ആരും ഒന്നും അറിയില്ല. നിന്റെ ഉള്ളിലെ വികാരങ്ങളെ ധൈര്യമായി തുറന്ന് പറഞ്ഞോ നിന്നെ തൃപ്തിപ്പെടുത്തുവാൻ…

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

” നീ ആനന്ദിനെ വിളിക്ക് അവൻ കാറുമായി വരും. കയ്യോടെ മോളെ ഹോസ്പിറ്റലിൽ കാണിക്ക് വെറുതെ പനി കടുപ്പിക്കേണ്ട.. ”

ഫോണിലൂടെ വിഷ്ണു അത് പറയുമ്പോൾ ഒരു അച്ഛന്റെ വേവലാതി തൊട്ടറിഞ്ഞിരുന്നു മായ. അല്ലേലും അതങ്ങിനെയാണല്ലോ.. നാട്ടിൽ വേണ്ടസപ്പെട്ടവർക്ക് എന്തേലും വയ്യായ്ക എന്നറിഞ്ഞാൽ പിന്നേതൊരു പ്രവാസിയുടെയും ചങ്കിടിക്കും..

പക്ഷെ ആനന്ദ്….
അതൊരു കടമ്പയായിരുന്നു മായയ്ക്ക്.എന്ത് മറുപടി പറയണമെന്നറിയാതെ കുഴഞ്ഞു അവൾ.

” ഏട്ടൻ വിഷമിക്കേണ്ട.. വെറുതേ എന്തിനാ ആ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്… മോൾക്ക് അത്ര പ്രശ്നം ഒന്നുമില്ല…. മരുന്ന് കൊടുത്തിട്ടുണ്ട് ഞാൻ നോക്കട്ടെ വൈകുന്നേരം ആയിട്ടും കുറവില്ലേൽ ഹോസ്പിറ്റലിൽ പോകാം.. ”

ആ മറുപടി വിഷ്ണുവിനെ ചൊടിപ്പിച്ചു.

“എന്താ മായ ഇത്.. മോളുടെ കാര്യത്തിൽ നീ ഇത്രയ്ക്കും കെയർ ലെസ്സ് ആണോ…. നിനക്ക് വിളിക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ വിളിക്കാം ആനന്ദിനെ.. അല്ലേലും അവൻ ഈ അടുത്ത നാളുകളായി പറയുന്നുണ്ട് അവനോടുള്ള നിന്റെ പെരുമാറ്റത്തിൽ എന്തോ ഇഷ്ടക്കേട് ഫീൽ ആകുന്നുണ്ട് എന്ന്.. വെറുതേ സഹായിക്കാൻ വരുന്നവരെ വെറുപ്പിക്കല്ലേ മായേ.. എന്ത് കാര്യത്തിനും ഓടി വരാൻ ഒരു സുഹൃത്തായി അവൻ മാത്രമേ ഉള്ളു എനിക്ക്.. ഞാൻ ഇവിടെ കിടന്ന് കഷ്ടപ്പെടുമ്പോഴും നാട്ടിൽ നിങ്ങൾക്ക് ഒരു അത്യാവശ്യം വന്നാൽ സഹായത്തിനായി അവരൊക്കെ ഉണ്ട് എന്നുള്ളതാ എനിക്ക് ഏക ആശ്വാസം. ”

ആ വാക്കുകൾക്ക് മുന്നിൽ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല മായയ്ക്ക്. പേടിയായിരുന്നു അവൾക്ക് കാരണം ഇത്രയും വിശ്വസ്ഥനായ ഒരു സുഹൃത്ത്‌ താൻ ഇല്ലാത്ത അവസരത്തിൽ തന്റെ ഭാര്യയോട് അവിഹിതം കൂടാൻ ശ്രമിക്കുകയാണ് എന്ന സത്യം വിഷ്ണു അറിഞ്ഞാൽ പിന്നെ അവൻ എങ്ങിനെ പ്രതികരിക്കും എന്നതിൽ അവൾക്ക് നല്ല ഭയമുണ്ടായിരുന്നു. വിഷ്ണു നാട്ടിൽ നിന്ന് പോയിട്ട് ഏകദേശം രണ്ട് വർഷത്തോളമാകുന്നു. കുറച്ചു ബാധ്യതകൾ കൂടി തീർത്തു പ്രവാസം അവസാനിപ്പിച്ചു വരാനുള്ള പ്ലാൻ ഉള്ളതിനാൽ പരമാവധി അവൻ അവിടെ പിടിച്ചു നിൽക്കുകയാണ്. ആ അവസരം ആകട്ടെ സുഹൃത്ത്‌ ആനന്ദ് നല്ലത് പോലെ വിനിയോഗിക്കുന്നുണ്ട്. വിഷ്ണു പറഞ്ഞത് പ്രകാരം പലപ്പോഴും പുറത്തൊക്കെ പോകാൻ മായയ്ക്ക് സഹായത്തിനായി ആനന്ദ് ചെന്നിട്ടുണ്ട്. ആ സമയങ്ങളിൽ പതിയെ പതിയെ അവളോട് അടുക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.

” മായേ.. വിഷ്ണു പോയിട്ട് ഏകദേശം ഒന്നര വർഷത്തോളം ആയി അല്ലെ.. നിനക്ക് ഒറ്റയ്ക്ക് ആയതിൽ വിഷമം ഇല്ലെ.. നിന്റെ കാര്യങ്ങളൊക്കെ എങ്ങിനെ നടക്കുന്നു. ”

കുറച്ചു നാളുകൾക്ക് മുൻപ് മോളുമായി ഹോസ്പിറ്റലിൽ പോയി വരുമ്പോൾ ആണ് ആനന്ദ് ആ ചോദ്യം മയയോട് ചോദിക്കുന്നത്.

” വിഷമം ഉണ്ട് ചേട്ടാ.. പക്ഷെ സാരമില്ല.. കുറച്ചു നാളുകൾ കൂടി കഴിയുമ്പോൾ വിഷ്ണുവേട്ടൻ ഇങ്ങ് വരുമല്ലോ. ”

ആ മറുപടിയിൽ താൻ ഉദ്ദേശിച്ച വിഷയത്തിലേക്കെത്താത്തതിൽ നിരാശ തോന്നിയതിനാൽ തന്നെ വീണ്ടും ചോദ്യം ആവർത്തിച്ചു ആനന്ദ്.

” അപ്പോ നിന്റെ കാര്യങ്ങൾ ഒക്കെ എങ്ങിനാ ഒറ്റയ്ക്ക് അല്ലെ … നിനക്ക് അതിൽ നിരാശയോ വിഷമമോ ഒന്നും ഇല്ലേ..”

അന്ന് ആ ചോദ്യത്തിന്റെ ഉദ്ദേശമെന്തെന്ന് മനസിലാകാത്തതിനാൽ തന്നെ അവന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി മായ.

” അല്ല.. ഈ മറ്റേ കാര്യങ്ങൾ ഒക്കെ.. മീൻസ്.. ബെഡ് റൂമിൽ… ഹസ്ബൻഡ് വര്ഷങ്ങളായി കൂടെ ഉണ്ടായിട്ട് പെട്ടെന്ന് മാറി നിൽക്കുമ്പോൾ ഒരു നിരാശ തോന്നുമല്ലോ.. തനിക്ക് അങ്ങിനെ എന്തേലും ഉണ്ടോ.. എന്നോട് പറയാൻ മടിക്കേണ്ട.. ഒരു നല്ല ഫ്രണ്ട് ആയി കണ്ട് എന്തും തുറന്ന് പറഞ്ഞോളൂ.. എന്ത് സഹായത്തിനും ഞാനുണ്ട്.. ആരും അറിയില്ല ”

അപ്രതീക്ഷിതമായ ആ വാക്കുകൾ കേൾക്കെ വല്ലാതെ നടുങ്ങി പോയി മായ അന്ന് . അവന്റെ ഉദ്ദേശം അന്നാണവൾ തിരിച്ചറിഞ്ഞത്. പക്ഷെ ആ ഒരു അവസരത്തിൽ ഒരു വിധം വിഷയം മാറ്റി രക്ഷപ്പെട്ടു അവൾ. അന്ന് മുതൽ ആനന്ദിന്റെ മേൽ ഒരു കണ്ണ് വച്ചതാണ് മായ. പിന്നീട് പലപ്പോഴും സംസാരത്തിൽ ഈ വിഷയം എടുത്തിടാൻ ശ്രമിച്ചിരുന്നു അവൻ. അപ്പോഴെല്ലാം അതി വിദഗ്ധമായി മായ ഒഴിഞ്ഞു മാറി. വിഷ്ണുവിനോട് പറഞ്ഞാൽ അവന് അത് കൂടുതൽ വിഷമമാകും മാത്രമല്ല അവന്റെ പ്രതികരണം കൈ വിട്ടു പോകുമോ എന്നൊക്കെ ഉള്ള ഭയം ഉള്ളതിന്നാൽ എല്ലാം ഉള്ളിൽ ഒതുക്കി അവൾ..

ഇന്നിപ്പോ വീണ്ടും വിഷ്ണു തന്നെ ആനന്ദിനെ വിവരം അറിയിച്ചു അതിൻപ്രകാരം കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ അവൻ വേഗത്തിൽ എത്തുകയും ചെയ്‌തു.

” എടാ. നീ ധൈര്യമായി ഡീൽ ചെയ്യ്. നിന്റെ ചേട്ടൻ അറിയേണ്ട കാര്യം ആണ് ഇത്. ഒന്നുകിൽ നീ അത് ചേട്ടനോട് പറയ്. അല്ലേൽ സ്ട്രോങ്ങ്‌ ആയി ആ കൂട്ടുകാരനെ പറഞ്ഞ് വിലക്ക്. ഇനി നിന്റെ പിന്നാലെ വന്നാൽ പണി കിട്ടും ന്ന് ഉറപ്പ് ആയാൽ അവന്റെ അസുഖം തീർന്നോളും. ”

തന്റെ പ്രശ്നങ്ങൾ അറിയാവുന്ന ഏക സുഹൃത്ത്‌ നിത്യയുടെ വാക്കുകൾക്ക് മുന്നിൽ മറുപടി ഇല്ലായിരുന്നു മായയ്ക്ക്. പക്ഷെ ഒരു തീരുമാനം ആയെ പറ്റു അത് അവൾ മനസ്സിൽ ഉറപ്പിച്ചു.

ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ആനന്ദ് പ്രത്യേകിച്ച് ഒന്നും തന്നെ പറഞ്ഞില്ല. അതുകൊണ്ട് തന്നെ അല്പം. ആശ്വാസം തോന്നി മായയ്ക്ക്. മോളെ ഡോക്ടർ നെ കാണിച്ചു വൈകാതെ തന്നെ തിരിച്ചു അവർ. ആ അവസരം ആനന്ദ് മുതലെടുത്തു.

” മായെ.. ഞാൻ കുറച്ചു ദിവസമായി ഒരു കാര്യം സൂചിപ്പിക്കുന്നു നീ മറുപടി ഒന്നും പറഞ്ഞില്ല… ”

മടക്കയാത്രയിൽ വീണ്ടും ആ വിഷയം കൊണ്ട് വന്നു അവൻ .

” എ..എന്ത് വിഷയം ചേട്ടാ”

ഉള്ളിലെ ഞെട്ടൽ പുറത്ത് കാട്ടുവാതിരിക്കാൻ പരമാവധി മായ ശ്രമിച്ചു.

” മായേ.. ഞാൻ സ്ട്രൈറ്റ് ഫോർവേഡ് ആണ്. എനിക്ക് ഊഹിക്കാം വിഷ്ണു പോയെ പിന്നേ ഉറപ്പായും നിനക്ക് സെക്ഷ്വലി ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ട്. നീയും ഒരു പെണ്ണല്ലേ നിനക്കും വികാരങ്ങൾ ഉണ്ടാകുമല്ലോ.. അതൊന്നും മനസിലാക്കാതെ അവൻ അവിടെ പോയി നിൽക്കുന്നു. ഇത്രയും അടുത്ത് അറിയാവുന്ന ആളെന്ന നിലയിൽ അതിൽ നിന്നെ സഹായിക്കാൻ എനിക്ക് പറ്റും. നിനക്ക് എന്തും ഞാനുമായി ഷെയർ ചെയ്യാം. ആരും ഒന്നും അറിയില്ല. നിന്റെ ഉള്ളിലെ വികാരങ്ങളെ ധൈര്യമായി തുറന്ന് പറഞ്ഞോ നിന്നെ തൃപ്തിപ്പെടുത്തുവാൻ എനിക്ക് കഴിയും അത് ഉറപ്പാണ്. ”

പ്രതീക്ഷിച്ചിരുന്ന ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം മൗനമായി മായ. ഇനിയും താൻ പ്രതികരിച്ചില്ല എങ്കിൽ കാര്യങ്ങൾ അതിരു കടക്കും എന്നത് ഉറപ്പിച്ചു അവൾ.

” ചേട്ടാ.. നിങ്ങടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ എന്റെ വിഷ്ണുവേട്ടൻ. അപ്പോ എന്നോട് ഈ പറയുന്നതൊക്കെ തെറ്റാണ് എന്ന് തോന്നുന്നില്ലേ ”

” തെറ്റോ.. ഞാൻ. ദ്രോഹം ഒന്നും ചെയ്യുവല്ലല്ലോ മായെ.. ബീ പോസിറ്റീവ്.. നിനക്ക് ഒരു സഹായം എന്ന നിലയിൽ അല്ലെ ഞാൻ… ”

ഇത്തവണ അവന്റെ വാക്കുകളിൽ ചെറിയൊരു പരുങ്ങൽ നിറഞ്ഞു.

” സഹായം.. കൊള്ളാം കൂട്ടുകാരന്റെ ഭാര്യയോട് അവിഹിതം ഉണ്ടാക്കുന്നതാണല്ലോ സഹായം.. എന്റെ പൊന്ന് ചേട്ടാ … എന്നെ തൃപ്തിപ്പെടുത്തുവാൻ എന്റെ വിഷ്ണുവേട്ടന് കഴിയും അതിപ്പോ അങ്ങേരു അടുത്ത് വേണം ന്ന് ഇല്ല.. പിന്നെ അത്രക്ക് അങ്ങട് മുട്ടി നിൽക്കുകയും അല്ല ഞാൻ…. നിങ്ങൾക്കൊക്കെ ഒരു വിചാരം ഉണ്ട് ഭർത്താവ് കൂടെ ഇല്ലാത്ത ഭാര്യമാരെല്ലാം കാമം ഉള്ളിലൊതുക്കി കഴിയുകയാണെന്ന്…. നിങ്ങൾക്ക് ഈ സൂക്കേട് തുടങ്ങിയിട്ട് നാള് കുറച്ചായി. ആ മനുഷ്യൻ നിങ്ങളെ അത്രമേൽ വിശ്വസിക്കുന്നുണ്ട്. അങ്ങേരെ വിഷമിപ്പിക്കേണ്ട ന്ന് കരുതി ഒന്നും ഞാൻ ഇതുവരെ പറഞ്ഞില്ല പക്ഷെ ഇനിയും താൻ ഈ സംസാരവുമായി എന്റെ പിന്നാലെ കൂടിയാൽ വിവരം അറിയും. ഓർത്തോ.. ”

അതൊരു താക്കീത് ആയിരുന്നു. എ സി ഇട്ട കാറിനുള്ളിൽ ഇരുന്നു വിയർത്തു പോയി ആനന്ദ്.

” മാ.. മായെ.. അങ്ങിനല്ല.. ഞാൻ അതല്ല ഉദ്ദേശിച്ചത് … ഒരു നല്ല ഫ്രണ്ട്സ് ആയിട്ട് ആണ്.. നിനക്ക് ഒരു ആശ്വാസമാകട്ടെ ന്ന് വച്ച് ആണ്….. ”

മറുപടി പറയുവാൻ വാക്കുകൾ കിട്ടാതെ പതറി അവൻ.

” ചേട്ടൻ കിടന്ന് ഉരുണ്ട് കളിക്കാതെ നേരെ നോക്കി വണ്ടി ഓടിക്ക്. എനിക്കറിയാം നിങ്ങൾ ചിലപ്പോൾ വിഷ്ണുവേട്ടൻ വിളിക്കുമ്പോ ഈ ഒരു സംഭവം മറ്റേതേലും രീതിയിൽ അവതരിപ്പിച്ചു അവസാനം ചിലപ്പോ എന്നെ കുറ്റക്കാരി ആക്കും. ആൾറെഡി പറഞ്ഞ് വച്ചിട്ടുണ്ടല്ലോ ഞാൻ ഇപ്പോ നിങ്ങളോട് ഇഷ്ടക്കേട് കാണിക്കുന്നുണ്ട് ന്ന് ഒക്കെ .. അതോണ്ട് തന്നെ ഇപ്പോ ദേ ഈ പറഞ്ഞത് മുഴുവൻ ഞാൻ എന്റെ ഫോണിൽ വീഡിയോ ആയി റെക്കോഡ് ചെയ്തിട്ടുണ്ട്. ഒരു തെളിവിനു. ഇനി മേലിൽ ഈ കാര്യത്തിൽ എന്റെ മുന്നിൽ വിളവെറക്കിയാൽ ചേട്ടൻ വിവരം അറിയും.. ഓർത്തോ ”

ഇത്തവണ ആകെ പതറി പോയി ആനന്ദ്.

“മാ.. മായേ.. സോറി സോറി. എനിക്കൊരു തെറ്റ് പറ്റി.. ക്ഷമിക്ക് നീ വെറുതെ പ്രശ്നം ആക്കല്ലേ ഇനി ഞാൻ ആവർത്തിക്കില്ല.. ആ വീഡിയോ ഡിലീറ്റ് ആക്ക് പ്ലീസ്.”

കെഞ്ചുകയായിരുന്നു അവൻ. സത്യത്തിൽ അപ്പോഴാണ് മായയ്ക്ക് ഉള്ളിൽ ആശ്വാസം ആയത്. കാര്യങ്ങൾ താൻ വിചാരിച്ച പോലെ തന്നെ നടന്നിരിക്കുന്നു.

” ചേട്ടൻ നേരെ നോക്കി വണ്ടി ഓടിക്ക് വീഡിയോയുടെ കാര്യത്തിൽ പേടിക്കേണ്ട.. നിങ്ങൾ നേരെ ആണേൽ ഒരിക്കലും ആ വീഡിയോ നിങ്ങൾക്ക് ദോഷമായി വരില്ല പക്ഷെ ഇനിയും എന്റെ പിന്നാലെ ഇത്പോലെ ഒലിപ്പിച്ചു വന്നാൽ…. ”

ബാക്കി പറഞ്ഞില്ല അവൾ.

” ഇല്ല.. പ്രോമിസ്.. ഇനി ഇത് പറയില്ല ഞാൻ സോറി.. ”

ആനന്ദിനും ചെറിയൊരു ആശ്വാസമായി അപ്പോൾ..

അന്ന് മുതൽ പിന്നെ ആനന്ദിന്റെ ശല്യം മായയ്ക്ക് ഉണ്ടായിട്ടില്ല. വലിയൊരു പ്രശ്നം അവൾ അങ്ങിനെ സോൾവ് ആക്കി. തന്റെ പ്രതികരണം അല്പം വൈകി പോയി എന്ന് മാത്രമേ അവൾ ചിന്തിച്ചുള്ളൂ.

(ശുഭം )

പ്രജിത്ത് സുരേന്ദ്രബാബു