(രചന: രജിത ജയൻ)
“ഒരു സർക്കാർ ജോലി സ്വന്തമായുണ്ടെന്ന് കരുതി എന്തു തീരുമാനവും സ്വയമെടുക്കാമെന്നൊരു ചിന്ത ശാരദയുടെ മോൾക്ക് ഉണ്ടെങ്കിൽ അതിവിടെ ,ഈ തറവാട്ടിൽ വേണ്ട…
“ഇവിടെ നിന്റെ കാര്യങ്ങൾ തീരുമാനിയ്ക്കുന്നത് ഞാനാണ് ,അനുസരിക്കുന്നത് ശാരദയുടെ മകളായ നീയും…
ഇതു വരെയും അങ്ങനെയായിരുന്നു ഇവിടുത്തെ കാര്യങ്ങൾ നടന്നിരുന്നത്….
ഇനി നടക്കുന്നതും അങ്ങനെ തന്നെയാണ്…. മനസ്സിലായോ നിനക്ക്…?
ചുറ്റും കൂടി നിൽക്കുന്ന ഒരു കൂട്ടമാളുകൾക്കിടയിൽ രാജാവിനെ പോലെ ചാരുകസേരയിലിരുന്ന് വലിയ അമ്മാവൻ ദേഷ്യം തൊട്ടെടുക്കാവുന്നത്ര ചുവന്ന മുഖത്തോടെ പറയുന്നത് കേട്ടൊരു വിറയൽ പാഞ്ഞു ഗോപികയുടെ ശരീരത്തിലൂടെ …
തനിയ്ക്ക് ചുറ്റും കൂടി നിൽക്കുന്ന ചെറിയമ്മാവൻമാരുടെയും അമ്മായിമാരുടെയും ,ഇളയമ്മയുടെയും മുഖത്തേക്ക് ഗോപികയുടെ നോട്ടം ചെന്നതും അതു പ്രതീക്ഷിച്ചെന്ന പോലെ അത്ര നേരവും അവളെ മാത്രം ശ്രദ്ധിച്ചു നിന്നവരെല്ലാം പെട്ടന്നവരുടെ നോട്ടം അവളിൽ നിന്ന് മാറ്റി..
അതു വ്യക്തമായ് കണ്ടതും സ്വയമൊരു പുച്ഛ ചിരി തെളിഞ്ഞവളിൽ
അവരിൽ നിന്ന് തനിയ്ക്കെന്തെങ്കിലും സഹായം ലഭിക്കുമെന്ന് ചിന്തിച്ച തന്റെ മനസ്സിനോടുള്ള പുച്ഛമാണത്..
ഈ കഴിഞ്ഞ ഇരുപത്തിമൂന്നു വയസ്സുവരെ അവരിൽ നിന്ന് ലഭിയ്ക്കാത്ത ഒന്ന് ഇന്നീ നിമിഷം അവരിൽ നിന്ന് പ്രതീക്ഷിച്ചതു തന്നെ തന്റെ തെറ്റ്…
“ഈ വരുന്ന ചിങ്ങത്തിൽ നിന്റെയും അഭിയുടെയും വിവാഹമാണ് ,നമ്മുടെ തന്നെ ക്ഷേത്രത്തിൽ വെച്ച്, അതിലിനിയൊരു മാറ്റമോ തീരുമാനമോ ഇല്ല… ശാരദയുടെ മകൾ കേട്ടല്ലോ ഞാൻ പറഞ്ഞത്…?
ചാരുകസേരയിൽ നിന്നെഴുന്നേറ്റവളുടെ മുന്നിൽ വന്നു നിന്ന് ഉറച്ച തീരുമാനമെന്നോണം വല്യമ്മാവൻ ഒന്നുകൂടി ഉറക്കെ ചോദിക്കുമ്പോൾ ഗോപികയുടെ കണ്ണുകൾ തേടിയത് ചാരുകസേരയ്ക്ക് പുറകിൽ തന്നെ തന്നെ നോക്കിയൊരു ചിരിയോടെ നിൽക്കുന്ന അഭിജിത്തെന്ന അഭിയിലാണ് ..
വല്യച്ഛന്റെ രണ്ടാമത്തെ മകനാണ് അഭിജിത്ത് ,മൂത്ത മകൻ ശ്യാംജിത്ത് വിദേശത്താണ് ഒന്നര വർഷമായിട്ട്…
അഭിജിത്തിൽ നിന്ന് ഗോപികയുടെ കണ്ണുകൾ അവനരികിൽ നിന്ന് കീർത്തിയിൽ തങ്ങി ,ശ്യാംജിത്തിന്റെ ഭാര്യയാണ് കീർത്തി.. മുറപ്പെണ്ണ്….
അഭിയുടെ ഏടത്തി അമ്മ…
തന്നിൽ തന്നെ മിഴികൾ നട്ടുള്ള ഗോപികയുടെ നോട്ടത്തിൽ ഒന്നു ചൂളി കീർത്തി, ഒപ്പം നിമിഷ നേരം കൊണ്ട് അവളുടെ ശരീരം വിയർപ്പിൽ മുങ്ങി…
ഒന്നു ജ്വലിച്ചു ഗോപികയുടെ മുഖം അതു കണ്ട കണ്ടപ്പോൾ… തളർന്ന മനസ്സിലും ശരീരത്തിലുമൊരു പുതുഊർജ്ജം നിറഞ്ഞതുപോലെ
“ഈ വിവാഹത്തിന്, അതായത് അഭിജിത്തുമായുള്ള വിവാഹത്തിന് എനിയ്ക്ക് താൽപ്പര്യവും സമ്മതവും ഇല്ല വല്യമ്മാമേ… ”
വെട്ടിത്തുറന്ന് ഗോപിക പറഞ്ഞതും കൈ വീശി അവളുടെ മുഖത്തിനു നേരെ അയാൾ.എന്നാലാ കൈ തന്റെ മുഖത്തു പതിയ്ക്കും മുമ്പേ വെട്ടിയൊഴിഞ്ഞുമാറി ഗോപിക…
“തല്ലേണ്ടതും ശിക്ഷിക്കേണ്ടതും തെറ്റു ചെയ്തവരെയാണ് മാമ്മേ.. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അഭിപ്രായം തുറന്നു പറഞ്ഞതാണ്.. ”
തനിയ്ക്ക് വേണ്ടി സംസാരിക്കാൻ താനേയുള്ളുവെന്ന ബോധ്യത്തിൽ ഭയമേതും ഇല്ലാതെ അയാളുടെ മുഖത്തു നോക്കി ഗോപിക പറഞ്ഞതും ഒന്നു പതറി വല്ലം തൊടിയിൽ മാധവനെന്ന ഗോപികയുടെ വല്യ അമ്മാവൻ…
അയാൾക്ക് നേരെ അവളുടെ ശബ്ദം ഉയരുന്നത് ആദ്യമായാണ്..
“അഭിയ്ക്ക് എന്തു കുറവുണ്ടായിട്ടാണ് ഗോപികേ നീയവനെ വേണ്ടാന്നു പറയുന്നത്….?
അച്ഛനും അമ്മയും അപകടത്തിൽ മരിച്ചു പോയ നിന്നെ പെങ്ങളുടെ മകളായിട്ടല്ല സ്വന്തം മകളായിട്ട് വളർത്തിയതാണ് ഏട്ടൻ…
ഒടുവിൽ നിന്റെ ജീവിതം ഭദ്രമാക്കാൻ വേണ്ടി തന്നെയാണ് സ്വന്തം മോനെ കൊണ്ട് കല്യാണം കഴിപ്പിയ്ക്കുന്നതും…’
വല്യ അമ്മാവനെ സപ്പോർട്ടു ചെയ്ത് മറ്റുള്ള അമ്മാവന്മാർ ശബ്ദം ഉയർത്തുമ്പോഴും ഗോപികയുടെ നോട്ടം അമ്മാവനിലും അഭിയിലും കീർത്തിയിലും തങ്ങി നിന്നിരുന്നു
“വല്യമാമയ്ക്ക് ഞാനൊരിക്കലും സ്വന്തം മോളായിരുന്നില്ല കുഞ്ഞമാമേ… ശാരദയുടെ മകൾ മാത്രമാണ് അന്നും ഇന്നും ഇപ്പോഴും… പിന്നെ അഭിയുടെ കുറവ് എന്താണെന്ന് എനിയ്ക്ക് അറിയില്ല പക്ഷെ കൂടുതൽ ഉള്ളത് കാമമെന്ന വികാരം മാത്രമാണ്… അതുകൊണ്ടാണല്ലോ സ്വന്തം ഏട്ടന്റെ ഭാര്യയെ തന്നെ കൂടെ കിടത്തിയത്…”
ദേഷ്യമാളുന്ന ശബ്ദത്തിൽ ഗോപിക പറഞ്ഞതു കേട്ടൊരു പകപ്പു നിറഞ്ഞവിടെയാകെ.. കേട്ടതു വിശ്വസിക്കാൻ കഴിയാതെ എല്ലാവരും ഞെട്ടി നിന്നതും അവൾക്കു നേരെ കുതിച്ചെത്തി അഭിഷേക്
‘തോന്ന്യാസം പറയുന്നോടി പിഴച്ചവളെ നീ..?
ഗോപിയ്ക്ക് നേരെയവൻ കൈ ഉയർത്തി ചോദിച്ചതും പകയോടവനെ നോക്കി തനിയ്ക്ക് നേരെ ഉയർന്ന കൈ തട്ടിമാറ്റി ഗോപിക
“നീ ചെയ്ത തോന്ന്യാസമാണ് അഭിജിത്ത് ഞാൻ വിളിച്ചു പറഞ്ഞത്.. ഞാൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനുള്ള തെളിവോടെയാണ് ഞാനിവിടെ നിൽക്കുന്നത്… ഞാനത് ഇവർക്കെല്ലാം കാണിച്ചു കൊടുക്കാം… അവരത് കണ്ടിട്ട് തീരുമാനിക്കട്ടെ ബാക്കി… ”
ഉറപ്പോടെ പറയുന്നവളെ ആദ്യമായ് പതറി നോക്കി അഭിജിത്ത്… കീർത്തി പക്ഷെ വല്ലാത്തൊരു ഞെട്ടലിലാണ് ,രണ്ടു ദിവസം മുമ്പ് വീട്ടിലാരും ഇല്ലാത്ത സമയം അഭിജിത്തും താനും ശരീരം പങ്കുവെച്ചുല്ലസിച്ചതും വികാര തീവ്രതയിൽ പരിസരം മറന്ന് ശബ്ദങ്ങൾ ഉണ്ടാക്കിയതും ഓർത്തു കീർത്തി
അന്നെല്ലാം കഴിഞ്ഞ് അവിടെ നിന്നിറങ്ങി ഉമ്മറത്തു വന്നപ്പോൾ കണ്ടിരുന്നു തകർന്നതു പോലെയിരിക്കുന്ന ഗോപികയെ, ഒപ്പം പൂട്ടാൻ മറന്നു പോയ ഉമ്മറ വാതിലും…
” നീ തെളിവ് കാണിക്കെടീ നീ ചിലയ്ക്കാതെ… ”
ആദ്യത്തെ പതറലൊന്ന് കുറഞ്ഞതും അഭിമാനം സംരക്ഷിക്കാനെന്നതു പോലെ ചീറിയടുത്തു അഭിജിത്ത് വീണ്ടും ഗോപികയ്ക്ക് നേരെ
ഒരു സെക്കന്റ്…
അഭിജിത്തിനോട് പറഞ്ഞു കൊണ്ട് അവനരികിൽ നിന്ന് മാറി ഗോപിക തന്റെ ബാഗ് തുറന്ന് ഫോൺ കയ്യിലെടുത്തതും കീർത്തിയൊരു പൊട്ടി കരച്ചിലോടെ ഗോപികയുടെ കാലുകളിലേക്ക് വീണിരുന്നു കീർത്തി…
“ആരേം ഒന്നും കാണിക്കണ്ട ഗോപികേ… തെറ്റുപറ്റിപ്പോയതാണ്…. മാപ്പാക്കണം എല്ലാവരും…. ”
ഇരു കൈകളും ഗോപികയുടെ കാലിൽ നിന്നെടുത്തു കൂപ്പി ചുറ്റുമുള്ളവരോടായ് കുറ്റമേറ്റ് കീർത്തി പറഞ്ഞതും തലയ്ക്കടിയേറ്റതു പോലെ നിന്നു അഭിജിത്ത്.. എല്ലാം കൈവിട്ടു പോയെന്ന വിട്ടുപോയെന്ന ചിന്തയോടെ…
കണ്ണടച്ചവൻ തുറക്കുന്ന നേരം കൊണ്ടവനെ തലങ്ങും വിലങ്ങും അടിച്ചു തുടങ്ങിയിരുന്നു അമ്മാവമാർ …
കീർത്തിയെ നിലത്തു നിന്നെടുത്തുയർത്തി അടിയ്ക്കുന്ന ഇളയമ്മയെ നോക്കി ഒരരുകിലേക്കൊതുങ്ങി ഗോപിക നിൽക്കും നേരം അഭിയും താനുമായുള്ള വഴിവിട്ട ബന്ധത്തിന്റെ കഥകളോരോന്നും അവിടെ കൂടി നിൽക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ കരഞ്ഞുറക്കെ പറയുന്നുണ്ട് കീർത്തിയും..
അല്പസമയമവിടെ കാഴ്ചക്കാരിയായ് നിന്ന് തന്റെ ബാഗുമെടുത്ത് ആ തറവാടിന്റെ പടി എന്നേയ്ക്കുമായ് ഗോപിക ഇറങ്ങിയതും അവൾക്ക് മുന്നിലൊരു തടസ്സമായ് വന്നു നിന്നു വല്യ അമ്മാവൻ…
“തടയണ്ട അമ്മാവാ.. നിൽക്കില്ല, ഞാൻ പഠിച്ചു വാങ്ങിയൊരു ജോലിയുണ്ടെനിയ്ക്ക് ജീവിക്കാൻ.. ശാരദയുടെ മകളായ എനിയ്ക്ക് അതു മതി ഇനി ജീവിയ്ക്കാൻ…
അയാളോടുറപ്പോടെ പറഞ്ഞവൾ നീങ്ങിയതും വീണ്ടുമ്മവളെ തടഞ്ഞയാൾ
“നിന്റെ ഫോണിലുള്ളതെല്ലാം നശിപ്പിച്ചേക്ക്…. തറവാടിന്റെ മാനമാണ് വലുത്..”
അവളുടെ മുഖത്തു നോക്കാതയാൾ പറഞ്ഞതും നേർത്ത ചിരിയോടെ തലയാട്ടി അവിടെ നിന്നിറങ്ങി നടന്നു ഗോപിക…
▪️▪️▪️
” നിന്റെ കയ്യിൽ അഭിജിത്തിന്റെയും കീർത്തിയുടെയും വീഡിയോയോ ,അവരുടെ ബന്ധം തെളിയിക്കാനുള്ള മറ്റെന്തെങ്കിലുമോ ഇല്ലല്ലോ ഗോപികേ…?
പിന്നെന്തു ധൈര്യത്തിലാടീ നീയെങ്ങനെ തെളിവുണ്ടെന്നു പറഞ്ഞ് ഫോണെടുത്തത്…?
അവരത് കാണണമെന്ന് പറഞ്ഞിരുന്നെങ്കിൽ പെട്ടു പോവില്ലായിരുന്നോ നീ…?
തറവാട്ടിൽ നടന്ന കാര്യങ്ങളൊന്നൊഴിയാതെ ഗോപിക പറഞ്ഞതു കേട്ടവളെ പകപ്പോടെ നോക്കി കൂട്ടുകാരി നീതു ചോദിക്കുമ്പോഴും നിറഞ്ഞ ചിരിയാണ് ഗോപികയിൽ..
“അവരു തമ്മിലുള്ള ബന്ധം മോശമാണെന്നറിയാമെന്നല്ലാതെ അത് തെളിയിക്കാനൊന്നുമില്ല നീ പറഞ്ഞതുപോലെ എന്റെ കയ്യിൽ, പക്ഷെ എന്റെ ഏറ്റവും വലിയ തെളിവ് കീർത്തി ആയിരുന്നു.. അവളിലെ ഭയമായിരുന്നു…
അവളുടെ ഭയത്തെയാണ് ഞാൻ ആയുധമാക്കിയത്…
” അവളും അഭിയും തമ്മിൽ നടന്ന കാമകേളികൾ ഞാൻ മൊബൈലിൽ പിടിച്ചെന്ന അവളുടെ ഭയത്തെയാണ് നീതു ഞാൻ ഉപയോഗിച്ചത്..കാരണം വിജയിക്കേണ്ടത് എന്റെ മാത്രം ആവശ്യമായിരുന്നു… ജീവിതം എന്റെ മാത്രമാണ്.. അതു തകരാതെ സംരക്ഷിക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തവും… ”
നിറഞ്ഞ ആത്മവിശ്വാസത്തോടെ, തെളിഞ്ഞ ചിരിയോടെ ഗോപിക പറയുമ്പോൾ അവളെ അഭിമാനത്തോടെ തന്നിലേക്ക് ചേർത്തണച്ച് അഭിനന്ദിച്ചു നീതു… ഒരു നല്ല സുഹൃത്തായ്…
രജിത ജയൻ