(രചന: Vijitha Ravi)
“ടാ രാഘവാ നിനെക് ഒന്നുല്യേടാ , ഒന്നു എണീറ്റ് പോകുന്നുണ്ടോ നീ . നിന്റെയൊരു കിടത്തം ..”
ഒരു ഞെട്ടലോടെയാണ് അയാൾ ഉറക്കത്തിൽ നിന്നും എഴുനേറ്റത് …
കണ്ണുകൾ തുറക്കുവാൻ നന്നേ കഷ്ടപെട്ടു അയാൾ ..
ഗോപന്റെ ശബ്‌ദമല്ലേ ഞാൻ കേട്ടത്, അവൻ എവിടെ ?.. അയാൾ ആലോചിച്ചു. സ്വപ്‌നമായിരുന്നുവോ അത് ..അപ്പൊ താൻ എവിടെയാണ് ..?
മെല്ലെ മെല്ലെ കണ്ണുകൾ തുറന്നു അയാൾ നോക്കിയപ്പോൾ തന്റെ മുന്നിലും ഇരുവശങ്ങളിലും കണ്ടത് ഒരുപാട് യന്ത്രങ്ങളും കയ്യിലും ദേഹത്തും ഒരുപാട് വയറുകൾ കൂട്ടി യോജിപ്പിച്ചു കിടക്കുന്നതുമാണ് ..
കണ്ണുകൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അയാൾ മനസിലാക്കി താൻ മരിച്ചിട്ടില്ല , ആരോ ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുന്നു ..
“അപ്പൊ ഗോപാലൻ ..?”
പിന്നെ അയാൾ തിരഞ്ഞത് ഗോപാലനെയാണ് ..
ഇല്ല ,ഇവിടെ താൻ മാത്രമേയുള്ളൂ.. അപ്പൊ അവൻ എവിടെ .. ആരോട് ചോദിക്കും ?
അയാൾക്ക് ആ ഉത്തരം കിട്ടേണ്ടത് അത്യാവശ്യമായിരുന്നു ..
അയാൾ തല പൊന്തിച്ചു നോക്കി ,പക്ഷെ എന്തോ വലിയ ഭാരം .. അയാൾ ആ ശ്രമം ഉപേക്ഷിച്ചു ..
അയാളുടെ ചെറിയൊരു ചലനമാവാo അടുത്ത് ഇരിക്കുന്ന നേഴ്സ് എണീറ്റ് അയാളുടെ അടുത്തേക് വന്നു ..
“പേടിക്കണ്ടട്ടോ , സർ,നു കുഴപ്പമൊന്നുമില്ല .”
അയാൾക്ക് ആ ഉത്തരം ആവശ്യമില്ലായിരുന്നു .. ഗോപനു എന്തുപറ്റി എന്നറിയണം ..
ചോദിക്കാൻ ഒരുപാട് വട്ടം നാവ് പുറത്തേക് ഇട്ടുവെങ്കിലും അയാൾക്ക് ഒന്നിനും കഴിയുന്നില്ല .. വീണ്ടും കണ്ണുകൾ അടയാൻ തുടങ്ങി ..
അയാൾ മയങ്ങി ..
ആ മയക്കത്തിൽ അയാൾ ഓർമ്മകളുടെ ആഴങ്ങളിലേക് ഇറങ്ങി ചെന്നു…
ഒരുമിച്ചു ഒരേ ക്ലാസിൽ പഠിച്ച ഗോപാലനും രാഘവനും നല്ല കൂട്ടായിരുന്നു ..
ഒരിക്കൽ രാഘവന്റെ കൈ കളിക്കുന്നതിനിടയിൽ വീണു മുറിഞ്ഞു .
വലത്തേ കൈയിന്റെ നടു വിരലിലും മോതിരവിരലിലും നീളത്തിൽ നല്ലൊരു മുറിവ് .
ചോ ര ഒരുപാട് പോയി. ടീച്ചറോടു പറഞ്ഞാൽ വീണ്ടും അടി കിട്ടുമെന്ന് പേടിച്ചു അവരാരും പറഞ്ഞില്ല.. എല്ലാവരും കൂടി കമ്മ്യൂണിസ്റ്പ്പയുടെ ഇലയുടെ നീര് ഒറ്റിച്ചു അവനെ സമാദാനപ്പെടുത്തി…
അങ്ങനെ മുറിവിനു കുറച്ചു ആക്കം കിട്ടി. പക്ഷെ ഉച്ചക്ക് ഊണ് കഴിക്കാൻ അവനെ കൊണ്ടു പറ്റുന്നില്ല.. ചോറ് വാരി കഴിക്കുവാൻ കഴിയാതെ കുറച്ചു നേരം അവൻ അങ്ങനെ ഇരുന്നു ..
വിശപ്പ് സഹിക്കാൻ വയ്യാതെയായപ്പോൾ അവൻ രണ്ടും കല്പിച്ചു കഴിക്കുവാൻ തുടങ്ങി..
ഇതൊന്നും ശ്രദ്ധിയ്ക്കാതെ എല്ലാവരും അവരവരുടെ വിശപ്പകറ്റാൻ നോക്കുകയാണ്..
എന്നാൽ, അവന്റെ തോളിൽ കയ്യ് വെച്ച് ബഞ്ചിലേക്ക് ഗോപാലൻ വന്നിരുന്നു ..
അവൻ രാഘവനെ ഊട്ടി ,തൈര് ഒഴിച്ച ചോറും കടുമാങ്ങ അച്ചാറും കൂട്ടി ഗോപാലൻ അവനു ചോറ് വാരി കൊടുത്തു ..
അന്ന് തുടങ്ങിയതാണ് അവർ തമ്മിലുള്ള സൗഹൃദം.. പ്രണയതേക്കാൾ തീവ്രമായ എന്തോ ഒന്നാണ് അത് , ഒളിമങ്ങാത്ത അതിസുന്ദരമായ മഞ്ഞുതുള്ളികൾ പോലെ ….
അന്ന് തുടങ്ങിയ ആ കൂട്ടുകെട്ട് ഇന്ന് യവ്വനവും കടന്നു വാർദ്ധക്യത്തിൽ ചെന്നെത്തി നില്കുന്നു ..
പരീക്ഷകളിൽ പരസ്പരം സഹായിച്ചു കൊണ്ടു അവർ തമ്മിൽ തമ്മിൽ രക്ഷകനായി മാറി ..
അടിപിടി കൂടി ടീച്ചറുടെ കയ്യിൽ നിന്നും അടി വാങ്ങി പുറത്താകുന്നതും, എല്ലാം അവർ രണ്ടുപേരും ചിരിച്ചു നിന്നുകൊണ്ടു നേരിട്ടിട്ടുണ്ട് …
ബാല്യകാലത്തെ പല കുറുമ്പുകളും അവർ ഒരുമിച്ചു ആയിരുന്നു ചെയ്തു കൂട്ടിയത് ..
പ്രണയിനിക്ക് കത്ത് നൽകി കൊണ്ട് യവ്വനത്തിൽ എത്തിയപ്പോൾ അവിടെയും അവർ ഒരുമിച്ചു നിന്നു..
അവർക്ക് പ്രണയിനിയും ഒന്നായിരുന്നു ..
വേറെ ആരെയോ വിവാഹം കഴിച്ചു സ്വന്തം പ്രണയിനി അകന്നു പോകുന്നത് കണ്ടു നിന്ന അവർ അന്ന് ആദ്യമായി മ ദ്യ ത്തിന്റെ രുചിയറിഞ്ഞു ..
ലഹരി തലക്ക് കയറിയ അവർക്ക് മനസിലായി .. അവളെക്കാൾ വലിയ ലഹരി സ്വന്തം തോളോട് ചേർന്ന് നില്ക്കുന്ന സൗഹൃദത്തിനാണെന്ന് ..
അങ്ങനെ യവ്വനം അവസാനിക്കാറായപ്പോൾ അവർ തന്നെ ഒരുമിച്ചു തീരുമാനിച്ചു .. ഇനിയൊരു പെണ്ണ് വേണ്ട… അങ്ങനെ യവ്വനവും അവർ മ ദ്യ മെന്ന ലഹരിയിൽ മുക്കി ..
കാലം കഴിഞ്ഞുപോയി , ചോദ്യങ്ങളും ഉത്തരങ്ങളും നൽകി മനം മടുത്തു , ഒരു പെണ്ണില്ല എന്ന് വെച്ച് മാനം ഇടിഞ്ഞു വീഴുമോ … ഇതായിരുന്നു അവരുടെ മറുപടി ..
പിന്നെ ,അവിടെ ചോദ്യങ്ങൾ ഇല്ല .. അങ്ങനെ അവർ വാർദ്ധക്യത്തിലേക്ക് കാലുകൾ എടുത്തു വെച്ചു ..
മനോഹരമായ പലതും അവർ ആസ്വദിച്ചു , ഒരുമിച്ചു യാത്രകൾ പോയി , പല ഭാഷകളും പഠിച്ചു , പച്ചപ്പ് നിറഞ്ഞ പല കാഴ്ചകളും അവർ കണ്ടു ..
കൂടെ പച്ചയായ മനുഷ്യറുടെ വേദനകളും …
എല്ലാം കഴിഞ്ഞു വാർദ്ധക്യo അവരെ വീണ്ടും സ്വന്തം മണ്ണിൽ തന്നെ എത്തിച്ചു ..
“എല്ലാം കഴിഞ്ഞു രാഘവേട്ടാ …ഇനി നമുക്ക് പോയാലോ …”
“നിങ്ങൾ പൊയ്ക്കോളൂ …ഞാൻ വന്നോളാം ..”
തലയിൽ ഒരു കെട്ടു കെട്ടി അയാൾ ആ ശ്മശാനത്തിന്റെ എരിഞ്ഞു തീർന്ന ചിതക്ക് അരികിൽ നിന്നു..
നാട്ടിലേക് തിരിച്ചു വരുന്ന വഴിയിൽ അവരുടെ കാറിനു എതിരായി വന്ന ആ ലോറി ഗോപാലൻന്റെ ജീവനും കൊണ്ടായിരുന്നു മറഞ്ഞത് ..
ഗോപാലൻ മരിച്ചു പോയെന്ന് ഡോക്ടർ പറയുന്നത് വരെ അവന്റെ ഹൃദയം പറഞ്ഞു കൊണ്ടിരുന്നു ..
ഇല്ല .ഗോപാലൻ തന്റെ കൂടെ തന്നെയുണ്ട് എന്ന് …
പക്ഷെ , വിധി …അത് ഗോപാലനെ കൊണ്ടു പോയി …അയാൾ വിങ്ങി പൊട്ടി .. അയാൾ കണ്ണുകൾ തുടച്ചു കൊണ്ടു നടന്നു നീങ്ങി ..
കൂടെ തന്റെ ഇനിയുള്ള യാത്രയിൽ തനിക് രക്ഷകനായി ഗോപാലൻ തനിക് നൽകിയ അവന്റെ കണ്ണുകളുമായി …
ആ അപകടത്തിൽ കാഴ്ച നഷ്ടപെട്ട രാഘവനു ,ഗോപാലന്റെ കണ്ണുകളായിരുന്നു ഡോക്ടർമാർ പകുത്തു വെച്ചത്…