മുറിയിലേയ്ക്ക് ചെന്ന മോളമ്മ കണ്ടത് മുണ്ട് പൊക്കി പിടിച്ചുകൊണ്ട് വള്ളി കളസം ഇടാന്‍ പാട് പെടുന്ന ജോയി ചേട്ടനെയാണ്..

ത്രേസ്യാമ്മേടെ പെണ്ണ് കാണല്‍
(രചന: Vipin PG)

നേരം വെളുത്ത് കിടക്കപ്പായയില്‍ നിന്ന് എഴുന്നേറ്റ ജോയി ഉടുമുണ്ടും വള്ളി കളസവും തപ്പുകയാണ്‌. ഇന്നലെ അടിച്ചു കിണ്ടിയായാണ്‌ കിടന്നത്.

ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് തിരിച്ചു വന്ന ശേഷം കൃത്യം ഒരാഴ്ച തികഞ്ഞില്ല ജോയി വീണ്ടും കുടി തുടങ്ങി. കട്ടിലിന്റെ അടിയില്‍ നോക്കിയ ജോയിക്ക് ഭൂമി കീഴ്മേല്‍ മറിയുന്നതായി തോന്നി.

ജോയിച്ചന്റെ കെട്ടിയോള്‍ മോളമ്മ രാവിലെ പള്ളിയില്‍ പോയിരുന്നു. പള്ളീലച്ചനോട് സങ്കടം പറയാന്‍ പോയതാണ്.

ഇന്ന് മോളമ്മയുടെ അനുജത്തി ത്രേസ്യയെ പെണ്ണ് കാണാന്‍ ആള് വരുന്നുണ്ട്. ത്രേസ്യ രണ്ടാം കെട്ടാണ്. ആദ്യത്തെ കെട്ടു പൊട്ടിപ്പോയി. ജോയീനെ പോലെ ഒരു മൂത്ത കള്ളുകുടിയന്‍. കള്ളു കുടിച്ച് ഒരു കാള കൂറ്റനോട് ചൊറിയാന്‍ ചെന്നതാണ്.

കാള കൊമ്പില്‍ കോര്‍ത്ത് തോട്ടില്‍ എറിഞ്ഞു. ആള് സ്പോട്ടില്‍ തീര്‍ന്നു. ഈ ബന്ധം ഈ അടുത്ത് വന്നതാണ്. അവള്‍ക്കും ഇഷ്ടപ്പെട്ട ബന്ധമാണ്. ജോയിച്ചേട്ടന്റെ ഈ കുടി മാത്രമാണ് നിലവില്‍ പ്രശ്നം.

എല്ലാം കേട്ട അച്ചന്‍ മോളമ്മയുടെ തലയില്‍ കൈവച്ച ശേഷം കര്‍ത്താവിനെ നീട്ടി വിളിക്ക് മോളമ്മോ,, ജീവിതത്തില്‍ നന്മകള്‍ മാത്രം ചെയ്ത മോളമ്മയുടെ വിളി കര്‍ത്താവ് കേള്‍ക്കുമെന്ന് പറഞ്ഞ് മോളമ്മയെ ആശിര്‍വദിച്ചു വിട്ടു.

ഈ സമയം ത്രേസ്യ അടുക്കളയില്‍ കട്ടന്‍ ചായ തിളപ്പിക്കുകയായിരുന്നു. ജോയിക്ക് എഴുന്നേറ്റാല്‍ ഉടനെ കട്ടന്‍ ചായ വേണം.

അല്ലേല്‍ ചിലപ്പോള്‍ ചായ പാത്രം പറമ്പില്‍ കിടക്കും. അതുകൊണ്ട് തന്നെ മോളമ്മ അനിയത്തി ത്രേസ്യയോട് ചായ കൊടുക്കാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടാണ് പോയത്. അടുപ്പത്ത് ചായ തിളച്ചു തുടങ്ങി.

പള്ളിയില്‍ മണിയടിച്ചു. സമാധാനം കിട്ടാന്‍ കര്‍ത്താവിനെ മാത്രം ആശ്രയിച്ചിരുന്ന മോളമ്മ പള്ളിയില്‍ ഇരുന്ന് കുരിശു വരച്ചു,, അമേന്‍.

ഇപ്പൊ പ്രശ്നം ഇതൊന്നുമല്ല,, ജോയീടെ വള്ളി കളസം കാണുന്നില്ല,, ഉടുമുണ്ട് കട്ടിലിന്റെ അടിയില്‍ ഉണ്ട്.

ഒരു തരത്തില്‍ കട്ടിലിന്റെ അടിയില്‍ നിന്ന് ഉടുമുണ്ടെടുത്ത ജോയി അതൊന്ന് ആഞ്ഞു കുടഞ്ഞപ്പോള്‍ കട്ടന്‍ ചായയും കൊണ്ട് ത്രേസ്യ റൂമില്‍ കയറി വന്നു.

“എന്റെ കര്‍ത്താവേ”

ആ കാഴ്ച കണ്ടു കണ്ണ് തള്ളിയ ത്രേസ്യ നീട്ടി വിളിച്ചു. ജോയി തിരിഞ്ഞു നിന്നത് കൊണ്ട് പിന്നാമ്പുറമാണ് കണ്ടത്.

ആദ്യ കാഴ്ചയില്‍ തന്നെ കിളി പോയ ത്രേസ്യയുടെ കൈയ്യില്‍ നിന്നും ചായ ഗ്ലാസ്സ് താഴെ വീണു. പൊട്ടി തെറിച്ച ചായ ഗ്ലാസ്സിന്റെ ഒരു കഷണവും ചൂട് കട്ടന്‍ ചായയും ജോയിയുടെ പിന്നാമ്പുറത്ത് പതിച്ചു.

“ എന്റെ കര്‍ത്താവേ”

ജോയിയും നീട്ടി വിളിച്ചു. സകലതും പൊള്ളിയ ജോയി തിരിഞ്ഞും മറിഞ്ഞും നിന്ന് തെറിപ്പാട്ട് തുടങ്ങി. പള്ളിയില്‍ നിന്ന് തിരിച്ചു വന്ന മോളമ്മ വീട്ടില്‍ കയറിയപ്പോള്‍ കണ്ടത് അടി പാവാടയും ബ്ലൌസും ഇട്ട് ഓടി നടന്നു കൊണ്ട് സാരി ഉടുക്കുന്ന ത്രേസ്യപ്പെണ്ണിനെയാണ്.

ജോയി ചേട്ടന്റെ അലര്‍ച്ച ഒരു കിലോമീറ്റര്‍ അപ്പുറം കേള്‍ക്കാം. ദൈവമേ,, ഈ പെണ്ണ് ഇതെങ്ങോട്ട് പോകുവാ,, ഇവളെ ഇന്ന് പെണ്ണ് കാണാന്‍ ആള് വരൂമെന്നു പറഞ്ഞതാണല്ലോ.

ത്രേസ്യയുടെ ഇഷ്ട്ടക്കാരന്‍ കാണാന്‍ വരുമെന്ന് പറഞ്ഞത് കൊണ്ട് ത്രേസ്യ തലേന്ന് വീട്ടില്‍ വന്നതാണ്‌. സംഭവം എന്താണെന്ന് മോളമ്മയ്ക്ക് പിടി കിട്ടുന്നില്ല.

അതിയാനിനി അവളോട്‌ വല്ല വേണ്ടാദീനവും കാണിച്ചോ. മുഴുക്കുടിയന്‍ ആണെങ്കിലും ഇന്നുവരെ ജോയിച്ചായന് പരസ്ത്രീ ബന്ധമുള്ളതായി മോളമ്മ കേട്ടിട്ടില്ല.

ത്രേസ്യയുടെ അടുത്ത് ചെന്ന മോളമ്മ എന്നതാടി പറ്റിയെ എന്ന് ചോദിച്ചതെ ഉള്ളു പടേന്ന് കരണത്തൊരു അടിയായിരുന്നു മറുപടി.

അത് കഴിഞ്ഞിട്ട് ഒന്നും മിണ്ടാതെ സാരി ഉടുത്തുകൊണ്ട് ത്രേസ്യ ഇറങ്ങി പോയി. അവള്‍ക്ക് വയസ്സ് നാല്പത് ആകാറായി. ഇന്നുവരെ ഒരടി അകലത്തില്‍ നിന്നെ ആ പെണ്ണ് സംസാരിച്ചിട്ടുള്ളൂ.

ആ ത്രേസ്യ പെണ്ണ് എന്റെ കരണത്തടിച്ചു. അതിയാന്‍ എന്തോ ചെയ്തു. അത് തന്നെ സംഭവം,, നേരെ മുറിയിലേയ്ക്ക് ചെന്ന മോളമ്മ കണ്ടത് മുണ്ട് പൊക്കി പിടിച്ചുകൊണ്ട് വള്ളി കളസം ഇടാന്‍ പാട് പെടുന്ന ജോയി ചേട്ടനെയാണ്.

“ദൈവമേ,, കര്‍ത്താവേ,, ഇയാള്‍ ഈ കടും കൈ ചെയ്തല്ലോ എന്റെ നാഥാ” എന്ന് പറഞ്ഞ് മോളമ്മ തലയില്‍ കൈ വച്ച് കരച്ചിലാണ്.

മുണ്ട് കടിച്ചു പിടിച്ച ജോയിച്ചായന്‍ എങ്ങനെയെങ്കിലും ഈ വള്ളി ഒന്ന് കെട്ടാന്‍ പാട് പെടുകയാണ്. വള്ളി കെട്ടാതെ പുറത്തിറങ്ങാന്‍ പറ്റൂല.

ഇതിനിടയില്‍ ത്രേസ്യയെ പെണ്ണ് കാണാന്‍ വന്ന ബിജുവും ടീമും വീട്ടു മുറ്റത്തെത്തി.

ഉടുത്തൊരുങ്ങി തേച്ചു മിനുക്കിയ പാന്റും ഷര്‍ട്ടുമിട്ട് അമ്മാവന്മാരേയും പെങ്ങന്മാരേയും കൂട്ടി ബിജു എത്തിയപ്പോള്‍ കേള്‍ക്കുന്നത് മോളമ്മയുടെ കരച്ചിലാണ്. കരഞ്ഞലച്ചു കൊണ്ട് മുറ്റത്തേയ്ക്ക് വന്ന മോളമ്മ ഉറക്കെ അലറി.

“ഡാ ബിജുവേ,, ഇതിയാന്‍ എന്റെ അനിയത്തീനെ പിഴപ്പിച്ചെടാ, പോയാടാ പോയി,, സകലതും പോയി”.

ഇത് കേട്ട ജോയിടെ കൈയ്യില്‍ നിന്ന് വള്ളി കളസം വീണ്ടും താഴെ പോയി. മോളമ്മ പറയുന്നത് കേട്ട് വിറച്ചു വിറങ്ങോലിച്ച് വീട്ടില്‍ കയറിയ ബിജു കണ്ടത്

മുണ്ടും മടക്കി കുത്തി കാല്‍പാദത്തില്‍ വള്ളി കളസവുമായി നില്‍ക്കുന്ന ജോയിയെയാണ്. അയാളെ കണ്ട ബിജു ഡാ എന്നൊരു അലര്‍ച്ചയും ഓടി വന്നൊരു ചവിട്ടുമാണ്.

മണ്‍ കട്ട കൊണ്ട് നിര്‍മ്മിതമായ ഒരു ഭാഗത്തെ ഭിത്തി പൊളിച്ചു കൊണ്ട് ജോയി വീടിന്റെ പുറകിലോട്ടു തെറിച്ചു വീണു. തെറിച്ചു വീഴുന്ന വഴി ഉണ്ടുമുണ്ട് എവിടെയോ തെറിച്ചു പോയിരുന്നു.

നിലത്ത് കിടക്കുന്ന ജോയിച്ചായന്റെ കാലില്‍ കുടുങ്ങിയ നിലയില്‍ വള്ളി കളസം കിടക്കുന്നുണ്ട്. ആ കാഴ്ച കാണാന്‍ വയ്യാത്ത സകലരും കണ്ണടച്ചു.

കാഴ്ച പുതുമയല്ലാത്ത മോളമ്മ പതിയെ ജോയിച്ചായന്റെ അടുത്തേയ്ക്ക് ചെന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ജോയി എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ അടുത്ത് ചെന്ന മോളമ്മ മൂക്കില്‍ കൈ വച്ച് നോക്കി.

“പോയി,, പോയി,, ജോയിച്ചായന്‍ പോയി” എന്ന് പറഞ്ഞ മോളമ്മ ചുറ്റും നോക്കിയ ശേഷം മാറി കിടന്ന ഉടുമുണ്ട് എടുത്ത് ജോയിയെ പുതപ്പിച്ചു.

പെണ്ണ് കാണാന്‍ വന്ന ബിജുവും ടീമും നിലത്ത് കിടക്കുന്ന ജോയിച്ചായന്റെ ചുറ്റും നിന്ന് പ്രാര്‍ത്ഥന ചൊല്ലി. പൊളിഞ്ഞു പോയ ഭിത്തിക്ക് പകരം വീട് മൊത്തത്തില്‍ നന്നാക്കാനുള്ള കാശ് തരാമെന്നു പറഞ്ഞതിന്റെ പേരില്‍

പോലീസില്‍ പരാതി കൊടുക്കാതിരുന്ന മോളമ്മ ജോയിയുടെ ആണ്ട് കഴിഞ്ഞതിന്റെ പിറ്റേന്ന് ബിജുവും ത്രേസ്യയുമായുള്ള കല്യാണം നടത്താന്‍ തീരുമാനിച്ചു.

വീടിന്റെ ഭിത്തി പോളിഞ്ഞെങ്കിലും കരണത്ത് അടി കിട്ടിയെങ്കിലും മോളമ്മയുടെ സ്നേഹം അങ്ങനെ കത്തി നിന്നു. അതങ്ങനെയാണല്ലോ,, അനിയത്തിക്ക് നല്ലോരുന്‍ കാര്യം വരുമ്പോള്‍ ചേടത്തി ഉടക്കി നില്‍ക്കാന്‍ പാടില്ലലോ.

കല്യാണം കഴിഞ്ഞിട്ട് ആദ്യമായി ഇരുവരും മോളമ്മയുടെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ ബിജു കെട്ടി കൊടുത്ത പുതിയ ഭിത്തിയില്‍ ജോയിച്ചായന്റെ ഫ്രെയിം ചെയ്ത ഫോട്ടോ ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു..