(രചന: അഞ്ജലി)
ആദ്യരാത്രി റാമിന്റെ അമ്മ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്ത പാൽ ഗ്ലാസുമായി അവന്റെ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ വേണിയുടെ ശരീരം പൂക്കുല പോലെ വിറ കൊണ്ടു.
അവൾക്ക് ഒട്ടും ഇഷ്ടമില്ലാതെ നടന്ന വിവാഹം ആയിരുന്നു അത്. റാം ആ സിറ്റിയിലെ തന്നെ പേര് കേട്ട ബിസിനസ് മാൻ ആണ്. റാമിന്റെ ഡ്രൈവറുടെ മകൾ ആണ് വേണി.
ഒരിക്കൽ എപ്പോഴോ എന്തോ ആവശ്യത്തിനായി റാം തന്റെ ഡ്രൈവറുടെ വീട്ടിലേക്ക് പോയപ്പോഴാണ് അവിടെ വച്ച് അവൻ യാദൃശ്ചികമായി വേണിയെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ റാമിന് അവളെ ഇഷ്ടമായി. വീട്ടുകാർ മുഖേന പെണ്ണ് ചോദിച്ചു വന്നപ്പോൾ ഡ്രൈവർ മുകുന്ദനും അത് അത്ഭുതമായി. തന്റെ യജമാനനോടുള്ള സ്നേഹത്താലും കടപ്പാടും കൊണ്ട് മകളുടെ സമ്മതം പോലും ചോദിക്കാതെ അയാൾ ആ വിവാഹത്തിന് സമ്മതം കൊടുത്തു. കാരണം ഇതിനേക്കാൾ നല്ലൊരു ബന്ധം തന്റെ മകൾക്ക് ഇനി കിട്ടില്ല എന്ന് മുകുന്ദന് ഉറപ്പായിരുന്നു.
വേണിക്ക് മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നു. അത് റാമിന്റെ അനിയൻ ഡോക്ടർ മാധവ് ആയിരുന്നു. ഇരുവരും തങ്ങളുടെ ഇഷ്ടം വീട്ടിൽ അറിയിക്കാൻ തുടങ്ങുമ്പോഴാണ് റാമിന്റെ ഈ അപ്രതീക്ഷിത നീക്കങ്ങൾ. തന്റെ അനിയനും വേണിയും സ്നേഹത്തിൽ ആയിരുന്നു എന്ന് അവനും അറിവില്ലായിരുന്നു. റാം വേണിയെ പെണ്ണ് കണ്ട് വിവാഹം ഉറപ്പിക്കുമ്പോ മാധവ് യു എസ്സിൽ ആയിരുന്നു. അവിടുന്ന് റാമിന്റെ കല്യാണ ദിവസം ആണ് അവൻ തിരിച്ചു എത്തിയത്. കല്യാണം നടക്കുന്ന ദിവസം വരെ വേണിക്ക് റാമിനോട് സംസാരിക്കാൻ ഒരവസരം കിട്ടാത്തത് കൊണ്ട് അവൾക്ക് അവനോട് ഒന്നും പറയാനും കഴിഞ്ഞില്ല.
നിറഞ്ഞൊഴുകുന്ന മിഴികളോടെ വിവാഹ പന്തലിൽ ചേട്ടന്റെ ഭാര്യയാകാൻ ഇരിക്കുന്ന വേണിയെ കണ്ട് മാധവിന്റെ ഹൃദയം പിടഞ്ഞു. ആ അവസാന നിമിഷത്തിൽ ഒന്നും ചെയ്യാനാവാതെ താലികെട്ട് നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ. നിസ്സഹായായി തന്നെ നോക്കുന്ന വേണിയെ കാണവേ മാധവിന്റെ നെഞ്ച് വേദനിച്ചു.
വേണി പാൽ ഗ്ലാസുമായി ചേട്ടന്റെ മുറിയിലേക്ക് പോകുന്നതും പിന്നാലെ പോയ റാം ആ മുറിയിൽ കയറി വാതിൽ അടയ്ക്കുന്നതും ഒരു പിടച്ചിലോടെ മാധവ് കണ്ട് നിന്നു. ഇനി എന്തൊക്കെയായിരിക്കും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതെന്ന് അവന് അറിയില്ലായിരുന്നു.
വേണി നീട്ടിയ പാൽ ഗ്ലാസ് വാങ്ങി റാം ചുണ്ടോട് ചേർത്തു. പകുതിയോളം പാൽ കുടിച്ചിട്ട് അവൻ ആ ഗ്ലാസ് അവൾക്ക് നേരെ നീട്ടി.
ഞാൻ പാല് കുടിക്കാറില്ല… കുടിച്ചാൽ ഛർദിക്കും. എനിക്ക് അതിന്റെ മണം പിടിക്കില്ല.
വിക്കി വിക്കിയാണ് വേണി അത് പറഞ്ഞത്.
താൻ പാല് കുടിക്കില്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല.
അവൻ ഗ്ലാസ് മേശയിലേക്ക് വച്ചു.
വേണി ഇനി എന്ത് ചെയ്യണമെന്നറിയാതെ റാമിനെ തന്നെ നോക്കി പകച്ചു നിന്നു.
രാത്രി മുഴുവൻ ഇങ്ങനെ നിൽക്കാൻ തന്നെയാണോ തന്റെ ഉദ്ദേശം. ഇങ്ങോട്ട് വന്ന് കിടക്കടോ. കുറച്ചു സമയം നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം. വിവാഹത്തിനു മുമ്പ് നമുക്ക് വിശദമായി പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ലല്ലോ.
റാം ഒരു പുഞ്ചിരിയോടെ അവളുടെ കൈക്ക് പിടിച്ച് ബെഡിൽ തന്റെ അടുത്തായി ഇരുത്തി.
എനിക്ക് ഒന്ന് കിടന്നാൽ കൊള്ളാമെന്നുണ്ട് നല്ല തല വേദനിയ്ക്കുന്നു.
വേണിക്ക് അവനെ അഭിമുഖീകരിക്കാൻ കഴിഞ്ഞിരുന്നില്ല. റാമിനോട് താൻ അവന്റെ അനിയനെയാണ് സ്നേഹിച്ചിരുന്നത് എന്നും അവന്റെ ഒപ്പമാണ് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചതെന്നും തുറന്നു പറയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്ക് അപ്പോൾ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
ഞാൻ ബാം പുരട്ടി തരണോ
റാം അലിവോടെ അവളോട് ചോദിച്ചു.
വേണ്ട…
വേണിക്ക് വിരോധമില്ലെങ്കിൽ എന്റെ മടിയിൽ തല വച്ച് കിടന്നോ ഞാൻ മസാജ് ചെയ്തു തരാം.
അതൊന്നും വേണ്ട… എനിക്ക് അതൊന്നും ഇഷ്ടമല്ല. എന്റെ അനുവാദമില്ലാതെ റാം ഏട്ടൻ എന്റെ ശരീരത്തിൽ തൊടരുത്.
അത്രയും പറഞ്ഞു കൊണ്ട് അവൾ ബെഡിന്റെ മറുവശത്ത് ഓരം ചേർന്ന് കിടന്നു.
വേണിയുടെ വാക്കുകൾ കേട്ട് റാമിന്റെ മനസ്സ് അസ്വസ്ഥമായി. ഒരുപക്ഷെ അവൾക്ക് ഇഷ്ടമില്ലാതെ ആയിരിക്കും ഈ വിവാഹം നടന്നിട്ടുണ്ടാവുക എന്നും വേണിയുടെ മനസ്സ് മാറി തന്നെ സ്നേഹിക്കുന്നത് വരെ താൻ കാത്തിരിക്കണം എന്നും അവൻ ചിന്തിച്ചു.
തുടർന്ന് അവളെ ശല്യപ്പെടുത്താതെ റാമും കട്ടിലിന്റെ അരികിലായി കിടന്നു.
കുറച്ചു ദിവസങ്ങൾ അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ലാതെ കടന്ന് പോയി.
വേണിക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതി കാത്തിരുന്ന റാമിന് നിരാശയായിരുന്നു ഫലം. അതേസമയം മാധവിനോട് ഒന്ന് തനിച്ച് സംസാരിക്കാൻ അവസരം കിട്ടാതെ വീർപ്പു മുട്ടുകയായിരുന്നു വേണിയുടെ ഹൃദയം.
അങ്ങനെ കുറെ ദിവസങ്ങൾക്ക് ഒടുവിൽ ഒരു പകൽ റാമിന്റെ അച്ഛനും അമ്മയും വെളുപ്പിന് ഗുരുവായൂർക്ക് പോകാൻ പുറപ്പെടുകയായിരുന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ പോയത് റാം ആണ്. അതുകൊണ്ട് തന്നെ രാവിലെ ആ വലിയ വീട്ടിൽ വേണിയും മാധവും തനിച്ചായി.
വേണി…
കുളിച്ചിട്ട് ബാൽക്കണിയിൽ വന്ന് നിന്ന് തല തൂവാർത്തുകയായിരുന്നു വേണി. അപ്പോഴാണ് പിന്നിൽ മാധവിന്റെ ശബ്ദം അവൾ കേട്ടത്.
മാധവ്…” ഞെട്ടലോടെ വേണി പിന്തിരിഞ്ഞു.
അച്ഛനും അമ്മയും ഏട്ടനും ഇവിടെയില്ല. അതാ ഞാനിപ്പോൾ നിന്റെ അടുത്തേക്ക് വന്നത്.
നിറകണ്ണുകളോടെ വേണി മാധവന്റെ അടുത്തേക്ക് ഓടിച്ചെന്നു.
നിന്നോട് ഒന്ന് സംസാരിക്കാൻ പറ്റാതെ എത്ര ദിവസമായി ഞാൻ ഇവിടെ വീർപ്പുമുട്ടി കഴിക്കുകയായിരുന്നു എന്നറിയോ മാധവ്.
ഏട്ടൻ കണ്ടു ഇഷ്ടപ്പെട്ട പെൺകുട്ടി നീയാണെന്ന് ഞാൻ കല്യാണ മണ്ഡപത്തിൽ എത്തിയപ്പോഴാണ് വേണി അറിഞ്ഞത്.
മാധവിന്റെ ഏട്ടനോട് ഞാൻ ഇതുവരെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന കാര്യം പറഞ്ഞിട്ടില്ല. സത്യത്തിൽ എനിക്ക് എന്ത് ചെയ്യണം എന്ന് തന്നെ അറിയില്ലടാ. ചെകുത്താനും കടലിനും നടുവിൽ എത്തിപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ.
വേണി… ഞാൻ സ്നേഹിച്ചത് നിന്നെയാണ്. നീ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല. എന്റെ പെണ്ണായി കണ്ട നിന്നെ എന്റെ ഏട്ടൻ കല്യാണം കഴിച്ചതും നിന്റെ കൂടെ ഏട്ടൻ ജീവിക്കുന്നതും ഒന്നും സഹിക്കാൻ എനിക്ക് പറ്റില്ല. ജീവിതകാലം മുഴുവനും നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് കണ്ടുകൊണ്ട് ഇവിടെ ജീവിക്കാൻ എനിക്ക് കഴിയില്ല. ആരോടും ഒന്നും പറയാനുള്ള സാവകാശവും എനിക്ക് കിട്ടിയിരുന്നില്ല.
മാധവ് പറഞ്ഞു.
നീ അറിഞ്ഞ എന്റെ ഈ ശരീരം ഇതുവരെ നിന്റെ ഏട്ടൻ തൊട്ടിട്ടില്ല മാധവ്. എനിക്ക് ഇഷ്ടമില്ല എന്നറിയാവുന്നതു കൊണ്ട് ഇതുവരെ നിന്റെ ഏട്ടൻ അകന്നു നിൽക്കുകയായിരുന്നു. ഇനിയും എത്രനാൾ എനിക്ക് ഇങ്ങനെ നിൽക്കാൻ സാധിക്കുമെന്ന് അറിയില്ല. എത്രയും പെട്ടെന്ന് നിന്റെ ഏട്ടനോട് സത്യങ്ങളൊക്കെ തുറന്നു പറഞ്ഞു എന്നെ നീ കല്യാണം കഴിക്കണം മാധവ്.
നീയുമായി കിടക്ക പങ്കിട്ട എനിക്ക് ഇനി നിന്റെ ഏട്ടനുമായി കിടക്ക പങ്കിട്ട് ജീവിത കാലം മുഴുവനും ഭാര്യ ഭർത്താക്കന്മാർ ആയി ജീവിക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. ഒരേസമയം അനിയനെയും ചേട്ടനെയും ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല. ഞാൻ ഭർത്താവായി കണ്ടത് നിന്നെ മാത്രമാണ്. എത്രയും പെട്ടെന്ന് തന്നെ നീ എന്തെങ്കിലും ചെയ്യണം.
വേണി മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
“വേണി… മോളെ… കരയല്ലെടി… നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. എത്രയും പെട്ടെന്ന് ഏട്ടനോട് സത്യം പറഞ്ഞ് ഞാൻ എന്തെങ്കിലും ചെയ്യാം.
വേണിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു മാധവ് സമാധാനിപ്പിച്ചു. അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി സങ്കടം തീരുവോളം കരഞ്ഞു.
മതി കരഞ്ഞത് കണ്ണ് തുടയ്ക്ക്.
വേണിയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത മാധവ് അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു. ഒരു നിമിഷം ഇരുവരുടെയും മിഴികൾ തമ്മിൽ ഉടക്കി. ആ നിമിഷം മാധവ് സ്വയം അറിയാതെ തന്നെ പതിയെ മുഖം താഴ്ത്തി വേണിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഒപ്പം അവന്റെ കൈകൾ അവളുടെ ഉടലിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
ആ രംഗം കണ്ട് കൊണ്ടാണ് റാം പെട്ടെന്ന് അവിടേക്ക് കയറി വന്നത്. തന്റെ ഭാര്യയുടെ ചുണ്ടിൽ ചുംബിക്കുന്ന അനിയനെ കണ്ട് റാം നടുങ്ങി പോയി. എന്നാൽ അതിനേക്കാൾ ഞെട്ടിയത് എതിർപ്പൊന്നും കാട്ടാതെ നിൽക്കുന്ന വേണിയെ കണ്ടാണ്.
വേണി… റാം അലറി.
അപ്രതീക്ഷിതമായി അവന്റെ ശബ്ദം കേട്ട് ഇരുവരും അകന്ന് മാറി.
രണ്ടും കൂടെ ചേർന്നു എന്നെ ചതിക്കുകയായിരുന്നു അല്ലേ?
മാധവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് റാം അലറി.
ഇല്ല ഏട്ടാ ഞങ്ങൾ ഏട്ടനെ ചതിച്ചിട്ടില്ല. ഞാനും വേണിയും വർഷങ്ങളായി തമ്മിൽ പ്രണയത്തിലായിരുന്നു.
തുടർന്ന് സംഭവിച്ചതൊക്കെ റാമിനോട് മാധവ് തുറന്നു പറഞ്ഞു.
പരസ്പരം സ്നേഹിച്ച നിങ്ങൾ തന്നെ ഒരുമിച്ച് ജീവിച്ചോ. നിങ്ങൾക്കിടയിൽ ഒരു തടസ്സമായി ഞാൻ വരില്ല.
അത് പറഞ്ഞു കൊണ്ട് റാം കഴിഞ്ഞിട്ട് കഴുത്തിൽ താൻ കെട്ടിയ താലി അഴിച്ചെടുത്തു. അനിയൻ സ്നേഹിക്കുകയും അനുഭവിക്കുകയും ചെയ്ത പെണ്ണിനെ ആണല്ലോ താൻ താലി കെട്ടിയത് എന്നോർത്ത് അവൻ സങ്കടപ്പെട്ടു.
ഒത്തിരി നന്ദിയുണ്ട് ഏട്ടാ… കല്യാണത്തിന് മുമ്പ് ഒന്നും തുറന്നു പറയാൻ അവസരം കിട്ടാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞങ്ങളെ വെറുക്കരുത്.
കൂപ്പുകൈകളോടെ വേണിയും മാധവും റാമിനോട് പറഞ്ഞു.
പോയി സന്തോഷത്തോടെ ജീവിക്ക് എനിക്ക് നിങ്ങളോട് വെറുപ്പ് ഒന്നുമില്ല.
റാം പറഞ്ഞു.
ചേട്ടനെ നന്ദിയോടെ ഒന്ന് നോക്കിയതിനു ശേഷം വേണിയെയും കൊണ്ട് മാധവ് അവിടെ നിന്നും പോയി. വൈകാതെ തന്നെ അവൻ അവളെയും കൂട്ടി യുഎസ്സിലേക്ക് പോയി.
അഞ്ജലി