ഞാനൊരു പെണ്ണാ.. എനിക്ക് മാനവും അഭിമാനവും ഒക്കെയുണ്ടു.. വല്ല കൂതറകളെപ്പോലെ… എന്നെക്കൊണ്ട് പറ്റില്ല…

കട്ട കലിപ്പന്റെ മുൻകോപക്കാരി
(രചന: രചന : വിജയ് സത്യ.)

റോഡിലുള്ള ഹെയർ പിൻ വളവ് തിരിഞ്ഞപ്പോൾ
ഋതുവിന്റെ പുറത്ത് പറ്റി ചേർന്ന് കെട്ടിപിടിച്ചിരിക്കുന്ന ജിനിയുടെ കൈയൊന്നു അയഞ്ഞപ്പോൾ ബുള്ളറ്റ് ഒന്ന് പാളി…

നീ ഇതു മറിച്ചിടുമോ…ജിനി

ഋതു ഞാൻ പറഞ്ഞില്ലേ…എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു…

അച്ചോടാ….ഇതെന്തു കഷ്ടം..അമ്മ വീട്ടിൽ നിന്ന് വരുമ്പോൾ ഒക്കെ സാധിച്ചിട്ട് ഇറങ്ങാമായിരുന്നില്ലേ ജിനി നിനക്ക്…
പോരോന്നേരം നാരങ്ങ സർബത്തും ജ്യൂസും ഒക്കെ അടിച്ചു കുടിക്കാൻ നേരം ഓർക്കണമായിരുന്നു… വഴിയിൽ ഒന്നരമണിക്കൂർ സഞ്ചരിക്കാൻ ഉണ്ട് എന്നുള്ള കാര്യം..

ഞാൻ ഒഴിച്ചതാ… ഋതു..

ഓ.. എന്നിട്ടെന്താ പിന്നെയും…
ദേ…ഈ റോഡിന്റെ വക്കിൽ എങ്ങാനും സാധിക്കു.. ആരുമില്ല..അല്ലപിന്നെ….

എടാ കുരിപ്പേ… നീ എന്താ ഈ പറയുന്നേ…അയ്യേ.. നാണക്കേട്… വിജനമാണ് എന്നാലും… പെട്ടെന്ന് ഏതെങ്കിലും വണ്ടി വന്നാൽ…

വണ്ടി വന്നാൽ വണ്ടിയുടെ വഴിക്ക് പോകും..
നിനക്ക് കാര്യം സാധിച്ചാൽ പോരെ ജിനി.

പോരാ.. ഞാനൊരു പെണ്ണാ.. എനിക്ക് മാനവും അഭിമാനവും ഒക്കെയുണ്ടു.. വല്ല കൂതറകളെപ്പോലെ… എന്നെക്കൊണ്ട് പറ്റില്ല… നീ വണ്ടി വിടൂ വേഗം…

എങ്കിൽ ഒരു 10 മിനിറ്റ് കൂടി സഹിക്കു 8 കിലോമീറ്ററല്ലേയുള്ളൂ വീടെത്താൻ…

വീട് എത്തുന്നത് എന്തിനാടാ… അതിനുമുമ്പ് ഉണ്ടല്ലോ ഒരു സ്ഥലം…

പിന്നെ വീടത്താതെ… വഴിക്ക് പറ്റില്ല എന്നല്ലേ പറഞ്ഞത്… അതിനിടയിൽ എവിടെയാ… ഇതിന് പറ്റിയ സ്ഥലമുള്ളത്….

അതൊക്കെയുണ്ട്….ഓ നിനക്ക് മറന്നു അല്ലേ….

ഓ…. ഇല്ല.. ഇല്ല… നമ്മുടെ സ്വന്തം സ്ഥലം ഉണ്ടല്ലോ…. ഞാനിപ്പഴാ അതോർത്തത്… അതെങ്ങനെ മറക്കാനാ…പിന്നെ കലിപ്പി… നിന്നെ അടുത്തുതന്നെ ഒരു ഡോക്ടറെ കാണിക്കണം…

എന്തിനു..

നിന്റെ ബ്ലാഡറിനു എന്തോ പ്രശ്നമുണ്ട്…
പണ്ടും നിനക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായല്ലോ… നമ്മുടെ വീടിനടുത്തുള്ള ടൗണിൽ വച്ച്.. അങ്ങനെയാണല്ലോ നമ്മൾ പരിചയപ്പെട്ടത്..

ഉം…

അവൾ മൂളി.. എന്നിട്ട് പറഞ്ഞു

പോടാ…എനിക്ക് നല്ല കപ്പാസിറ്റിയാ അതുകൊണ്ടാ അറിയാത്തത്..

അവനെ ചേർത്ത് പിടിച്ച് അങ്ങനെ സഞ്ചരിക്കവേ അവൾ മുമ്പ് നടന്ന ആ കാര്യം ഓർത്തു..

പട്ടണത്തിലെ ഹൈസ്കൂളിലാണ് ആ ശനിയാഴ്ച എൽഡിസി ക്ലർക്ക് പോസ്റ്റിലേക്കുള്ള പി എസ് സി എക്സാം ഉണ്ടായത്.. അത് എഴുതി വരവേ ആദ്യം വന്ന് നിന്ന ബസ്സിൽ ചാടി കയറി..

ബസ്സിൽ പുറം കാഴ്ചകൾ കണ്ടു ഇരിക്കുകയാണ്..

ഫ്രൂട്ടി…. ഫ്രൂട്ടി.

അപ്പോഴാണ് മാങ്ങ ജ്യൂസ് വില്പനക്കാരനായ ഒരാൾ ബസ്സിൽ കയറി വന്നത്…

വായിൽ വെള്ളമൂറി… ഡിഗ്രിയും PG യും കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന ഒരു പെൺകുട്ടിയാണെന്ന് ബോധമില്ല…

രണ്ടെണ്ണം വാങ്ങിച്ചു… സ്ട്രോ വച്ചു വലിച്ചു കുടിച്ചു. കൂടു പുറത്തേക്ക് കളഞ്ഞു…
ബസ് കുറച്ചുനേരം സഞ്ചരിച്ചു…
അപ്പോഴാണ് ഒന്നിന്റെ പ്രശ്നം കലശലായി അനുഭവപ്പെട്ടത്.. പിടിച്ചുനിന്നു.. നാട്ടിലേക്കുള്ള ബസ് കാക്കേണ്ട ജംഗ്ഷനിൽ അവൾ ഇറങ്ങാൻ വേണ്ടി സീറ്റിൽ നിന്നും എഴുന്നേറ്റു..

എന്റെ അമ്മേ… വേദന.. സഹിക്കുന്നില്ല ബ്ലാഡർ നിറഞ്ഞ് ഇപ്പൊ പൊട്ടിപ്പോകും എന്ന് അവസ്ഥ…

ബസ് ആ ജംഗ്ഷനിൽ നിന്നപ്പോൾ അവൾ എങ്ങനെയൊക്കെയോ ബസ്സിൽ നിന്നും താഴെ ഇറങ്ങി…

സഹിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് ഒരു അപരിചിതനായ ചെറുപ്പക്കാരൻ ബൈക്കും കൊണ്ട് അതിലെ വരുന്നത് കണ്ടത്..

അവൾ കൈകാട്ടി അവനെ നിർത്തി.

ചേട്ടാ ഏതെങ്കിലും വീടിന്റെ മുമ്പിൽ എന്നെക്കൊണ്ട് ചെന്നാക്കുമോ?

എന്താ എന്ത് പറ്റി..

എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു..

അത് കേട്ടവൻ അവളെ നോക്കി.. ശരിയാണ് പ്ലാഡർ നിറഞ്ഞ് വേദന കൊണ്ട് നിവർന്നു നിൽക്കാൻ പോലും പറ്റുന്നില്ല..

വേഗം കയറ് ആദ്യം കാണുന്നത് എന്റെ വീട്ടിൽ തന്നെയാണ് അവിടെ പോകാം….

അവൾ എങ്ങനെയൊക്കെ ആ ചെറുപ്പക്കാരുടെ ബൈക്കിൽ കയറി…

അവൻ വേഗം അവളെയും കൊണ്ട് അവന്റെ വീട്ടിലേക്ക് ചെന്നു…

അമ്മ ക്ഷേത്രത്തിൽ പോയിരിക്കുകയാണ്… നീ വാ.. അകത്താണ് ടോയ്ലറ്റ്…

അവൾ ഒട്ടും അമാന്തിക്കാതെ വേഗം അവന്റെ പിറകെ ചെന്നു..

അവൻ വേഗം ടോയ്‌ലറ്റിന്റെ ഡോർ തുറന്നു കൊടുത്തു..

അവൾ അകത്തു ചെന്നു…

പുറത്തിറങ്ങിയ അവളിൽ ഒരു യുദ്ധം കഴിഞ്ഞ സമാധാനം ഉണ്ടായിരുന്നു..

അവളെ നോക്കി അവൻ പുഞ്ചിരിച്ചു..

ഒരുപാട് നന്ദി ചേട്ടാ.. ഞാൻ പൊയ്ക്കോട്ടെ…

ബസ്റ്റോപ്പിൽ ഞാൻ കൊണ്ടുവിടാം.. ബസ് വന്നാലോ പെട്ടെന്ന്… ഇവിടെ എങ്ങാനും സ്റ്റോപ്പ് ഇല്ല..

അങ്ങനെ അന്ന് തന്നെ ഒരു വലിയ കാര്യത്തിൽ സഹായിച്ചു ഈ ഋതു ബസ്റ്റോപ്പിലേക്ക് കൊണ്ടുവിട്ടപ്പോൾ പിന്നീട് അവൻ തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന വിധത്തിൽ ഒരു സംഭവം കൂടി ഉണ്ടാകും എന്ന് അവൾ ഓർത്തില്ല..

ജിനിക്ക് തദ്ദേശത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിൽ ക്ലർക്കായി ജോലി കിട്ടി…

ഒരു ദിവസം ജിനി പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തിരിക്കെ ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് കടന്നു വന്നു..

എന്നിട്ട് പൂരിപ്പിച്ച ഒരു അപേക്ഷ അവളുടെ നേരെ നീട്ടി ചോദിച്ചു..

മാഡം ഇത് വഴിയോര വിശ്രമ കേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിർമിക്കാനുള്ള അപേക്ഷയാണ് ഇത് എവിടെയാണ് കൊടുക്കേണ്ടത്..?

അവൾ അവനെ തിരിച്ചറിഞ്ഞു.. തന്നെ അന്ന് ആ അസന്നിഗ്ധ ഘട്ടത്തിൽ വീട്ടിൽ കൊണ്ടുപോയി സഹായിച്ച ചെറുപ്പക്കാരൻ..

ഈശ്വരാ…. ഋതു വേട്ടൻ അല്ലേ…

ആണല്ലോ ആരാ…

ഞാൻ ജിനി അന്ന് ചേട്ടന്റെ വീട്ടിൽ വന്നാ ആ പെൺകുട്ടി..

ആ…അത് ശരി… ജിനിയാണല്ലേ

അവനെ തിരിച്ചറിഞ്ഞു…

എങ്കിൽ പിന്നെ കാര്യം എളുപ്പമായി ഞാനും വഴിയാത്രക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന ആ ഒരു അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് മനസ്സിൽ വിചാരിച്ചിരിക്കുകയായിരുന്നു…

ജിനി അത് സന്തോഷപൂർവ്വം വാങ്ങിച്ച് പ്രസിഡണ്ടിനെ ഏൽപ്പിച്ചു..

ഇത് എന്തായാലും നമുക്ക് പാസാക്കിയെടുക്കാം… എന്റെയും കൂടി ഉത്സാഹം ഇതിനുണ്ടാകും… നമ്പർ താ.. കാര്യങ്ങൾ ഞാൻ വിളിച്ച് അറിയിക്കാം..

ജിനി ഋതുവിന്റെ നമ്പർ വാങ്ങിച്ചു…

തന്നെ സഹായിച്ച അന്നുതന്നെ ജിനിക്ക് ഋതുവിനോട് അനുരാഗം തോന്നിയിരുന്നു…

പലപ്പോഴും എവിടെയെങ്കിലും വെച്ച് കാണണമെന്ന് ആഗ്രഹിച്ചിരുന്നു.. ജോലി കിട്ടിയപ്പോൾ തൊട്ട് ആ ആഗ്രഹം കൂടിക്കൂടി വന്നു… അങ്ങനെ ദൈവമായിട്ട് അവളുടെ മുമ്പിൽ എത്തിച്ചത് പോലെ തോന്നി അവൾക്ക് അവനെ കണ്ടപ്പോൾ..

പിന്നീടുള്ള ദിനങ്ങളിൽ വാട്സാപ്പിലൂടെ കുശലന്വേഷണമായി.. ചാറ്റിങ് ആയി…. ക്രമേണ പ്രണയം വളർന്നു… അവൾ തന്നെ ഒരു ദിവസം അവനോട് പറഞ്ഞു..

ജിനിയുടെയും ഋതുവിന്റെയും ഉത്സാഹത്തിന്റെ ഫലമായും പിന്നെ നാട്ടുകാരുടെ സഹകരണത്തോടുകൂടിയും
ഇതിനിടെ ആ ജംഗ്ഷനിൽ വലിയ ഒരു വിശ്രമ കേന്ദ്രവും കംഫർട്ട് സ്റ്റേഷനും പഞ്ചായത്ത് സ്വന്തം ചെലവിൽ സ്ഥാപിച്ചു..

അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഒരുപാട് സമയം ജിനിക്കും ഋതുവിനും പരസ്പരം കണ്ടുമുട്ടാനും ഒന്നിച്ച് വളരെ അടുത്തു ഇടപഴകാനും സാധിച്ചു..

അതിന്റെ ഫലമായി അവരുടെ പ്രണയം വിവാഹത്തിലെത്തി…

ദേ…ഡി… ജിനി നമ്മുടെ കംഫർട്ട് സ്റ്റേഷനിൽ എത്തി…

അപ്പോഴാണ് അവൾ പഴയകാല സ്മരണയിൽ നിന്നും ഉണർന്നത്…
പഞ്ചായത്ത് വകയിലുള്ള കംഫർട്ട് സ്റ്റേഷന്റെ മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ
അവൾക്ക് സന്തോഷമായി… അന്നു ബസ്സിറങ്ങിയപ്പോൾ ഈ ഒരു അവസ്ഥയിൽ താൻ ഇതുപോലൊരു കംഫർട്ട് സ്റ്റേഷൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു..

ഇപ്പോൾ അത് സാധിച്ചു….

അവൾ ആശ്വാസത്തോടെ അകത്തുകയറി..

ഉദ്ഘാടനത്തിന് ശേഷം അവൾക്കും അത് ആദ്യമായി ഉപയോഗിക്കാൻ പറ്റി..

പുറത്തിറങ്ങി വന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

അതുകൂടാതെ അവന്റെ ചൂടു പറ്റി ആ ബുള്ളറ്റിനെ പിറകിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ അവളിൽ ആകെ ഒരു ആത്മനിർവതി കൂടി ഉണ്ടായിരുന്നു… പ്രണയം സഫലമായി ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ജീവിക്കുമ്പോൾ ഉള്ള ഒരു സുഖം…

.
.

രചന : വിജയ് സത്യ.