മറിയാമ്മയുടെ മിന്നുകെട്ട്
(രചന: Vipin PG)
വിളിച്ചു വരുത്തിയ എല്ലാവരും വട്ടത്തില്‍ ഇരുന്നപ്പോള്‍ അന്ന് വൈകിട്ടത്തെ ചായ സമയത്ത് മറിയാമ്മ അതെടുത്ത് പൊട്ടിച്ചു.
ഏത്,, പാക്കറ്റ് അല്ല,, കല്യാണക്കാര്യം. അമ്പത്തി രണ്ടാം വയസ്സില്‍ മറിയാമ്മ രണ്ടാം കെട്ടിന് റെഡിയാകുന്നു. വട്ടം കൂടി ഇരുന്നതില്‍ മൂത്ത നാത്തൂനും രണ്ടാം നാത്തൂനും വായിലിട്ട അച്ചപ്പം തുപ്പി കളഞ്ഞു
“ മ,, മൈ,, മറിയാമ്മോ,, നീയെന്നാ മ,, മത്തങ്ങാ ന്നാ ഈ ഇപ്പൊ പറഞ്ഞെ”
തെറി വിഴുങ്ങി കാര്യം ചോദിച്ചത് മൂത്ത നാത്തൂന്‍ ആണ്. അതിപ്പോ പച്ചയ്ക്ക് തെറി വിളിക്കാന്‍ മടിയുള്ള ആളൊന്നുമല്ല മൂത്ത നാത്തൂന്‍. ഈ വട്ടത്തില്‍ പിള്ളേരുമുണ്ട്.
നാളെ നാത്തൂന്റെ പേരും പറഞ്ഞ് പിള്ളേര് തെറി പറഞ്ഞ് നടക്കും. എന്നതേലും കിട്ടാന്‍ നോക്കി ഇരിക്കുന്ന പിള്ളേരെ. മൂത്ത നാത്തൂന്‍ കേള്‍ക്കാന്‍ തന്നെ മറിയാമ്മ പറഞ്ഞു.
“ നാത്തൂനേ,, വെള്ളം കിട്ടാതെ ചാകാന്‍ വയ്യ.. വിഷം കഴിച്ചു ചാകാനും വയ്യ.. അതിലും ഭേതമാ വൈകിട്ട് വെള്ളത്തിന്റെ പുറത്ത് നടുവിന് രണ്ടെണ്ണം കിട്ടുന്നത്”
“ എന്തോ എന്തോ,, നാത്തൂന്‍ പറഞ്ഞ് പോകുന്നത് എങ്ങോട്ടാ.. ആ കണവന്‍ മത്തായീനെ കണ്ടിട്ടാകും. എന്റെ കൊക്കിനു ജീവനുണ്ടേല്‍ നടക്കുകേല”
ഇത് പറഞ്ഞത് രണ്ടാമത്തെ നാത്തൂന്‍ അതായത് ഇളയ നാത്തൂന്‍ ആണ്.
“ അല്ലെ,, ഓരോന്നും അവിടുന്നും ഇവിടുന്നും കേട്ടപ്പോ ഒന്നും മിണ്ടാഞ്ഞതെ,, വല്ലവനും രാത്രിക്ക് വന്നു വീട്ടില്‍ കയറണ്ടല്ലോ എന്ന് കരുതിയതാ.. ഇതിപ്പൊ രണ്ടാളും കൂടി അങ്ങ് ഒന്നിക്കാന്‍ പോകുന്നോ.. അത് ഞങ്ങള് നോക്കി നിക്കണോ ന്നോ.. ഉവ്വുവ്വേ..”
ഇളയ നാത്തൂന്‍ അലറി നിര്‍ത്തി. മറിയാമ്മ അച്ചപ്പം കൊറിക്കുകയാണ്.
“ അതിപ്പോ നാത്തൂനേ,, ഒരാളെ കെട്ടാന്‍ ഒരാളെ തട്ടണ്ടി വന്നാല്‍ മറിയാമ്മ അതും ചെയ്യും.. മറിയാമ്മയും മത്തായിയും മോതിരം ഇട്ടു.. ഇനി ഊരാന്‍ പറ്റൂല”
ഇതെല്ലാം കേട്ടിരിക്കുകയാണ് വട്ടത്തിലുള്ള പിള്ളേര്
എണീറ്റ് പോടാ പിള്ളേരെ
മൂത്ത നാത്തൂന്‍ അലറി. ചര്‍ച്ച രണ്ടാം ഘട്ടത്തിലേയ്ക്ക്
“ നാത്തൂനേ,, പറഞ്ഞത് പറഞ്ഞു.. ഇനി പറഞ്ഞാല്‍.. ഒരാളെ തട്ടാനുള്ള കപ്പാസിറ്റി ഒക്കെ ഇപ്പോഴും എനിക്കുണ്ട്”
ഇതും പറഞ്ഞത് മൂത്ത നാത്തൂന്‍ ആണ്
സംഭവം കൈവിട്ടു പോയെന്നു മനസ്സിലായ പിള്ളേര് കളമൊഴിഞ്ഞു. മറിയാമ്മ നൈറ്റി കയറ്റി കുത്തി. മൂത്ത നാത്തൂന്‍ അടുത്ത് വന്നു.
“ മറിയാമ്മേ,, ആങ്ങള പോയപ്പോ ഉള്ളതൊക്കെ എഴുതി തന്നിട്ടാ പോയെ. നാത്തൂന്‍ ജീവിക്കുന്നുണ്ടേല്‍ ആങ്ങളയുടെ വിധവയായിട്ട്.. അല്ലേല്‍ ഞങ്ങടെ അടുക്കളക്കാരിയായിട്ട്. നാത്തൂന്‍ എന്തായാലും ഇനി പുറത്ത് കൊടുക്കൂല”
മറിയാമ്മ മൂത്ത നാത്തൂന്റെ കണ്ണില്‍ നോക്കി
“നാത്തൂ,, ആങ്ങള ചീഞ്ഞതായിരുന്നു എന്ന് നിനക്കും താഴത്തവക്കും നന്നായിട്ട് അറിയാലോ.. ഈ കാണുന്നതൊക്കെ എന്റെ വിയര്‍പ്പാ. അത് ഞാന്‍ വേണേല്‍ പുറത്ത് കൊടുക്കും. വേണേല്‍ കുഴിച്ചിടും”
മൂത്ത നാത്തൂന്‍ മറിയാമ്മയുടെ കഴുത്തിനു പിടിച്ചു. ഇളയ നാത്തൂന്‍ വിടുവിക്കാന്‍ നോക്കി. വീടിന്റെ തിണ്ണയില്‍ അടി പൊട്ടി. കണ്ടു നിന്ന പിള്ളേര് നില വിളിക്കാന്‍ തുടങ്ങി. വടിയും കുത്തി അമ്മ പുറത്ത് വന്നു.
“ എന്നതാടാ ഇവിടെ.. ആരാടാ ഒച്ച വച്ചേ.. എന്റെ ചെവിക്ക് മേലെന്ന് അറിയത്തില്ലേ”
“അമ്മച്ചീടെ ചെവി.. ദേ,, മറിയാമ്മ വേറെ പോകാന്‍ പോകുവാന്ന്.. ആ പരട്ട ചെവി തുറന്നു പിടിച്ചു കേള്‍ക്ക്”
“ അതെന്നതാടീ അവക്കിപ്പോ പൂതി”
“ ഓ,, പൂതിയല്ല.. പൂതി അവള് തീര്‍ക്കുന്നുണ്ട്.. ഇതിപ്പൊ വേറെ കുടുംബത്ത് പോകാനാ”
മൂത്ത നാത്തൂന്‍ അതുകൂടി പറഞ്ഞപ്പോള്‍ കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല. ആ നിശബ്ദത അവസാനിപ്പിച്ചുകൊണ്ട് അമ്മച്ചി പറഞ്ഞ് തുടങ്ങി
“ മറിയാമ്മോ”
“ എന്നതാ അമ്മച്ചി”
“ ഇവരെന്നതാ ഈ പറയുന്നേ”
“ ഒള്ളതാ,, ഇങ്ങനെ മൂത്ത് നരച്ചു വെള്ളം കിട്ടാതെ ചാകാന്‍ വയ്യ.. ഇതിപ്പൊ ഞാന്‍ ചത്താല്‍ ഉള്ളത് മുഴുവന്‍ കിട്ടുമെന്ന് കരുതി എല്ലാവരും കൂടി എന്നെ തട്ടും.. ഒരു കല്യാണം കഴിച്ചാല്‍ അത് പറ്റൂലല്ലോ. രണ്ടെണ്ണത്തിനെ കൊല്ലണ്ടേ”
“ അതിന് ആര്‍ക്കാടീ നിന്റെ സ്വത്ത് വേണ്ടേ”
“ അമ്മച്ചി…കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കരുത് ഒരൊറ്റയൊന്നിനെയും”
മറിയാമ്മ അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. മറിയാമ്മ ഇപ്പൊ പൊട്ടിയത് വെറുതെയല്ല.. ഇത് ഉരുണ്ടു കുറച്ചു കാലം കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ ചിലപ്പോള്‍ വിധവകള്‍ ഓരോന്നായി മരിച്ചേനെ.
ആദ്യം അമ്മ,, പിന്നെ മറിയാമ്മ. മറിയാമ്മ പറഞ്ഞ കാര്യം ഏറെക്കുറെ മനസ്സിലായപ്പോള്‍ അമ്മച്ചി എല്ലാവരുടെയും വായടപ്പിച്ചു. വിരുന്നു വന്ന മൂത്ത നാത്തൂനും ഇളയ നാത്തൂനും കെറുവിച്ച് വീട്ടില്‍ നിന്ന് പോയി.
ബഹളം വച്ചത് മൂത്ത നാത്തൂന്‍ ആണെങ്കിലും വിഷവിത്ത് ഇളയ നാത്തൂന്‍ ആണെന്ന് മറിയാമ്മയ്ക്ക് നന്നായിട്ട് അറിയാം. അവര് പോയതിന് ശേഷം മറിയാമ്മയും അമ്മച്ചിയും കൂടിക്കാഴ്ച നടത്തി.
“ ഡീ,, എളുപ്പമല്ല.. അവളുമാര് നിന്നെ ശ്വാസം മുട്ടിക്കും.. കാര്യം ഞാന്‍ തള്ളയാണെങ്കിലും പറയാതെ വയ്യ. ഇളയത് അപ്പന്റെ ടൈപ്പാ.. വിഷം തന്നല്ല,, വേണെങ്കില്‍ നിന്നെ തലയ്ക്കടിച്ചു കൊല്ലും”
സത്യം പറഞ്ഞാല്‍ ഇതുവരെ നടന്ന സകലതും മറിയാമ്മയും അമ്മച്ചിയും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് അവതരിപ്പിച്ച പരിപാടികള്‍ ആണ്.
അമ്മച്ചിക്ക് അധിക കാലമില്ലെന്നും അത് കഴിഞ്ഞാല്‍ മറിയാമ്മയുടെ ഊഴമാണെന്നും അമ്മച്ചിക്കും നന്നായി അറിയാം. എന്തായാലും മറിയാമ്മ എല്ലാം തീരുമാനിച്ചുറപ്പിച്ചു.
പിറ്റേന്ന് നേരം വെളുത്തപാടെ മൂത്ത നാത്തൂന്റെയും ഇളയ നാത്തൂന്റെയും കെട്ടിയോന്‍ മാര്‍ ഹാജര്‍ ആയി. ഇത്തവണ അറ്റാക്ക് നാല് പേര് ചേര്‍ന്നാണ്.
“ഈ കുടുംബത്ത് നിന്ന് പോകാനും പറ്റില്ല,, ഈ കുടുംബത്ത് ഒരുത്തനെ കയറ്റാനും പറ്റില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ മറിയാമ്മയും മത്തായിയും എന്റെ കൈ വെള്ളയില്‍ തീരും”
മൂത്ത നാത്തൂന്റെ കെട്ടിയോന്‍ ആണ്. ഇനി രണ്ടാമതവന്റെ ഊഴം.
“ മത്തായിച്ചനെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിക്കോളാം. വല്ലപ്പോഴും പള്ളിയില്‍ പോകുമ്പോഴും പെരുന്നാളിനും നിങ്ങക്ക് പുറത്ത് വച്ച് കാണാലോ.. ഇനി അങ്ങനെ മതി”
പ്ഭാ എന്നൊരു ആട്ടാണ്,, മറിയാമ്മ വാക്കത്തി എടുത്തു
“ കെട്ടാന്‍ തോന്നിയാല്‍ മറിയ കെട്ടും. ഇവിടെ കേറ്റാന്‍ തോന്നിയാല്‍ മറിയ കയറ്റും.. ഈ വീടും പറമ്പും അപ്പന്‍ എന്റെ പേരില്‍ എഴുതി വച്ചിട്ടാ ചത്തെ.. അതുകൊണ്ട് കേറിയങ്ങ് ചൊറിയല്ലേ. പത്തൊമ്പത് വയസ്സുള്ളപ്പോ ഞാന്‍ ഇവിടുത്തെ അടുക്കളക്കാരി ആയതാ..
വയസ്സ് അമ്പത്തി രണ്ടായി.. ഇടയില്‍ രണ്ടെണ്ണം പെറ്റു.. ഇച്ചായന്‍ പോയിട്ട് കൊല്ലം പത്തായി.. എനിക്കൊരുത്തന്റെ സമ്മതവും വേണ്ട.. മത്തായീനെ ഞാന്‍ കെട്ടും.. ഒരു പട്ടിയും ചോദിയ്ക്കാന്‍ വരൂല”
ഇളയ നാത്തൂന്‍ മറിയാമ്മയുടെ കൈക്ക് പിടിച്ചു. മൂത്ത നാത്തൂന്‍ വാക്കത്തി വാങ്ങി എറിഞ്ഞു. മൂന്നു പെണ്ണുങ്ങളും പിടിയും വലിയുമായി.
ഇളയ നാത്തൂന്‍ മറിയാമ്മയുടെ കൊങ്ങയ്ക്ക് പിടിച്ചു. മൂത്ത നാത്തൂന്‍ വാക്കത്തിക്ക് മറിയാമ്മയെ വെട്ടി. മറിയാമ്മ ഒച്ചയില്‍ അലറാന്‍ നോക്കി. പെട്ടെന്ന് ഒരു കൈ വന്ന് മറിയാമ്മയെ തട്ടി..
“ മറിയാമ്മോ,,, ഇതെന്നതാ,, ഒറങ്ങി പോയോ”
മറിയാമ്മ കണ്ണ് തുറന്നു നോക്കിയപ്പോള്‍ പള്ളിയാണ്. മത്തായി അടുത്ത് തന്നെയുണ്ട്. വിറച്ചു കിതച്ച് മറിയാമ്മ ചുറ്റും നോക്കി.. ആരെയും കാണുന്നില്ല
“ മത്തായിച്ചാ,, എന്നെ വാക്കത്തിക്കാ വെട്ടിയെ,, മത്തായിച്ചന്‍ പോ,, ഇത് നടക്കൂല”
ഒന്നും മനസ്സിലാകാതെ മത്തായിച്ചന്‍ പള്ളിയില്‍ തന്നെ ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാതെ മറിയാമ്മ വീട്ടിലേയ്ക്ക് ഓടി.