രാത്രിയായി അപ്പച്ചി കൊടുത്ത പാലുമായി അവൾ സുരേഷിന്റെ മുറിയുടെ..

സ്നേഹതണൽ
(രചന: Sony Abhilash)

ദൈവമേ.. നേരം ഇരുട്ടിയല്ലോ.. മഴക്ക് സാധ്യത ഉണ്ട്… പതിവ് സമയത്തുള്ള ബസ് ഇന്ന് ഉണ്ടായിരുന്നില്ല അതാണ് ഇത്രയും വൈകിയത്… വീട്ടിൽ മക്കൾ തനിച്ചാണ്… അവൾ നടപ്പിന്റെ വേഗത കൂട്ടി…

ഇത് നിർമല ടൗണിൽ ഒരു തുണിക്കടയിൽ ആണ് ജോലി ചെയുന്നത്.. ഭർത്താവ് മധു മരിച്ചിട്ട് നാലു വർഷമായി വീട്ടിൽ മക്കളായ പത്തു വയസുകാരൻ ഉണ്ണിയും എട്ട്
വയസുള്ള മനുവും മാത്രമേ ഉള്ളു..

എന്നും കടയിൽ നിന്നും ഇറങ്ങുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന ബസ് കിട്ടും സ്ഥിരം പോകുന്നത് കൊണ്ട് വീടിന്റെ മുന്നിൽ അവർ നിർത്തി തരും അല്ലങ്കിൽ ബസ് സ്റ്റോപ്പിൽ നിന്നും പത്തു മിനിറ്റു നടപ്പുണ്ട് വീട്ടിലേക്ക്..

നിർമല നല്ല വേഗത്തിൽ ആണ് നടക്കുന്നത് സമയം ഒൻപത് മണിയായി… ഓരോന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ തന്നെ ആരോ പിന്തുടരുന്നത് പോലെ ഒരു തോന്നൽ നിർമലയിൽ ഉണ്ടായി..

അവളൊന്ന് തിരിഞ്ഞു നോക്കി…പക്ഷേ ആരെയും കണ്ടില്ല..ഒന്ന് കൂടി നടപ്പിന്റെ വേഗത കൂട്ടി..

എതിർവശത്തു നിന്നും ആരോ ടോർച്ചും അടിച്ചു വരുന്നത് കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി..ആളെ അടുത്തു കണ്ടപ്പോൾ അത് തെക്കേ വീട്ടിലെ മമ്മദിക്ക ആണെന്ന് മനസിലായി…

” അല്ല നിർമല ഇജ്ജ് എന്താ ഇത്ര നേരം വൈകിക്കണു.. ആ പിള്ളേര് കരച്ചിൽ തുടെങ്ങി അതുകൊണ്ട് കദീജ എന്നേ പറഞ്ഞു വിട്ടതാ അന്ന നോക്കാനായി..” മമ്മദ് ചോദിച്ചു

” അത് ഇക്ക..ഇന്ന് പതിവ് ബസ് ഇല്ലായിരുന്നു..അതാ വൈകിയത്..”

അതും പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൂടെ നടന്നു.. വീട്ടിൽ ചെന്നപ്പോൾ ഉണ്ണിയും മനുവും ഓടിവന്ന് നിർമലയേ കെട്ടിപിടിച്ചു…

അവർ നന്നായി പേടിച്ചെന്ന് അവൾക്ക് മനസിലായി.. വേഗം തന്നെ ഡ്രസ്സ് പോലും മാറാൻ നിക്കാതെ അവൾ അടുക്കളയിലേക്ക് ഓടി അതുകണ്ട് ഉണ്ണി പറഞ്ഞു

” അമ്മേ..ഞങ്ങൾക്ക് കദീജ ഉമ്മ കഞ്ഞി തന്നു..അമ്മക്കുള്ളത് അവിടെ മൂടി വച്ചിട്ടുണ്ട്…”

അത് കേട്ടതും അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ട് മുറിയിലേക്ക്പോയി അല്ലങ്കിലും മമ്മദിക്കയും കദീജിത്തായും ഇവിടെ വന്ന നാൾ മുതൽ അവൾക്കൊരു ആശ്വാസമാണ്..

എന്തായാലും നാളെ ഞായറാഴ്ച്ച അവധി ആണ് പതുക്കെ എഴുന്നേറ്റാൽ മതി രാവിലെ.. ഒരുവിധം പണി ഒതുക്കി അവൾ മുറിയിൽ വരുമ്പോൾ മക്കൾ രണ്ടുപേരും ഉറക്കം തുടെങ്ങി..അവരുടെ അടുത്തായി കിടന്നുകൊണ്ട് അവൾ കഴിഞ്ഞ കാലങ്ങൾ ഓർത്തു..

തന്റെ നാട്ടിലെ സാമാന്യം ബേധപെട്ട ഒരു നായർ തറവാടായിരുന്നുതന്റേത്..

പ്രീഡിഗ്രി കഴിഞ്ഞു അടുത്തുള്ള തയ്യൽ ക്ലാസ്സിൽ പോകുന്ന ബസിലെ ഡ്രൈവർ ആയിരുന്നു മധു എന്നും കാണുന്നത് കൊണ്ട് ഒരു പുഞ്ചിരി എന്നും മധു നിർമലക്ക് കൊടുത്തിരുന്നു..

പതുക്കെ അത് സൗഹൃദത്തിലേക്കും പിന്നേ പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു

വീട്ടിൽ അറിഞ്ഞപ്പോൾ വലിയ ബഹളമായി മധു ഒരു ക്രി സ്ത്യൻ ആയിരുന്നു നിർമ്മലയുടെ വീട്ടുകാർ അവനെ കൈയേറ്റം ചെയിതു അവസാനം പോലീസ് കേസായി അവിടെ വിളിപ്പിച്ച തന്നോട് കാര്യം തിരക്കിയപ്പോൾ

മധുവി ന്റെ കൂടെ പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞു അവരത് അംഗീകരിച്ചു അങ്ങി നെ പത്തൊമ്പത് വയസ്‌ മാത്രമുള്ള ഞാൻ കല്ല്യണം കഴിച്ചു ഈ നാട്ടിൽ വന്നു ഈ വീട് വാങ്ങി രണ്ടാൺമക്കളും ഉണ്ടായി

പക്ഷേ അധികനാൾ ആ സന്തോഷം നിലനിന്നില്ല ഒരു അപകടത്തിന്റെ രൂപത്തിൽ വിധി എല്ലാം തട്ടിയെറിഞ്ഞു.. ഓരോന്നോർത്തു അവളെപ്പോഴോ മയങ്ങി..

തിങ്കളാഴ്ച്ച കടയിലെത്തിയപ്പോഴാണ് എല്ലാവരും എന്തോ ചർച്ചചെയ്യുന്നത് കണ്ടത് നിർമല അവിടെ നിന്നിരുന്ന സുമയോട് കാര്യം തിരക്കി

” അത് നിർമലെ നമ്മുടെ മുതലാളിക്ക് ഒരു മോനില്ലേ ഭാര്യ മരിച്ചുപോയ അയാൾ ഇന്ന് മുതൽ ഇതിന്റെ മാനേജറായി വരുന്നു എന്ന് അയാളൊരു ചൂടനാണെന്ന കേട്ടിരിക്കുന്നത്…”

ശരിയാണ് അയാളെ കുറിച്ച് കേട്ടിട്ടുണ്ട് ഭാര്യ മരിച്ചിട്ട് ഒരു നാല് കൊല്ലമായി പക്ഷേ ഇതുവരെ വേറെ കല്ല്യണം കഴിച്ചിട്ടില്ല ആദ്യത്തേതിൽ മക്കളുമില്ല ഇനിയെന്തൊക്കെ ഉണ്ടാകുമോ എന്തോ..അവൾ ഓരോന്ന് ചിന്തിച്ചുകൊണ്ട് തന്റെ സെക്ഷനിലേക്ക് പോയി..

ഒരു പതിനൊന്നു മണിയോടെ ഒരു വില കൂടിയ കാർ ഷോപ്പിനു മുന്നിൽ വന്ന് നിന്നു സൂപ്പർവൈസറും ബാക്കി സ്റ്റാഫുകളും ചേർന്ന് അയാളെ സ്വീകരിച്ചു എല്ലാവർ ക്കും ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അയാൾ അകത്തേക്ക് പോയി..

വലിയ കടയാണ് അത് നിർമലക്ക് കുട്ടികളുടെ ഡ്രസ്സ് സെക്ഷന്റെ ചാർജ് ആയിരുന്നു..ഉച്ചക്ക് ശേഷം അയാൾ സെക്ഷൻ ചാർജുള്ള വരെയെല്ലാം ഒരു മീറ്റിംഗിനായി വിളിച്ചു

അയാൾ സ്വയം പരിചയപ്പെടുത്തി ഞാൻ

” സുരേഷ് ബാലൻ മേനോൻ നിങ്ങളുടെ പുതിയ മാനേജരാണ്..”

പിന്നേ ഓരോരുത്തരെയായി പരിചയ പെട്ടു ഓരോ സെക്ഷന്റെയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി എല്ലാ കാര്യത്തിലും അയാളുടെ ഒരു മേൽനോട്ടം ഉണ്ടാകു മെന്ന് പറയാതെ പറഞ്ഞിട്ട് മീറ്റിംഗ് അവസാനിപ്പിച്ചു

” എന്തൊരു മനുഷ്യനാണിത്..” എല്ലാവരും അടക്കം പറഞ്ഞു..

എന്തായാലും സ്റ്റാഫു കൾക്കിടയിൽ ഒരു അച്ചടക്കവും ജോലി ചെയ്യാനുള്ള ഉത്സാഹവും കൂടി കാരണം മുറിയിൽ ഇരിക്കുന്ന മോണിറ്ററിലൂടെ ആ കടയുടെ മുക്കും മൂലയും അയാൾ അരിച്ചുപെറക്കി കൊണ്ടിരുന്നു.

അനാസ്ഥ കാണിക്കുന്നവരെ മുറിയിലേക്ക് വിളിപ്പിക്കാനും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ഒരു മടിയും കാണിക്കില്ല പറയുന്നപോലെ ചെയ്യാൻ പറ്റില്ലെങ്കിൽ പുറത്തേക്കുള്ള വാതിൽ കട അടക്കുന്നത് വരെ തുറന്നിട്ടിരിക്കുമെന്ന് ഒരു താകീത് കൊടുക്കാനും മറക്കാറില്ല..

ഓരോ നിമിഷവും സുരേഷിന്റെ കണ്ണുകൾ ഓരോ സെക്ഷനിലും ചെല്ലും കുട്ടികളുടെ സെക്ഷനിൽ എത്തുമ്പോൾ കണ്ണുകൾ കുറെനേരം അവിടെ തങ്ങും ആദ്യമൊന്നും നിർമലയെ അയാൾ ശ്രെധിച്ചിരുന്നില്ല

എന്നാൽ അവൾ കുഞ്ഞുങ്ങളോടും അവ രുടെ മാതാപിതാക്കളോടും ഇടപഴുകുന്ന രീതിയെല്ലാം അവൻ നോക്കിയിരിക്കും..

ഏകദേശം ഒരു മാസം കടന്നുപോയി…

ഒരു ദിവസം സുരേഷ് വിളിക്കുന്നത് കേട്ട് സൂപ്പർവൈസർ മുറിയിലേക്ക് ചെന്നു..

” എന്താ സാർ വിളിച്ചത്..”

” മൈക്കിൾ ചേട്ടാ ഇവിടെ സ്റ്റാഫുമാരുടെ ഡീറ്റെയിൽസ് ഉള്ള ഫയലുകൾ ഇല്ലേ എനിക്കതെല്ലാം ഒന്ന് കാണണം..”

” അതിനെന്താ ഞാൻ ഇപ്പോൾ തന്നെ എത്തിക്കാം..”

അതും പറഞ്ഞ് അയാൾ പോയി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ചോദിച്ച ഫയലെല്ലാം സുരേഷിന്റെ മുന്നിൽ എത്തി അവനൊരൊന്നായി മറിച്ചു നോ ക്കി അവസാനം നിർമ്മലയുടെ ഫയലെടു ത്തു തുറന്നു നോക്കി..

അതിൽ അവളുടെ ഒരു ഫോട്ടോ ഉണ്ടായി രുന്നു അതിനു താഴെ അവളുടെ ഡീറ്റെയി ൽസ് ഉണ്ടായിരുന്നു

നിർമല മധു..മുപ്പത് വയസ്..വിധവ..രണ്ട് ആൺമക്കൾ വീടിന്റെ അഡ്രെസ്സ് എന്നിവ യായിരുന്നു അതിൽ…

അത് വായിച്ചിട്ട് സുരേഷ് വീണ്ടും മോണിറ്ററിലേക്ക് നോക്കി
ഒരു ഉടുപ്പുകണ്ടിഷ്ടപ്പെട്ട ഒരു പെൺകുട്ടി ക്ക് അതിന്റെ ഭംഗിയും എല്ലാം പറഞ്ഞു കൊടുക്കുന്ന അവളിൽ എന്തോ ഒരിഷ്ടം അവനു തോന്നി..

എന്നാൽ ആഴ്ച്ചയവ സാനം സ്റ്റോക്ക് ലിസ്റ്റ് കൊടുക്കാൻ നിർമല അവന്റെ മുന്നിൽ എത്തിയിരുന്നു പക്ഷേ ആ ഗൗരവത്തിൽ നിന്നും പുറത്തു വന്നു ള്ള ഒരു സംഭാക്ഷണവും അവർക്കിടയിൽ ഉണ്ടായിരുന്നില്ല…

നിർമലയാണെങ്കിൽ ജോലിയും വീടുമായി ഓടിനടന്നു..അവളുടെ ബസ് കിട്ടാനുള്ള ഓട്ടം കണ്ട്‌ സുരേഷ് ഒരു ദിവസം മൈക്കി ളിനോട് കാര്യം ചോദിച്ചു..

ആ ബസ് കിട്ടിയാൽ അവൾക്ക് വീടിന്റെ മുന്നിലിറങ്ങാമെന്നും അല്ലങ്കിൽ ഇരുട്ടത്തു കൂടി കുറച്ചു ദൂരം നടക്കണമെന്നും അയാൾ വിശദമാക്കി

പിറ്റേദിവസം മുതൽ ബസിനു പോകുന്ന ലേഡി സ്റ്റാഫിനെല്ലാം അവരുടെ ബസ് സമയത്തിന് പത്തുമിനിറ്റ് മുൻപ് കടയിൽ നിന്നുമിറങ്ങാനുള്ള അനുവാദം കൊടുത്തു..

രണ്ടു മാസമായി സുരേഷ് എത്തിയിട്ട് ഒരു ദിവസം വീട്ടിലെത്തിയ സുരേഷിനെ ബാലൻ മേനോൻ വിളിച്ചടുത്തിരുത്തി ചോദിച്ചു

” എങ്ങിനെയുണ്ട് മോനെ കടയിൽ…”

” കുഴപ്പമില്ലച്ചാ നല്ല രീതിയിൽ പോകുന്നു സ്റ്റാഫുകൾ എല്ലാം സഹകരിക്കുന്നുണ്ട്..”

” നീയെവിടെ കൊണ്ടുവന്ന പുതിയ കാര്യങ്ങൾ മൈക്കിൾ എന്നോട് പറഞ്ഞു അത് നന്നായി ആ നിർമലയൊക്കെ ഒരുപാട് കഷ്ടപ്പെട്ട വരുന്നത്..അതിന്റെ ചെറു പ്രായത്തിൽ ഭർത്താവ് മരിച്ചു രണ്ട് കുഞ്ഞു മക്കളും വേറ നിവർത്തി അതിനില്ല…”

അച്ഛൻ പറയുന്നത് കേട്ടിരുന്നതല്ലാതെ മറുപടിയായി അവനൊന്നു പറഞ്ഞില്ല..

മാസങ്ങൾ കടന്നുപോയി തുണിക്കടയിൽ പഴയതിലും തിരക്കായി പുതിയതരം ട്രെൻഡിലുള്ള ഡ്രെസ്സുകൾ കൊണ്ടുവരാ ൻ സുരേഷ് ശ്രെമിച്ചു കൊണ്ടിരുന്നു അത് തന്നെ യുവത്വത്തെ കടയിലേക്ക് ആകർ ഷിച്ചു പുതിയതരം ഓഫറുകൾ ഗിഫ്റ്റുകൾ എല്ലാം ബിസിനസ്സിന്റെ പുരോഗതിക്കായി കൊണ്ടുവന്നതും ക്ലിക്കായി..

ബിസിനെസ്സ് പൊടിപൊടിക്കുമ്പോഴും തന്റെ സ്റ്റാഫുകളേ ചേർത്തുനിർത്താൻ അവൻ മറന്നില്ല സ്റ്റാഫുകൾക്കെല്ലാം സാലറി കൂട്ടുന്നതടക്കം

അവരുടെ ക്ഷേമ ത്തിനായി ലാഭം കിട്ടുന്നതിൽ ഒരു വിഹിതം മാറ്റിവെക്കാൻ തീരുമാനിച്ചു അവർക്ക് പി ഫ് ബോണസ് ഇൻഷുറൻസ് അങ്ങിനെയു ള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുത്തു..

പൊതുവെ ഗൗരവക്കാരനായ കൊച്ചു മുതലാളിയെ സ്റ്റാഫുകൾ ഇഷ്ടപെട്ടു തുടെങ്ങി അവന്റെയുള്ളിലെ മനുഷ്യത്വം അവർ തിരിച്ചറിഞ്ഞിരുന്നു ഒറ്റ വർഷം കൊണ്ട് സുരേഷ് കടയെ ആ നഗരത്തിലെ നമ്പർ വൺ ആക്കി..

പതുക്കെ പതുക്കെ ഗൗരവം കുറച്ചു സ്റ്റാഫുകളോട് സൗമ്യമായി പെരുമാറാൻ തുടെങ്ങി… എപ്പോഴൊക്കെ യോ അവന്റെ കണ്ണുകൾ നിർമലയെ തേടി യെത്തി എന്നാൽ അവളതൊന്നും അറിഞ്ഞിരുന്നില്ല…

ഒരു ദിവസം അച്ഛനുമായി കടയിലെ കാര്യ ങ്ങൾ സംസാരിക്കുകയായിരുന്നു സുരേഷ്

” എന്തായാലും മോനെ ഇന്ന് നമ്മുടെ കട ഈ നഗരത്തിലെ തന്നെ ഒന്നാമതായല്ലോ അച്ഛന് സന്തോഷമായി…

നിന്റെ അമ്മയു ടെ ആഗ്രഹമായിരുന്നു ഒരു തുണിക്കട ഒത്തിരി വില ഈടാക്കാതെ എല്ലാവർക്കും വന്ന് എടുക്കാവുന്ന രീതിയിൽ ആയിരിക്കണമെന്ന് അവളുടെ ആവശ്യമായിരുന്നു അതുകൊണ്ടാണ് അവൾ മരിച്ചിട്ടും ഞാൻ അത് നിലനിർത്തി പോന്നത്..”

” അതെല്ലാം ഇപ്പോ ശരിയായില്ലേ അച്ഛാ സ്റ്റാഫുകൾ നല്ലതാണെങ്കിൽ നമുക്ക് പാതി ഭാരം കുറയും ഇപ്പോ തന്നെ കുട്ടികളുടെ സെക്ഷനിൽ നിർമല ഉള്ളതുകൊണ്ട് ഒരു ടെൻഷനും അവിടെയില്ല അങ്ങിനെ ഓരൊരുത്തരും.”

” ഇനിയെങ്കിലും നീയൊരു കല്ല്യാണം കഴിക്കണം നിനക്ക് ഇഷ്ടമുള്ള ആരായാലും എനിക്ക് സമ്മതമാണ്…”

അതുകേട്ട സുരേഷ് നിമിഷം ആലോചിച്ചു എന്നിട്ട് ബാലൻ മേനോനോട് പറഞ്ഞു

” അച്ഛാ ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപെടോ…”

” ഇല്ലടാ നീ പറയ്..”

” എനിക്കൊരാളെ ഇഷ്ടമാണ് അത് വേറെ ആരുമല്ല നിർമലയാണ്..ഒരു കണക്കിന് ഞങ്ങൾ തുല്യ ദുഖിതരാണ് പിന്നേ പ്രായം എന്നേലും ഒരു നാലുവയസ് വ്യത്യാസം ഉണ്ട് പിന്നേ രണ്ട് ആൺമക്കളും അച്ഛന്റെ അഭിപ്രായം പോലെ ചെയ്യാം..”

” നിർമലയോട് നീയിതിനെപ്പറ്റി സംസാരിച്ചോ ? ”

” ഇല്ല ഇത് അച്ഛനോടാ ഞാൻ ആദ്യം പറയുന്നത്…”

” നിർമല നല്ലൊരു പെങ്കൊച്ചാണ് ഞാൻ ഒന്ന് സംസാരിക്കാം..”

” ശരി അച്ഛാ..”

ആ ആഴ്ച അങ്ങിനെ പോയി ശനിയാഴ്ച്ച കടയിൽ നിന്നിറങ്ങി മക്കൾക്ക് കുറച്ചു സാധനങ്ങളും വാങ്ങിയാണ് നിർമല വീട്ടിൽ എത്തിയത്..

ഇഷ്ടപെട്ട മിട്ടായിയും ബര്ഗറുമൊക്കെ കിട്ടിയപ്പോൾ ഉണ്ണിക്കും മനുവിനും സന്തോഷമായി..പിറ്റേദിവസം അവധിയായത് കൊണ്ട് അവർ കുറച്ചു വൈകിയാണ് കിടന്നത്..

രാവിലെ ഉണർന്ന് പണികളെല്ലാം തീർക്കു ന്ന തിരക്കിലായിരുന്നു നിർമല അപ്പോഴാ ണ് വീടിന്റെ മുന്നിൽ ഒരു കാർ വന്ന് നിന്നത്‌ അവൾ അങ്ങോട്ട് ചെന്നു കാറിൽ നിന്നും ഇറങ്ങുന്ന ബാലൻ മേനോനെ കണ്ട്‌ അവൾ വേഗം അങ്ങോട്ട് ചെന്നു..

” അയ്യോ സാറെന്താ ഇവിടെ..എവിടേലും പോകുന്ന വഴിയാണോ..” ഒറ്റ ശ്വാസത്തിൽ അവൾ അത്രയും ചോദിച്ചു

” അല്ല നിർമ്മലെ ഞാൻ ഇങ്ങോട്ട് തന്നെ വന്നതാണ്..” അയാൾ പുഞ്ചരിയോടെ പറഞ്ഞു

അപ്പോഴേക്കും മമ്മദും കദീജയും അങ്ങോട്ട് വന്നു മമ്മദും ബാലൻ മേനോനും പരിചയക്കാരാണ് ബാലൻ മേനോൻ അവിടെ കണ്ട കസേരയിലേക്കിരുന്നു.. അപ്പോഴും നിർമ്മലയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ടായിരുന്നു

” അല്ല മുതലാളി വന്നതെന്താണ്..? ” മമ്മദ് ചോദിച്ചു

” ഒരു പ്രധാന കാര്യം പറയാനാണ്..മമ്മദ്‌ കൂടി കേൾക്കണം..അത് വേറെയൊന്നു മല്ല തനിക്കറിയാലോ എന്റെ മോനെ ഭാര്യ മരിച്ചശേഷം മറ്റൊരു കല്ല്യണം വേണ്ടാ എന്ന തീരുമാനത്തിലായിരുന്നു

എന്നാൽ ഇപ്പോ അതിനൊരു മാറ്റം വന്നിരിക്കുന്നു അവന് നിർമലയെ ഇഷ്ടമാണ് അവൻ ഈ കാര്യം എന്നോടാണ് ആദ്യം പറഞ്ഞത് അതുകൊണ്ട് നിർമലക്കോ മറ്റാർക്കെങ്കി ലോ ഈ കാര്യം അറിയില്ല ഇനി നിന്റെ തീരുമാനം എന്താണ്..”

” സാർ എന്റെ കാര്യങ്ങൾ സാറിനറിയാലോ അദ്ദേഹത്തെ കുറിച്ച് ഞാൻ അങ്ങിനെയൊന്നും ചിന്തിച്ചട്ടില്ല എനിക്ക് അതിനുള്ള അർഹതയുമില്ല.. അപ്പോൾ പിന്നെ ഈ കാര്യം ശരിയാവില്ല സാർ..”

” ഇജ്ജ് അതൊന്നും പറയണ്ട നിർമല കൊച്ചു മുതലാളിക്ക് ഇഷ്ടാണെങ്കിൽ ഇജ്ജ് അതിനു സമ്മതിക്ക് പിള്ളേരിടെ കാര്യവും നന്നാവും..” കദീജ പറഞ്ഞു അത് തന്നെയായിരുന്നു മമ്മദിന്റെ അഭി പ്രായവും..

” എന്തായാലും നിങ്ങൾ തമ്മിൽ ഒന്ന് സംസാരിക്ക് എന്നിട്ട് തീരുമാനിക്കാം എന്താ മമ്മദേ അതെല്ലേ നല്ലത്… ” അത് പറഞ്ഞിട്ട് ബാലൻ മേനോൻ ഇറങ്ങി

പിറ്റേദിവസം എന്തോ കടയിലേക്ക് പോകാൻ അവൾക്കൊരു സങ്കോചം തോന്നി സുരേഷിനെ അഭിമുഖീകരിക്കാൻ അവൾക്കൊരു മടി തോന്നി

” നേരെ ചൊവ്വേ ഇയാളോടൊന്ന് മിണ്ടിയട്ടില്ല പിന്നേ ഇയാളെന്തിനാ കല്ല്യാണം ആലോചിച്ചു വന്നത്.. അവൾക്ക് ദേഷ്യം തോന്നി കുറച്ചു കഴിഞ്ഞപ്പോൾ അവളോട് ഓഫീസ് റൂമിലേക്ക് ചെല്ലാൻ അറിയിപ്പ് കിട്ടി.. അവിടെ അവളുടെ വരവ് പ്രതീക്ഷിച്ചു സുരേഷ് ഉണ്ടായിരുന്നു..

” നിർമല ഇരിക്ക്..” എതിരെയുള്ള കസേര ചൂണ്ടി പറഞ്ഞു അവൾ ഇരുന്നു..

” അച്ഛൻ ഇന്നലെ വീട്ടിൽ വന്നെല്ലാം പറഞ്ഞില്ലേ..എന്താ തന്റെ അഭിപ്രായം..”

” സാർ ഞങ്ങൾ പാവങ്ങളാണ് അത് തന്നെയല്ല ഞാനൊരു വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അവരുടെ അച്ഛന്റെ ഓർമയിൽ ജീവിക്കുന്നവളുമാണ് ഇനി ഒരു കല്ല്യാണം അതെനിക്ക് പറ്റില്ല..”

അവൻ അവളെ കേട്ടിരുന്നു…

” നിർമല പറഞ്ഞത് ശരിയാണ് ഞാനും ആ അവസ്ഥയിൽ കൂടെ കടന്നുപോയതു മാണ് പക്ഷേ തന്നെ കണ്ടപ്പോൾ കൂടുതൽ അറിഞ്ഞപ്പോൾ ഒരാഗ്രഹം തോന്നി..താൻ നന്നായി ആലോചിക്ക് മക്കളുടെ ഭാവിയെരിക്കലും നമ്മുടെ വിവാഹം കൊണ്ട് മോശമാവില്ല..

പിന്നേ എനിക്ക് ഒരു കുഞ്ഞിനെ തരാനുള്ള കഴിവില്ല എന്റെ ഭാര്യ മരിച്ച ആക്‌സിഡന്റിൽ എനിക്കും സാരമായി പരിക്കേറ്റിരുന്നു…അതിൽ ആ ഒരു ശേഷി ദൈവം തിരിച്ചെടുത്തു..” ഒരു ദീർഘനിശ്വാ സത്തോടെ അവൻ പറഞ്ഞു നിർത്തി

കേട്ടപ്പോൾ അവൾക്ക് വിഷമം തോന്നി.. വീട്ടിൽ തിരിച്ചെത്തിയിട്ടും ഒരു തീരുമാനം എടുക്കാൻ അവൾക്കായില്ല..

അത് മാത്രമല്ല മധുവിന്റെ ഓർമ്മകൾ അവളുടെ കണ്ണുകളെ ഈറനാക്കി എന്നാൽ മമ്മദും കദീജയും അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു.. അവസാനം അവൾ അർദ്ധ സമ്മതം മൂളി.. പതിയെ അവരുടെ വിവാഹ വാർത്ത കടയിലും അറിഞ്ഞു..

അവർക്കെല്ലാം സന്തോഷമായിരുന്നു ഭർത്താവ് ഇല്ലാത്ത സ്ത്രീയായിട്ടും ആരെ കൊണ്ടും നിർമല ഒരു ചീത്തപേരും കേൾ പ്പിച്ചിട്ടില്ല…

അങ്ങിനെ ഒരു മാസം കഴിഞ്ഞു നല്ലൊരു മുഹൂർത്തത്തിൽ ലളിതമായി അവരുടെ വിവാഹം നടന്നു ബാലൻ മേനോന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അവൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ടാണ് തോന്നിയത് വലിയൊരു വീടായിരുന്നു അത്…

ഒരു പ്രായമായ സ്ത്രീ നിലവിളക്ക് അവളുടെ കൈകൊടുത്തു വലതു കാലുവെച്ച് കയറാൻ അവർ പറഞ്ഞപ്പോൾ അവൾ അനുസരിച്ചു പൂജാമുറിയിൽ വിളക്ക് വച്ച് അവർ പ്രാർത്ഥിച്ചു…

” മോളെ ഇതെന്റെ കുഞ്ഞുപെങ്ങളാണ് കല്ല്യാണം കഴിച്ചിട്ടില്ല..ഇവിടെ ഞങ്ങളുടെ കൂടെയാണ് താമസം..” ബാലൻ മേനോൻ ആ സ്ത്രീയെ പരിചയപ്പെടുത്തി..

അതെല്ലാം കേൾക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ ഉണ്ണിയേയും മനുവിനെ യും തേടുകയായിരുന്നു അപ്പോഴാണ് ഹാളിന്റെ ഒരറ്റത്തു വച്ചിരിക്കുന്ന ഫിഷ് ടാങ്കിനടുത്ത് അവർ നിക്കുന്നത് കണ്ടത്‌

അവരുടെ തോളിൽ കൈകൾ വച്ചുകൊ ണ്ട് സുരേഷ് അവരോട് എന്തെക്കെയോ പറയുന്നുണ്ടായിരുന്നു..അവൾ അവിടേ ക്ക് നടന്നു അവളെ കണ്ടതും കുട്ടികൾ അവളുടെ അടുത്തേക്ക് ചെന്നു..

“നോക്കമ്മേ എന്തോരം മീനുകളാ.. അങ്കി ൾ അതെല്ലാം പറഞ്ഞു തരുകയായിരുന്നു” അതുകേട്ട സുരേഷ് അവരുടെ അടുത്തെ ത്തി സ്നേഹപൂർവ്വം അവരോട് പറഞ്ഞു

” അങ്കിൾ അല്ല മക്കളേ…അച്ഛൻ ഇനി അങ്ങിനെ വേണം വിളിക്കാൻ കേട്ടോ..”

അതുകേട്ടപ്പോൾ തന്നെ തന്റെ പാതി വിഷമം കുറഞ്ഞതുപോലെ നിർമലക്ക് തോന്നി

രാത്രിയായി അപ്പച്ചി കൊടുത്ത പാലുമായി അവൾ സുരേഷിന്റെ മുറിയുടെ വാതിക്കലെത്തി മടിച്ചു നിന്ന നിർമലയെ അവൻ അകത്തേക്ക് വിളിച്ചു അടുത്തെത്തിയ അവളുടെ കൈയിൽ നിന്നും പാലുവാങ്ങി മേശപ്പുറത്തു വച്ചു

എന്നിട്ട് പോയി വാതിലടച്ചു അവൾ മുറിയാകെ ഒന്ന് നോക്കി ആ മുറിയിൽ രണ്ട് കട്ടിലുണ്ടായിരുന്നു ഒന്നിൽ ഉണ്ണിയും മനുവും കിടന്നുറങ്ങുന്നു
അവൾ സുരേഷിനെ നോക്കി..

” ഇവിടെ ഒരു കട്ടിലെ ഉണ്ടായിരുന്നുള്ളു പിന്നേ ഒരെണ്ണം ഞാൻ വാങ്ങിയതാണ് മക്കൾ തന്നെ വിട്ട് കിടക്കാറില്ലല്ലോ അവരും ഇവിടെ കിടക്കട്ടെ..”

അവന്റെ കരുതൽ കണ്ട്‌ അവളുടെ കണ്ണുകൾ നിറഞ്ഞു..അവൻ വേഗം അവളെ തന്റെ നേരെ നിർത്തി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു

” ഇനിയും ഈ കണ്ണുകൾ നിറയാൻ പാടില്ല എന്നും നിന്റെയും മക്കൾക്കളുടെയും കൂടെ ഒരു ‘സ്നേഹത്തണലായി ‘ ഞാനും ഉണ്ടാകും…” ഇനി എന്തെങ്കിലും പറയാനു ണ്ടോ..

” മ്മ്..”

” പറഞ്ഞോളൂ..”

” അത് വേറെയൊന്നുമല്ല കുറച്ചു നാള് കൂടി ഞാൻ കടയിൽ ജോലിക്ക് വന്നോട്ടെ”

പറഞ്ഞിട്ടും പ്രതികരണം ഒന്നുമില്ലാത്തത് കൊണ്ട് അവളവനെ ആശങ്കയോടെ നോക്കി…

” ജോലിക്ക് വന്നോ…പക്ഷേ ശമ്പളം മാത്രം ചോദിക്കരുത് ” അത് പറഞ്ഞിട്ട് അവൻ നിന്ന്‌ ചിരിച്ചു..

അത് കണ്ട നിർമല ഒരു കുഞ്ഞു ഗർവോ ടെ അവന്റെ നെഞ്ചിൽ കുഞ്ഞുഇടികൾ കൊടുത്തു..

അവനാ കൈകളിൽ പിടിച്ചു അവളെ നെഞ്ചിലേക്ക് ചേർത്തു.. ആ നെഞ്ചിന്റെ ചൂടിൽ അവന്റെയാ സ്നേഹത്തണലിൽ അവരുടെ പുതിയ ജീവിതം തുടുങ്ങുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *