രുദ്രവേണി
(രചന: Vishnu S Nathan (വിച്ചൂസ്)
ഇറയത്തെ അരഭിത്തിയോട് ചേർത്ത് വച്ച കസേരയിലിരുന്ന് ഇലയിൽ പറിച്ചെടുത്ത പൂക്കൾ മാലയാക്കുകയാണ് രുദ്ര.
പാർവതിപ്പൂവും, അരളിയും പിന്നെ മുറ്റത്തു വിരിഞ്ഞ പല വർണത്തിലുള്ള പൂക്കളൊക്കെയും ഉണ്ട്. ഓരോന്നും ശ്രദ്ധയോടെ കോർത്തെടുക്കുന്നുണ്ട് അവൾ.
ഇടയിൽ കയ്യിൽ തടഞ്ഞ കുഞ്ഞു പൂവ് പതിയെ മൂക്കിലേക്കടുപ്പിച്ചു. നല്ല ഇലഞ്ഞിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം. വീണ്ടും വീണ്ടുമത് മൂക്കിലേക്കടുപ്പിച്ചു.
“ഇതിപ്പോ എവിടന്നാ? ഞാൻ ഇങ്ങനെയൊന്ന് പെറുക്കിയില്ലല്ലോ?”
സംശയത്തോടെയവൾ മനസിലോർത്തു.
“രുദ്ര മോളേ ഞാൻ ഇറങ്ങാറായീട്ടോ. മാല കോർത്തു കഴിഞ്ഞോ?”
അകത്തുനിന്നും വാത്സല്യത്തോടെയുള്ള വിളി കേൾക്കെ കോർത്തുവെച്ച മാലയും പൂജയ്ക്കുള്ള പൂക്കളും വാഴയിലയിലാക്കി അവിടെ വെച്ചു. ഉമ്മറപ്പടികടന്ന് അകത്തേക്ക് കയറുമ്പോ കാല് പടിക്കൽ തട്ടി.
പതിയെ നിലത്തേക്കിരുന്ന് കാലിൽ വിരലോടിച്ചു. ചെറുവിരൽ മുറിഞ്ഞിട്ടുണ്ട്. നനവ് കയ്യിലറിഞ്ഞു. കട്ടിളപ്പടിയുടെ രണ്ടു ഭാഗത്തും പിടിച്ചു ശ്രദ്ധയോടെ എഴുന്നേറ്റ് അകത്തേക്ക് നടന്നു….
പിന്നീടുള്ള ദിവസങ്ങളിലൊക്കെയും മാലകോർക്കുന്നതിനിടയിൽ ഇലഞ്ഞിയുടെ ഗന്ധം അവളെ തേടിയെത്തി.
“ഇതിപ്പോ ആരാ എന്റീശ്വരാ ഈ പൂവിങ്ങനെ ഇവിടെ കൊണ്ടിടുന്നെ? വല്ല പാലപ്പൂവും ആണെങ്കിൽ ഗന്ധർവ്വൻ ആണെന്നെങ്കിലും കരുതായിരുന്നു”.
പറഞ്ഞു കഴിയുമ്പോഴേക്കും ആരോ തനിക്കടുത്ത് നിന്നും നടന്നകലുന്നതായി തോന്നി അവൾക്ക്.
പരിഭ്രമത്തോടെ എഴുന്നേൽക്കുമ്പോഴേക്കും ആ കാലടികൾ ദൂരേക്കകലുന്നത് കേട്ടു. കൈ ഒന്നുകൂടെ ആ അരഭിത്തിയിൽ തപ്പി നോക്കി. ഒരു കുമ്പിൾ ഇലഞ്ഞിപ്പൂക്കൾ…
“ന്റെ കൃഷ്ണാ, പൂക്കളൊക്കെ കോർത്ത് കഴിഞ്ഞതാണല്ലൊ….ഇതിപ്പോ ഏതാ വീണ്ടും…..അയ്യോ ഇലഞ്ഞിയാണല്ലോ….”
ഇവളുടെ ഒച്ച കേട്ട് വേണി ചോദിക്കാൻ തുടങ്ങി.
“എന്തുപറ്റി ചാച്ചേ…കുറേ ദിവസമായല്ലോ ഈ പിറുപിറുക്കല്….”
“ഒന്നൂല്ല്യ മോളെ….ദോ ഈ പാത്രത്തില് വീണ്ടും പൂക്കള്….ഞാനെല്ലാം കോർത്തിട്ടതാ പിന്നെവിടെന്നോ ഈ പൂക്കള്…അതും ഇവിടെയെങ്ങും അധികമില്ലാത്ത ഇലഞ്ഞി….”
“ഞാനും കുറച്ചു ദിവസമായിട്ട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു ഈ പൂവ് എവിടെന്നാന്ന്….”
“എനിക്കും ഒരു പിടിയില്ല. എന്തായാലും ഇത് വെക്കുന്നയാളെ ഒരു ദിവസം ഞാൻ കണ്ടുപിടിക്കും….”
“ചാച്ചയുടെ ഒരു അവസ്ഥയേ…. ഞങ്ങളാരെങ്കിലും ഒന്ന് കാലുകുത്തിയാലോ വരെ ആരാണെന്ന് അറിയുന്ന ആളാ….എന്നിട്ടും ? ”
“നീ നോക്കിക്കോ….ഈ വേല ഒപ്പിക്കുന്നവനെ ഞാൻ കെണിവെച്ച് പൊക്കും…അതൊക്കെ അവിടെ നിൽക്കട്ടെ….നീ പരീക്ഷയ്ക്കെല്ലാം പഠിച്ചുകഴിഞ്ഞായിരുന്നോ….”
“എല്ലാം പഠിച്ചുകഴിഞ്ഞു ചാച്ചേ….”
“പരീക്ഷയ്ക്ക് ആവശ്യമുള്ള പേനയും മറ്റ് സാധനങ്ങളൊക്കെയോ….”
“എല്ലാം എടുത്തുവെച്ചിട്ടുണ്ട്…”
“ആഹാ എന്നാ യൂണിഫോമൊക്കെയിട്ട് റെഡിയായിട്ട് ചാച്ചേടെ കുട്ടി കഴിക്കാൻ നോക്ക്.”
“അപ്പൊ ചാച്ചയോ കഴിക്കണില്ലേ…”
“മോള് യൂണിഫോമിട്ട് കഴിയുമ്പോ എന്നെ വിളിച്ചാമതി അപ്പോഴേക്കും ഈ ഇലഞ്ഞിയും കൂടെയൊന്ന് ഈ മാലയിലോട്ട് കോർക്കട്ടെ….”
അങ്ങനെ മാലയൊക്കെ കെട്ടിക്കഴിഞ്ഞശേഷം രാവിലത്തെ പ്രാതലും കഴിഞ്ഞശേഷം തൊട്ടടുത്തുള്ള നമ്പിള്ളിയമ്പലത്തിലോട്ട് വേണിയുടെ പരീക്ഷക്കുമൊക്കെ പ്രാർത്ഥിക്കാൻ വേണ്ടി രണ്ടുപേരും പോയി.
അമ്പലത്തിൽ എത്തിയശേഷം…..
“ചാച്ചേ….ഞാൻ പോയി വഴിപാടുകളുടെ രസീതൊക്കെയെടുത്തിട്ട് വരാം….. ഇവിടെ നിൽക്കണേ….”
“ഞാനെങ്ങോട്ടും പോവത്തില്ല പെണ്ണേ…. വേഗം എടുത്തിട്ട് വാ….”
രുദ്ര അവിടെ നിന്നതും പെട്ടെന്നൊരാൾ അവളുടെ മുന്നിലൂടെ കടന്നുപോയി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വേണി രസീതുമൊക്കെയായി വന്നു. അവരെ രണ്ടുപേരെയും കണ്ടതോടെ അമ്പലത്തിലെ മേൽശാന്തി മുരളിസ്വാമി പറയാൻ തുടങ്ങി.
“ആഹ് രണ്ടാളും വന്നല്ലോ….എന്തുപറ്റി ഇന്ന് ലേശം വൈകിയല്ലോ ചാച്ചേ…”
“വേണിക്കിന്ന് പരീക്ഷ തുടങ്ങുവല്ലെ…. അപ്പൊ അതിന്റെ കുറച്ച് തിരക്കുകളൊക്കെയായിരുന്നു….. ഹനുമാന് വെറ്റിലമാലയൊക്കെ ചാർത്തി അപ്പൊ അതുകൊണ്ട് ലേശം വൈകി…ദാ സ്വാമി മാല….”
“ആഹ് നടക്കട്ടെ നടക്കട്ടെ….ആഹാ ഇന്നും മാലയില് ഇലഞ്ഞിയുണ്ടല്ലോ…. പിന്നെ കെട്ടാത്ത കുറച്ച് ഇലഞ്ഞിയുമുണ്ടല്ലോ….”
“ഇലഞ്ഞി കെട്ടിയതാണല്ലോ….. കെട്ടാത്തതുണ്ടാവാൻ വഴിയില്ലലോ….”
“മാലയിലുമുണ്ട് പിന്നെ കെട്ടാത്തതുമുണ്ട് അതാ ചോദിച്ചത്…”
അങ്ങനെ വരാൻ വഴിയില്ലലോ എന്നവൾ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് അവൾക്ക് തന്റെ മുൻപിൽ രസീത് കൗണ്ടറിന്റെ മുന്നിലൂടെ പോയ ആളെക്കുറിച്ച് ഓർമ വന്നത്. അവൾ സ്വാമിയോട് ചോദിച്ചു.
“സ്വാമി ഇവിടെ വേറാരെങ്കിലുമുണ്ടോ….”
“ഏയ് ഇല്ല നിങ്ങള് രണ്ടുപേരും മാത്രം…. ബാക്കിയുള്ളവരൊക്കെ മറ്റ് നടകളിലാ…. എന്താ മോളെ കാര്യം ? ”
“ഏയ് ഒന്നൂല്ല….”
“എന്നാ വഴിപാടൊക്കെ കഴിക്കട്ടെ…. നിങ്ങള് പ്രാർത്ഥിച്ചോ….”
“ശരി സ്വാമി…എന്റെ നാരായണാ വാസുദേവാ…വിഷ്ണു….എന്തിനാ ഇങ്ങനെ എന്നെ കുരങ്ങ് കളിപ്പിക്കുന്നത്….
നിനക്ക് തമാശ കാണിക്കാൻ ഈ കണ്ണുകാണാത്ത എന്നെ മാത്രമേ കിട്ടിയൊള്ളോ….എന്നെ ഇനി ഇങ്ങനെ പരീക്ഷിക്കരുത്….എന്റെ വേണിമോൾക്ക് നന്നായി പരീക്ഷയൊക്കെ എഴുതാൻ പറ്റണേ….”
എല്ലാ നടകളിലും പ്രാർത്ഥിച്ചശേഷം അമ്പലത്തിലെ നാഗദൈവങ്ങളുടെയടുത്ത് മഞ്ഞപ്പൊടിയുമായി അവൾ നടന്ന്.
(നാഗരുടെ അടുത്ത് ചെല്ലണമെങ്കിൽ അമ്പലക്കുളത്തിലൂടെ നടന്ന് ചെറിയൊരു കാടുപോലെ കിടക്കുന്ന ഭാഗത്തേക്ക് പോകണം.)
അവൾ നാഗദൈവങ്ങളുടെയടുത്തും നേരത്തെ പറഞ്ഞത് തന്നെ പ്രാർത്ഥിച്ചു.
വേണിയുടെ പരീക്ഷാവിജയത്തിന് വേണ്ടി മഞ്ഞപ്പൊടി ഭണ്ഡാരത്തിൻ്റെ മുകളിൽവെച്ച് നേർച്ചക്കാഴ്ചകൾ നടത്തി. അവൾ നാഗരുടെ അടുത്തുള്ള പ്രാർത്ഥന നടത്തിയശേഷം അവൾ നടന്ന് വിഷ്ണുവിന്റെ നടയിലോട്ട് നടക്കാൻ തുടങ്ങി.
അവളെ കണ്ടതും വേണി ഓടിച്ചെന്നു പറഞ്ഞു
“ഓഹ് ചാച്ചേ നാഗരുടെ അവിടെയായിരുന്നൊ….. ഞാൻ പെട്ടന്ന് പേടിച്ചുപോയി ”
“ഏഹ്….അപ്പോ നീയല്ലേ എന്റെ കൂടെ നാഗരുടെ അടുത്തേക് വന്നത് ”
ഇത് കേട്ടതും വേണി ഒരു ഞെട്ടലോടെ
” ഞാനൊ.. ഞാനിവിടെ സ്വാമി വിളിച്ചപ്പോ പ്രസാദം മേടിക്കാൻ നിക്കുവായിരുന്നു ”
” അയ്യോ അപ്പോ എന്റെ കൂടെ ആരായായിരുന്നു… നിന്റെ പോലെയായിരുന്നു കൈകളൊക്കെ എന്നിട്ട്. മഞ്ഞപോടിയൊക്കെ ഒരുമിച്ചാ വെച്ചത് ”
” ദൈവമേ… അതാരാണപ്പാ…. ഇവിടെ വേറെ ആരുമില്ലല്ലോ…ചാച്ചക്ക് തോന്നിയതാകും ”
” അയ്യോ തോന്നിയതൊന്നുമല്ലടി…”
“എന്തോ ആവട്ടെ ചാച്ചേ…. വേഗമിറങ്ങാം… പരീക്ഷക്ക് സമയമാവാറായി ”
” ആണോ… എന്നാ മോള് പൊക്കോ… ചാച്ച ഇന്ന് വരണില്ല കൊണ്ടാക്കാൻ…
മോള് വേഗം പൊക്കോ.. ”
” ചാച്ചയില്ലാതെ ഞാനെങ്ങനാ പോവാ….”
“അയ്യോ…ചെറിയ കുട്ടിയല്ലേ….വൈകണ്ട വേഗം പൊക്കോ…”
“ശെരി എന്നാ ഞാൻ വീട്ടിൽ കൊണ്ടാക്കീട്ട് പോവാം ”
“എന്തിന് അതൊക്കെ ഇപ്പോഴും മനഃപാഠമാ.. സമയം കളയല്ലേ… പോയെ പോയെ ”
“മ്മ് സൂക്ഷിച്ച് പോകണേ…. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ”
” നിനക്കല്ലാതെ വേറെ ആർക് വേണ്ടിയാ ഞാൻ പ്രാർത്ഥിക്ക്യാ… വേഗം പൊക്കോ വൈകണ്ട ”
അങ്ങനെ അമ്പലത്തിന്റെ പുറത്തെത്തി രണ്ടുപേരും… വേണി ബാഗുമെടുത്തു പോയി… പെട്ടന്നാണ് വേണിക്ക് ഒരു കാര്യം ഓർമ്മവന്നത്. അവൾ രുദ്രയുടെ അടുത്ത് ചെന്ന് കവിളിൽ ഒരുമ്മ കൊടുത്തുപോയി.
“ചാച്ചേ..ബൈ.”
“ഇന്ന് ഉമ്മ കിട്ടിയില്ലല്ലോയെന്ന് ആലോചിച്ചതാ. അപ്പോഴേക്കും….എൻ്റെ നാരായണ അവൾക്ക് നന്നായി എഴുതാൻ പറ്റണേ.”
അതും പറഞ്ഞോണ്ടവൾ ശങ്കരാചാര്യരുടെ ആശ്രമത്തിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലോട്ട് നടന്നു.
കാഴ്ച്ചശക്തി ദൈവം കൊടുത്തില്ലെങ്കിലും അതിൻ്റെ ഒരു കുറവും അവൾക്കുണ്ടായിരുന്നില്ല. പെട്ടെന്നാർക്കും അവൾ അന്ധയാണെന്ന് പിടികിട്ടാറില്ലായെന്നതാണ് സത്യം.
കാഴ്ച്ചയില്ലാത്ത ആ മിഴികൾക്ക് എന്തോ പ്രത്യേകതയാണ് അവളുടെ സൗന്ദര്യത്തിന്. ജന്മനാ അന്ധയായി ജനിച്ചവൾ….ഒരുപാട് കാത്തിരിപ്പിന് ശേഷം ഗോവിന്ദമേനോനും ഇന്ദിരാമ്മയ്ക്കും കിട്ടിയ പെൺകുട്ടി. അവൾക്ക് രണ്ടു ചേട്ടന്മാരുണ്ട്.
അന്ധയായ പെങ്ങളൂട്ടിയെ കൊഞ്ചിക്കാനും സ്നേഹിക്കാനും മാത്രം അറിയുന്ന രണ്ടുപേർ. ഒരുപാട് ആശുപത്രിയിൽ പോയി കാണിച്ചെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല.
കാലചക്രം നീങ്ങിപോയപ്പോൾ ഗോവിന്ദമേനോനും ഇന്ദിരാമ്മയും മൃതിയടഞ്ഞു. പിന്നെ രണ്ടു ചേട്ടന്മാരും തങ്ങളുടെ വിവാഹങ്ങൾ കഴിയുന്നത് വരെ അവളെ പൊന്നുപോലെ തന്നെ നോക്കി.
ജോലിസംബന്ധമായ തിരക്കുകൾ കാരണം മറ്റു ജില്ലകളിലോട്ട് അവർക്ക് രണ്ടാൾക്കും താമസം മാറേണ്ടി വന്നു.
നോക്കാൻ ഒരാളെ വെച്ചെങ്കിലും അതൊന്നും ശരിയായി വന്നില്ല. സ്വത്ത് മോഹിച്ച് മാത്രം വിവാഹാലോചനകൾ അവളെ തേടിയെത്തിയിരുന്നു. അതൊക്കെ അവൾ വിവേകത്തോടെ തന്നെ ഒഴിവാക്കിക്കളഞ്ഞു.
അങ്ങനെ ഏകാന്തമായൊരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവരുടെ അടുത്ത ബന്ധു ശ്രീദേവിയും അവരുടെ ഭർത്താവ് മുകുന്ദനും തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ വേണിയെ രണ്ടാമത്തെ വയസ്സിൽ രുദ്രയുടെ അടുത്ത് ഉപേക്ഷിച്ചു പോയത്..
ഇത് നാട്ടിലുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെ ചേട്ടന്മാരുടെ പൊന്നു വേണിയുടെ ചാച്ചയായി. രുദ്രയുടെ ഏകാന്തത നിറഞ്ഞ ജീവിതം പതിയെ പതിയെ മാറി തുടങ്ങി.
അന്ധത എന്ന കുറവ് ഒരു ബുദ്ധിമുട്ട് പോലും ആകാതെ വേണിയെ ഒരമ്മ വളർത്തുന്നത് പോലെ എല്ലാ സൗഭാഗ്യങ്ങളും കൊടുത്ത് വളർത്തി. വേണിയുടെ ചാച്ചേ എന്നുള്ള വിളികാരണം നാട്ടിലുള്ള എല്ലാവരും പിന്നെയാ വിളി പതിവാക്കി.
വേണിയ്ക്ക് കൂട്ടായി രുദ്രയും രുദ്രക്ക് കൂട്ടായി വേണിയും. രുദ്രക്ക് ഇപ്പോൾ 31 വയസ്സ്…വേണിക്ക് 16 വയസ്സ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്നു. Half Yearly പരീക്ഷക്കാണ് അവൾ പോയത്.
കൃഷ്ണന്റെ അമ്പലത്തിൽ നിന്ന് തിരിച്ചുവന്നിട്ടും രുദ്രയുടെ ആശയക്കുഴപ്പത്തിന് ഉത്തരം കിട്ടിയതുമില്ല.
ആശയക്കുഴപ്പത്തിന്റെ വിഷയം വേറെയൊന്നുമല്ല ഇലഞ്ഞിപ്പൂക്കളും പിന്നെ വേണിയെ പോലെ തോന്നിയ ആ ആളെക്കുറിച്ചും തന്നെയാണ്. ദിവസങ്ങൾ കടന്നുപോകുന്തോറും ഇലഞ്ഞിപ്പൂക്കളുടെ വരവിന് ഒരു കുറവുമുണ്ടായിരുന്നില്ല.
“എന്നാലും ഇതിപ്പോ ആരാണാവോ…. എന്തെങ്കിലുമൊരു വഴി കിട്ടുവോ….”
വേണിയെക്കൊണ്ട് വരെ കെണിവെപ്പിച്ചിട്ടും ഒന്നും നടന്നില്ല. വേണിയുടെ പരീക്ഷകൾ കഴിഞ്ഞശേഷം ക്രിസ്മസ് അവധി തുടങ്ങിയ സമയം…രുദ്രക്ക് കടുത്ത പനി പിടിപെട്ട് കിടക്കുന്ന സമയം….
അതുകൊണ്ട് മാല കെട്ടാനൊന്നും അവൾ വീടിന്റെ പുറത്തിരുന്നില്ല. ഇലഞ്ഞിക്ക് യാതൊരുവിധ ക്ഷാമവും വന്നില്ല. ഉപയോഗമില്ലാത്തത് കൊണ്ട് വേണി അവയെല്ലാം കളഞ്ഞു.
രാവിലെ ഒരു 6.30 മണി കഴിഞ്ഞപ്പോൾ അവരുടെ ബന്ധുവും രുദ്രയുടെ കസിനുമായ തെക്കേയിലെ ചേട്ടൻ എന്നെല്ലാവരും വിളിക്കുന്ന ഹരി അവരുടെ വീട്ടിലേക്ക് വന്നത്. പുറത്ത് മുറ്റമടിച്ചുകൊണ്ടിരുന്ന വേണിയുടെ അടുത്ത് ഹരി ചോദിച്ചു.
“വേണി, രുദ്രയെവിടെ കുറച്ചീസമായല്ലൊ കണ്ടിട്ട് എവിടെയാള് ?”
“അതിന് ചേട്ടനെ ഈ വഴിക്ക് രാവിലെയൊന്നും കാണാറില്ലലോ…”
“അല്ല അത് പിന്നെ…..ഊഹിക്കാലോ അതാ…..അപ്പൊ ശരി പിന്നെ കാണാം മുറ്റമടി നടക്കട്ടെ….”
ഹരിയുടെ കയ്യിൽ എന്തോ ഒരു പൊതി മറച്ചുവെച്ചതായിട്ട് വേണിയുടെ കണ്ണിൽപ്പെട്ടു. രുദ്രക്ക് ഇലഞ്ഞിപ്പൂക്കൾ കൊണ്ടുവെച്ചുകൊടുക്കുന്നത് ഹരി ആയിരിക്കുമോ എന്ന സംശയം വേണിയ്ക്ക് തോന്നാൻ തുടങ്ങി.
അങ്ങനെ പണിയൊക്കെ മാറിയശേഷം അവൾ വീണ്ടും പഴയപോലെ മാല കെട്ടാനിരുന്നു. ജനലിന്റെ ഇടയിലൂടെ ആരാണ് വരുന്നതെന്നറിയാൻ വേണിയും.
അങ്ങനെ കൃത്യം ആറരമണി കഴിഞ്ഞപ്പോൾ തലയിൽ ഒരു മങ്കിക്യാപ്പൊക്കെ ഇട്ട് ചെരുപ്പ് ഗേറ്റിന്റെ ഭാഗത്ത് ഊരിവെച്ച് ശബ്ദമൊന്നുമറിയാതിരിക്കാൻ പതുക്കെ രുദ്രയുടെ അടുത്തേക്ക് വന്നു. മങ്കിക്യാപ് ഊരിയത് കണ്ടതും വേണി ഞെട്ടി.
അത് ഹരിചേട്ടനായിരുന്നില്ല. ഇവരുടെ ബന്ധുതന്നെയായ ശ്രീകുമാർ ചേട്ടനായിരുന്നു. ശ്രീകുമാർ ഇലഞ്ഞിപ്പൂക്കൾ പാത്രത്തിലേക്ക് വെച്ചതും വേണി രണ്ടും കൽപ്പിച്ച് ഓടിവന്നു.
“ചാച്ചേ…ഇലഞ്ഞിവെക്കുന്നതാരാണെന്ഞാൻ കണ്ടുപിടിച്ചു. ശ്രീകുമാർ ചേട്ടനാ….”
ഇവളുടെ അപ്രതീക്ഷിതമായ വരവ് ശ്രീകുമാറിനെ പരുങ്ങലിലാക്കി. എല്ലാം പൊളിഞ്ഞുയെന്ന ബോധ്യത്തോടെ ഒരു ചമ്മിയ ചിരിയോടെ അവൻ നിന്നു. പറഞ്ഞുകൊടുക്കല്ലേയെന്ന് ആംഗ്യം കാണിച്ചിട്ടും ഒരു രക്ഷയുമുണ്ടായിരുന്നില്ല.
“ഡീ സത്യമാണോ പറയണേ….”
“സത്യം തന്നെയാ മുൻപില് തന്നെ നിൽക്കുന്നുണ്ടല്ലോ ആള്…..നേരിട്ട് തന്നെ ചോദിച്ചോ…”
“ശ്രീ”
“എന്തോ….”
“നീയാണല്ലേ അപ്പൊ ഈ വേലയൊക്കെ ഒപ്പിച്ചത്….”
“എടോ വേറെയൊന്നും കൊണ്ടല്ല… സോറി…”
“എന്തിനാ എന്നെയിങ്ങനെ കളിപ്പിക്കണത്….”
“തന്നെയെനിക്ക് ഭയങ്കര ഇഷ്ടമാ അതുകൊണ്ടാ….കല്യാണം പോലും കഴിക്കാതെ നിൽക്കുന്നത് തനിക്ക് വേണ്ടിയാ….പ്ലീസ് ഇഷ്ടമല്ലെന്ന് മാത്രം പറയരുത്….”
“അതൊന്നും നടക്കണ കാര്യമല്ല ശ്രീ…. വെറുതെ നിന്റെ ജീവിതത്തിൽ ഒരു ഭാരമായിത്തീരാൻ എനിക്ക് താത്പര്യമില്ല…”
“അയ്യോ എനിക്കൊരു ഭാരവുമല്ല…. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽക്കേ എനിക്ക് തന്നെ ഇഷ്ടമാ….പേടിക്കൊണ്ട് പറയാതിരുന്നതാ.. സത്യം… താനെനിക്കൊരു ഭാരവുമാവില്ല എനിക്ക് ജീവനുള്ള കാലം വരെ ഞാൻ തന്നെ പൊന്നുപോലെ നോക്കിക്കൊള്ളാം.
നിന്നിലെ ഇരുട്ടിനെമാറ്റി നിന്റെ വെളിച്ചമാവാനാ ഞാൻ ആഗ്രഹിക്കുന്നത്….തനിക്ക് സമ്മതമാണെങ്കിൽ ഈ മീനത്തിനുമുൻപേ നടത്താം….ഒന്ന് പറയടോ…”
“ശ്രീ…ഇത് നടക്കില്ല വെറുതെ നിന്റെ ജീവിതത്തിൽ പറ്റിയ ഒരു കൈയ്യബദ്ധമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല….ഇത്രയും നാളും ഒറ്റക്ക് തന്നെയാ ഇവളേം വെച്ച് ജീവിച്ചത് ഇനിയും അങ്ങനെ ജീവിക്കാനാ എനിക്കിഷ്ടം….”
“മ്മ് ഞാൻ പോണു…”
ചെറിയ ഒരു വിഷമത്തോടെ ശ്രീ അവിടെനിന്ന് പോയി.
അന്ന് രാത്രി വേണിയും രുദ്രയും അത്താഴം കഴിച്ചുകൊണ്ടിരിക്കുന്ന സമയം….
“ചാച്ചേ….ശ്രീച്ചേട്ടനെ കെട്ടിക്കൂടെ…..”
“അതൊന്നും വേണ്ട മോളെ…ഒരു വിവാഹ ജീവിതമൊന്നും എനിക്ക് പറ്റില്ല. ഇത്രയും നാളും നിന്നെ നോക്കിത്തന്നെയല്ലെനോക്കിത്തന്നെയല്ലെ ജീവിച്ചത്… ഇനിയും അത് മതി….”
“ചാച്ചേ…”
“വെറുതെ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തിനാ ഒരു ഭാരമാവണത്…”
“ചാച്ചേ +2 കഴിഞ്ഞാ ഞാൻ വേറെവിടെക്കെങ്കിലും പഠിക്കാൻ പോകും അപ്പൊ ഒറ്റയ്ക്കാവില്ലേ….ഒരു കൂട്ടില്ലെങ്കിൽ എങ്ങനാ….എനിക്ക് വേണ്ടിയെങ്കിലും….ശ്രീച്ചേട്ടനെ കല്യാണം കഴിച്ചുക്കൂടെ…”
അങ്ങനെ ഒടുവില വേണിയുടെ വാശിക്ക് മുൻപിൽ രുദ്രക്ക് തോൽക്കേണ്ടി വന്നു. അവൾക്കും ഇഷ്ടക്കുറവൊന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
പക്ഷേ തന്നെപ്പോലെയൊരാൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു അധികപ്പറ്റാകുമോ എന്ന ഭയമായിരുന്നു അവൾക്ക്. ശ്രീയുടെ വീട്ടിലും ആദ്യം കുറച്ച് പ്രശ്നമൊക്കെയുണ്ടായിരുന്നു….
പക്ഷേ മകന്റെ ആഗ്രഹത്തെയോർത്ത് അവരും സഹോദരങ്ങളും സന്തോഷത്തോടെത്തന്നെ അവസാനം Yes മൂളി.
അങ്ങനെ നമ്പിള്ളി അമ്പലത്തിലെ ഫെബ്രുവരി മാസത്തിൽ നടക്കുന്ന ഉത്സവാഘോഷത്തിനിടയിൽ വിഷ്ണുവിനെയും സ്വയം ഭൂ : ആയ ശിവന്റെയും നടയുടെ മുന്നിൽ അവൾത്തന്നെയുണ്ടാക്കിയ ഇലഞ്ഞിപ്പൂക്കളോടെയുള്ള തുളസിമാല ഇട്ട് തന്നെ വിവാഹിതരായി.
രുദ്രയുടെ ആഗ്രഹപ്രകാരം അവരുടെ ആദ്യരാത്രി അവളുടെ വീട്ടിൽത്തന്നെയാക്കാൻ തീരുമാനിച്ചു. സെറ്റ് സാരിയുടുത്ത അവളെ വേണി അവരുടെ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി.
അല്പസമയത്തിന് ശേഷം ശ്രീകുട്ടനും കടന്നുവന്നു. അൽപ്പം സംസാരിച്ചിരുന്നശേഷം ശ്രീക്കുട്ടൻ രുദ്രയെ കെട്ടിപ്പിടിച്ചപ്പോഴാണ് അവനൊരു കാര്യം മുറിയുടെ ജനലിന്റെ ഭാഗത്തുള്ള മേശയിൽ കണ്ടത്. വാടാത്ത വാഴയിലയിൽ സുഗന്ധം തുളുമ്പുന്ന ഇലഞ്ഞിപ്പൂക്കൾ….
“ഈ ഇലഞ്ഞിപൂക്കളൊക്കെ ആരാ ഇവിടെ വെച്ചത്….അതും നല്ല ഫ്രഷ്…”
“ഞാനെങ്ങനെ വെക്കാനാ….”
“അതും ശരിയാണല്ലോ…..ഇനി വേണിയെങ്ങാനുമായിരിക്കുമോ….”
“അതിന് ഇവിടങ്ങളിലെവിടെയാ ഇലഞ്ഞിയെന്ന് അവൾക്ക് പോലും അറിയത്തില്ല….”
“എന്നാലും അതെങ്ങനെ ഇത്രയും ഫ്രഷായ ഇലഞ്ഞി അതും ഈ രാത്രിയില്…”
“പിന്നെ വേറൊരു കാര്യം എന്റെ കൂടെ നാഗരുടെ അടുത്ത് വന്നത് ശ്രീയാണോ….”
“ഏയ് അല്ല….എന്താ അങ്ങനെ ഒരു സംശയം.”
“അങ്ങനെ ഒരു തോന്നൽ എനിക്കുണ്ടായി. അതാ….”
കുറേ നേരം തലപുകഞ്ഞിരുന്നെങ്കിലും അതൊക്കെ മറന്ന് അവർ നിദ്രയിലാണ്ടു. ആരാണ് സുഗന്ധതുല്യമായ ഇലഞ്ഞിപൂക്കൾ അവിടെ വെച്ചതെന്നും പിന്നെ രുദ്രയുടെ കൂടെ നാഗരുടെ അടുത്ത് വന്നതെന്ന് ഒരു ഉത്തരവുമില്ല.
പക്ഷേ ഇതുവരെ ആ മുറിയിൽ കാണാത്ത ഒരു കാര്യം മാത്രം ആ കൃഷ്ണഭക്തയുടെ മുറിയിലെ അവർ നിദ്രയിലാണ്ട് കിടക്കുന്ന ആ ശപ്രമഞ്ചകട്ടിലിന്റെ അടിയിലുണ്ടായിരുന്നു…..
ഒരു മയിൽപീലി…..
കഥക്ക് പ്രചോദനം തന്ന ഞങ്ങളുടെ മരിച്ചുപോയ ചാച്ചക്ക് (മുത്തശ്ശിയുടെ വല്യമ്മക്ക്) സമർപ്പിക്കുന്നു…