വന്നതിന്റെ രണ്ടാം നാള്‍ രാത്രി ഞാന്‍ ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി, ലക്ഷ്യം അമ്മിണി ചേച്ചിയുടെ വീടാണ് ആരോടും..

അമ്മിണി ചേച്ചി
(രചന: Vipin PG)

നാല് വര്‍ഷം കൂടി നാട്ടില്‍ വന്നു ചാടിയപ്പോള്‍ ആദ്യമന്വേഷിച്ചത് കൂട്ടുകാരെയോ നാട്ടുകാരെയോ അല്ല.

അത് നമ്മുടെ നാട്ടിലെ ഒരുവിധം എല്ലാവരുടെയും സ്വന്തക്കാരിയായ അമ്മിണി ചേച്ചിയെയാണ്. പഠിക്കുന്ന സമയം മുതലുള്ള ആ കൗതുകം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല എന്ന് മാത്രമല്ല അമ്മിണി ചേച്ചിയെ വീണ്ടും കാണാന്‍ തോന്നുകയും ചെയ്യുന്നുണ്ട്.

ആ തോന്നലുകള്‍ക്ക് കാരണവുമുണ്ട്. അമ്മിണി ചേച്ചി കാഴ്ചയില്‍ സുന്ദരിയാണ്. മാത്രമല്ല വളരെ ശാന്ത സ്വഭാവക്കാരിയുമാണ്. അമ്മിണി ചേച്ചിയെ എല്ലാര്‍ക്കും ഇഷ്ടമാണ്.

വീട്ടിലെത്തി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ ശേഷം അമ്മയുടെ കൂടെ പുറത്തിറങ്ങി.

മക്കള്‍ കര കയറിയാല്‍ മക്കളുടെ കൂടെ പുറത്ത് പോകുന്നതും മക്കളുടെ ഇന്നത്തെ നില നാട്ടുകാരായ നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നതും അമ്മമാര്‍ക്കുള്ള പതിവാണ്.

എന്റെ അമ്മയും ആ പതിവ് തെറ്റിച്ചില്ല. ഒരു കവല പ്രദിക്ഷണം ഞാനും അമ്മയും കൂടി നടത്തി. അമ്മ എന്തൊക്കെയോ വാങ്ങിക്കൂട്ടി. ഞാന്‍ ഒന്നും മിണ്ടിയില്ല,, ഇതൊരു നല്ല കാലമായി കണക്ക് കൂട്ടാം.

മാത്രമല്ല ഇനി പല പ്രശ്നങ്ങളും വരാന്‍ സാധ്യതയുള്ളത് കൊണ്ട് ഈ സന്തോഷ സുരഭില നിമിഷങ്ങള്‍ അമ്മയോടൊപ്പം ആസ്വദിക്കുന്നത് തന്നെയാണ് നല്ലത്.

വന്നതിന്റെ രണ്ടാം നാള്‍ രാത്രി ഞാന്‍ ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി. ലക്ഷ്യം അമ്മിണി ചേച്ചിയുടെ വീടാണ്. ആരോടും ഫോണ്‍ നമ്പര്‍ ചോദിച്ചില്ല. നേരിട്ട് ചെന്നു കാണാമെന്നു കരുതി.

വീട് പഴയ വീട് തന്നെ. കുറച്ചു മോഡിഫിക്കേഷന്‍ വന്നതൊഴിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഒന്നുമില്ല. ധൈര്യ സമേതം കയറിച്ചെന്നു.

ഇപ്പൊ കോളിംഗ് ബെല്‍ ഉണ്ട്. നന്നായി,, ഞാന്‍ കോളിംഗ് ബെല്‍ അടിച്ചു. അമ്മിണി ചേച്ചി പുറത്ത് വന്നു.

ആദ്യ കാഴ്ചയില്‍ എന്നെ മനസ്സിലായിട്ടില്ല. ലോക്ക് ഡൌണ്‍ എനിക്ക് കാര്യമായ മാറ്റങ്ങള്‍ തന്നിട്ടുണ്ട്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ഐഡന്റിറ്റി പറഞ്ഞു.

അപ്പൊ ചേച്ചിക്ക് എന്നെ പിടികിട്ടി. നീ എപ്പോ വന്നു എന്നായി ചോദ്യം… രണ്ടു ദിവസമായി എന്ന് മറുപടി കൊടുത്തു. ഇന്നിനി വയ്യ നീ നാളെ വാ എന്നായി അമ്മിണി ചേച്ചി. ഞാന്‍ എതിര്‍ത്തില്ല,,ഇപ്പൊ എനിക്ക് ക്ഷമ അല്പം കൂടിയിട്ടുണ്ട്.

ഇന്ന് രാത്രി നാളെ സ്വപ്നം കണ്ടു കിടക്കാം. പിന്നെ നാളെയൊരു പകല്‍,, അത് അമ്മ പല പണിയുമായി വന്നോളും. സൊ,, ഒരു കുഴപ്പവുമില്ല. ഞാന്‍ ഞാന്‍ എന്തായാലും വരും എന്ന് ഉറപ്പു പറഞ്ഞിട്ട് ഞാന്‍ അവിടുന്ന് പോയി.

ഒരു രാത്രിയും പകലും ഒരു മിന്നായം പോലെ പോയി. അമ്മ അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പറഞ്ഞപ്പോഴും അവിടെയൊക്കെ പോയപ്പോഴും മനസ്സില്‍ മുഴുവന്‍ അമ്മിണി ചേച്ചിയായിരുന്നു.

നീ ഇതെന്ത് ചിന്തിച്ചു നടക്കുവാടാ എന്ന് അമ്മ ഒരു പകല്‍ കൊണ്ട് തന്നെ നാല് പ്രാവശ്യം ചോദിച്ചു. ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. മറുപടി പറയാന്‍ പറ്റുന്ന കാര്യമല്ലല്ലോ.

അതുകൊണ്ട് തന്നെ ഒന്നും മിണ്ടിയില്ല. വൈകിട്ടായപ്പോള്‍ ഞാന്‍ ഒന്ന് പുറത്ത് പോയി.

പഴയ കൂട്ടുകാരെയൊക്കെ ഒരു നോട്ടം ഓടിച്ചു കണ്ടു. ആരെയും വെറുപ്പിക്കണ്ട,, എന്തെങ്കിലും സീന്‍ ഉണ്ടായാല്‍ ഇവന്മാരൊക്കെ തന്നെയേ കൂടെ നില്‍ക്കാന്‍ ഉണ്ടാകൂ.

പ്ലാനിങ്ങില്‍ ഇല്ലാത്ത ആ കൂടിക്കാഴ്ചയില്‍ എല്ലാവരുടെയും നിര്‍ബന്ധപ്രകാരം മദ്യം പൊട്ടിച്ചു എല്ലാവരും രണ്ടെണ്ണം അടിച്ചു.

എന്റെ വരവിന്റെ ഉദ്ദേശവും എല്ലാം അവരെത്ര ചൂഴ്ന്നു നോക്കിയിട്ടും ഞാന്‍ പൂര്‍ണ്ണമായി വിട്ടു കൊടുത്തില്ല. അങ്ങനെ കൊടുത്താലും അപകടമാണ്.

അവിടുത്തെ പേ കൂത്ത് കഴിഞ്ഞ് നേരെ അമ്മിണി ചേച്ചിയുടെ വീട്ടിലേയ്ക്ക്. അവിടെ ചെന്നപ്പോള്‍ ഇന്നും ആളുണ്ട്. ആള് പോകുന്നവരെ കാത്തിരുന്നു. ആള് പോയപ്പോള്‍ പതിയെ കയറിച്ചെന്നു.

“ അയ്യോടാ ചെക്കാ,, നിന്റെ കാര്യം മറന്നു പോയി. നാളെ ഉറപ്പിച്ചോ.. ഒന്നും തോന്നല്ലേ ട്ടാ. അല്ലേല്‍ നീയൊരു കാര്യം ചെയ്യ്‌. എന്റെ ഫോണ്‍ നമ്പരില്‍ വൈകിട്ട് വിളിക്ക്.. അപ്പൊ ഞാന്‍ ഓര്‍ത്തിരിക്കും.. അല്ലേല്‍ ചിലപ്പോ വിട്ടു പോകും.. അതാണ് കാര്യം”

ഞാന്‍ എന്തിനും റെഡിയായിട്ടാണല്ലോ നില്‍ക്കുന്നെ. അമ്മിണി ചേച്ചിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. അങ്ങനെ ഇനിയും ഒരു രാത്രിയും പകലും. കഴിഞ്ഞ തവണത്തെ പോലെ അത്ര എളുപ്പമായിരുന്നില്ല ഇപ്രാവശ്യത്തെ രാത്രിയും പകലും. തള്ളി നീക്കാന്‍ കുറച്ചു പാട് പെട്ടു.

മദ്യത്തിന്റെ പുറത്ത് രാത്രി പോയെങ്കിലും പകല്‍ പോയില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാതത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി നടന്നു നേരം കൂട്ടി. പഴയ കൂട്ടുകെട്ടുകള്‍ ഒരുപാട് പ്രോത്സാഹിപ്പിക്കാന്‍ വലിയ താല്പര്യമില്ല.

ഒരുപാട് പ്രശ്നങ്ങള്‍ ഒരുപാട് തവണ ഉണ്ടായതാണ്. അതൊക്കെയും മുറിഞ്ഞു പോകാനാണ് നാല് വര്‍ഷക്കാലം മാറി നിന്നത്. ഇനി ഇതിങ്ങനെ തന്നെ പോട്ടെ. ആരും വേണ്ട. ഞാനും കുടുംബവും എന്റെ കൈയ്യിലിരിപ്പും മതി.

വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിച്ചത് കൊണ്ട് രണ്ടു മണി മുതല്‍ നാല് മണിവരെ നീളുന്ന നല്ലൊരു ഉറക്കം കട്ടി. ആ ഉറക്കത്തിന്റെ ആക്കം കൊണ്ട് തന്നെ ഇനി രാത്രി പെട്ടെന്ന് ഉറക്കം കിട്ടില്ലെന്ന് മനസ്സിലായി.

അത് നന്നായി. ഉറക്കം കുറയുന്നത് തന്നെയാണ് നല്ലത്. കുറച്ചു സമയം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ. എന്നിട്ട് കാര്യത്തിലേയ്ക്ക് കടക്കാം. അവിടെ ഉറക്കം ഒരു പ്രശ്നമാകാതെ വരുന്നത് തന്നെയാണ് എനിക്കും നല്ലത്.

ഇരുട്ട് പിടിച്ചു തുടങ്ങി. ഏഴു മണിയായപ്പോള്‍ അമ്മിണി ചേച്ചിയെ ഫോണില്‍ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇതെന്ത് നാശമാണ് ഭഗവാനെ. പത്ത് മിനിറ്റ് ഗ്യാപ്പില്‍ നാല് തവണ വിളിച്ചു.

ഫോണ്‍ ഓണ്‍ ആയിട്ടില്ല. സമയം എട്ടാവാറായി. എന്നാ പിന്നെ പോയി നോക്കാമെന്ന് കരുതി അവിടേയ്ക്ക് ചെന്നു/ അവിടെ ചെന്നപ്പോള്‍ ഇന്നും ആളുണ്ട്. വാക്ക് പാലിക്കാത്ത ബ്ലഡി ഗ്രാമ വാസി.

ആള് പോകുന്നവരെ പൊന്തക്കാട്ടില്‍ കുത്തി ഇരുന്നിട്ട് എഴുന്നേറ്റു ചെന്നു നാല് തെറി വിളിക്കാന്‍ നോക്ക്യപ്പോള്‍ എന്നോട് ചോദിക്കുന്നു നീയെന്താ വിളിക്കാഞ്ഞേ എന്ന്.

ചേച്ചി എന്തിനാ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചേ എന്ന് ചോദിച്ചപ്പോഴാണ് അമ്മിണി ചേച്ചി ഫോണ്‍ നോക്കുന്നത്.

ഫോണ്‍ ഓഫ് ആയിപ്പോയതാണ്. അയ്യോടാ,, ഞാന്‍ കണ്ടില്ല എന്ന് ചേച്ചി നിഷ്കളങ്കമായി പറഞ്ഞപ്പോള്‍ എനിക്ക് ചിരി വന്നു. “ഡാ,, നാളെ നീ വിളിച്ചില്ലേലും സാരമില്ല നാളെ നിനക്കാണ് എന്ന് പറഞ്ഞപ്പോഴും ഞാന്‍ ചിരിച്ചു പോയി.

ആ രാത്രിയും തള്ളി നീക്കാന്‍ വലിയ പ്രയാസം വന്നില്ല. പിന്നെ പകല്‍,, അമ്മ കുറെ വള്ളി കൊണ്ടുവരുന്നത് കൊണ്ട് അതും പൊക്കോളും. തിരിച്ചു പോകാന്‍ ആയിട്ടുണ്ട്‌.

അതിന്റെ സമാധാനക്കേട് മാത്രമാണ് ബാക്കി. അന്ന് പകലും കഴിഞ്ഞു രാത്രി ആയപ്പോള്‍ നേരെ അമ്മിണി ചേച്ചിയുടെ വീട് ലക്ഷ്യമാക്കി പോയി. അവിടെ വെട്ടവും ഇല്ല വെളിച്ചവും ഇല്ല. പൊന്തക്കാട്ടില്‍ ദേ അമ്മാവന്‍ ഇരിക്കുന്നു.

“ നീയെന്ത ഇവിടെ”

“ ഒരു കൂട്ടുകാരനെ കാണാന്‍ വന്നതാ”

“ ഉം,, എന്നാ നിന്റെ ഏതോ കൂട്ടുകാരന്റെ കൂടെ അമ്മിണി പോയി”

“ എങ്ങോട്ട് പോയി”

“ നാട് വിട്ടു പോയി”

എന്റെ കിളി പോയി…
“ അല്ല,, അമ്മാവന്‍ എന്താ ഇവിടെ”

“ അവള് കടം മേടിച്ച കുറച്ചു പൈസയുണ്ടായിരുന്നു.. അത് ചോദിയ്ക്കാന്‍ വന്നതാ”

എന്തായാലും ചീഞ്ഞു നാറാതെ രക്ഷപ്പെട്ടു…. പിറ്റേന്ന് തന്നെ ഞാന്‍ സ്ഥലം വിട്ടു. കുട്ടിക്കാലത്ത് കൌതുകമായി കണ്ട അമ്മിണി ചേച്ചി ഇനിയും അങ്ങനെ തന്നെ തുടരും…