകൾ ചെക്കപ്പുകൾ അവിടെ നടത്തുമ്പോൾ പുറത്തു തന്റെ പാതിക്ക് വേണ്ടി പ്രാത്ഥനയോടെ താൻ കാത്തിരുന്നു.
പക്ഷേ ആ കാത്തിരിപ്പിന് അധികം ആയുസില്ലായിരുന്നു..ഏകദേശം ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു.. പിന്നേ പറഞ്ഞതൊന്നും കേൾക്കാനാവാത്ത മനസ് മരവിച്ചുപോയി ഒന്ന് മാത്രം മനസിലായി എന്റെ പ്രണയം എന്നിൽ നിന്നും അകന്നുപോയിരിക്കുന്നു…
പിന്നേ കുഞ്ഞിക്ക് വേണ്ടിയായിരുന്നു ജീവിതം മറ്റൊരു കല്യാണത്തിനു പലരും നിര്ബന്ധിച്ചു.. അതിനിടയിൽ അച്ഛനും നന്ദിനിയുടെ അച്ഛനമ്മമാരും മരിച്ചു… ഇന്നും അവളുടെ ആ സാനിധ്യവും പപ്പേട്ട എന്ന വിളിയും ഈ മുറിക്കുള്ളിൽ തനിക്ക് അനുഭവപ്പെടാറുണ്ട്.
നന്ദിനി തന്നെ മനസിലാക്കിയത് പോലെ ഒരാൾ വന്നാൽ മതിയായിരുന്നു കുഞ്ഞിയുടെ ജീവിതത്തിലും സ്വത്തും പണവുമൊന്നും തനിക്കൊരു പ്രശനമല്ല… ഓരോന്നോർത്തുകൊണ്ട് അയാൾ ആ കസേരയിൽ ചാരി കിടന്നു..
ഒരു ദിവസം മേൽശാന്തിയോട് പപ്പൻ സംസാരിച്ചു നിൽക്കുന്നത് കണ്ടുകൊണ്ടാണ് മുരളി അങ്ങോട്ട് ചെന്നത്.. പപ്പനോട് വിശേഷങ്ങൾ തിരക്കി മുരളി തിടപ്പള്ളിയിലേക്ക് കയറി.. അവർ പറയുന്നത് അവിടെ നിന്നാൽ അവന് നന്നായി കേൾക്കാമായിരുന്നു
” അല്ല പപ്പ കൃഷ്ണക്ക് ഇത് വയസ് ഇരുപത്തിരണ്ടായില്ലേ.. ഇരുപത്തി മൂന്നിനുള്ളിൽ വിവാഹം എന്നല്ലേ ജാതക
ത്തിൽ..ആലോചന ഒന്നുമില്ലേ..”
“ഉണ്ട് തിരുമേനി..പലരോടും പറഞ്ഞിട്ടുണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ വന്നിട്ടുണ്ട് പലതും ദൂരെ നിന്നാ..നമ്മുടെ നാട്ടിൽ തന്നെയുള്ള ആരെങ്കിലും ആയിരുന്നേൽ അതായിരുന്നു എനിക്ക് താല്പര്യം ഇത്തിരീ സമ്പത് കുറഞ്ഞാലും നമ്മുടെ കണ്മുന്നിൽ ഉണ്ടാകുമല്ലോ..”
അകത്തുനിന്നും ഈ സംസാരം ശ്രെധിച്ച മുരളി ചില തീരുമാനങ്ങൾ എടുത്തു..ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല അവസാനം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ അവസ്‌ഥ ആകും…
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്പലത്തിൽ തൊഴുത്തിട്ട് വരുന്ന കൃഷ്ണയേ കാത്തു മുരളി പുറത്തു നിന്നു.. അവൾ വരുന്നത് കണ്ട് മുരളി കൃഷ്ണയുടെ അടുത്തേക്കു ചെന്നു
മുരളിയെ കണ്ട് കൃഷ്ണ പതിവ് പുഞ്ചിരി നൽകി..
” കൃഷ്ണ കുട്ടി ഒന്ന് നിന്നെ..” രണ്ടും കല്പിച്
മുരളി പറഞ്ഞു..
അതുകേട്ട് നിന്ന കൃഷ്ണ അവനെ ചോദ്യ ഭാവത്തിൽ നോക്കി. അതുകണ്ട മുരളി തുടർന്നു..
ഞാൻ പറയുന്നത് കുട്ടി കേൾക്കണം ഇത് എനിക്കുവേണ്ടിയല്ല എനിക്ക് പ്രിയപ്പെട്ട മറ്റൊരാൾക്ക് വേണ്ടിയാണ് ..വേറെ ആരുമല്ല അരവിന്ദിന് വേണ്ടിയാണ്…
” അവനു കുട്ടിയെ ഭയങ്കര ഇഷ്ടമാണ്.. അന്ന് ആ പന്ത് അടിച്ചുകൊണ്ട സംഭവം ഓർക്കുന്നില്ലേ അതിനുശേഷം ആണ് ഇഷ്ടം തുടെങ്ങിയത്..
അന്ന് അതൊന്നും പറയാനുള്ള പ്രായം അല്ലായിരുന്നു നിങ്ങൾക് രണ്ടുപേർക്കും..പിന്നേ കുറച്ചു മുതിർന്നപ്പോൾ ഒരിക്കൽ അവൻ പറയാൻ ശ്രെമിച്ചപ്പോൾ കുട്ടി അവനെ അവഗണിച്ചു..പിന്നേ മേലേടത്തെ കുട്ട്യേ ദൂരെന്നേ നോക്കി കാണാനേ ഞങ്ങൾക്ക് ഒക്കെ ആകു..
മനഃപൂർവം ആണ് പിറന്നാളിന്റെ അന്ന് കൂടെ വന്ന് നിന്ന് തൊഴുന്നത് അതിനുവേണ്ടി മാത്രമാണ് ദൂരെ കോളേജുകളിൽ അഡ്മിഷൻ കിട്ടിയിട്ടും അവൻ പോകാതിരുന്നത് ആ തൊഴൽ മുടെങ്ങിയാലോ എന്ന് പേടിച്ചിട്ട് അവൻ പറയുന്നത് സ്വന്തമായി കിട്ടിയില്ലെങ്കിലും മറ്റൊരാളുടേത് ആകുന്നത് വരെ സ്വപ്നം കാണാലോ എന്നാ..”
” മുരളിച്ചേട്ടൻ എന്താ ഇപ്പോ ഇത് പറയാൻ കാരണം..”
” മേൽശാന്തിയോട് പപ്പേട്ടൻ കുട്ടിയുടെ കല്യാണ കാര്യം പറയുന്നത് കേട്ടു ഇനി ഇത് പറഞ്ഞില്ലങ്കിൽ ശരിയാവില്ല എന്ന് തോന്നി അതാ..അവനായിട്ട് പറയും എന്ന് തോന്നുന്നില്ല..”
എല്ലാം കേട്ട ശേഷം ഒന്നും പറയാതെ കൃഷ്ണ നടന്നു ..അപ്പോൾ അതാണ് ആശാന്റെ മനസ്സിലിരിപ്പ്..കള്ള കാമുകൻ ഒന്ന് പേടിപ്പിക്കണം.. ഇതിനൊക്കെ അതേ ശിക്ഷയുള്ളു.. ഓരോന്ന് ആലോചിച്ചു അവൾ ചെന്ന് നിന്നത് അരവിന്ദിന്റെ മുന്നിൽ ആണ്.. ഒരു നിമിഷം മിഴികൾ പരസപരം ഉടക്കി… പേരറിയാത്തൊരു വികാരം ഉള്ളിൽ നിറയുന്നത് അവരറിഞ്ഞു..
” അതേ മാഷേ ഒന്ന് നിന്നെ..” അവൾ അരവിന്ദിനോട് പറഞ്ഞു..
അവൻ നിന്നു..അവന്റെ നേരെ മുന്നിൽ നിന്നുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
“ഇവൾ എന്താ ഇങ്ങനെ നോക്കുന്നത്..” അരവിന്ദ് മനസിൽ ഓർത്തു..
“അതേ മുരളിച്ചേട്ടൻ എന്നോട് എല്ലാം പറഞ്ഞു മാഷ് ആള് കൊള്ളാലോ മേലേടത്തെ കൊച്ചിനെ തന്നെ വേണം അല്ലേ തനിക്ക് പ്രേമിക്കാൻ ഒരു മൗനകാമുകൻ വേറെ പണിയൊന്നുമില്ലേ ഇനി ഇതിന്റെ പേരിൽ ആ പാവത്തിനോട് ചോദിച്ചെന്ന് ഞാൻ അറിഞ്ഞാൽ ബാക്കി അപ്പോൾ..”
അതും പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോഴും കേട്ടതൊന്നും വിശ്വസിക്കാനാവാതെനിൽക്കുകയായിരുന്നു അരവിന്ദ്… ആ സീൻ മനസിൽ കണ്ട് ചിരിച്ചുകൊണ്ട് കൃഷ്ണ നടന്നു.. എന്നാലും അവനോട് പറഞ്ഞത് കുറച്ചുകൂടിയോ എന്നൊരു സംശയം അവൾക്ക് ഉണ്ടാകാതെയും ഇരുന്നില്ല.
കൃഷ്ണ വീട്ടിൽ ചെല്ലുമ്പോൾ പപ്പനും ജാനകിയും അവിടെ ഇരിപ്പുണ്ടായിരുന്നു..
.” അച്ഛനോട് ഈ കാര്യം പറയണോ.. അറിഞ്ഞാൽ അച്ഛൻ സമ്മതിക്കുമോ..?”
മനസിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവൾ അകത്തേക്ക് കയറി എന്തായാലും അച്ഛനോട് ഇത് പറയാം..
എനിക്ക് ഇഷ്ടമാണ് എന്നറിഞ്ഞാൽ അച്ഛൻ എതിർക്കാൻ വഴിയില്ല പണവും പ്രതാപവും അച്ഛൻ കണക്കിലൊടുക്കില്ല അതിനു ഉത്തമ ഉദാഹരണം ആണല്ലോ അച്ഛന്റെ ജീവിതം. അമ്പലത്തിൽ നിന്നും വന്നിട്ടുള്ള കൃഷ്ണയുടെ പരുങ്ങലും ചിന്തിച്ചിരിക്കലും എല്ലാം അവർ കാണാനുണ്ടായിരുന്നു..
” എന്താ കുഞ്ഞി നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..” പപ്പൻ ചോദിച്ചു..
” അത് പിന്നേ അച്ഛാ..” അത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ശങ്കിച്ചു..പിന്നേ എന്തും വരട്ടെ എന്ന് കരുതി മുരളി പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ഒപ്പം അവൾക്കും ഇഷ്ടമാണെന്ന് കൂട്ടി ചേർക്കാനും മറന്നില്ല
എല്ലാം കേട്ടു കഴിഞ്ഞു അയാൾ ജാനകിയെ നോക്കി അവരുടെ മുഖത്തു അനിഷ്ടഭാവം ഒന്നുമില്ലായിരുന്നു..പപ്പൻ കുറച്ചു നേരം ആലോചിച്ചിരുന്നിട്ട് കൃഷ്ണയെ നോക്കി ചോദിച്ചു
” നീ പറഞ്ഞത് പോലെ അവനു നിന്നെ ഇഷ്ടമാണല്ലോ അല്ലേ..എന്നാൽ ഞാൻ അരവിന്ദിനോട് സംസാരിക്കാം..”
അവൾ സന്തോഷത്തോടെ തലയാട്ടി അകത്തേക്ക് പോയി…പപ്പൻ ജാനകിയുടെ അഭിപ്രായം ചോദിച്ചു അവർക്ക് സമ്മതം ആയിരുന്നു എന്നാ ഇനി മാറ്റിവെക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് അയാൾ വണ്ടിയുമായി ഇറങ്ങി..
അമ്പലത്തിൽ നിന്നും തിരിച്ചു വന്നിട്ടും കൃഷ്ണയുടെ വാക്കുകൾ മാത്രമായിരുന്നു അരവിന്ദിന്റെ ചെവിയിൽ അപ്പോൾ ആണ് മുറ്റത്തൊരു വണ്ടി വന്ന്
നിൽക്കുന്ന സൗണ്ട് കേട്ടത് ഭാനു ഇറങ്ങി നോക്കുന്നത് അവൻ കണ്ടു
” അല്ല ഇതാരാ പപ്പേട്ടനോ..വാ കയറി ഇരിക്കൂ..” ഭാനു ആ പേര് പറഞ്ഞതും അരവിന്ദിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി…
” എന്റെ കൃഷ്ണാ ഇങ്ങേര് ഇനി എന്തേലും അറിഞ്ഞിട്ടുള്ള വരാവണോ” അവനാകെ പരവേശം തോന്നി..
” അരവിന്ദൻ ഇവിടില്ലേ ഭാനു..” ആ ചോദ്യം കേട്ടു പുറത്തേക്ക് വന്ന അവനെ അയാൾ ആകെ ഒന്ന് നോക്കി എന്നിട്ട് അടുത്ത് ഇരിക്കാൻ ആംഗ്യം കാണിച്ചു..നെഞ്ചിടിപ്പ് തന്റെ കാതുകളിൽ പെരുമ്പാറപോലെ മുഴങ്ങുന്നത് അവനു കേക്കാമായിരുന്നു..
” ഭാനു ഞാൻ ഇവനോടൊരു കാര്യം ചോദിക്കാൻ വന്നതാണ്..വളച്ചുകെട്ടു ഇല്ലാതെ ചോദിക്കാം..നിനക്ക് എന്റെ മോള് കൃഷ്ണയെ ഇഷ്ടമാണോ..അവൾ എല്ലാം എന്നോട് പറഞ്ഞു നീ അവളുടെ കൂടെ നിന്ന് പിറന്നാളിന് അഷ്ടമി തൊഴുന്നതും നിന്റെ മൗനപ്രണയവും എല്ലാം.. അവൾക്കും നിന്നെ ഇഷ്ടമാണ്…”
പപ്പൻ പറയുന്നത് കേട്ട് സ്തംഭിച്ചു നിൽക്കുകയാണ് ഭാനു..അരവിന്ദാകട്ടെ ഇതുവരെ മനസിൽ സൂക്ഷിച്ച കള്ളം അമ്മ അറിഞ്ഞു എന്നുള്ള വിഷമത്തിലും ആയിരുന്നു…
” അല്ല നിങ്ങൾ ഇതുവരെ ഒന്നുപറഞ്ഞില്ല.”
” അത് പപ്പേട്ട ഇവന്റെ മനസിൽ ഇങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്..പിന്നേ മേലേടത്തെ കുട്ട്യേ മോഹിക്കാനുള്ള യോഗ്യത ഇവനുണ്ടോ..”
” അതേക്കുറിച്ചു ഒന്നുമിപ്പോൾ ആലോചി
ക്കേണ്ട താല്പര്യം ഉണ്ടെങ്കിൽ നിങ്ങള് നാളെ വന്ന് പെണ്ണ് കണ്ടോളൂ..ഞങ്ങൾ കാത്തിരിക്കും..അപ്പോ ഞാൻ ഇറങ്ങുകയാ..”
തിരിച്ചുവന്ന് അയാൾ ജാനകിയോട് വിവരം പറഞ്ഞു..അച്ഛൻ പറയുന്നത് കേട്ട്
കൃഷ്ണയുടെ മനസിൽ എങ്ങിനെയും പിറ്റേദിവസം അവനുള്ള പ്രാർത്ഥന ആയിരുന്നു..
” എന്റെ കണ്ണാ..അവസാനം ആ പൊടിമീശക്കാരനെ നീ എനിക്ക് തന്നല്ലോ ”
അവൾ മനസിൽ കണ്ണന് നന്ദി പറഞ്ഞു
അരവിന്ദിന്റെ വീട്ടിൽ..
വർഷങ്ങളുടെ പ്രാർത്ഥനയുടെ ഫലം എന്റെ കണ്ണൻ എനിക്ക് നേടിത്തന്നു.. എന്റെ ജീവനെ..
അവൻ ഇത് നേരത്തെ പറയാതിരുന്നതിനു അമ്മയോട് ക്ഷമ ചോദിച്ചു പിറ്റേദിവസം അമ്മയും മുരളിയുമായി അരവിന്ദ് കൃഷ്ണയേ പെണ്ണുകണ്ടു അന്നാദ്യമായി അവരുടെ കണ്ണുകൾ പ്രണയത്തോടെ പരസ്പരം
കൂട്ടിമുട്ടി അപ്പോൾ അവളുടെ കവിളിലെ ചുവപ്പിൽഉണ്ടായിരുന്നുഅവനോട്പറയാനുള്ളതെല്ലാം..
” അരവിന്ദേ ഇനി നീ മൗനകാമുകനായി നിന്ന് അഷ്ടമിരോഹിണി തൊഴേണ്ട കൂടെ നിന്ന് തൊഴാനുള്ള അനുവാദം ഞാൻ തന്നിരിക്കുന്നു..” പപ്പൻ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു..
കല്ല്യണം ആറുമാസം കഴിഞ്ഞു മതിയെന്ന് തീരുമാനിച്ചു . അടുത്ത അഷ്ടമിരോഹിണിക്ക് മുന്നേ നല്ലൊരു ദിവസം നോക്കാം..അതുവരെ ഇവർ കാത്തിരിക്കട്ടെ എന്ന തീരുമാനത്തോടെ അവരെല്ലാവരും പിരിഞ്ഞു.
ഉള്ളിൽ കുറച്ചു വിഷമം രണ്ടുപേർക്കും തോന്നിയെങ്കിലും പരസപരം കാണാനോ സംസാരിക്കാനോ വേറെ പ്രശനങ്ങൾ ഇല്ലല്ലോ എന്നോർത്ത് സന്തോഷിച്ചു മുരളിക്കും സന്തോഷമായി..
” എന്നാലും എന്റെ മൗനകാമുകാ ആ തൂണും ചാരിയുള്ള നിൽപ് ഇനി എനിക്ക് കാണാൻ കഴിയില്ലല്ലോടാ.” മുരളി അരവിന്ദിനെ കളിയാക്കി
” ഒക്കെ നീ കരണമല്ലെടാ..എനിക്ക് വേണ്ടി നീ ഇവളോട് സംസാരിച്ചില്ലായിരുനെങ്കിൽ ഇത് ഒരിക്കലും നടക്കില്ലായിരുന്നു..”
മുരളിയെ കെട്ടിപിടിച്ചു അരവിന്ദ് പറഞ്ഞയുമ്പോൾ കൃഷ്ണയുടെ കണ്ണുകളിലും സന്തോഷത്തിന്റെ നീർക്കണം പൊടിഞ്ഞു.
അരവിന്ദും കൃഷ്ണയും കൂടുതൽ അടുത്തു അവരുടെ പ്രണയം പൂത്തുലഞ്ഞു അതിനു അമ്പലവും അമ്പലക്കുളത്തിന്റെ കല്പടവുകളും സാക്ഷികളായി… ഓരോ ദിവസം കഴിയുന്തോറും ഉള്ളിൽ പ്രണയം നിറഞ്ഞ മനസോടെ പ്രണയത്തോടെ പ്രണയസാഫല്യത്തിന്റെ അടുത്ത അഷ്ടമി രോഹിണിക്കായി അവർ കാത്തിരുന്നു…