ഒളിഞ്ഞു നോട്ടം
(രചന VPG)
കോഴിക്കൂട് അടയ്ക്കാന്‍ വേണ്ടി പുറത്ത് വന്നപ്പോഴാണ് അവളുടെ മുഴുവന്‍ രൂപം ആദ്യമായി കാണുന്നത്.
കാര്യം ഇവിടെ താമസമായിട്ട് ഒരു മാസമായെങ്കിലും ആദ്യത്തെ രണ്ടാഴ്ച അവളിവിടെ ഉണ്ടായിരുന്നില്ല. പിന്നെ ഒരാഴ്ച ഞാന്‍ ഉണ്ടായില്ല.
ഒടുക്കം രണ്ടാളും ഒരുമിച്ചു വന്നപ്പോള്‍ അവള് പുറത്തിറങ്ങുന്നില്ല. ഞാന്‍ നല്ല അസ്സല് കോഴിയായത് കൊണ്ട് എല്ലാം കൃത്യമായി അളക്കുന്നുണ്ട്. സമയം നേരം കാര്യം എല്ലാം. ഇത്തവണ അവളെയും അളന്നു.
കൊള്ളാം,, ആള് കൊള്ളാം,, ഇനി വളയ്ക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ മതി. അതിനും രണ്ടു ദിവസം മതി. വളയ്ക്കും,, ഇതല്ല ഇതിനപ്പുറം കണ്ടവനാണ് ഈ ജോസഫ്.
പിറ്റേന്ന് പകല്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു. പുറത്തിറങ്ങുന്ന ഓരോ മോമന്റും അറിയണം. എന്നാലെ ശരിയാകൂ. എന്നെ വെട്ടിച്ചു കൊണ്ട് അന്നവളെ പുറത്ത് കണ്ടേയില്ല.
ശ്ശേടാ,, ഇനി അണ്ടര്‍ ഗ്രൌണ്ടിലൂടെ വല്ല വഴിയുമുണ്ടോ. ഇതെവിടെ പോകുന്നു. എന്തായാലും കോഴിക്കൂട് അടയ്ക്കാന്‍ ഇറങ്ങുമല്ലോ. അപ്പൊ കാണാം. കോഴിക്കൂട് അടയ്ക്കാന്‍ വന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി.
അവള് തിരിച്ചു പോകുന്നതിനു മുന്നേ ഒരൊറ്റ നോട്ടം കിട്ടി. കാണാന്‍ വേണ്ടി തന്നെ നോക്കി നിന്നതാണെന്ന് മനസ്സിലാകാതെ ഒരു ചെറു പുഞ്ചിരിയില്‍ നിര്‍ത്തി. അവളും പുഞ്ചിരിച്ചു.
പിറ്റേന്ന് പകലും ഞാന്‍ നോക്കി നിന്നു. അവള് പുറത്തിറങ്ങി. അണിഞ്ഞൊരുങ്ങി അടിപൊളിയായി ഒരു മാലാഖ പരുവത്തില്‍ അവള് പുറത്തിറങ്ങി. ആ കാഴ്ച കണ്ടപ്പോള്‍ ഒന്ന് ഭ്രമിച്ചു പോയെങ്കിലും സെറ്റ് ആയി നിന്നത് കൊണ്ട് അവള് അറിയാതെ ഫോളോ ചെയ്തു.
ചെന്ന് ചെന്ന് അവള് പോകുന്ന ബസ്സ് സ്റ്റോപ്പ് കണ്ടു പിടിച്ചു. എങ്ങോട്ടാ പോകുന്നതെന്ന് പിടിയില്ല. അത് പിന്നെ കണ്ടു പിടിക്കാം.
ആ പോക്ക് സ്ഥിരമായി. എല്ലാ ദിവസവും പോകുന്നുണ്ട്. ചിലപ്പോള്‍ വരുമ്പോള്‍ വൈകും. ചിലപ്പോള്‍ നേരത്തെയാകും. എന്റെ ധൈര്യം എന്നെ അടുത്ത ഘട്ടത്തില്‍ എത്തിച്ചു. എന്തായാലും ആ വീട്ടില്‍ പട്ടിയില്ല.
അവളുടെ റൂം ഏതാണെന്ന് കണ്ടു പിടിക്കണം. അങ്ങനെ അന്നത്തെ രാത്രി ഒരു പത്തുമണി ആയപ്പോള്‍ അവളുടെ വീടിന്റെ പരിസരത്ത് ചെന്നു. അധികം കഷ്ട്ടപ്പെടെണ്ടി വന്നില്ല. ആ റൂം കണ്ടു പിടിച്ചു.
ജനല്‍ വച്ചതിന് വന്ന ചെറിയൊരു ദ്വാരത്തിലൂടെ ഉള്ളിലേയ്ക്ക് നോക്കി. ഉറങ്ങുനതിനു മുന്നെയുള്ള പ്രാര്‍ത്ഥനയിലാണ്.
അത് കഴിഞ്ഞപാടെ അവള് കിടന്നു. ഇനി നിന്നിട്ട് കാര്യമില്ല. എന്തായാലും വന്ന കാര്യം നടന്നല്ലോ. റൂം കണ്ടു പിടിച്ചു. പിറ്റേന്നും രാത്രി ഏകദേശം ആ സമയത്ത് അവിടെ ചെന്നു.
പക്ഷെ റൂമില്‍ ആരെയും കണ്ടില്ല. അവളുടെ അപ്പന് ബഹളം വയ്ക്കുന്നുണ്ട്. അയാള്‍ അങ്ങനെയാണ്,, കുടിച്ചു കഴിഞ്ഞാല്‍ പിന്നെ അടിയും ബഹളവുമാണ്.
പെട്ടെന്ന് അവളുടെ അമ്മ റൂമില്‍ കയറി വന്നു. അപ്പന് കുടിക്കുന്നയന്ന് അമ്മ അവകുടെ കൂടെ കിടക്കും. അപ്പന്റെ കൂടെ കമ്പനി ആരോ ഉണ്ട്. ഒഴിച്ചും കുടിച്ചും അവരുടെ ബഹളം തീര്‍ന്നിട്ടില്ല. ഞാന്‍ അവിടുന്ന് പെട്ടെന്ന് മാറി.
പിറ്റേന്നും ഏകദേശം ഇത് തന്നെ അവസ്ഥ. അയാളുടെ മുഴുക്കുടി കാരണം എന്റെ സമാധാനം പോയെന്ന് പറഞ്ഞാ മതിയല്ലോ. ഒരു വീട്ടില്‍ വന്നിരുന്നു കുടിക്കാന്‍ ഒരു മനുഷ്യന് നാണം വേണ്ടേ. ഇവരൊക്കെ എന്ത് മനുഷ്യരാ.
അതിന്റെ പിറ്റേന്ന് ബഹളം കേട്ടില്ല. അന്ന് കുടിച്ചു കാണില്ല. സമാധാനം. അവള് ഒറ്റയ്ക്കാണ് റൂമില്‍ കയറിയത്. പ്രാര്‍ത്ഥിച്ച ശേഷം അവള് കിടന്നു. സാരമില്ല. നാളെയും വരാം. പിറ്റേന്നും ഞാന്‍ ചെന്നു.
പ്രാര്‍ത്ഥനക്കിടയില്‍ അവള് ഒരു കണ്ണ് തുറന്നപോള്‍ നേരെ കണ്ടത് എന്നെയാണ്. ഞാന്‍ ഞെട്ടി. എന്റെ ഉള്ളൂ കിടുങ്ങിപ്പോയി. ഞാന്‍ പെട്ടെന്ന് അവിടുന്ന് മാറിപ്പോയി.
പിറ്റേന്ന് പകല്‍ അവളെന്നെ തിരഞ്ഞു വന്നു. വീടിന്റെ അടുത്ത് വന്നു കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.
“ വൃത്തികെട് കാണിക്കാന്‍ ഇനി ആ പറമ്പില്‍ കയറിയാല്‍ ഞാന്‍ വെട്ടും പറഞ്ഞേക്കാം. ഉള്ളവരും വന്നവരും വരത്തന്മാരും ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ജീവികണ്ടന്നാണോ”
എനിക്കൊന്നും പറയാന്‍ കിട്ടിയില്ല. അവള് ഞെട്ടിച്ചു കൊണ്ട് തിരികെ പോയി.
പോകുന്ന വഴിക്ക് ഞാന്‍ ഒരു സോറി പറഞ്ഞു. അവളത് കേട്ട ഭാവം നടിച്ചില്ല. അന്നവള്‍ ബസ്സ് സ്റ്റൊപ്പിലേയ്ക്ക് പോകുന്നവരെ അവളുടെ അടുത്ത് ചെന്നു.
“ പറ്റിപ്പോയി,, കാണാനുള്ള കൊതി കൊണ്ട് വന്നതാണ്”
“ കാണാനുള്ള കൊതികൊണ്ട് ഇങ്ങനെയാ ചെയ്യുന്നേ.. തോമാച്ചന് കണ്ടാല്‍ നന്നായേനെ..വെട്ട് ഇന്നലെ നടന്നേനെ”
“ അതാരാ തോമാച്ചന്”
“ അപ്പന്റെ കൂട്ടുകാരനാ”
“ അയാളെന്തിനാ എന്നെ വെട്ടുന്നെ “
“ അപ്പനെ കുടിപ്പിച്ചു കെടത്തി എന്നെ വെട്ടനാ അയാള്‍ വീട്ടില്‍ വരുന്നേ. ഞാന്‍ അയാളെ വെട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് അയാള്‍ ആക്രമിക്കുന്നില്ല”
“ അമ്മച്ചി കൂടെയില്ലേ.. അപ്പൊ എങ്ങനെ ആക്രമിക്കാന്‍”
“ അതെന്റെ അമ്മയല്ല.. അപ്പന്റെ രണ്ടാം കെട്ടാ… അപ്പന് കുടിച്ചാല്‍ തല്ലും.. തല്ലു കൊള്ളാന്‍ വയ്യാത്തത് കൊണ്ട് എന്റെ കൂടെ വന്നു കിടക്കുന്നതാ. അമ്മച്ചിയും കണക്കാ.. അല്ല,, ഇതൊക്കെയെന്തിനാ ഞാന്‍ തന്നോട് പറയുന്നേ.. മേലാല്‍ എന്റെ പുറകേ വരരുത്”
അത് പുറകെ വരാനുള്ള പെര്മിഷന് തന്നെയാണെന്ന് മനസ്സിലായി. മാത്രമല്ല ഏകദേശം കുടുംബ സാഹചര്യവും മനസ്സിലായി.
എന്നാലും വേണ്ടായിരുന്നു. ഒളിഞ്ഞു നോക്കണ്ടായിരുന്നു. അത് സാരമില്ല. ഒളിഞ്ഞു നോക്കിയത് കൊണ്ടല്ലേ ഇത്രയും കാര്യങ്ങള്‍ ഒരുമിച്ചു പറഞ്ഞത്. അത് നന്നായി.
വൈകിട്ട് അവള് വരുന്നത് നോക്കി നിന്നു. അവള് വന്നപ്പോള്‍ കൂടെ നടന്നു.
“എന്റെ പുറകെ വരല്ലെന്നു പറഞ്ഞതല്ലേ”
“ പുറകെ വരാന്‍ സമ്മതിച്ചാല്‍ ഒളിഞ്ഞ് നോക്കാന്‍ വരില്ല.. എന്തെങ്കിലും ഒന്ന് സമ്മതിക്കണം”
“ തല്ലു കൊള്ളിയാണല്ലേ”
ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. ഒരുമിച്ചുള്ള ആ നടത്തം പതിവായി. ഇടയ്ക്കുള്ള ഒളിഞ്ഞു നോട്ടവും പതിവായി. ഒരുമിച്ചുള്ള നടത്തം കൂടെ ചേര്‍ന്നായി. ഒരിക്കല്‍ ഉള്ളൂ തുറന്നപ്പോള്‍ അപ്പനെ കുറിച്ചും പറഞ്ഞു.
“വല്ലാത്തൊരു മനുഷ്യനാണ്. പൊരുത്തപ്പെട്ടു ജീവിക്കാന്‍ പറ്റില്ല. അമ്മച്ചി മരിച്ചിട്ട് നാല് മാസം തികയുന്നതിനു മുന്നേ അപ്പന് വേറെ കെട്ടി.
അവര്‍ക്ക് എന്നോട് വിരോധമോന്നുമില്ല. പക്ഷെ അവര്‍ക്ക് കൂട്ട് അപ്പന് മാത്രമൊന്നുമല്ല. ഞാന്‍ കണ്ടിട്ടുണ്ട്. അയാള്‍ അവരെ നോട്ടമിട്ടു വന്നതാ. അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ എന്റെ നേര്‍ക്കായി”
ഈ യാത്രയില്‍ എവിടെയോ അവളുടെ കൈ പിടിച്ചു ആദ്യം വിടുവിച്ചെങ്കിലും രണ്ടാം തവണ അവള് അനങ്ങിയില്ല.
“ ചതിക്കരുത്”
ആ ഒരൊറ്റ വാക്ക് മാത്രമാണ് അവള് പറഞ്ഞെ. ചതിക്കില്ല എന്ന് വാക്ക് കൊടുത്തു. അവളുടെ മുഖത്ത് ആദ്യമായി ചിരി കണ്ടു. ആ ചിരി ഇനി മായാതെ നോകണം.