നിന്നെ കെട്ടുമ്പോൾ… അന്ന് ഞാൻ ഒരു അച്ഛൻ കൂടി ആകുവായിരുന്നു.. ആതിരയ്ക്ക്… ” മഹേഷിന്റെ കണ്ണുകൾ നിറഞ്ഞു…

(രചന: മിഴി മോഹന )

“മോളെ അച്ഛൻ ഒറ്റക്ക് വിചാരിച്ചാൽ കൂട്ടിയാൽ കൂടില്ല… നീയ് മഹേഷ്‌ മോനോട് ഒന്ന് ചോദിച്ചു നോക്കൂ… ഒന്നില്ലെങ്കിലും നിന്റെ അനിയത്തി അല്ലെ… അവളുടെ കല്യാണത്തിന് വേണ്ടി ആകുമ്പോൾ സഹായിക്കാതെ ഇരിക്കില്ല.. ”

പുക അടുപ്പിൽ ഊതുന്നതിന് ഇടയിൽ ആയമ്മ രേവതിയോട് അവരുടെ നിസ്സഹായ അവസ്ഥ പറയുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നോ… വരാതെ ഇരിക്കില്ലല്ലോ…

മറ്റൊരു വീട്ടിലേക്ക് വിവാഹം കഴിച്ച് അയച്ച ഇസഹായ മൂത്തമകളുടെ അവസ്ഥയാണ് അവൾക്ക് ഇപ്പോൾ..

” അത്.. ഞാൻ അമ്മേ… ചോദിച്ചു നോക്കാം.. ”

ഒരു ചെറിയ മറുപടിയിൽ ഉത്തരം ഒതുക്കി കൊണ്ട് കണ്മണി മോളുടെ കയ്യിൽ പിടിച്ച് അവൾ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ വീട്ടിലേക്ക് തിരികെ പോകാൻ ഉള്ള തത്രപ്പാടിൽ മുള്ളിൽ ഇരിക്കുകയാണ് മഹേഷ്…

അവന്റെ മുൻപിൽ ഉള്ള ചെറിയ ടീപോയിൽ ഇപ്പോഴും നാലഞ്ചു ഗ്ലാസുകളും അത് പോലെ അതിഥികൾക്കുവേണ്ടി നിരത്തിവെച്ചപലഹാര പാത്രങ്ങളും ഉണ്ട്…

ഇന്നായിരുന്നു രേവതിയുടെ ഇളയ സഹോദരി ആതിരയുടെ പെണ്ണ് കാണാൻ… ഏറെ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് മഹേഷ് ഇന്ന് അവൾക്കൊപ്പം ഇങ്ങോട്ട് വന്നത് തന്നെ… രേവതിയുടെ വീട്ടിലെ എന്ത് കാര്യം ആണെങ്കിലും വരാൻ അയാൾക്ക് മടി ആണ്…

” പോകാം… ചെന്നിട്ട് എനിക്ക് ഒരുപാട് ജോലി ബാക്കി ഉള്ളതാണ്.. ”

വാക്കുകൾ തീരുന്നതിനു മുമ്പ് തന്നെ അയാൾ കാറിൽ കയറി കഴിഞ്ഞിരുന്നു.

” പോട്ടേ മോളെ… ”

ആതിരയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ പ്രത്യാശ തെല്ലൊന്നുമല്ല രേവതിയെ വിഷമിപ്പിച്ചത്… കാറിൽ കയറി ഒരു നിമിഷം പുറകോട്ട് നോക്കുമ്പോൾ ഭൂതകാലത്തിൽ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ നെഞ്ചിൽ ഒരു ഭാരമായി തങ്ങിനിന്നു..

പഠിക്കാൻ മിടുക്കിയായിരുന്നു അവൾ… റബർ വെട്ടാൻ പോയിട്ടാണെങ്കിലും കൂലിപ്പണി എടുത്തിട്ടാണെങ്കിലും അവളെ പഠിപ്പിക്കാൻ അച്ഛന് യാതൊരു മടിയും ഉണ്ടായിരുന്നില്ല… ഡിഗ്രിയും പിജിയും കഴിഞ്ഞു ഒരു ടീച്ചർ ആവണം എന്നുള്ള മോഹത്തിൽ ബി എഡിന് അപേക്ഷിക്കാൻ നിൽക്കുന്ന സമയമാണ് അമ്മാവൻ ബാങ്ക് ഉദ്യോഗസ്ഥനായ മഹേഷിന്റെ ആലോചനയും കൊണ്ടു വരുന്നത്..

ഇളയ പെൺകുട്ടിക്കും കല്യാണ പ്രായമായി വരുന്നു… കല്യാണ പ്രായമായ രണ്ട് പെൺകുട്ടികൾ പുര നിറഞ്ഞു നിന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അവരെ ഒരുമിച്ച് വിവാഹം കഴിപ്പിച്ച് വിടണം എങ്കിൽ എടുക്കേണ്ട സാമ്പത്തിക ബാധ്യതകളുടെയും കണക്കുകൾ പറഞ്ഞ് അമ്മാവൻ അച്ഛന്റെ മനസ്സിൽ ആധി കയറ്റി.. അച്ഛൻ മാത്രമല്ല അമ്മയും അത് ഒരു പേടിസ്വപ്നമായി കണ്ടു തുടങ്ങി..

മുൻപോട്ടു പഠിക്കണം ഒരു ജോലി വാങ്ങണം അച്ഛനെയും അമ്മയെയും അനിയത്തിയേയും താങ്ങി നിർത്തണം എന്നുള്ള അവളുടെ മോഹങ്ങൾക്ക് ഒരു മഞ്ഞ ചരടിൽ ബന്ധനം തീർത്തവർ…

കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ ജോലിക്ക് പോകാമല്ലോ എന്നുള്ള സ്ഥിരം പല്ലവി അവിടെയും ഉയർന്നു കേട്ടു… പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോൾ ഉദരത്തിൽ നാമ്പിട്ട കുരുന്ന ജീവൻ അവൾക് അവിടെയും അമ്മയെന്ന ബന്ധനത്താൽ വിലങ്ങു തീർത്തു…

പിന്നെ അങ്ങോട്ട് ഒരു രൂപയ്ക്ക് പോലും മഹേഷിന്റെ മുമ്പിൽ കൈനീട്ടേണ്ട അവസ്ഥയിലുള്ള ജീവിതതിന്റെ തുടക്കം ആയിരുന്നു…

എത്രതോളം വിദ്യാഭ്യാസം ഉണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല ഒരു ജോലിയോ വരുമാനമോ ഇല്ലെങ്കിൽ ഒരു ഭാര്യയെ എവിടെയൊക്കെ താഴ്ത്തിക്കെട്ടാമോ അവിടെയെല്ലാം പരമാവധി താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ട് മഹേഷ്… അച്ഛനെയും അമ്മയുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞു വീട്ടിലേക്ക് ഒരു നൂറു രൂപ പോലും കൊടുക്കാൻ അവകാശം ഇല്ലാത്തവൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും… അല്ലങ്കിൽ സഹായിക്കണമെന്ന് മഹേഷിനോട് എങ്ങനെ പറയാൻ കഴിയും അയാളുടെ പ്രതികരണം എങ്ങനെയായിരിക്കും…

മുൻപോട്ട് പോകുംതോറും രേവതിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു… അവളെ പഠിപ്പിക്കാനും അവളെ വിവാഹം കഴിച്ച് അയക്കാനും വേണ്ടിയാണ് അച്ഛൻ ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെയും ചെലവഴിച്ചത്… അതുകൊണ്ടുതന്നെ താഴെയുള്ള ആൾക്ക് വേണ്ടി ഒന്നും തന്നെ കരുതിക്കൂട്ടി വെച്ചിട്ടില്ല എന്ന സത്യവും അവൾക്കറിയാം…

” മ… മഹേഷേട്ട അമ്മ… അമ്മ ഒരു കൂട്ടം കാര്യം പറഞ്ഞിരുന്നു…. ഹ്ഹ.. ”

രണ്ടും കൽപ്പിച്ചവൾ മഹേഷിനോട് കാറിലിരുന്നു കൊണ്ട് തന്നെ പറയുമ്പോൾ അവൻ അവളെ പുരികം ഉയർത്തി നോക്കി…

” എന്താണ്..? ”

” അത്.. പിന്നെ ആതിരയുടെ വിവാഹത്തിന് എന്തെങ്കിലും ഒരു സഹായം… കൂടുതൽ ഒന്നും വേണ്ട … നമ്മൾ ആയിട്ട് എന്തെങ്കിലും കൊടുക്കുമല്ലോ… അങ്ങനെ ആണല്ലോ…. അ… അപ്പോൾ… കുറച്ചു കാശ്… കാശ് ആയിട്ട് കൂടുതൽ എന്തെങ്കിലും കൂടി കൊടുത്താൽ അത്… അത് അച്ഛന് ഉപകാരം ആയിരുന്നു… മ്മ്ഹ്.. ”

മഹേഷിനോട് ചോദിക്കാനുള്ള മടിയോ ഭയമോ എന്തെല്ലാമോ അവളെ പുറകോട്ട് പിൻവലിക്കുന്നുണ്ടായിരുന്നു എങ്കിലും ധൈര്യപൂർവ്വം അവൾ അത് ചോദിക്കുമ്പോൾ സഡൻ ബ്രേക്ക് ഇട്ട് ആ കാർ അവിടെ തന്നെ നിർത്തി അവൻ… ആ നിമിഷം രേവതി കുഞ്ഞിനെയും കൊണ്ട് ഒന്നു മുന്നോട്ട് ആഞ്ഞു… അവളുടെ ഉള്ളിൽ ഭയം ആണ് ഇപ്പോൾ…

” നീ എന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിൽ ആയി… എത്ര രൂപ കൂടുതൽ കൊടുക്കണം എന്ന് ആണ് നീ ഉദ്ദേശിക്കുന്നത്..? ”

അവന്റെ ചോദ്യം കേൾക്കുമ്പോൾ രേവതി അവന്റെ മുഖത്തേക്ക് നോക്കിയില്ല.. അല്ലെങ്കിൽ അതിനുള്ള ധൈര്യം അവൾക്കില്ല… മുഖത്തു നോക്കാതെ തന്നെയാണ് അവൾ മറുപടി പറഞ്ഞത്..

” ഒരു പവന്റ വള എങ്കിലും കൊടുക്കണ്ടേ… എന്റെ അനിയത്തിയായി പോയില്ലേ അവൾ.. പിന്നെ .. ഒരു ഇരുപത്തി അയ്യായിരം……. ഹ്ഹ.. ”

രേവതി വാക്കുകൾ പൂർത്തിയാക്കാതെ അവന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു നിർത്തുമ്പോൾ ഉറക്കെ ചിരിച്ചു മഹേഷ്…

” ഹഹഹ… ഇരുപത്തി അയ്യായിരം രൂപയും ഒരു പവനും… നിനക്ക് ഇത് എന്നോട് എങ്ങനെ പറയാൻ തോന്നി രേവതി… ഒരു പവനൊക്കെ ഇപ്പോൾ എത്രയാണ് വില എന്ന് അറിയില്ലേ.. “.

” അത് അറിയാം പക്ഷേ…. അത് എങ്കിലും കൊടുത്തില്ല എങ്കിൽ എനിക്ക്… എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല… ”

അതിൽ കൂടുതൽ തന്നെ കൊടുക്കണം എന്ന് രേവതിക്ക് ആഗ്രഹമുണ്ട് പക്ഷേ അവനോട് പറയുന്നതിന് അവൾക്ക് പരിമിതികൾ ഏറെയാണ്…

” ഒരു പവൻ…. ശരി കൊടുക്കാം… പക്ഷേ നിന്റെ അച്ഛൻ കല്യാണ കൂട്ടരോട് പറഞ്ഞത് 25 പവനാണ്… ബാക്കി 24 പവൻ നിന്റെ അച്ഛൻ എവിടെ നിന്നും ഒപ്പിക്കും… നിനക്ക് അത്രയും തന്നപ്പോൾ തന്നെ നിന്റ അച്ഛൻ കടത്തിന്റെ മുകളിൽ കുടം നിറഞ്ഞ അവസ്ഥ ആണ്… പോരാത്തതിന് ബാങ്കിന്റെ ആധാരം എന്റെ ബാങ്കിലും… പിന്നെ എങ്ങനെ ഇത്രയും കൊടുക്കും… അതുമാത്രമല്ലല്ലോ ഒരു കല്യാണത്തിന് കുറഞ്ഞത് രണ്ടു മൂന്നു ലക്ഷം രൂപയുടെ അല്ലാത്ത ചിലവ് ഇല്ലേ… ”

“ഉണ്ട്… ‘”

രേവതി തല പതുക്കേ കുലുക്കുമ്പോൾ മഹേഷ് കാർ മുമ്പോട്ട് എടുത്തു കഴിഞ്ഞിരുന്നു…. അവൾക്കായി മറുപടിയൊന്നും അവൻ കൊടുത്തില്ല പകരം നേരെ കാർ ചെയ്യുന്നത് അവന്റെ ബാങ്കിന്റെ മുമ്പിലേക്കാണ്… അഞ്ചു മണിയാകാൻ ഇനിയും 10 മിനിറ്റ് കൂടി ബാക്കി ഉണ്ട്..

” നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം… ”

അവളെയും കുഞ്ഞിനെയും കാറിലിരുത്തി കൊണ്ട് അവൻ അകത്തേക്ക് പോകുമ്പോൾ കണ്ണുകൾ പതുക്കെ അടച്ചവൾ ആ നിമിഷം ആ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന മിഴി നീർ ഒന്നുമറിയാത്ത കണ്മണി പതുക്കെ തുടച്ചു കൊടുത്തു…

ആ നിമിഷം ആ കുഞ്ഞിനെ മുറുകെ പിടിക്കുമ്പോൾ ആറാമത്തെ വയസ്സിലേക്ക് തന്റെ കൈകളിലേക്ക് അമ്മ പെറ്റിട്ട് തന്ന കുഞ്ഞനിയത്തിയുടെ മുഖം ആയിരുന്നു അവളുടെ മനസിൽ….

” പോകാം.. ”

തിരിച്ചു വന്നവൻ ഒരു കവർ അവളുടെ കയ്യിലേക്ക് എടുത്തുകൊണ്ട് വന്നതുപോലെതന്നെ തിരികെ കാത്തിരിക്കുമ്പോൾ അവൾ കവറിലേക്കും പിന്നെ അവനെയും നോക്കി..

” നിന്റെ വീട്ടിലേക്ക് തന്നെയാണ് തിരിച്ചു പോകുന്നത്.. ”

മഹേഷ് പറയുമ്പോൾ അവൾ ഒന്നും മനസ്സിൽ ആകാതെ കവറിൽ മുറുകെ പിടിക്കുമ്പോൾ അതിൽ ഒരു ബോക്സ്‌ കയ്യിൽ തടഞ്ഞു.. പെട്ടെന്ന് തന്നെ അതിലേക്ക് നോക്കുമ്പോൾ അവളുടെ അച്ഛൻ ചോര നീരാക്കി അവൾക്ക് കൊടുത്ത 25 പവനും ഒപ്പം അവൻ അവൾക്ക് വാങ്ങി നൽകിയത് ഉൾപ്പെടെ ഒരു 35 പവന്റെ ആഭരണം ആണ് അതിൽ…
മഹേഷിന്റെ ബാങ്ക് ലോക്കറിൽ അവൻ തന്നെ വെച്ചത് ആണ്..

” ഇത്…..? ”

വിശ്വാസം വരാതെ രേവതി കണ്ണുതള്ളി അവനെ നോക്കുമ്പോൾ മഹേഷിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

” നിന്റെ അനിയത്തി.. അല്ല നമ്മുടെ അനിയത്തിക്ക് തന്നെ… മ്മ്ഹ്.. ഞാനൊരു പിശുക്കൻ ആണെന്ന് നീ എപ്പോഴും എന്നോട് പറയും… പിശുക്ക് കാണിച്ചിട്ടുണ്ട്.. പക്ഷെ അത് നിന്റെ കാര്യത്തിലും നമ്മുടെ മോളുടെ കാര്യത്തിലും എന്റെ കാര്യത്തിലും മാത്രമാണ്… നിന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കാര്യത്തിൽ ഞാൻ പിശുക്ക് കാണിച്ചിട്ടില്ല.. നിനക്ക് ഒരു ജോലി ഇല്ല എന്ന് കരുതി അവർക്ക് ഒരു ബുദ്ധിമുട്ട് ഞാൻ ഉണ്ടാക്കിയിട്ടില്ല… എല്ലാ മാസ്വും ആതിരയുടെ പഠിത്തത്തിനും വീട്ടുജനത്തിനുവേണ്ടി അച്ഛന്റെ അക്കൗണ്ടിലേക്ക് ഞാനൊരു തുക ട്രാൻസ്ഫർ ചെയ്യുന്നുണ്ടായിരുന്നു… നിന്റെ അടുത്ത് പിശുക്ക് കാണിക്കുന്നത് കൊണ്ട് നിന്നോട് ഈ കാര്യം ഒന്നും തുറന്നു പറയണ്ട എന്ന് ഞാനാണ് അച്ഛനോട് പറഞ്ഞത്…”

മഹേഷ് പറയുമ്പോൾ അവനെ മനസ്സിലാക്കിയതിൽ ഇത്രയും നാൾ തനിക്ക് പറ്റിയ തെറ്റ് ഓർത്തു രേവതിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു..

“എന്തായാലും പിശുക്ക് കാണിക്കാതിരിക്കാൻ പറ്റില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഒരു നാലു വർഷം മുമ്പാണ്.. നിന്നെ കെട്ടുമ്പോൾ… അന്ന് ഞാൻ ഒരു അച്ഛൻ കൂടി ആകുവായിരുന്നു.. ആതിരയ്ക്ക്… ”

മഹേഷിന്റെ കണ്ണുകൾ നിറഞ്ഞു വരുമ്പോൾ ഡ്രൈവ് ചെയ്യുന്നവന്റെ കയ്യിൽ മുറുകെപ്പിടിച്ചു രേവതി…

“മഹേഷേട്ടാ.. ”

” അന്ന് നിന്റെ അച്ഛന്റെ കണ്ണുനീർ നീ പോകുന്നത് ഓർത്തു ആയിരുന്നില്ല…പകരം ഇനി ഒരു പെൺകുഞ് കൂടി ഉണ്ട് അവളെ ഒരാളുടെ കയ്യിൽ എങ്ങനെ പിടിച്ചേൽപ്പിക്കും എന്ന് ഓർത്തായിരുന്നു… അത് മനസ്സിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ട നല്ലൊരു മനുഷ്യനായാൽ മാത്രം മതി… അത് കൊണ്ട് ആണ് പിറ്റേന്ന് തന്നെ അച്ഛൻ തന്ന അത്രയും ആഭരണങ്ങൾ ലോക്കറിലേക്ക് ഞാൻ മാറ്റിയത്…അത് അവൾക്ക് വേണ്ടി ആയിരുന്നു… പിന്നെ നീ എപ്പോഴും എന്നോട് ചോദിക്കാറുള്ള ചോദ്യം.. എന്തിനാണ് എടുത്ത് തരുന്ന ആഭരണങ്ങൾ ഒന്ന് ഇടാൻ പോലും സമ്മതിക്കാതെ ബാങ്കിലേക്ക് മാറ്റുന്നത് എന്ന്…. അതൊന്നും നിനക്ക് വേണ്ടി മേടിച്ചതല്ല… നമ്മുടെ കുഞ്ഞ് അനിയത്തിക്ക് വേണ്ടി മേടിച്ചതാണ്… പിശുക്കി മേടിച്ചു വെച്ചത് കൊണ്ട് ഇന്ന് അവളെ നമുക്ക് നല്ല അന്തസായിട്ട് കെട്ടിച്ചു വിടാൻ പറ്റും….പിന്നെ നമ്മുടെ മോൾ അവൾ വളർന്നു വരുമ്പോഴേക്കും ഇതുപോലെ നമുക്ക് അവൾക്കു വേണ്ടിയും കരുതി വെക്കാൻ കഴിയും… പിന്നെ ഇത് ഞാൻ അവൾക്ക് കൊടുക്കുന്നതുകൊണ്ട് നിനക്ക് എന്തെങ്കിലും വിരോധമുണ്ടോ..? ”

പെട്ടെന്ന് മഹേഷ് ചോദിക്കുമ്പോൾ അവൻ ഒരു അത്ഭുതം ആയി മാറിയതുകൊണ്ട് അവൾ പെട്ടെന്ന് ഒന്നു ഞെട്ടി..

” ഏയ്.. ഇല്ല… എനിക്ക് സന്തോഷമേയുള്ളൂ… ”

“എന്നാൽ പിന്നെ ഒന്ന് ചിരിച്ചേ…”

അവൻ പറയുമ്പോൾ അവൾ ആ ആഭരണപ്പെട്ടിയും കണ്മണിയെയും ചേർത്തുപിടിച്ച് ചിരിക്കുമ്പോൾ മഹേഷ് ചെറിയ പുഞ്ചിരിയോടെ രേവതിയുടെ വീട്ടിലേക്ക് വണ്ടി വിട്ടു കഴിഞ്ഞിരുന്നു…

മിഴി മോഹന