പ്രവാസം
(രചന: Vaiga Lekshmi)
“”മക്കൾ വാശിയാണ് ഇക്കാ… അഫ്സലിന്റെ പിറന്നാളിന് പോലും ഇക്ക പുതിയ ഡ്രസ്സ് വാങ്ങി കൊടുത്തില്ല..
വാപ്പിച്ചായ്ക്ക് ഇപ്പോ ഞങ്ങളോട് സ്നേഹമില്ല എന്നൊക്കെയാണ് പറയുന്നത്… ഞാൻ എന്താ ചെയ്യുക????””
ഷിബിന പറഞ്ഞതും നിസാം നിസ്സഹായാവസ്ഥയോടെ ഫോണിലേക്ക് തന്നെ നോക്കി…
“”ഞാൻ എന്ത് ചെയ്യാനാടി…? കൊ റോണ കാരണം കഴിഞ്ഞ രണ്ട് മാസമായിട്ട് എനിക്ക് ജോലി കുറവാണെന്ന് നിനക്കും അറിയില്ലേ…
പുതിയ വീട് ഉണ്ടാക്കാൻ വേണ്ടി ഓരോ മാസവും മിച്ചം പിടിച്ച പൈസയിൽ നിന്ന് കൂടി എടുത്താണ് നാട്ടിലേക്ക് അയക്കുന്നത്…
നാട്ടിലേക്ക് ഫ്ലൈറ്റ് തുടങ്ങിയാൽ അങ്ങനെ വരികയെങ്കിലും ചെയ്യാം… ഇപ്പോൾ നടത്തുന്ന സ്പെഷ്യൽ സർവിസിൽ ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ട്… ഇത് ഒന്നും പറ്റാത്ത അവസ്ഥ അല്ലെ…””
“”എനിക്ക് അറിയാം ഇക്ക.. പക്ഷെ മക്കൾ… അവർക്ക് അത് മനസിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ലല്ലോ… ഒരാൾക്ക് മൂന്ന് വയസ്.. ഒരാൾക്ക് ഏഴും… ഇക്ക ഇനി അത് ഓർത്തു വിഷമിക്കണ്ട… ഞാൻ അവരെ പറഞ്ഞു മനസിലാക്കിക്കോളാ…””
“”മം… പിന്നെ ഉമ്മ ഉള്ളതാണ്… പുറത്തേക്ക് പോകുമ്പോൾ സൂക്ഷിക്കണം.. അത്യാവശ്യത്തിന് അല്ലാതെ എവിടെയും പോകണ്ട….””
“”ഉമ്മയ്ക്ക് ചെറിയ ഒരു പനി ഉണ്ട്.. അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല ഇക്കാ….””
ഒരു ദിവസം പതിവില്ലാതെ ഷിബിനയുടെ കാൾ കണ്ടാണ് നിസാം ഉണർന്നത്…
“”എന്താ ഷിബി?? നിനക്ക് ഉറക്കം ഒന്നും ഇല്ലേ പെണ്ണെ????””
“”ഇക്ക… ഒന്ന് പെട്ടെന്ന് നാട്ടിലേക്ക് വരാമോ??? എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നില്ല ഇക്കാ….””
“”നീ കാര്യം പറ… ഇങ്ങനെ സംസാരിച്ചാൽ എനിക്ക് എങ്ങനെ കാര്യം മനസിലാകും??? മക്കൾ എന്തെങ്കിലും പറഞ്ഞോ????””
“”മക്കൾ പറഞ്ഞതല്ല… ഉമ്മി….””
“”ഉമ്മി??? ഉമ്മിയ്ക്ക് എന്താ?????””
“”കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞില്ലേ… ഉമ്മിയ്ക്ക് വയർ വേദന എടുത്തിട്ട് ഹോസ്പിറ്റലിൽ പോയി.. അവർ കുറെ ടെസ്റ്റുകൾ ചെയ്‌തെന്ന്… ഇന്ന് അതിന്റ റിസൾട്ട് വാങ്ങാൻ വന്നതാ ഞാൻ… ഉമ്മ വീട്ടിൽ ആണ്…””
“”നീ ഇങ്ങനെ നീട്ടി വലിച്ചു പറയാതെ ആ റിസൾട്ടിൽ എന്താ എന്ന് പറ…. ഉമ്മിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ????””
“”ഉമ്മിയ്ക്ക് വയറ്റിൽ കാൻസർ ആണെന്ന് ഇക്കാ… സെക്കന്റ് സ്റ്റേജ്… എനിക്ക് അറിയില്ല ഒറ്റയ്ക്ക് എന്ത് ചെയ്യണമെന്ന്.. ഇക്ക ഒന്ന് പെട്ടെന്ന് വരാൻ നോക്കുമോ???? ഞാൻ എന്താ വേണ്ടേ?????””
ഷിബിനയുടെ വാക്കുകളിൽ ഒരു പ്രവാസിയുടെ ഭാര്യ അനുഭവിക്കുന്ന മാനസിക പ്രയാസം എല്ലാം ഉണ്ടായിരുന്നു… കരഞ്ഞു കൊണ്ട് കാര്യം പറയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവൻ കുഴഞ്ഞു…
“”നീ ടെൻഷൻ ആകല്ലേ… എല്ലാത്തിനും വഴി ഉണ്ടാക്കാം… പിന്നെ ഡോക്ടർ എന്ത് പറഞ്ഞു????””
“”ഡോക്ടർ പറഞ്ഞു പെട്ടെന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണമെന്ന്… കീമോ സ്റ്റാർട്ട് ചെയ്യണം… ഞാൻ ഇത് വരെ ഉമ്മിയോട് പറഞ്ഞില്ല ഇക്കാ.. എങ്ങനെ പറയും..””
“”നീ ഒരു കാര്യം ചെയ്.. കുറച്ചു ദിവസം മക്കളെ നിന്റെ വീട്ടിൽ നിർത്തു… അപ്പോഴേക്കും എമർജൻസി ആണെന്ന് പറഞ്ഞു ഞാൻ എങ്ങനെയെങ്കിലും നാട്ടിൽ വരാൻ നോക്കാം…
വെറുതെ ടെൻഷൻ ആകല്ലേ.. ടെൻഷൻ അടിച്ചിട്ടും കാര്യമില്ലല്ലോ പെണ്ണെ… ഈ കൊ റോണ സമയം.. ആരെയും ഒന്ന് ഹോസ്പിറ്റൽ പോകാൻ കൂട്ട് വിളിക്കാൻ പോലും പറ്റില്ലല്ലോ… എല്ലാവർക്കും പേടിയല്ലേ…””
“”ഇക്കാ ഇനി അത് ഓർത്തു പേടിക്കണ്ട… ഞാൻ നോക്കാം… ഇക്കാ ജോലി കളഞ്ഞൊന്നും വരാൻ നിൽക്കണ്ട…””
അവൾ സ്വയം ആശ്വസിക്കാൻ എന്ന പോലെ പറഞ്ഞു..
“”ഇല്ലെടി… ഞാൻ സ്പോൺസർനോട് സംസാരിക്കട്ടെ… എന്നിട്ട് കുറച്ചു ദിവസത്തെ ലീവിന് നാട്ടിൽ വരാം.. എങ്കിൽ പിന്നെ നീ ഫോൺ കട്ട് ചെയ്തോ… എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി….”
പ്രായമായ ഉമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകാനൊക്കെ ഷിബിന കുറെ ബുദ്ധിമുട്ടിയെങ്കിലും അതൊന്നും നിസാമിനെ അറിയിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു…
ഉള്ള ജോലി ഇട്ടിട്ട് പെട്ടെന്ന് നാട്ടിൽ വന്നാൽ ബാങ്കിലെ ലോൺ, പലിശക്കാർ, മക്കളുടെ പഠനം, വീട്ടുചെലവുകൾ… ഇതൊക്കെ എങ്ങനെ നടന്നു പോകുമെന്ന് അവൾ ഓർത്തു…
കീമോ തുടങ്ങിയപ്പോൾ മുതൽ ഉമ്മയുടെ ശാരീരികബുദ്ധിമുട്ടുകളും കൂടി… ഷിബിനയെ കൊണ്ട് ഒറ്റയ്ക്ക് ഇനി ഒട്ടും പറ്റില്ലെന്ന് ആയപ്പോൾ നിസാം ഒരു മാസത്തെ എമർജൻസി ലീവിന് നാട്ടിൽ വന്നു..
ഓരോ തവണ നാട്ടിൽ വരുമ്പോഴും തന്നെ സ്വീകരിക്കാനായി വീടിന്റെ മുന്നിൽ തന്നെ നിറഞ്ഞ ചിരിയുമായി കാത്തു നിൽക്കുന്ന ഉമ്മയെ ഈ തവണ ഹോസ്പിറ്റൽ ബെഡിൽ അവശ നിലയിൽ കണ്ടപ്പോൾ അവന്റെ ഉള്ളു പിടഞ്ഞു….
എങ്കിലും എല്ലാം മനസ്സിൽ ഒതുക്കി മുന്നിൽ ചിരിക്കേണ്ടത് തന്റെ കടമ ആണല്ലോ… വേദനകൾ ഉള്ളിൽ ഒതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുക… എന്ത് പ്രശ്നം വന്നാലും മറ്റുള്ളവർക്ക് തണലേകി സ്വയം ഉരുകുക…
ഉമ്മ ഒരുവിധം ഒന്ന് ഓക്കേ ആയതും ഇനി ഇടയ്ക്ക് ചെക്കപ്പിന് മാത്രം വന്നാൽ മതി എന്ന് പറഞ്ഞു ഡോക്ടർ അവരെ ഡിസ്ചാർജ് ചെയ്തു. തിരിച്ചു പോകാനുള്ള സമയം അടുത്തതും എന്തെന്നില്ലാത്ത ടെൻഷനായിരുന്നു അവനു…
“”എന്താ ഇക്ക??? എന്തിനാ ഈ ടെൻഷൻ???””
“”നീ കണ്ടില്ലേ ഷിബി… ഓരോ രാജ്യങ്ങൾ ഇ ന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ എല്ലാം നിർത്തി വെക്കുന്നു… U AE ഉടനെ അങ്ങനെ ചെയ്താൽ എനിക്ക് തിരിച്ചു പോകാൻ പറ്റില്ല.. പിന്നെ എങ്ങനെ വീട്ടിലെ കാര്യങ്ങൾ????””
“”ഇക്കാ എന്തിനാണ് ഇങ്ങനെ നെഗറ്റീവ് ചിന്തിക്കുന്നത്??? അങ്ങനെ ഒന്നും വരില്ല…. ഇങ്ങനെ സങ്കടപെട്ട് ഇരിക്കല്ലേ… ഇത് കണ്ടാൽ ഉമ്മിയ്ക്ക് വിഷമം ആകും… ആകെ ഉള്ള പൊന്ന് മോൻ അല്ലെ…””
പ്രതീക്ഷിച്ചത് പോലെ തന്നെ അവനു പോകാൻ രണ്ട് ദിവസം മാത്രം ബാക്കി ഉള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ഉള്ള വിമാനങ്ങൾക്ക് യാത്ര അനുമതി നിഷേധിച്ചു കൊണ്ട് U AE ഗ വണ്മെന്റ് ന്റെ ഓർഡർ എത്തി..
കൈയിൽ മിച്ചം വെച്ചിരുന്ന പണം കൂടി തീർന്നപ്പോൾ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിസാം കുഴങ്ങി…. ഒന്ന് സഹായം ചോദിക്കാൻ പോലും ആരുമില്ല… അടുക്കളയിലെ അരി വരെ തീരുമെന്ന അവസ്ഥ ആയപ്പോൾ ഷിബിന നിസാമിനോട് കാര്യങ്ങൾ പറഞ്ഞു..
“”ഇനി ചോർ വെക്കാനുള്ള അരി പോലും രണ്ട് ദിവസത്തേക്ക് മാത്രം ഉള്ളു ഇക്കാ.. ഇങ്ങനെ പോയാൽ നമ്മൾ എന്ത് ചെയ്യും?
കഴിഞ്ഞ ദിവസം പാ ർ ട്ടിക്കാർ അടുത്തുള്ള വീടുകളിൽ എല്ലാം അഞ്ചു കിലോ അരി വീതം കൊടുത്തു… ഞാൻ വിചാരിച്ചു നമുക്കും തരുമെന്ന്… പക്ഷെ അവർ ഇങ്ങോട്ട് ഒന്ന് നോക്കിയത് പോലുമില്ല…””
“”അവർ എങ്ങനെ നോക്കും പെണ്ണെ??? ഒരു പ്രവാസി മാസം അയക്കുന്ന ശമ്പളത്തിൽ നിന്ന് പാ ർട്ടി പിരിവിന് ഇവനൊക്കെ പൈസ വേണം…
നാട്ടിലേക്ക് വരുന്നു എന്ന് പറയുമ്പോൾ തരുന്ന ലിസ്റ്റിൽ ഉള്ള സാധനങ്ങൾ വീട്ടിൽ എത്തിക്കണം… പക്ഷെ ഇന്ന് ഈ കൊ റോണ സമയത്തു ഒരാൾ പോലും ഈ ഗൾഫ്കാരന്റെ വീട്ടിൽ അടുപ്പ് പുകയുന്നോ എന്ന് നോക്കില്ല… കാരണം അവൻ പ്രവാസി അല്ലെ…
പലരുടെയും വിചാരം തന്നെ പ്രവാസി എന്നാൽ നോട്ടടിക്കുന്ന യന്ത്രം ആണെന്ന് ആണ്… അവൻ ഓരോ മാസവും അയക്കുന്ന തുച്ഛമായ പൈസ ഭാര്യ സൂക്ഷിച്ചു ഉപയോഗിച്ചിട്ടാണ് ആ ഒരു മാസം വീട്ടിലെ കാര്യങ്ങൾ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ല…
എപ്പോഴും ഉള്ള ചിലവിനെക്കാൾ ഒരു ഹോസ്പിറ്റൽ കേസ് അല്ലെങ്കിൽ ഒരു കല്യാണം അധികം വന്നാൽ അവന്റെ കണക്ക് കൂട്ടൽ താളം തെറ്റുമെന്ന് അറിയാൻ ശ്രമിക്കുന്നില്ല…
പൈസ കടം ചോദിക്കുമ്പോൾ ഇല്ലെന്ന് പറഞ്ഞാൽ ഉടനെ അടുത്ത ചോദ്യം… നിനക്ക് ഞങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലേ കടം തരാത്തത് എന്ന്…അവൻ പ്രവാസി ആണ്.. എല്ലാം തികഞ്ഞവൻ ആണ്….
വിദേശത്തു കൂലി പണി ആണെങ്കിലും അവൻ ധനികനാണ്, നീ ഉള്ളത് പോലെ എന്തെങ്കിലും കഴിക്കാൻ വെച്ചോ.. ചോറും കറിയും ഉമ്മയ്ക്കും മക്കൾക്കും കൊടുക്ക്… നമുക്ക് ഞാൻ രണ്ട് ചീനി പറിച്ചു കൊണ്ട് വരാം… മുളകുടച്ചതും ചീനിയും കൂടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ് പെണ്ണേ… ”
ഉള്ളിലെ നൊമ്പരം അടക്കി അവൻ കളി പറഞ്ഞു..
“”എങ്കിലും ഇക്ക?????””
“”ഒരു എങ്കിലും ഇല്ല… ഉള്ളത് കൊണ്ട് ഓണം പോലെ.. ഒന്നും അറിയാത്ത മക്കളെ പട്ടിണിയ്ക്ക് ഇടാൻ പറ്റില്ലല്ലോ… ഞാൻ സതീശൻ ചേട്ടനോട് ജോലിക്ക് വന്നോട്ടെ എന്ന് ചോദിച്ചിട്ടുണ്ട്…
പക്ഷെ ചേട്ടൻ പറയുന്നു കൊ റോണ ആയതു കൊണ്ട് ജോലിയില്ല, ഉള്ള പണി തന്നെ ഓരോ ദിവസം രണ്ട് പേരാണ് ജോലിക്ക് പോകുന്നത്..
എങ്കിലും വിളിക്കാൻ നോക്കാമെന്നു… വേറെ ആരോടെങ്കിലും കൂടി ഒന്ന് ചോദിക്കണം… തിരിച്ചു ഫ്ലൈറ്റ് തുടങ്ങുന്നത് വരെ എങ്കിലും പിടിച്ചു നിൽക്കണ്ടേ… ഉള്ളതെല്ലാം കൊണ്ട് പണയവും വെച്ചു… എല്ലാത്തിനും അള്ളാ ഒരു വഴി കാണാതെ ഇരിക്കില്ല…””
പിന്നീടുള്ള ഓരോ ദിവസവും നിസാമിനെ സംബന്ധിച്ചു ദുരിതത്തിന്റെതായിരുന്നു..
ഉമ്മയുടെ മരുന്നും, മക്കളുടെ ചിലവും എല്ലാം കൂടി അവൻ ആകെ ബുദ്ധിമുട്ടി… കൂണിന്മേൽ കുരു എന്നാ പോലെ പെട്ടെന്ന് ഉമ്മയ്ക്ക് പനി കൂടി വീണ്ടും ഹോസ്പിറ്റലിൽ ആക്കി…
ഓരോ ദിവസവും ഹോസ്പിറ്റലും വീടുമായിട്ട് തള്ളി നീക്കുമ്പോഴാണ് U AE വീണ്ടും ഫ്ലൈറ്റ്റുകൾ ആരംഭിച്ചു എന്ന് വാർത്ത വന്നത്… പ്രതീക്ഷിച്ചത് പോലെ തന്നെ സ്പോൺസറിന്റെ വിളിയും വന്നു…
എത്രയും പെട്ടെന്ന് കയറി ചെല്ലണം എന്ന വാർത്ത അയാള്ള സന്തോഷത്തോടൊപ്പം സങ്കടവും നൽകി….
സുഖമില്ലാത്ത ഉമ്മയെ ഭാര്യയെ ഏല്പിച്ചു പോകാൻ മനസ് അനുവദിക്കുന്നില്ല എങ്കിലും തന്റെ അവസ്ഥ ആലോചിച്ചപ്പോൾ പോവുക എന്നല്ലാതെ മറ്റൊരു വഴി അവന്റെ മുന്നിൽ ഇല്ലാരുന്നു…
“”ഇനിയും പോകാതെ നിന്നാൽ പറ്റില്ലല്ലോ ഇക്കാ.. നാട്ടിൽ പണിയും ഇല്ല… ഉമ്മയെ കുറിച്ച് ഓർത്തു പേടിക്കണ്ട… ഞാൻ നോക്കാം… എന്റെ ഉമ്മ അല്ലെ…. ഇക്ക പോയി വാ…””
ഷിബിനയുടെ വാക്കിന്റെ ബലത്തിൽ നിസാം വീണ്ടും അറബി മണ്ണിലേക്ക് പോകാൻ തയാറെടുത്തു… ടിക്കറ്റും വന്നു പോകാനുള്ള രണ്ട് ദിവസത്തിന് മുൻപ് പ്രതീക്ഷിക്കാതെ ഉമ്മയ്ക്ക് അറ്റാക്ക് വന്നു വീണ്ടും ഹോസ്പിറ്റലിൽ ആയി…
അടുത്ത ദിവസം രാവിലെ പതിനൊന്നു മണിക്ക് ഫ്ലൈറ്റ്…. ഉമ്മ മെഡിക്കൽ കോളേജിൽ ഐസിയുവിൽ… വിളിക്കാൻ ഉള്ള ദൈവങ്ങളെ വിളിക്കുക എന്നല്ലാതെ മനുഷ്യൻ നിസഹായനാകുന്ന നിമിഷം…
ഒരു സൈഡിൽ തന്റെ തണലിൽ ജീവിക്കുന്ന ഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും …. മറുസൈഡിൽ കുടുംബത്തിന് വേണ്ടി വരുത്തിയ കടങ്ങൾ….
എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്നവന്റെ മുന്നിൽ ICU തുറന്നു ഡോക്ടർ ഇറങ്ങി വന്നു… പ്രതീക്ഷയോടെ ഡോക്ടറിന്റെ വാക്കുകൾ ശ്രദ്ധിച്ചവന് ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്ന് പോലും തോന്നി…
ആർക്കു വേണ്ടിയാണോ താൻ ഇത്ര കഷ്ടപ്പെട്ടത്… എന്നും കൂടെ വേണമെന്ന ആഗ്രഹത്തിന്റെ പുറത്തു പണം ഇല്ലെങ്കിലും പലിശയ്ക്ക് എടുത്തു ചികിത്സ നടത്തിയത്… ആ ആള് ഇനി ഭൂമിയിൽ ഇല്ല…!!! ഉമ്മ ഒരിക്കലും തിരിച്ചു വരില്ല എന്നാ വാർത്ത അവനെ ആകെ തളർത്തുന്നതാരുന്നു…
ഷിബിനയുടെ അവസ്ഥയും അത് തന്നെ… വന്നു കയറിയ ദിവസം മുതൽ മരുമകൾ ആയിട്ടല്ല.. സ്വന്തം മകൾ തന്നെയാരുന്നു…. നിസാം ഗൾഫിൽ ആരുന്നപ്പോൾ അവളുടെ സങ്കടങ്ങൾ പറയാനും എല്ലാം എന്തിനും ഒരു ധൈര്യം ആരുന്നു ഉമ്മ….
ഉമ്മയുടെ ബോഡി വീട്ടിൽ എത്തിച്ചപ്പോഴേക്കും മുറ്റത്തു ചിന്നി ചിതറി ആളുകൾ നിന്നിരുന്നു… ഹോസ്പിറ്റലിൽ നിന്ന് വന്നത് കൊണ്ട് തന്നെ പലരും അടുത്തേക്ക് വരാൻ മടിച്ചു… കൊ റോ ണയല്ലേ….
എന്തെങ്കിലും അസുഖം വന്നു മരിച്ചാലും ഇന്ന് നാട്ടിൽ ഉള്ളവർക്ക് അവർ മരിച്ചതിന്റെ കാരണം കൊ റോ ണ മാത്രം ആണെല്ലോ…
അതിന്റെ പേരിൽ ഒരു കുടുംബത്തിന് താങ്ങാകേണ്ട സമയത്തു അവരിൽ നിന്ന് അകലം പാലിക്കും.. അത് അവരെ മാനസികമായി എത്ര തളർത്തും എന്ന് ആരും ചിന്തിക്കില്ല എന്ന് മാത്രം….!
ഉമ്മയെ ഖബർ അടക്കിയ ശേഷം വീട്ടിലേക്ക് എത്തിയ നിസാം കണ്ടു ഒരു സൈഡിൽ കരഞ്ഞു തളർന്ന ഷിബിന.. അവൾക്ക് കൂട്ട് അവളുടെ ഉമ്മിയും വാപ്പിച്ചയും… പേരിനു പോലും ബന്ധുക്കൾ ആ വീട്ടിൽ ഇല്ല.. മക്കൾ മുറ്റത്തു ഓടി കളിക്കുന്നു…
അടുത്ത വീട്ടിലെ ചേച്ചി മക്കൾക്ക് എന്തോ ആഹാരം കൊടുക്കാൻ ശ്രമിക്കുന്നു… ചേട്ടൻ വാപ്പിച്ചയോട് കാര്യം പറയുന്നു…
തന്നെ കണ്ടതും വാപ്പ അടുത്തേക്ക് വന്നു..
“”കൊ റോ ണ ആണെന്ന് എല്ലാവർക്കും പേടി മോനെ…””
“”എന്നിട്ട് വാപ്പി എന്താ പോകാത്തത്???””
“”അങ്ങനെ നിങ്ങളെ ഉപേക്ഷിച്ചു പോകാൻ എനിക്ക് പറ്റുമോ??? കൊ റോ ണ വന്നാൽ വീട്ടിൽ കിടക്കും.. അത്ര തന്നെ… നാളെയല്ലേ മോനു പോകേണ്ടത്…. നീ എന്ത് തീരുമാനിച്ചു??? ഈ അവസ്ഥയിൽ ഇനി പോകണോ???””
അപ്പോഴാണ് അതിനെ കുറിച്ച് അവനും ആലോചിച്ചത്… ഇത് വരെ മനസ് മുഴുവൻ ഉമ്മയുടെ അടുത്താരുന്നു…. ഇന്ന് തനിക്ക് ഭൂമിയിൽ സ്വന്തമെന്ന് പറയാൻ ഭാര്യയും മക്കളും മാത്രം.. ഉമ്മിയും പോയി, വാപ്പിയും പോയി…
കരഞ്ഞു തളർന്നു കിടക്കുന്ന പെണ്ണിനെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് പോയിരുന്നു…
നിസാമിനെ കണ്ടതും ഷിബിനയുടെ കരച്ചിൽ ഒന്ന് കൂടി ഉച്ചത്തിലായി…
“”ഇനി നമുക്ക് ആരുണ്ട് ഇക്കാ???? ഉമ്മി….””
ആ സമയം ചേർത്ത് പിടിച്ചു കരയുക എന്നല്ലാതെ അവന്റെ മുന്നിലും മറ്റു വഴികൾ ഇല്ലാരുന്നു…
ഷിബിനയുടെ കരച്ചിൽ ഒന്ന് മാറി എന്ന് ആയപ്പോൾ നിസാം തന്നെ പറഞ്ഞു തുടങ്ങി…
“”ഷിബി….””
“”മം…””
“”നാളെ ആണ് എന്റെ ഫ്ലൈറ്റ്…””
അത് കേട്ടപ്പോൾ വീണ്ടും അവളിൽ നിന്ന് വിതുമ്പലുകൾ വന്നു… “”
“”എനിക്ക്… എനിക്ക് പോകണം മോളെ… അല്ലെങ്കിൽ ഉമ്മയുടെ ഓർമ്മകൾ ഉള്ള ഈ വീടും നഷ്ടപ്പെടും… മക്കളുടെ ഭാവി… നിന്നെ ഇവിടെ തനിച്ചു വിടാൻ എനിക്ക് മനസില്ല… പക്ഷെ നാളെ പോയില്ലെങ്കിൽ പിന്നെ ഈ ജോലി നഷ്ടമാകും…. ഞാൻ എന്താ ചെയ്യുക…””
“”എനിക്ക് അറിയാം ഇക്കാ… ഇക്ക പേടിക്കണ്ട…. എനിക്ക് ഒരു കുഴപ്പവുമില്ല… എനിക്ക് കൂട്ടായിട്ട് നമ്മുടെ മക്കൾ ഇല്ലേ… പിന്നെ മരിച്ചെങ്കിലും നമ്മുടെ ഉമ്മയും…
ഉമ്മയ്ക്ക് അങ്ങനെ എന്നെ വിട്ടിട്ടൊന്നും പോകാൻ പറ്റില്ല… ഇവിടെ തന്നെ കാണും.. ഇക്ക പോയി വാ… ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാമല്ലോ….””
ഷിബിനയുടെ ഉറച്ച വാക്കുകൾ നൽകിയ വിശ്വാസത്തിൽ അടുത്ത ദിവസം തന്നെ അവൻ വിമാനം കയറി… മക്കളെ നെഞ്ചോട് ചേർത്ത് കരയുന്ന പെണ്ണിന്റെ കണ്ണീർ തനിക്ക് വേദനയാണ്…
കഴിഞ്ഞ തവണ വരെ ഓരോ പ്രാവിശ്യവും ഗൾഫിൽ പോകുമ്പോൾ ഉള്ള ഉമ്മയുടെ ചേർത്ത് പിടിച്ചുള്ള ചുംബനം…. ഇനി അങ്ങനെ ഒന്ന് തരാൻ ഉമ്മ ഇല്ല…
പക്ഷെ ഇവിടെ തന്റെ മുന്നിൽ മറ്റൊരു വഴിയില്ല… പോയെ പറ്റൂ … ബാധ്യതകൾ അത്രയേറെ ആയി…
കൂടെ കാണുമെന്ന ഷിബിനയുടെ ഉപ്പയുടെയും ഉമ്മയുടെയും ഉറപ്പും, വിളിച്ചാൽ ഓടി എത്തും എന്നാ അടുത്ത വീട്ടിലെ സതീശൻ ചേട്ടന്റെയും ഭാര്യ ശ്യാമ ചേച്ചിയുടെയും വാക്കുകൾ നൽകിയ ആശ്വാസത്തിൽ അവൻ വിമാനം കയറി…
സമൂഹത്തിനു മുന്നിൽ അവൻ പണത്തിനു വേണ്ടി സ്വന്തം ഉമ്മ മരിച്ചു ചടങ്ങുകൾ കഴിയുന്നതിനു മുൻപ് തിരിച്ചു ഗൾഫിൽ പോയവനായി… പക്ഷെ സത്യം എന്തെന്ന് തിരിച്ചറിയാൻ ഒരാളും ശ്രമിച്ചതുമില്ല…
ഒരുവന്റെ നിസ്സഹായാവസ്ഥ അറിയാതെ അവനെ വാക്കുകൾ കൊണ്ട് ക്രൂശിക്കാൻ സമൂഹത്തിലെ ഒരു കൂട്ടം ആളുകൾക്ക് എന്നും താല്പര്യം കൂടുതൽ ആണല്ലോ….
തന്റെ കഷ്ടപ്പാടുകൾ എല്ലാം തീർത്തു തിരിച്ചു വരാൻ അറബി മണ്ണിലേക്ക് അവൻ യാത്രയായപ്പോൾ നാട്ടിൽ അമ്മകിളി മക്കളെ ചിറകിനടിയിൽ ചേർത്ത് പിടിക്കുന്നത് പോലെ
മക്കളെ ചേർത്ത് പിടിച്ചു നിസാമിന് വേണ്ടി പ്രാർത്ഥിക്കുണ്ടായിരുന്നു… ആ അമ്മയ്ക്കും മക്കൾക്കും അദൃശ്യകൂട്ടായി ഉമ്മയും….