അപ്പോഴാണ്‌ വന്നു കയറിയ പെണ്ണിനോട് പോര്, ഇതെന്ത് തള്ളയാ ഭഗവാനെ വരുന്നോരും പോകുന്നൊരു മുഴുവന്‍ ഇപ്പൊ..

നില വിളക്ക്
(രചന: Vipin PG)

വിനീതിന്റെ വീട്ടില്‍ ഇപ്പോള്‍ എന്നും ബഹളമാണ്. മൂത്ത ചേട്ടനെ നിര്‍ത്തി വിനീത് കല്യാണം കഴിച്ചതാണ് ഒടുവിലത്തെ പ്രശ്നം.

അതിന്റെ അക്കം കൂടാന്‍ കാരണം അവന്‍ കല്യാണം കഴിച്ച പെണ്ണിന്റെ വീട്ടില്‍ അവളുടെ ചേച്ചി കല്യാണം കഴിച്ചിട്ടില്ല.

പിന്നെ ദേഷ്യം വരൂലേ,, കല്യാണം എന്ന് പറയാന്‍ പറ്റൂല,, പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നതാണ്. ആരും ഒന്നും മിണ്ടീല,, എങ്ങാനും രണ്ടും കൂടി എന്തെങ്കിലും ചെയ്ത് കളഞ്ഞാല്‍ പിന്നെ അത് മതിയല്ലോ.

ആദ്യത്തെ അങ്കലാപ്പിന് ശേഷം എല്ലാവരും തണുത്തെങ്കിലും വിനീതിന്റെ അമ്മ തണുത്തിട്ടില്ല.

പെണ്ണിനെ ഇതുവരെ അടുക്കളയില്‍ കയറ്റിയിട്ടില്ല. വീട്ടിലെ ഒരു കാര്യം ചെയ്യാന്‍ സമ്മതിക്കില്ല.. അവളോട്‌ ഒട്ടും മിണ്ടുന്നില്ല. ഇതൊക്കെ വെറും ചീഞ്ഞ പരിപാടി ആണെന്ന് അമ്മയോട് പറഞ്ഞ് മടുത്തു.

നാട്ടില്‍ ഒരാള്‍ക്കും പെണ്ണ് കിട്ടാനില്ല,, അപ്പോഴാണ്‌ വന്നു കയറിയ പെണ്ണിനോട് പോര്. ഇതെന്ത് തള്ളയാ ഭഗവാനെ,, വരുന്നോരും പോകുന്നൊരു മുഴുവന്‍ ഇപ്പൊ വിനീതിന്റെ സൈഡിലായി.

അവന്‍ ചെയ്തതില്‍ അത്ര വലിയ തെറ്റൊന്നുമില്ല.. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു… അത് ഒരുവിധം എല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെയായിരുന്നു.

അവന്‍ ഒന്നും ഒളിച്ചു വച്ചില്ല. അവളുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രശ്നമുണ്ടായി. അത് മാനേജ് ചെയ്യാന്‍ പറ്റിയില്ല,, അവളെ വിളിച്ചോണ്ട് പോരേണ്ടി വന്നു.

അവന് ജോലിയുണ്ട്,, ഒരുപാടു പ്രശ്നക്കാരന്‍ ഒന്നുമല്ല,, അധികം ചീത്ത കൂട്ടുകെട്ട് ഒന്നുമില്ല,, ഉള്ളത് തന്നെ ധാരാളം,, അത് വേറെ കാര്യം. കാരണം ഇതിന്റെയൊക്കെ പുറകില്‍ ചുക്കാന്‍ പിടിച്ചു നിന്ന കുറച്ചെണ്ണം എന്തായാലും ഉണ്ടല്ലോ.

അതില് പാതി കള്ളും കഞ്ചാവുമാണ്. അതാണ്‌ ഇവിടുത്തെ ശരിക്കും പ്രശ്നം. കല്യാണം നടത്താന്‍ അമ്മ എതിരല്ലായിരുന്നു. ആ തെണ്ടികളെ കൂട്ട് പിടിച്ചു പെണ്ണിനെ കൂട്ടിക്കൊണ്ടു വന്നു. അതാണ്‌ പ്രശ്നം.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമ്മയുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമില്ല,, ഇനിയത് മാറാന്‍ പോകുന്നുമില്ലെന്ന് പെണ്ണും ഉറപ്പിച്ചു. എന്തെകിലും ആകട്ടെ വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് വിനീതും കരുതി.

പോകെ പോകെ അമ്മ കുറച്ചു തണുത്ത് തുടങ്ങി. പെണ്ണ് അടുക്കളയില്‍ കയറി. പെണ്ണിന് അത്യാവശ്യം കുക്കിംഗ് അറിയാം. അത് തന്നെ ഇക്കാലത്ത് വലിയ കാര്യം.

അല്ലെങ്കില്‍ മൂന്നു നേരം സ്വിഗ്ഗി. അതെന്താണ് എന്ന് വലിയ പിടിയില്ലെങ്കിലും ഒരു ചെക്കന്‍ എപ്പോഴും ബൈക്കില്‍ വന്നു കവര്‍ കൊടുക്കുന്നത് കാണാം. അതിന്റെ അടി മാത്രമല്ല ഏറും ഇടിയും തീ വെക്കലും വരെ നടന്നിട്ടുള്ള വീടാണ്.

ഇതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്നം. ഒരു പെണ്ണിനെ വിളിച്ചോണ്ട് വരാന്‍ ഇവനെങ്ങനെ ധൈര്യം വന്നു എന്നാണ് വിനീതിന്റെ എട്ടന് മനസ്സിലാകാത്തത്.

പ്രേമവും ചുറ്റി കറങ്ങലുമൊക്കെ സര്‍വ്വ സ്വാഭാവികം. പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ ഒരു ധൈര്യം വേണ്ടേ. ആ ധൈര്യം ഇല്ലാത്തത് കൊണ്ടാണ് നന്നായി തളിരിട്ടു വന്ന ഒരു പ്രേമം മുളയിലെ നുള്ളി കളഞ്ഞത്.

എന്തായാലും അനിയനോട് ഉപദേശം ചോദിയ്ക്കാന്‍ വയ്യ. എന്നാല്‍ അവന്റെ കൂട്ടുകാരോട് ചോദിക്കാം. എങ്ങനെ ഒരു കാര്യം നടത്തിയെടുക്കാം.

ആ പിള്ളേരുടെ അടുത്ത് ചെന്നപ്പോള്‍ അങ്ങനെ വെറുതെ പറഞ്ഞ് തരാന്‍ പറ്റില്ല ചെലവ് വേണമെന്ന്. എന്തായാലും വേണ്ടിയില്ല ,, അവര്‍ക്ക് കുപ്പി വാങ്ങി കൊടുത്തു.

കുപ്പി പൊട്ടിച്ച് അടി തുടങ്ങിയ പിള്ളേര് സെറ്റ് ഓരോന്ന് പറഞ്ഞ് ചേട്ടനെ മോട്ടിവേറ്റ് ചെയ്യാന്‍ തുടങ്ങി. കണ്ണും കണ്ണും നോക്കി പ്രണയം,, മിണ്ടാതെ പ്രണയം മിണ്ടി പ്രണയം,, എല്ലാത്തിനും അടിസ്ഥാന ആധാരം ഒന്ന് മാത്രം ധൈര്യം.

പിള്ളേരുടെ ഉപദേശം കേട്ട് ആവേശനായ ചേട്ടന്‍ പിറ്റേന്ന് തന്നെ ജോലിക്ക് പോകുന്ന വഴിക്ക് മുളയില്‍ നുള്ളിയ ആ പ്രണയം ഒന്ന് നോക്കി.

ആദ്യത്തെ ദിവസം തന്നെ കണ്ണുകള്‍ തമ്മിലൊന്നു സ്പാര്‍ക്ക് ആയി. അപ്പൊ പിള്ളേര് പറയുന്നത് ശരി തന്നെയാണ്. ചേട്ടന്‍ എല്ലാ ദിവസവും കണ്ണേറിയാന്‍ തുടങ്ങി.

ഒടുക്കം അത് ചിരിയായി മാറി. ആ ചിരി ഒരു കൂടിക്കാഴ്ചയില്‍ എത്തി. ചേട്ടന് അധികം സംസാരിക്കാന്‍ അറിയില്ല,, പെണ്ണിനും ഒരു പാടൊന്നും സംസാരിക്കാന്‍ അറിയില്ല. എന്തായാലും ഇരുവരും മനസ്സ് കൈമാറി. അവരുടെ കൂടിക്കാഴ്ചകള്‍ കൂടി.

ഒരു ദിവസം കൂട്ടുകാര്‍ വിനീതിനെ കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ ദേ ചേട്ടനും ആ പെണ്ണും കൂടി വീട്ടിലേയ്ക്ക് വരുന്നു. പെണ്ണിന്റെ കൈയ്യില്‍ ബാഗോന്നുമില്ല.

പക്ഷെ രണ്ടാളുടെയും ഉദ്ദേശം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. പെണ്ണ് വീട്ടില്‍ കയറുന്നില്ല എന്ന് പറഞ്ഞ് തിരിച്ചു പോയി. അതാരാടാ എന്ന് അമ്മ ചോദിച്ചിട്ട് ചേട്ടന്‍ ഒന്നും പറഞ്ഞില്ല.

നിങ്ങള്‍ ഇവനെയും വഴി തെറ്റിച്ചോ എന്ന് ചോദിച്ചു കൊണ്ട് അമ്മ വിനീതിന്റെ കൂട്ടുകാര്‍ക്ക് നേരെ ചീറി. കൂട്ടുകാര്‍ ജീവനുംകൊണ്ട് നാല് പാടും ഓടി. ചേട്ടന്‍ അത് ഏകദേശം ഉറപ്പിച്ചു എന്ന് വിനീതിന് മനസ്സിലായി.

അവന്‍ അവന്റെ പെണ്ണിനെ കൊണ്ട് ആ ചേച്ചിയോട് സംസാരിപ്പിച്ചു. ചേച്ചി സെറ്റ് ആണ്. ഇനി അമ്മ സെറ്റ് ആയാല്‍ മതി. അച്ഛന് എല്ലാവരും നന്നായി വരണമെന്ന് മാത്രമേ ഉള്ളൂ. പിടി വാശിയും കടും പിടുത്തവുമൊക്കെ അമ്മയ്ക്കാണ്.

എല്ലാവരും ഇക്കാര്യം വീട്ടില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അമ്മ ചാടി വീണു. ഒരുത്തന്‍ പ്രേമിച്ചു കെട്ടി. ഒരുത്തനെങ്കിലും നേരാം വണ്ണം കെട്ടണം.

പെണ്ണിനെ വിളയ്ക്ക് കൊടുത്ത് അകത്ത് കയറ്റണം. അതില്ലാതെ ഇനി ഈ വീട്ടില്‍ ഒരു കാര്യം നടക്കില്ല എന്ന് അമ്മ തീര്‍ത്തു പറഞ്ഞു. ഇതിപ്പൊ ഒരു വിളക്ക് കൊടുക്കേണ്ട കേസല്ലേ ഉള്ളൂ. അത് ശരിയാക്കാം.

എന്തായാലും പെണ്ണ് വീട്ടില്‍ ഒന്ന് സംസാരിച്ചു നോക്കാം. അവരടുത്തില്ലെങ്കില്‍ അടുത്ത പരിപാടി നോക്കാം. അക്കാര്യം ഏകദേശം തീരുമാനമായി,, പെണ്ണ് വീട്ടുകാര് സമ്മതിച്ചില്ല.

അമ്മ പറഞ്ഞത് പോലെ വന്നല്ലോ ദൈവമേ. എന്തായാലും ഒളിച്ചോടാന്‍ പെണ്ണും തയ്യാറല്ല കൂട്ടി കൊണ്ട് വരാന്‍ ചെക്കനും തയ്യാറല്ല. നന്നായി,, ഒരു പെണ്ണിനെയെങ്കിലും സന്തോഷമായി വിളക്ക് കൊടുത്ത് വീട്ടില്‍ കയറ്റാമല്ലോ.

ആ സന്തോഷത്തില്‍ അമ്മ സാമാധാനപരമായി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ അമ്മ എഴുന്നേറ്റു നോക്കിയപ്പോള്‍ വിനീതിന്റെ പെണ്ണ് വിളക്ക് തേക്കുന്നു.

ശ്ശേടാ,,, ഇവിടെ രാവിലെ വിളക്ക് കത്തിക്കാറില്ലലോ. പിന്നെ ഈ പെണ്ണെന്തിനാ വിളക്ക് തേക്കുന്നത്. തേച്ചു മിനുക്കിയ വിളക്ക് അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവള്‍ പറഞ്ഞു മുറ്റത്തോട്ട് ചെല്ലാന്‍.

ഒന്ന് ഞെട്ടിയ ശേഷം മുറ്റത്ത് ചെന്നപ്പോള്‍ ദേ വിനീതിന്റെ ചേട്ടനും പെണ്ണിനെ വിളിച്ചു വന്നിരിക്കുന്നു. നിറ ദീപം തെളിയിച്ച വിളക്ക് അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് വിനീതിന്റെ പെണ്ണ് മാറി നിന്നു.

വിനീത് എല്ലാം മാറി നിന്ന് കണ്ടു. അച്ഛന്‍ ഒന്നും മിണ്ടാതെ നിന്നു. സകല ദേഷ്യവും ഉള്ളില്‍ നിര്‍ത്തി അമ്മ പുതു പെണ്ണിന് വിളക്ക് കൊടുത്തു.

ഇവിടെ ഇതെ രക്ഷയുള്ളൂ എന്ന് ഇടയ്ക്ക് വച്ച് അമ്മയ്ക്ക് ബോധ്യം വന്നിട്ടുണ്ട്,, അന്ന് ആ വീട്ടില്‍ ആനന്ദ രാവായി..