ശ്രീക്ക് നേരെ നോക്കാൻ ഭദ്രക്ക് നല്ല ചമ്മൽ തോന്നി, അത് മനസിലാക്കിയ ശ്രീ ഭദ്രയെ..

സ്നേഹാർദ്രം
(രചന: Sony Abhilash)

“അല്ല ഇന്ന് ഭദ്ര കുട്ടി നേരത്തെ എത്തിയോ..” തിടപ്പള്ളിയിൽ നിന്നും ഇറങ്ങി വന്ന അപ്പൻ തിരുമേനിയുടെ ചോദ്യം കേട്ടു ഒരു പത്തുവയസുകാരി തലയുയർത്തി നോക്കി ചിരിച്ചു..

പഴകി നിറം മങ്ങിയ ഒരു ഉടുപ്പാണ് അവളുടെ വേഷം എന്നാലും അതിനു നല്ല വൃത്തിയുണ്ടായിരുന്നു..

“ഭദ്രക്കുട്ടി കുറച്ചു നേരം നിക്കൂട്ടോ.. ഞാൻ ഇത് ഭഗവാന് നേദിച്ചിട്ട് വരാം..”

ഇത് ഭദ്ര എന്ന അഞ്ചാം ക്ലാസ്സുകാരി.. അപ്പൻ തിരുമേനി ശാന്തിയായിട്ടുള്ള ഈ ശിവക്ഷേത്രത്തിന്റെ അടുത്താണ് താമസിക്കുന്നത്. ആലപ്പുഴയിൽ ഒരു ഉൾനാടൻ ഗ്രാമപ്രദേശം ആണ് ഈ അമ്പലം നിലക്കൊള്ളുന്ന മേൽക്കര.

ഭദ്രയുടെ അമ്മ ശാലിനി ഒരു തയ്യൽക്കാരിയാണ് അച്ഛൻ രാജു ഒരു ഓട്ടോഡ്രൈവർ ആണ് വലിയ സമ്പാദ്യം ഒന്നുമില്ലെങ്കിലും പട്ടിണിയില്ലാതെ അവർ കഴിഞ്ഞു..

പഠിക്കാൻ മിടുക്കിയായിരുന്നു കുഞ്ഞു ഭദ്ര അപ്പൻ തിരുമേനിഎന്നും ദേവന് നേദിച്ച പായസവും ചോറും എല്ലാം ഭദ്രക്ക് കൊടുക്കുന്നത് പതിവായിരുന്നു അത് എന്നും കുഞ്ഞു ഭദ്ര വന്ന് വാങ്ങിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി ശ്രീകോവിലിൽ നിന്നുമിറങ്ങി വന്നു കൈയിൽ പാത്രവുമായി..അവൾ ഒതുങ്ങി നിന്നു..

” ഭദ്രകുട്ട്യേ ആ പത്രം തുറന്ന് ഇങ്ങോട്ട് വച്ചോളു..” തിരുമേനി പറഞ്ഞു

അതുകേട്ട് ഭദ്ര പാത്രം തുറന്നു വച്ചു..
തിരുമേനി അതിലേക്ക് പായിസം ഒഴിച്ചു
കൊടുത്തു പാത്രം നിറഞ്ഞപ്പോൾ അവൾ അത് അടച്ചു..

” ഭദ്രകുട്ടി പോവായോ..കുറച്ചു കൂടി നിന്നാൽ ഞാനും കൂടി വരാം…” തിരുമേനി പറഞ്ഞു

” ഓ..ഞാൻ നിക്കാം തിരുമേനി..”

തിടപ്പള്ളിയിൽ എല്ലാം ഒതുക്കിവച്ചു കഴുകാനുള്ള പത്രങ്ങൾ പുറത്തേക്ക് വച്ചിട്ട് തിരുമേനി നടയടച്ചു താക്കോൽ ഓഫീസിൽ ഏല്പിച്ചിട്ട് ഭദ്രയ്ക്ക് ഒപ്പം നടന്നു

” അച്ഛൻ വണ്ടിയുമായി പോയോ മോളെ ”

” പോയി..”

“ങ്ഹാ ഇപ്പോ ഓട്ടം കുറവാണെന്ന് കഴിഞ്ഞ ദിവസം കണ്ടപ്പോൾ രാജു പറഞ്ഞു ശാലിനിക്ക് തയ്യലും കുറഞ്ഞെന്ന്.”

” ഭദ്രക്കുട്ടി നന്നായി പഠിക്കുന്നുണ്ടല്ലോ.. ട്യൂഷൻ എന്തെങ്കിലും ഉണ്ടോ..”

” ഇല്ലാ…”

“പഠിപ്പിൽ വല്ല സംശയവുമുണ്ടേൽ ഇല്ലത്തു വന്ന് ശ്രീയോട് ചോദിക്ക് അവനിപ്പോൾ പത്തിൽ അല്ലേ…”

ഓരോന്ന് ചോദിച്ചും പറഞ്ഞും ഭദ്രയുടെ വീടെത്തി അവൾ തിരുമേനിയയോട് യാത്ര പറഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി.. തുരുമേനി വീട്ടിലേക്ക് നടന്നു..

അവിടെന്ന് ഒരു അഞ്ചുമിനിറ്റ് കൂടിയേയുള്ളു തിരുമേനിയുടെ കാവുങ്കൽ എന്ന ഇല്ലത്തേക്ക് അവിടെ ഭാര്യ സരസ്വതിയും മകൻ ശ്രെയസ് എന്ന ശ്രീയുമാണ് ഉള്ളത്

ഭദ്രയും ശ്രീയും കൂട്ടുകാരായിരുന്നു തന്റെ അച്ഛന് അവളോടുള്ള കരുതൽ ശ്രീക്ക് അറിയാം അതുകൊണ്ട് തന്നെ അവളുടെ കാര്യത്തിൽ അല്പം സ്വാർത്ഥതയും അവന് ഉണ്ടായിരുന്നു..

വീട്ടിൽ അമ്മ കൊടുത്തു വിടുന്ന വിഭവങ്ങളിൽ കുറച്ചെന്നും ഭദ്രക്ക് കൊടുക്കാനും ശ്രീ മറന്നിരുന്നില്ല..ഇല്ലവും
ആ നാട്ടിലെ സന്നദ്ധ സംഘടനയും ചേർന്ന് ആയിരുന്നു ആ സ്കൂൾ നടത്തിയിരുന്നത്.

വർഷങ്ങൾ ശരവേഗത്തിൽ പാഞ്ഞു കുഞ്ഞു ഭദ്ര എട്ടാം ക്ലാസ്സിൽ എത്തി ശ്രീ ആ സ്കൂളിൽ നിന്നും പത്താം ക്ലാസ് കഴിഞ്ഞു വേറെ സ്കൂളിൽ ചേർന്നു ഡോക്ടർ ആകാനായിരുന്നു അവനിഷ്ടം

അങ്ങിനെയിരിക്കെ ഒരു ദിവസം രാജു
വിനെ തേടി ഒരു ഫോൺ വന്നു അയാളുടെ അമ്മ തീരെ വയ്യാത്ത അവസ്ഥയിലാണെന്നും നോക്കാൻ ആരുമില്ല എന്നും ആയിരുന്നു ഫോൺ വന്നത്..

രാജുവും ശാലിനിയും ആകെ സങ്കടത്തിൽ ആയി അമ്മയെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് അവർക്ക് ആ നാട്ടിൽ നിന്നും പോയെ പറ്റു ഭദ്ര ഇപ്പോ എട്ടിൽ ആയതുകൊണ്ട് സ്കൂൾ മാറണം

അവൾക്ക് ആ സ്കൂളും കൂട്ടുകാരും ആ നാടും ഒക്കെ വിട്ട് പോകാൻ സങ്കടമായിരുന്നു പക്ഷേ ആ അവസരത്തിൽ അത് അത്യാവശ്യമായിരുന്നു.. മനസില്ലാ മനസോടെ ആ കുടുംബം അവിടന്ന് യാത്രയായി..

തിരുമേനിയുടെ ഇല്ലത്തു ചെന്ന് യാത്ര പറയാൻ നേരം അവൾക്ക് വലിയ വിഷമം ആയിരുന്നു ആ നേരത്തു ശ്രീയും അവിടെ ഉണ്ടായിരുന്നു ആ യാത്രപറച്ചിൽ എന്തോ ഒരു ഭാരം തന്റെ നെഞ്ചിൽ കയറ്റി വച്ചത് പോലെയാണ് അവന് തോന്നിയത് എന്തിന് എന്നറിയാതെ അവന്റെ കണ്ണുകളും നിറഞ്ഞു..

ഭദ്ര തിരുമേനിയുടെ കാല് തൊട്ട് അനുഗ്രഹം മേടിച്ചു വിഷമത്തോടെയെങ്കിലും തിരുമേനി അവളെ അനുഗ്രഹിച്ചു രാജുവിന്റെ കൈയിൽ കുറച്ചു പൈസയും കൊടുത്തു..

ഭദ്രയുടെ കണ്ണുകൾ ശ്രീക്ക് നേരെ നീണ്ടു.. ഒരു നിമിഷം കണ്ണുകൾ ഉടക്കി.. നിറഞ്ഞ നൊമ്പരത്തോടെ അവൾ കണ്ണുകളാൽ യാത്ര പറഞ്ഞു..

അച്ഛന്റെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അധികദിവസം തങ്ങിയുള്ള ശീലം അവൾക്കില്ലായിരുന്നു അതുകൊണ്ട് തന്നെ ഭദ്രക്ക് വല്ലാത്തൊരു വീർപ്പ്
മുട്ടൽ ആയിരുന്നു ശാലിനിക്കും രാജുവിനും അവളുടെ അവസ്ഥ മനസിലായി

പക്ഷേ ഒന്നും ചെയ്യാൻ അവർക്ക് കഴിയുമായിരുന്നില്ല..ഭദ്ര അവിടെ അടുത്തുള്ള സ്കൂളിൽചേർന്നു പഠിത്തം തുടെങ്ങി..

ചില രാത്രികളിൽ മേൽക്കര ഗ്രാമവും അവിടെയുള്ളവരും അവളുടെ ഓർമകളിൽ വിരുന്നു വന്നു..അപ്പോഴും തന്നെ നോക്കി നിന്ന ശ്രീയുടെ കണ്ണുകൾ നിറഞ്ഞത് എന്തിന് എന്നത് അവളുടെയു
ള്ളിൽ ഒരു ചോദ്യം ആയി നിന്നു.

ദിവസങ്ങൾ അതിന്റെതായ രീതിയിൽ കടന്നുപോയികൊണ്ടിരുന്നു ഭദ്രയും ആ
നാടും ജീവിതവുമായി പൊരുത്തപ്പെട്ടു
അവളുടെ അച്ഛമ്മയ്ക്ക് സുഖമായി..
മേൽക്കര എന്നപേര് അവളുടെ ഓർമ്മ
മാത്രമായി

എന്നാൽ ആ പട്ടുപാവാടക്കാരിയെ മാത്രം മനസിൽ ഓർത്തു അവളിൽ ഉണ്ടായ മാറ്റങ്ങൾ അറിയാതെ ഒരാൾ മനസിൽ എന്നോ പ്രതിഷ്ഠിച്ച ആ രൂപത്തിനു പകരം മറ്റൊന്ന് ചേർത്തുവയ്ക്കാനാവാതെ മൗനമായി അവളെ പ്രണയിച്ചു

വർഷങ്ങൾ കടന്നുപോയി…

ശ്രീ കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി സ് നു ചേർന്നു അവൻ തന്റെ തിരക്കുകളിൽ മുഴുകി..

ഭദ്ര പത്താം ക്‌ളാസ് നല്ല മാർക്കോടെ പാസായി പ്ലസ് വണ്ണിന് ചേർന്നു എഞ്ചിനിയർ ആകുക എന്നത് അവളുടെ ജീവിതാഭിലാഷം ആയിരുന്നു

അതുകൊണ്ട് തന്നെ നന്നായി പഠിച്ചു പല സ്കോളർഷിപ്പുകളും അവൾ സ്വന്തമാക്കി അല്ലാതെ രാജുവിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ അതൊരിക്കലും സാധ്യമല്ല എന്ന് അവൾക്കറിയാമായിരുന്നു

വർഷങ്ങൾ കടന്നുപോയി..എന്നാലും ഭദ്രയുടെ മനസിൽ മേൽക്കരയെന്ന
ഗ്രാമവും തിരുമേനിയും ശ്രീയുമെല്ലാം നിറഞ്ഞു നിന്നു…അവർക്ക് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകും അവൾ വെറുതെ ചിന്തിച്ചു നോക്കി..

” ശ്രീയേട്ടൻ ഇപ്പോ ആരായിട്ടുണ്ടാകും.. എങ്ങിനെ ഉണ്ടാവും കാണാൻ..നല്ല സുന്ദരൻ ആയിട്ടുണ്ടാകും…അന്ന് ആ പ്രായത്തിലും നല്ല ചുള്ളനായിരുന്നു… എപ്പോഴെങ്കിലും തന്റെ മനസിൽ ശ്രീയേട്ട
നോട് അരുതാത്ത എന്തെങ്കിലും തോന്നിയിരുന്നോ..

പക്ഷേ ഒരു വിധം പ്രായമായി കഴിഞ്ഞപ്പോൾ ശ്രീയേട്ടൻ അടുത്തുവരുമ്പോൾ തന്റെ മനസിൽ എന്തൊക്കയോ വിവേചിച്ചറിയാനാവാത്ത ഒരു വികാരം ഉണ്ടായിട്ടില്ലേ…” അവൾ സ്വയം ചോദിച്ചു…

ഭദ്രയുടെ പഠിപ്പ് കഴിഞ്ഞു അവൾക്ക് ഇഷ്ടം സിവിൽ എഞ്ചിനിയറിങ് ആയിരുന്നു.. അതുകൊണ്ട് തന്നെ പഠിച്ചിറങ്ങിയപ്പോൾ തന്നെ പ്രശസ്തമായ ഒരു കമ്പനിയിൽ ജോലിയും കിട്ടി.. അങ്ങിനെയിരിക്കെ ഒരു ദിവസം അവർ ജൂനിയർസിന്റെ ഇടയിൽ ഒരു സംസാരം വന്നു

” അല്ല മക്കളേ നിങ്ങള് വല്ലവരും ഒരു കാര്യം അറിഞ്ഞോ..”

ഭദ്ര ഉൾപ്പെടുന്ന ജൂനിയർ ഗ്രുപ്പിന്റെ ലീഡർ എന്ന് സ്വയം അവകാശപെടുന്ന റഹ്‌മാൻ ചോദിച്ചു.

” ഇല്ലാ…” പെട്ടന്ന് തന്നെ അവിടെയൊരു സംഘഗാനം മുഴങ്ങി..

” അതായത് മക്കളേ…നമ്മുടെ കമ്പനിക്ക് ഒരു വമ്പൻ പ്രൊജക്റ്റ് കിട്ടിയിട്ടുണ്ട്..ഒരു മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ.. ആലപ്പുഴയിൽ ആണ് ഈ ഹോസ്പിറ്റൽ വരുന്നത്..”

” ഇതിലിപ്പോ നമുക്കെന്താ കോള്..” ഭദ്ര ചോദിച്ചു.

“ഉണ്ടല്ലോ….ഈ പ്രൊജക്റ്റ് കൈകര്യം ചെയുന്നത് നമ്മുടെ നമ്പ്യാർ സാറാണ്.. ആ ടീമിൽ ജൂനിയേഴ്സിൽ നിന്നും ആരെയൊക്കയോ ഉൾപെടുത്താൻ സാധ്യത ഉണ്ടെന്നാ കേട്ടത്..” റഹ്‌മാൻ പറഞ്ഞു നിർത്തി.

” ആണോ…ആരെക്കയാണോ എന്തോ.. ആദ്യം മുതൽ ആ പ്രോജെക്ടിൽ ഉണ്ടായാൽ അത് നല്ലൊരു എക്സ്
പീരിയൻസ് ആയിരിക്കും..” ഭദ്ര പറഞ്ഞു

അപ്പോൾ ആണ് അവിടുത്തെ പ്യുൺ മണിച്ചേട്ടൻ അങ്ങോട്ട് വന്നത് ചോദിച്ചത്

” ആഹാ എല്ലാവരും കൂടി വട്ടമേശ സമ്മേളനമാണോ..എന്താ ഇന്നത്തെ വിഷയം..”

” അതേ…ചേട്ടൻ കൂടുന്നോ..? ” റഹ്മാന്റെ വക മറുപടി

” അയ്യോ..ഞാനില്ലായെ സാറുമാരെ..
പിന്നേ ഭദ്ര മാഡത്തിനോട് എം ഡി ചെന്ന് കാണാൻ പറഞ്ഞു ”

” അത് എന്തിനാ ഇപ്പോൾ ഞാൻ പുള്ളിയെ കാണുന്നത്…” സംശയത്തോടെ അവൾ ചോദിച്ചു

” അത് എനിക്കറിയില്ലേ..ഇവിടെ അറിയിക്കാൻ പറഞ്ഞു ഞാൻ അറിയിച്ചു എന്റെ ജോലി തീർന്നു..”

” ഇതിപ്പോ എന്തിനായിരിക്കും സാറ് കാണണം എന്ന് പറഞ്ഞത്..” ആലോചിച്ചുകൊണ്ട് ഭദ്ര എം ഡി യുടെ മുറിയുടെ മുന്നിൽ എത്തി പതിയെ വാതിലിൽ തട്ടി അനുവാദം കിട്ടിയ ഭദ്ര അകത്തേക്ക് ചെന്നു.

“ആഹാ ഭദ്രയായിരുന്നോ..? ” എം ഡി ചോദിച്ചു

” സാർ വന്നു കാണാൻ പറഞ്ഞെന്ന് മണിച്ചേട്ടൻ അറിയിച്ചു അതാണ് ഞാൻ വന്നത്..”

” ഓക്കേ ഭദ്ര ഇരിക്കൂ..”

അടുത്തു കണ്ട കസേരയിൽ അവളിരുന്നു അപ്പോഴേക്കും നമ്പ്യാർ വന്നു എം ഡി ഇരിക്കാൻ പറഞ്ഞത് അനുസരിച്ചു പുള്ളി ഭദ്രയുടെ അടുത്തുള്ള കസേരയിൽ ഇരുന്നു..എം ഡി തുടർന്നു..

” നമ്പ്യാർ ആലപ്പുഴയിലെ ആ ഹോസ്പിറ്റലിന്റെ വർക്കിൽ ഭദ്ര തന്നെ അസിസ്റ്റ് ചെയ്യും..ഈ മാസം പതിനഞ്ചിനു നിങ്ങൾ അവിടെ ചെല്ലണം അതിന്റെ ഉടമസ്ഥനുമായി ഒരു മീറ്റിംഗ് ഉണ്ട് അതുകഴിഞ്ഞു അവര് പറയുന്ന സമയത്തു പണി തുടങ്ങാം..”

നമ്പ്യാർ തലയാട്ടി എന്നിട്ട് ചോദിച്ചു

” സാർ എത്രനാളാണ് അവര് തന്നിരിക്കുന്ന കോൺട്രാക്ട്..”

” ഒരു വർഷം..”

” അതുവരെ ഞങ്ങൾ അവിടെ സ്റ്റേ ചെയ്യണോ..? ”

” വേണം അതുവരെ നിങ്ങൾ അവിടെ താമസിക്കേണ്ടി വരും..”

അതുകേട്ട് നമ്പ്യാരും ഭദ്രയും വല്ലാതെയായി..അത് കണ്ട്‌ എം ഡി തുടർന്നു..

” നമ്പ്യാർ നിങ്ങളുടെ ബുദ്ധിമുട്ട് ഞാൻ മനസിലാക്കുന്നു..തൽകാലം നിങ്ങളെ കമ്പനിയുടെ അവിടുത്തെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്യും..

നമ്പ്യാർക്ക് അവിടെ കമ്പനി ഒരു വീട് തരും ഈ ഹോസ്പിറ്റലിന്റെ ഉടമസ്ഥരിൽ ഒരാൾ നമ്പൂതിരിമാരാണ് അതുകൊണ്ട് ഭദ്രക്ക് അവരുടെ ഇല്ലത്തു തന്നെ ഒഴിഞ്ഞു കിടക്കുന്ന ഔട്ട് ഹൗസിൽ താമസം ശരിയാക്കും..”

അതുകേട്ടപ്പോൾ അവർക്ക് ആശ്വാസ
മായി

” ഇന്ന് പത്താം തീയതി ആയില്ലേ..
പതിനഞ്ചിനു മീറ്റിംഗ് കഴിഞ്ഞു നിങ്ങൾക്ക് താമസസ്ഥലത്തേക്ക് പോകാം ”

അവർ എം ഡി യോട് നന്ദിയും പറഞ്ഞി
റങ്ങി

” ഭദ്രേ ഇനി കുറച്ചു ദിവസം ഉള്ളു നമ്മളിവിടെ വീട്ടിൽ പറഞ്ഞിട്ട് ആവശ്യ
മുള്ള സാധനങ്ങൾ റെഡിയാക്കി വെച്ചേക്ക് കേട്ടോ..” നമ്പ്യാർ പറഞ്ഞു

അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി മുന്നോട്ട് നടന്നു..അവിടെ അവൾക്കായി ആകാംഷയോടെ മറ്റുള്ളവർ കാത്തിരിപ്പു
ണ്ടായിരുന്നു അവരെല്ലാം കൂടി അവളെ വളഞ്ഞു കാര്യം അറിഞ്ഞപ്പോൾ അവരെല്ലാം അവളെ അനുമോദിച്ചു

വീട്ടിലെത്തി രാജുവിനോടും ശാലിനിയോടും കാര്യങ്ങൾ പറഞ്ഞു ആദ്യം അവർക്ക് എതിർപ്പായിരുന്നു പിന്നേ സമ്മതിച്ചു.

അങ്ങിനെ കമ്പനിയുടെ വണ്ടിയിൽ നമ്പ്യാരും ഭദ്രയും ആ ഹോസ്പിറ്റലിന്റെ സൈറ്റിൽ ചെന്നിറങ്ങി അവിടെ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു അയാൾ അവരെ ഓഫീസിലേക്ക് കൊണ്ടുപോയി റിസെപ് ഷനിലേ പെൺകുട്ടിയോട് കാര്യങ്ങൾ പറഞ്ഞു എന്നിട്ട് അയാൾ പോയി.

” നിങ്ങൾ ഇരിക്കട്ടോ സാർ ഇപ്പോ വരും ”

ആ കുട്ടി പറഞ്ഞത് കേട്ട് അവർ അടുത്തുകിടന്ന സോഫയിൽ ഇരുന്നു.

” ഇതൊരു വലിയ പ്രൊജക്റ്റ് ആണെന്ന് തോന്നുന്നല്ലേ സാർ..” ഭദ്ര ചോദിച്ചു

“അതേ..ഇതിപ്പോ ഒരു വർഷം കൊണ്ട് തീരോന്നാ എന്റെ സംശയം ”

അവർ സംസാരിച്ചിരുന്നപ്പോൾ പുറത്തൊരു കാർ വന്നു നിന്നു അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ഒരു മുപ്പത് വയസ്സ് പ്രായം തോന്നിക്കും.. അകത്തേക്ക് കയറിയപ്പോൾ തന്നെ ഇരിക്കുന്നവരെ കണ്ട്‌ റിസെപ്ഷനിലെ പെൺകുട്ടിയോട് എന്തോ ചോദിച്ചിട്ട് അകത്തേക്ക് പോയി.

ഉടൻ ആ കുട്ടി വന്നു പറഞ്ഞു ” നിങ്ങളെ സാർ വിളിക്കുന്നുണ്ട് അകത്തേക്ക് ചെല്ലുട്ടോ..”

അത് കേട്ട് അവർ അകത്തേക്ക് ചെന്നു അവരെ കണ്ടയുടനെ ആ ചെറുപ്പക്കാരൻ അകത്തേക്ക് ക്ഷണിച്ചു ഇരിക്കാൻ പറഞ്ഞു.

” എന്റെ പേര് നമ്പ്യാർ ഞങ്ങൾ ഇവിടെ കോൺട്രാക്ട് കിട്ടിയ കമ്പനിയിൽ നിന്നും വന്നതാണ് ഞാൻ അവിടുത്തെ സിവിൽ എഞ്ചിനിയറിങ് സെക്ഷന്റെ ഹെഡ് ആണ് ഇത് ഭദ്ര ജൂനിയർ എഞ്ചിനീയർ ആണ്..”

അപ്പോൾ ഭദ്രയുടെ കണ്ണുകൾ മുന്നിലിരിക്കുന്ന നെയിം ബോർഡിൽ ആയിരുന്നു അവൾ ആ പേര് വായിച്ചു

” ശ്രെയസ് നമ്പൂതിരി..എം ബി ബി സ്..എം ഡി കാർഡിയോളജി..”

പക്ഷേ ശ്രെയസിന്റെ മനസിൽ ഭദ്ര എന്ന പേര് വല്ലാത്തൊരു അത്ഭുതമായി മാറുകയായിരുന്നു അവൻ അവളെ സൂക്ഷിച്ചു നോക്കി നമ്പ്യാർ തുടർന്നു

” എന്നാ സാർ പണി തുടങ്ങുന്നത്…? ”

” തിങ്കളാഴ്ച്ചയാണ് കല്ലിടൽ..അന്ന് തന്നെ പണി തുടങ്ങാം..”

” സാറിന്റെയാണോ ഈ ഹോസ്പിറ്റൽ..”

” അല്ല..ഇതൊരു അമേരിക്കൻ മലയാളി കൂട്ടായ്മയുടെ സംരംഭമാണ്..ഞാനും അവിടെയുള്ള എന്റെ കുറച്ചു ഫ്രണ്ട്‌സും ആയി ചേർന്നുള്ളതാണ്..പിന്നേ എനിക്കിവിടെ ഒരു ചെറിയ ക്ലിനിക് ഉണ്ട്
തൽകാലം അവിടെയാണ് രോഗികളെ നോക്കുന്നത്..”

” സാർ അവിടെയാണോ ജോലി ചെയ്തിരുന്നത്..?”

” അല്ല ഞാനെന്റെ എം ഡി ചെയ്തത് അവിടെയാണ്…പിന്നേ ഇയാൾക്കുള്ള താമസം ഇല്ലത്തു ശരിയാക്കിയട്ടുണ്ട്.. നോൺവെജ് താല്പര്യമാണെങ്കിൽ പുറത്തുന്നു കഴിച്ചിട്ട് പോന്നോളൂ.. ഇല്ലത്തു വെജ് മാത്രമേ കിട്ടു..” ഭദ്രയെ നോക്കി അവൻ പറഞ്ഞു

” എന്നാ പോട്ടെ ശ്രെയസ് സാർ..” പറഞ്ഞു കൊണ്ട് നമ്പ്യാർ എഴുനേറ്റു

” ഒരു നിമിഷം എന്നേ ശ്രെയസ് എന്ന് വിളിച്ചാൽ മതി അല്ലങ്കിൽ ഡോക്ടർ.. സാർ വിളി ഒഴിവാക്കാം.. തിരിച്ചു ഞാൻ നമ്പ്യാർ ചേട്ടാന്ന് വിളിച്ചോളാം..” ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു

” എന്നാ ശരി..ഡോക്ടർ..” നമ്പ്യാർ പറഞ്ഞു

” കുട്ടി ഫുഡ്‌ കഴിച്ചിട്ട് വന്നോളൂ എന്നിട്ട് ഇവിടത്തെ വണ്ടിയിൽ ഇല്ലത്തു കൊണ്ടാക്കാം..” അവൾ തലയാട്ടി

കുറച്ചു സമയം കഴിഞ്ഞു ഭദ്ര ഓഫീസിൽ തിരിച്ചെത്തി…അവർ അറേഞ്ച് ചെയിത കാറിൽ ഇല്ലത്തേക്ക് പുറപ്പെട്ടു.പോകുന്ന വഴിയിലെ കാഴ്ചകൾ പലതും അവൾക്ക് പരിചിതമായി തോന്നി…

റോഡിനരുകിൽ വലിയ പുതുമകളൊന്നുമില്ലാതെ ആ ശിവ ക്ഷേത്രം ഉണ്ടായിരുന്നു. അതുകണ്ട് അവൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു എന്നിട്ട് പുറത്തേക്കിറങ്ങി ആ അമ്പലത്തിലേക്ക് നടന്നു..

“ഇവിടം നല്ല പരിചയമുണ്ടല്ലോ.. “അവൾ മനസിൽ ഓർത്തു..പെട്ടന്ന് അവൾ അമ്പലത്തിന്റെ മുന്നിലുള്ള ബോർഡ് വായിച്ചു ” കാവുങ്കൽ ശിവക്ഷേത്രം..”

“ഈശ്വര ഞാൻ ആഗ്രഹിച്ചിടത്തു തന്നെയാണോ നീ എന്നേ എത്തിച്ചിരിക്കുന്നത്..”

അവൾ മനസിൽ ദൈവത്തിന് നന്ദി പറഞ്ഞു. തിരിച്ചു കാറിൽ കയറി പലതും ഭദ്ര ഓർത്തെടുക്കാൻ ശ്രെമിച്ചു.. വണ്ടി ഇല്ലത്തിന്റെ മുറ്റത്തു നിന്നപ്പോളാണ് അവൾ ഓർമയിൽ നിന്നും ഉണർന്നത്..

മുറ്റത്തു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് സരസ്വതി ഇറങ്ങി വന്നു അവരെ തന്നെ നോക്കികൊണ്ട് ഭദ്ര വണ്ടിയിൽ നിന്നുമിറങ്ങി.. അവിടുത്തെ പണിക്കാരൻ അങ്ങോട്ട് വന്നപ്പോൾ വണ്ടിയിൽ നിന്നും സാധനങ്ങൾ എടുത്തു ഔട്ട് ഹൗസിലേക്ക് വയ്ക്കാൻ അവർ നിർദേശിച്ചു..

“ശ്രീ ഇപ്പോ വിളിച്ചു പറഞ്ഞതെ ഉള്ളു മോള് വരുമെന്ന്..വാ അകത്തേക്ക്
ഇരിക്കാം..” അവർ ഭദ്രയേ ക്ഷണിച്ചു

അവൾ ഒന്ന് മടിച്ചു അത് മനസിലാക്കി സരസ്വതി ചോദിച്ചു

” എന്ത്പറ്റി കുട്ടി..”

ഒന്നുമില്ലമ്മേ..ഞാൻ നമ്പൂതിരിയല്ല ” അവൾ മടിച്ചു മടിച്ചു പറഞ്ഞു

അത് കേട്ട് പുഞ്ചിരിയോടെ അവർ പറഞ്ഞു

” അത് സാരമില്ല..ശ്രീയുടെ പല മതത്തിൽ പെട്ട കൂട്ടുകാരും ഇവിടെ ഇല്ലത്തു വന്ന് താമസിക്കാറുണ്ട്.. അവനും അവന്റെ അച്ഛനോ എനിക്കോ അതൊരു പ്രശനമായി തോന്നിയട്ടില്ല. മത്സ്യവും മാംസവും മാത്രം ഇതുവരെ ഇതിനകത്തു കയറിയിട്ടില്ല..”

അവർ പറയുന്നത് ശ്രെധിച്ച ഭദ്ര പെട്ടന്നാണ് അപ്പൻ തിരുമേനിയെ കുറിച്ചു ഓർത്തത്..അവളുടെ കണ്ണുകൾ പൂമുഖത്തു അദ്ദേഹം ഇരിക്കാറുള്ള കസേരയിലേക്ക് നീണ്ടു..

അത് ഒഴിഞ്ഞു കിടക്കുകയായിരുന്നു പകരം അതിനു മുകളിൽ മാലയിട്ട് ഒരു ചെറിയ നിലവിളക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയിൽ തങ്ങി നിന്നു.. ഐശ്വര്യം തുളുമ്പുന്ന മുഖത്തു ഒരു ചെറുപുഞ്ചിരി എന്നും അദ്ദേഹത്തിൽ കാണാമായിരുന്നു എന്ന് അവൾ വിഷമത്തോടെ ഓർത്തു…

ഭദ്ര വേഗം അവൾക്ക് പറഞ്ഞ വീട്ടിലേക്ക് കയറി…താൻ ആഗ്രഹിച്ചതെന്തോ അത് നേടിയെടുത്ത സന്തോഷമായിരുന്നു
അവൾക്ക്.. അപ്പോൾ ഡോക്ടർ ശ്രെയസ് തന്റെ ശ്രീയേട്ടനാണോ… അദ്ദേഹം വിവാഹിതനാണോ..?

രാത്രിയായി ശ്രീ ഇല്ലത്തെത്തിയപ്പോൾ ..
വണ്ടിയിട്ട് അകത്തേക്ക് കയറുന്നതിനു മുൻപ് അവൻ ഔട്ട് ഹൗസിലേക്ക് ചെന്ന് ബെൽ അടിച്ചു കാത്തുനിന്നു..ഒരു നിമിഷം കഴിഞ്ഞപ്പോൾ ഭദ്ര വാതിൽ തുറന്നു. മുന്നിൽ ശ്രീയെ കണ്ട്‌ അവളൊന്നു ഞെട്ടി അത് മനസിലാക്കിയ ശ്രീ പറഞ്ഞു

“ഭദ്ര പേടിക്കേണ്ട..എങ്ങിനെയുണ്ട് സൗകര്യങ്ങൾ എല്ലാം ഓക്കേ ആണോ..?”

” അതേ സാർ..”

” ഭക്ഷണം കഴിച്ചോ..? ”

” ഉവ്വ് അമ്മ കൊടുത്തുവിട്ടു ”

“പിന്നേ ആ കാണുന്ന നീല ബട്ടൺകണ്ടോ അതൊരു ബെല്ലാണ് അത് ഇല്ലത്തിന്റെ അകത്തേക്ക് കണക്ടഡ് ആണ് എന്തെങ്കിലും ബുദ്ധിമുട്ട് രാത്രി തോന്നിയാൽ അത് പ്രസ് ചെയ്താൽ മതി..”

ശ്രീ പറഞ്ഞു മനസിലാക്കി എന്നിട്ട് അവൾക്ക് ഗുഡ് നൈറ്റ് പറഞ്ഞു ഇല്ലത്തേക്ക് നടന്നു..അവൻ പോകുന്നതും നോക്കി അവൾ നിന്നു.

ദിവസങ്ങൾ കടന്നുപോയി അതിനിടയിൽ കല്ലിടൽ കഴിഞ്ഞു ഹോസ്പിറ്റലിന്റെ പണി തുടെങ്ങി നമ്പ്യാർക്ക് ഒപ്പം ഭദ്ര നടന്നു എല്ലാ കാര്യങ്ങളും മനസിലാക്കി..

ശ്രീ എന്നും വന്ന് പണിയെല്ലാം നോക്കികണ്ട് നമ്പ്യാരോട് എല്ലാം ചോദിച്ചു മനസിലാക്കി ഇല്ലത്തു സരസ്വതിയുമായി ഭദ്ര അടുപ്പത്തിലായി എന്നാൽ അവളാരെന്ന് ആരോടും പറയാൻ മുതിർന്നില്ല..

ഒരു ദിവസം രാത്രി ശ്രീ വെറുതെ ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു ഫ്ബി തുറന്നപ്പോൾ അതിൽ ഭദ്രയുടെ പേര് സെർച്ച് ചെയ്‌തപ്പോൾ അവളുടെ മുഖം കണ്ടു അവനത് ഓപ്പൺ ചെയിതു

അവളെ കുറിച്ചുള്ള ഡീറ്റെയിൽസ് വായിച്ചു അവളുടെ ഒറ്റക്കും കൂട്ടുകാരുമൊത്തുള്ള ഫോട്ടോകൾ നോക്കി വന്നപ്പോൾ ” എന്റെ ബാല്യം..” എന്നെഴുതി കുറച്ചു ഫോട്ടോകൾ കണ്ടു ശ്രീ അതിലേക്ക് നോക്കി..അവന്റെ കണ്ണുകൾ വിടർന്നു..

അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ” ഭദ്ര..” അവൻ ആവേശത്തോടെ ഓരോ ഫോട്ടോയും നോക്കി അവളുടെ വളർച്ചകൾ നോക്കിക്കണ്ടു..അവന്റെ മനസ് വല്ലാതെ തുടിച്ചു..അവന് ഭദ്രയെ കാണാൻ തോന്നി..

എന്തായാലും നേരം വെളുക്കട്ടെ എന്ന് വിചാരിച്ചു അവൻ കിടന്നു..രാവിലെ ശ്രീയെ കണ്ട്‌ ഭദ്ര പുഞ്ചിരിച്ചു.. തിരിച്ചവനും എന്നാൽ ആ പുഞ്ചിരിക്കും അവന്റെ കണ്ണുകൾക്കും വല്ലാത്തൊരു തിളക്കം ഉണ്ടെന്ന്അവൾക്ക് തോന്നി..

ഭദ്രയുടെ അടുത്തുള്ള തന്റെ മനോഭാ
വത്തിൽ വന്ന മാറ്റം അവൻ നോക്കിക്കണ്ടു..അവളുടെ അടുത്തു നിൽകുമ്പോൾ തന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നതായി അവന് അനുഭവപെട്ടു..
ഒരു ദിവസം നമ്പ്യാർ പ്രതീക്ഷിക്കാതെ ശ്രീയോട് ഒരു ചോദ്യം ചോദിച്ചു

” ഡോക്ടർ എന്താ കല്ല്യാണം കഴിക്കാ
ത്തത്.?”

” അത് ചേട്ടാ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്..ഞങ്ങളുടെ വീടിനടുത്തു താമസിച്ചിരുന്നവർ ആണ് ആ കുട്ടി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവർ അവിടന്ന് പോയി..ഇന്നും അവൾക്ക് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്..” അവസാന വാചകം ഭദ്രയെ നോക്കിയാണ് അവൻ പറഞ്ഞത്

എന്നാൽ ഭദ്ര അവൻ പറയുന്നത് കേട്ടു ഷോക്ക് അടിച്ചതുപോലെ നിന്നും ശ്രീ തന്നെ തിരിച്ചറിഞ്ഞോ എന്നൊരുസംശയം അവളിൽ ബലപ്പെട്ടു…

” നിങ്ങളുടെ പോലെ നമ്പൂതിരിയാണോ ആ കുട്ടി..? ” നമ്പ്യാർ ചോദിച്ചു

” അല്ല ഹി ന്ദുവാണ് ”

” അപ്പോൾ വീട്ടിൽ സമ്മതിക്കോ..? ” നമ്പ്യാർക്ക് സംശയമായി..

” അച്ഛനുള്ളപ്പോൾ എന്റെ വേളിയുടെ കാര്യം പറഞ്ഞപോൾ എന്റെ മനസിൽ ഉള്ളത് ഞാൻ തുറന്നു പറഞ്ഞിരുന്നു അവർക്കും ആ കുട്ടിയെ ഇഷ്ടമാണ്. അതുകൊണ്ട് എന്നെങ്കിലും ഞങ്ങൾ പരസ്പരം കാണുകയാണെങ്കിൽ അവൾ മറ്റാർക്കും സ്വന്തമായിട്ടില്ലങ്കിൽ എന്റെ വേളിയായി എന്റെ ഇല്ലത്തേക്ക് പോരും..”

പെട്ടന്ന് തന്നെ ഭദ്ര നമ്പ്യാരോട് അവിടന്ന് പോകാനുള്ള അനുവാദം വാങ്ങി നടന്നു ആ പോകുന്നത് നോക്കി നിന്ന ശ്രീയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി നിറഞ്ഞു ദിവസങ്ങൾ കടന്നുപോയി

ഹോസ്പിറ്റലിന്റെ പണികളിൽ ദ്രുതഗതിയിൽ നടന്നു ഒരു ദിവസം അത്യാവശ്യമായി ഒരു സംശയം തീർക്കാനായി അവൾ ശ്രീയെ തേടി ചെന്നു റിസപ്ഷനിൽ നിന്നും അനുവാദം വാങ്ങി അവൾ ശ്രീയുടെ മുറിയുടെ വാതിലിൽ തട്ടി അകത്തേക്ക് പോരാനുള്ള അനുവാദം കിട്ടി.

ഡോർ തുറന്നു വരുന്ന ആളെ കണ്ട്‌ ശ്രീ ചിരിച്ചു ” എന്താ ഭദ്ര..? ”

” അത് പിന്നേ സാർ ഒരു സംശയം ചോദിക്കാനാ..”

ശ്രീ എഴുനേറ്റു അവളുടെ അടുത്തേക്കു ചെന്നു…അവളുടെ കണ്ണിൽ നോക്കി ചോദിച്ചു

” ശ്രീയേട്ടൻ എന്ന് വിളിച്ചു ശീലിച്ച നാവുകൊണ്ട് എങ്ങിനെ നിനക്ക് സാർ എന്ന് വിളിക്കാൻ കഴിയുന്നു പെണ്ണേ..”

ആ ചോദ്യം കേട്ട് അവൾ ഞെട്ടിപ്പോയി.. എന്നാൽ ആ ഞെട്ടൽ പൂർണമായത് അവന്റെ കൈകളിൽ അവളുടെ കൈകൾ അമർന്നപ്പോഴാണ്.. പരിഭ്രമത്തോടെ ഭദ്ര ചുറ്റും നോക്കി..

“നീ ആരെയും നോക്കേണ്ട..ഇങ്ങോട്ട് എന്റെ അനുവാദമില്ലാതെ ആരും വരില്ല..”

അതും പറഞ്ഞുകൊണ്ട് ശ്രീയവളെ അരക്കെട്ടിൽ കൈചേർത്തുകൊണ്ട് അവനിലേക്ക് അടുപ്പിച്ചു..കുതറി മാറാൻ ഭദ്ര ശ്രെമിച്ചു അപ്പോഴേക്കും അവന്റെ കൈകൾ ബലപ്പെട്ടു..അവന്റെ കണ്ണുകൾ ഭദ്രയുടെ കണ്ണുകളുമായി കോർത്തു ഏതോ കാന്തികശക്തിയിൽ അകപ്പെട്ട പോലെ അവൾ നിന്നു.

പതുക്കെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി ചേർന്നു…അവളും അതിലേക്ക് ലയിച്ചു ചേർന്നു…ഏറെ നേരത്തിനു ശേഷം അവർ അകന്നുമാറി..

ശ്രീക്ക് നേരെ നോക്കാൻ ഭദ്രക്ക് നല്ല ചമ്മൽ തോന്നി..അത് മനസിലാക്കിയ ശ്രീ ഭദ്രയെ പറഞ്ഞുവിട്ടിട്ട് പണി നടക്കുന്നിടത്തേക്ക് നടന്നു…അവിടെ അവരുടെ പ്രണയം പൂവിടുകയായിരുന്നു

അങ്ങിനെയിരിക്കെ ഒരു ദിവസം ശ്രീ രാവിലെ പണിസ്ഥലത്തെത്തി..നമ്പ്യാരെ കണ്ട്‌ അവൻ അങ്ങോട്ട് ചെന്നു.

” നമ്പ്യാരേട്ടാ ഭദ്ര എവിടെ..? ”

” നാലാം നിലയിൽ എന്തോ നോക്കാനുണ്ട് എന്ന് പറഞ്ഞു അങ്ങോട്ട് പോയി..എന്താ ഡോക്ടർ..”

” ഒന്നുമില്ല..”

പെട്ടന്നാണ് അവിടെ ഒരു നിലവിളി ഉയർന്നത്…ശ്രീയും നമ്പ്യാരും അങ്ങോട്ട് ഓടി..അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു…താഴെ തറയിൽ ചോ ര യിൽ കുളിച്ചു കിടക്കുന്ന ഭദ്ര…ശ്രീ ഓടി അവൾക്ക് അരികിലെത്തി..എന്നിട്ട് മറ്റുള്ളവരോട് കാര്യം തിരക്കി..

” എന്താ…എന്താ ഉണ്ടായത്..? ”

” അത് സാറേ ഭദ്ര മാഡം മുകളിലേക്ക് പോകാനായി കയറിയ ലിഫ്റ്റിന്റെ റോപ്പ് പൊട്ടിപോയതാ..” ഒരാൾ പറഞ്ഞു

അതുകേട്ട് നോക്കിയ ശ്രീ കണ്ടത് പണിക്കർക്ക് മുകളിലേക്ക് പോകാനും മറ്റുമായി ഉപയോഗിച്ചിരുന്ന താത്കാലിക ലിഫ്റ്റ് പൊട്ടി താഴെ കിടക്കുന്നു..

അവൻ ഭദ്രയെ കോരിയെടുത്തു അടുത്തു കിടന്ന വണ്ടിയിൽ കയറ്റി അവനും ഒപ്പം നമ്പ്യാരും കയറി ഹെഡ് ലൈറ്റ് ഇട്ട് വണ്ടി പാഞ്ഞു അടുത്തുള്ള ഹോസ്പിറ്റലിലേക്ക്..

ശ്രീ അവിടെ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഒരു മെഡിക്കൽ ടീം ക്യാഷുവാലിറ്റിയിൽ കാത്തുനിന്നു. അവർ ഉടനെ തന്നെ ഭദ്രയെ അകത്തേക്ക് കൊണ്ടുപോയി ഒപ്പം ശ്രീയും..

ഡോക്ടർ നോക്കിയിട്ട് ശ്രീയോട് സ്കാനിംഗ് അടക്കം കുറച്ചു ടെസ്റ്റുകൾ പറഞ്ഞു എല്ലാം പെട്ടന്ന് തന്നെ ചെയിതു..അവസാനം സ്കാനിംഗ് റിപ്പോർട്ടിൽ തലയടിച്ചു വീണതിന്റെ ഫലമായി ര ക്തം കട്ടപിടിച്ചത് കണ്ടു.

” ശ്രീ എത്രയും പെട്ടന്ന് നമുക്കത് നീക്കം ചെയ്യണം അല്ലങ്കിൽ ബുദ്ധിമുട്ട് ആണ്..” അവിടുത്തെ ഡോക്ടർ പറഞ്ഞു

” എന്തവേണമെങ്കിലും ചെയ്യാം.. അവൾക്ക് കുഴപ്പമൊന്നുമില്ലാതിരുന്നാൽ മതി..”

” ഓക്കേ ശ്രീ എന്നാൽ അതിനുള്ള കാര്യങ്ങൾചെയ്യാം..ചില പേപ്പറുകൾ സൈൺ ചെയ്യണം ഇതൊരു എമർജൻസി ആയതുകൊണ്ട് ശ്രീസൈൺ ചെയ്താൽ മതി..”

അവൻ നമ്പ്യാരോട് കാര്യങ്ങൾ പറഞ്ഞു.. അപ്പോഴേക്കും സിസ്റ്റർ കുറച്ചു പേപ്പറുകളുമായി വന്നു..അവർ പറഞ്ഞിട
ത്തെല്ലാം അവൻ ഒപ്പിട്ടു..

അവസാനം ബന്ധം എന്താണെന്ന് എഴുതേണ്ടിടത് ഒന്നും ആലോചിക്കാതെ അവൻ ഹസ്ബൻഡ് എന്നെഴുതി.. ഭദ്രയേ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി.. ഇതിനിടയിൽ നമ്പ്യാർ അറിയിച്ചതനുസരിച്ചു ഭദ്രയുടെ വീട്ടിൽ വിവരമറിയിച്ചു..

” ഡോക്ടർ …ബന്ധുവിന്റെ സ്ഥാനത്തു ഹസ്ബൻഡ് എന്നാണ് എഴുതിയത്..
അറിയാതെയാണോ..” നമ്പ്യാർ ചോദിച്ചു

” അല്ല അറിഞ്ഞുകൊണ്ടാണ്…അന്ന് ഞാൻ പറഞ്ഞ പെൺകുട്ടി ഭദ്രയാണ്…”

രാജുവും ശാലിനിയും പാഞ്ഞെത്തി.. ഒപ്പം സരസ്വതിയും അവിചാരിതമായ ഒരു കൂടിക്കാഴ്ചയിൽ അവരെല്ലാം വിതുമ്പി..

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡോക്ടർ വന്നു… പേടിക്കേണ്ടെന്നും കുറച്ചു കഴിഞ്ഞു ഐ സി യു വിലക്ക് മാറ്റും എന്നറിയിച്ചു..

കുറച്ചു ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞു ഭദ്രയെ ഡിസ്ചാർജ് ചെയിതു ശ്രീയുടെ നിർദേശ പ്രകാരം ഇല്ലത്തേക്ക് തന്നെ അവളെ കൊണ്ടുവന്നു..

ശ്രീ എന്നും വന്ന് അവളുടെ ആരോഗ്യകാര്യങ്ങൾ ശ്രെധിച്ചു പോന്നു ഒരു ദിവസം അവളുടെ അടുത്തുനിന്നും പോകാൻ തിരിഞ്ഞ ശ്രീയുടെ കൈയിൽ അവൾ കയറി പിടിച്ചു ചോദ്യഭാവത്തിൽ ശ്രീ അവളെ തിരിഞ്ഞു നോക്കി..

ശ്രീയേട്ട…നമ്മുടെ കാര്യം എല്ലാവർക്കും അറിയാം..അതുകൊണ്ട് ഇത് ഇനിയുമിത് വച്ചു താമസിപ്പിക്കാണോ..? ”

അവൻ അവളെ നോക്കികൊണ്ട് പറഞ്ഞു

” ആദ്യം നിന്റെ ആരോഗ്യം ശരിയാവട്ടെ..
എന്നിട്ട് എത്രയും പെട്ടന്ന് നിന്നെ ഞാനെന്റെ വേളിയാക്കാം..”

അവന്റെ വാക്കുകൾ കേട്ട് ഭദ്ര അവന്റെ നെഞ്ചിലേക്ക് ചാരി..അവളെ തന്നിലേക്ക് ഒന്നൂടി ചേർത്തു പിടിച്ചു കൊണ്ട് ശ്രീ അവളുടെ തലയിൽ വിരലുകളോടിച്ചു..

” സ്നേഹാർദ്രമായൊരു തലോടൽ പോലെ..”

Leave a Reply

Your email address will not be published. Required fields are marked *