വീട്ടില്‍ ചേച്ചിയുണ്ട്‌, കെട്ടിയോന്‍ ഉപേക്ഷിച്ച മട്ടാണ് എന്നാല്‍ ഡിവോഴ്സ് കിട്ടിയതുമില്ല അതാണ്‌ മെയിന്‍ പ്രശ്നം..

താലി യോഗം
(രചന: VPG)

നാടക കളരിയില്‍ ചേര്‍ന്നപ്പോള്‍ ആണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. അവിടെ ഒരാഴയ്ക്ക് മുന്നേ വന്ന പെണ്‍കുട്ടി.

ഒരൊറ്റയാഴ്ച കൊണ്ട് എല്ലാരുടെയും മുന്നില്‍ ഹീറോ ആയി. നല്ല ടാലന്റട് ആണ്.

നന്നായി ഹാഡ് വര്‍ക്കും ചെയ്യും. കുട്ടിക്കൊരു ഫ്യൂച്ചര്‍ എല്ലാവരും കാണുന്നുണ്ട്. അവിടുന്ന് കളരിയില്‍ ചേരാന്‍ പോയപ്പോള്‍ ദേ അവിടെയും.

കുമ്പിടിയ കുമ്പിടി,,, അവിടേം കണ്ടു ഇവിടേം കണ്ടു. അങ്ങനെ ഒരു ദിവസം തന്നെ രണ്ടു തവണ രണ്ടു വേഷത്തില്‍ ആളെ കാണാന്‍ പറ്റുന്നത് വളരെ സന്തോഷത്തോടെ ഞാന്‍ നോക്കി നിന്നു.

ഒരു ദിവസം നാടക കളരിയില്‍ ഡാന്‍സ് ക്ലാസ്സില്‍ അവളെ തന്നെ നോക്കി നിന്നപ്പോള്‍ പെട്ടെന്ന് അവളുടെ കണ്ണുകള്‍ എന്നെയും ഉടക്കി. ഒരു ഞെട്ടലില്‍ നിന്ന് കരകയറിയ ഞാന്‍ പതറിപ്പോയി.

അന്നത്തെ ദിവസം മുഴുവന്‍ അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു തരത്തില്‍ അവിടെ നിന്ന് ഊരിപ്പോന്നു. അന്നവള്‍ കളരിക്ക് വന്നില്ല. സമാധാനമെന്ന് കരുതി കളരിയില്‍ ചെന്നു.

അന്നത്തെ സകല അടവുകളും തെറ്റി. എന്റെ ദൈവമേ ഒരു പെണ്ണ് കാരണം ഉള്ള സമാധാനം പോയല്ലോ. കളരി കഴിഞ്ഞു തിരിച്ചു പോകാന്‍ നോക്കിയപ്പോള്‍ ദേ പെണ്ണ് വരുന്നു.

പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തില്ല . സമാധാനം. കളരി കഴിഞ്ഞു പോകുമ്പോള്‍ അവളെന്നെ തിരഞ്ഞു വന്നു. നാളെ ക്ലാസ്സില്‍ വരില്ലേ എന്ന് ചോദിച്ചു. വിക്കി വിക്കി ആണെങ്കിലും വരാമെന്ന് പറഞ്ഞു.

പിറ്റേന്ന് നാടക കളരിയില്‍ ചെന്നപ്പോള്‍ ആണ് ഓരോരുത്തര്‍ക്കും ജോഡി വേണമെന്ന് പറയുന്നത്. കറക്റ്റ് ആയിട്ട് അവള്‍ക്ക് ജോഡി ഉണ്ടായിരുന്നില്ല.

ഞാനായി അവളുടെ ജോഡി. സ്വാഭാവികം. തികച്ചും സ്വാഭാവികം. അന്നത്തെ ഒരു ദിവസം അവിടെ മൂന്നു മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മൂന്നു കൊല്ലം ഒരു ജയിലില്‍ പെട്ട അവസ്ഥയായിരുന്നു എനിക്ക്.

താന്‍ എന്താടോ ഈ കാണിക്കുന്നേ അന്ന് ആദ്യം അവളും പിന്നെ ആശാനും പറഞ്ഞപ്പോള്‍ ആകെ ചമ്മി പോയി.

ഒരു പെണ്ണ് ഒന്ന് നോക്കിയപ്പോള്‍ ചീഞ്ഞു പോകാനുല്ലതാണോ എന്റെ ആത്മ ധൈര്യം. അതിനു ശേഷം ഞാന്‍ അവിടെ ആറാടി. അപ്പോള്‍ അവള്‍ക്കും ചെറിയൊരു ഇമ്പ്രഷന്‍ വന്നു. ഇടക്കൊക്കെ ചിരിക്കുന്നത് കണ്ടു.

സന്തോഷം,, വളരെ സന്തോഷം. അന്നത്തെ ദിവസം കഴിയാന്‍ അത് ധാരാളമായിരുന്നു. ആശാനോട് നന്ദി പറഞ്ഞ് കൊണ്ട് അന്ന് പോയി. ഞാന്‍ എന്തിനാ നന്ദി പറഞ്ഞേന്ന് ആശാനും മനസ്സിലായില്ല എനിക്കും മനസ്സിലായില്ല.

അവള്‍ മനസ്സില്‍ എവിടെയോ കൊളുത്തിയിട്ടുണ്ട്. പക്ഷെ എങ്ങനെ അവതരിപ്പിക്കും.

എന്തായാലും പറയാതെ ഇരിക്കുന്നില്ല,, അന്ന് ജസ്റ്റ്‌ ഒന്ന് പറയാമായിരുന്നു എന്ന് പിന്നീട് തോന്നാന്‍ പാടില്ല. അങ്ങനെ ഒരു ദിവസം നാടകവും കളരിയും കഴിഞ്ഞ് റസ്റ്റ്‌ എടുക്കാന്‍ ഇരിക്കുന്ന സമയത്ത് ഞാന്‍ ചെന്നു.

“ പ്രീതി,, ഒരു കാര്യം പറയാനുണ്ട്”

“ എന്തെ”

“ ഒരു സ്പാര്‍ക്ക് വന്നിട്ടുണ്ട്.. പ്രോപോസ് ചെയ്യാനാണ്. പ്രീതി കമ്മിറ്റട് അല്ലെങ്കില്‍ വീട്ടില്‍ വന്നു കാണുന്നതില്‍ വിരോധമുണ്ടോ”

അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. കുറച്ചു പ്രശ്നങ്ങളിലാണ് അതുകൊണ്ട് പെട്ടെന്ന് നോക്കുന്നില്ല എന്ന് മാത്രം അവള്‍ പറഞ്ഞ് നിര്‍ത്തി. അതൊരു നോ ആയി എനിക്ക് തോന്നിയില്ല.

ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയാല്‍ നോക്കാലോ. ആദ്യത്തെ ചമ്മലും ജാള്യതയും മാറിയപ്പോള്‍ ഞാന്‍ ഹാപ്പിയായി. അവള്‍ കുറച്ചു കൂടി സോഫ്റ്റ്‌ ആയി,, കോര്‍പ്പരേട്ടിവ് ആയി.

അങ്ങനെ നല്ലൊരു സൗഹൃദം ഉടലെടുത്തപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ആള് വിട്ടു പറഞ്ഞു. വീട്ടില്‍ കുറച്ചു പ്രശ്ങ്ങള്‍ ഉണ്ട്. നീക്കിയിരിപ്പ് എന്നൊന്നും പറയാന്‍ ഇല്ല.

ഇവിടെ അത്യാവശ്യം ഹെല്പ് ചെയ്യുന്നത് കൊണ്ട് ഇവിടുന്ന് കുറച്ചു പൈസ കിട്ടും. പിന്നെ സ്ഥിരമായി വരാനാണ് നാടകം പഠിക്കുന്നെ. കളരിയിലും അത് തന്നെ അവസ്ഥ.

അവിടെ ഓരോ കാര്യത്തിനും ഹെല്പ് ചെയ്യുനത് കൊണ്ട് കുറച്ചു ക്യാഷ് കിട്ടും.

സ്ഥിരമായി പോകുന്നത് കൊണ്ട് കളരി പഠിക്കുകയും ചെയ്യുന്നു. വീട്ടില്‍ ചേച്ചിയുണ്ട്‌. കെട്ടിയോന്‍ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ ഡിവോഴ്സ് കിട്ടിയതുമില്ല.

അതാണ്‌ മെയിന്‍ പ്രശ്നം. പ്രോപോസില്‍ ഒക്കെ ധാരാളം വരും. പക്ഷെ ഒന്ന് പോലും പറയാന്‍ പറ്റുന്നില്ല. എല്ലാം ഒരു ട്രാക്കില്‍ വരുമ്പോള്‍ പരിഗണിക്കാം എന്നാണ് അവള്‍ അവസാനം പറഞ്ഞത്. അതും ഒരു ആശ്വാസ വാക്കാണ്‌.

ഒരിക്കല്‍ അവളുടെ കൂടെ അവളുടെ വീട്ടില്‍ പോയി. ചെന്നു കയറിയപ്പോള്‍ തൊട്ട് അവളുടെ ചേച്ചിക്ക് ഒരു വൈക്ലഭ്യം കാണുന്നുണ്ട്.

കാരണം അങ്ങനെ എല്ലാവരെയുമോന്നും അവള്‍ വീട്ടിലേയ്ക്ക് കൊണ്ട് വരാറില്ല. അങ്ങനെ വന്നെങ്കില്‍ അതിലെന്തെങ്കിലും കാര്യം കാണും. അവര്‍ രണ്ടു പെണ്മക്കള്‍ ആണ്. ഒന്നര വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ.

പക്ഷെ മച്യൂരിറ്റിയുടെ കാര്യത്തില്‍ മാത്രം ഭീകരമായ ഒരു അന്തരം കാണുന്നുണ്ട്. അവളുടെ അമ്മയ്ക്കും വലിയ മൈന്‍ഡ് ഇല്ല. ആ പോക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും ഒരു നിമിഷം തോന്നിപ്പോയി.

പക്ഷെ അവള്‍ ഒരു ഏകദേശ ധാരണ തന്നത് കൊണ്ട് വലിയ പ്രോബ്ലം തോന്നിയില്ല. എന്തൊക്കെ വന്നാലും ഈ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ ഒരു ശാശ്വത പരിഹാരം കാണണമല്ലോ. സൊ,, മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.

ഇത്രേം പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടും ഒരാള്‍ സപ്പോര്‍ട്ട് ആയി നില്‍ക്കുന്നതില്‍ അവള്‍ക്കും സന്തോഷം തോന്നി. ജീവിതം ഒന്നല്ലേ ഒള്ളൂ.

ആര്‍ക്കു വേണ്ടിയും അത് നശിപ്പിച്ചു കളയുന്നതില്‍ കാര്യമില്ല. ഫിലോസഫി പറയാന്‍ കൊള്ളാമെന്നല്ലാതെ പ്രാവര്‍ത്തികമാക്കിയാല്‍ വന്‍ ബോറാണ്.

രണ്ടാളും ട്രാക്ക് മറി കളിച്ചു തുടങ്ങി. എല്ലാര്‍ക്കും മനസ്സിലാകുന്നത് പോലെ പ്രണയം പങ്കു വയ്ക്കാന്‍ തുടങ്ങി.

ഇനി നാടകത്തിന് മാസ്റ്റര്‍ വേറെ ജോഡിയെ സെറ്റ് ആക്കാന്‍ നോക്കണ്ട എന്നുള്ളത് കൊണ്ട് മാസ്റ്ററോട് കാര്യം പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ആള് രണ്ട് കൈയ്യും വച്ച് അനുഗ്രഹിച്ചു.

ഒരാള്‍ രക്ഷപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമേ ഉള്ളൂ. ഇക്കാര്യം ഇതേപോലെ തന്നെ കളരി ആശാന്റെയും അടുത്ത് പറഞ്ഞു. അദ്ദേഹവും ഇരു കൈയ്യും വച്ച് അനുഗ്രഹിച്ചു.

ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ സമ്മതക്കുറവൊന്നുമില്ല. പക്ഷെ അവളുടെ വീട്ടില്‍ പൊട്ടിത്തെറിയുണ്ടായി. ചേച്ചി തിരിച്ചു പോയിട്ട് മതി നിന്റെ കാര്യമെന്ന് അവളുടെ അമ്മാ തീര്‍ത്തു പറഞ്ഞു.

അവളുടെ വരുമാനം കൊണ്ട് ജീവിക്കുന്ന വീടാണ് എന്ന് പോലും മറന്നിട്ടാണ് അവളുടെ അമ്മ ആ വര്‍ത്തമാനം പറഞ്ഞത്. ചേച്ചി കുറെ ദിവസമായി ഒന്നും മിണ്ടുന്നില്ല.

ഒന്നും കൊടുക്കാതെ കല്യാണം കഴിച്ചത് കൊണ്ടാണ് അവിടെ പ്രശ്നം. എന്തെങ്കിലും കാര്യമായിട്ട് കഴുത്തില്‍ ഇട്ട് കൊടുത്താല്‍ മതി ആള് വന്നു കൂട്ടിക്കൊണ്ടു പൊക്കോളും. തല്‍ക്കാലം അതിനു നിവര്‍ത്തിയില്ല.

ഇത്തരം സാഹചര്യങ്ങളില്‍ പൊതുവേയുള്ള നാട്ടു നടപ്പെന്താണ്,, അത് തന്നെ,, ഒളിച്ചോട്ടം. എന്തായാലും ഒളിച്ചോടുന്നില്ല,, പകരം അമ്പലത്തില്‍ വച്ച് കെട്ടു നടത്താം.

താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. അങ്ങനെയൊരു താലി ചാര്‍ത്തി അവളെ കൂടെ കൂട്ടി. നമുക്ക് വേണ്ടി നമ്മള്‍ തന്നെ ജീവിക്കണം. അതാണ്‌ എന്റെ ഒരു കാഴ്ചപ്പാട്…