സ്റ്റോറി by J. K
“‘ എടി പെണ്ണേ വെറുതെ കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കാൻ നിൽക്കരുത്!! അവൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഞങ്ങൾക്ക് നന്നായി അറിയാം! ഇന്നും ഇന്നലെയും ഒന്നും കേറി വന്നവനല്ല അവൻ!! ഞങ്ങളെ തമ്മിൽ തെറ്റിച്ചാൽ നിനക്ക് പിന്നെ നിന്റെ കെട്ടിയോനെയും കൊണ്ട് പോകാലോ??””
അമ്മായിഅമ്മ, വിശാലാക്ഷി ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞു…
അവരെ എല്ലാം ഇനി എന്തു പറഞ്ഞു മനസ്സിലാക്കും എന്ന് അറിയാതെ ഭാമ ഇരുന്നു…
അപ്പോഴേക്കും അനിത അവളുടെ മുന്നിലേക്ക് വന്നിരുന്നു..
“” നീ ആരെക്കുറിച്ച് പറഞ്ഞാലും ഞാൻ സഹിക്കുമായിരുന്നു പക്ഷേ എന്റെ സുരേഷേട്ടനെ കുറിച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത് ഞാൻ ഒരുകാലത്തും സഹിക്കില്ല!! എന്തിനാടി ആ പാവത്തിനെ കുറിച്ച് ഞങ്ങളുടെ മുന്നിൽ എല്ലാം ഇങ്ങനെ ദുഷിച്ചു പറയുന്നത്?? “”
ഇന്നലെ വരെ നന്നായി പെരുമാറിയ അനിത ചേച്ചി കൂടി അങ്ങനെ പറഞ്ഞപ്പോൾ ഭാമ ആകെ തകർന്നു പോയി…
ഈ വീട്ടിലേക്ക് വലതുകാൽ എടുത്തുവച്ചു കയറിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ.. വിശാലാക്ഷിയുടെ രണ്ടാമത്തെ മകനായ ആനന്ദ് ആണ് അവളെ കല്യാണം കഴിച്ചത്..
വിശാലാക്ഷിക്ക് രണ്ടു മക്കളാണ് മൂത്തത് അനിതയും രണ്ടാമത്തേത് ദുബായിക്കാരൻ ആനന്ദും..
അനിത ജനിച്ചപ്പോൾ തന്നെ ഒരു കാലിന് നീളക്കുറവ് ഉണ്ടായിരുന്നു.. വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്.. എന്നും അവരുടെ ഉള്ളിൽ അനിതയെ കുറിച്ച് ഓർത്ത് തീയാണ് വലുതായാൽ അവളെ വിവാഹം കഴിക്കാൻ ആരും തയ്യാറാവില്ല എന്നത് തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം..
പഠിക്കാൻ വളരെ പുറകോട്ട് ആയിരുന്നു അനിത അതുകൊണ്ട് അവൾ എട്ടാം ക്ലാസ് വരെയേ പോയുള്ളൂ കാല് വയ്യാത്തതുകൊണ്ട് കുട്ടികളുടെ കളിയാക്കൽ കേട്ട് നിർത്തിയതാണെന്ന് ഒരു വിധത്തിൽ പറയാം..
ഓരോ ദിവസം ചെല്ലുന്തോറും അനിത അവരുടെ മനസ്സിൽ ചോദ്യചിഹ്നമായി വളർന്നു എന്നാൽ അതിനെല്ലാം ഒരു അവസാനം ഇട്ടുകൊണ്ടാണ് സുരേഷിന്റെ കടന്നുവരവ്..
വിശാലാക്ഷിയുടെ ഒരു അകന്ന ബന്ധുവിന്റെ മകനായിരുന്നു സുരേഷ്..
അനിതയെ അയാൾ വിവാഹം കഴിച്ചവർ എന്ന് പറഞ്ഞപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു അവിടെ എല്ലാവർക്കും.
ആനന്ദ് ഗൾഫിൽ ആയിരുന്നു അന്നേരം.. കല്യാണത്തിന് അനിതയ്ക്ക് എന്തൊക്കെ കൊടുത്താലും അവർക്ക് മതിയാവുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ് 50 പവനും 5 ലക്ഷം രൂപയും അവർ കണ്ണും പൂട്ടി സുരേഷിന് കൊടുത്തത്.
സുരേഷിന്റെ വീട്ടുകാർ ആദ്യം വളരെ സ്നേഹം ഒക്കെ കാണിച്ചാണ് അനിതയെ അങ്ങോട്ട് കൊണ്ടുപോയത് എന്നാൽ ക്രമേണ അവരുടെ ഭാവം മാറി.. അവളുടെ സ്വർണം എല്ലാം ഓരോ കാര്യങ്ങൾ പറഞ്ഞ് സുരേഷ് വാങ്ങിക്കൊണ്ടു പോയി..
പണവും അയാൾ ചിലവാക്കി.. സുരേഷിന്റെ വീട്ടിൽ നിൽക്കാൻ കഴിയില്ല എന്നും പറഞ്ഞ് ഒരു ദിവസം അനിത അയാളെയും കൂട്ടി വീട്ടിലേക്ക് വന്നു..
അപ്പോൾ അനിത നാലുമാസം ഗർഭിണിയായിരുന്നു..
പിന്നെ വിശാലാക്ഷി അവളെ അങ്ങോട്ട് വിട്ടില്ല.. അനിതയും സുരേഷും ഇവിടെ തന്നെ ആയിരുന്നു..
സ്വർണ്ണവും പണവും എല്ലാം കൊണ്ടുപോയി തുലച്ചു എങ്കിലും അനിതയോട് വലിയ സ്നേഹം ആണ് സുരേഷ് കാണിച്ചത് അതുകൊണ്ട് ഇവിടെയുള്ളവർക്ക് സുരേഷ് കണ്ണിലുണ്ണി ആയി ..
അധികം വൈകാതെ അവൾ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തു
കുഞ്ഞിനെ നോക്കാൻ എന്നും പറഞ്ഞ്
സുരേഷ് പിന്നെ ജോലിക്ക് പോയില്ല ആനന്ദ് മാസം പൈസ അയച്ചുകൊടുക്കും വിശാലാക്ഷിക്ക് ചിട്ടിയും മറ്റും ആയി ചെറിയ വരുമാനം ഉണ്ട് അച്ഛനും ജോലിക്ക് പോകും… ഇതെല്ലാം സുരേഷിന് അനിതയോടുള്ള സ്നേഹത്തിന്റെ പുറത്താണ് എന്ന് അവർ തെറ്റിദ്ധരിച്ചു..
ഈ സമയത്താണ് ആനന്ദ ലീവിന് വരുന്നതും അവന്റെ കല്യാണം ശരിയാകുന്നതും, കുറെ പെണ്ണ് തെരഞ്ഞു നടന്നതുകൊണ്ട് ലീവ് മുഴുവൻ തീർന്നതിന് ശേഷമാണ് കല്യാണം നടന്നത്…
കല്യാണം കഴിഞ്ഞ കഷ്ടി ഒരു മാസം മാത്രമേ ആനന്ദിന് വീട്ടിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ അത് കഴിഞ്ഞ് വീണ്ടും പ്രവാസിയുടെ കുപ്പായവും അണിഞ്ഞ്
ഭാമയെ തനിച്ചാക്കി ആനന്ദ് ഗൾഫിലേക്ക് പറന്നു..
അതിനുശേഷം ആണ് ഓരോ പ്രശ്നങ്ങൾ ആയി ഉണ്ടാവാൻ തുടങ്ങിയത്..
അറിയാത്ത ഭാവത്തിൽ സുരേഷ് തന്റെ ദേഹത്ത് തട്ടുന്നതും മുട്ടുന്നതും ഒന്നും ആദ്യം ഭാമ കാര്യമാക്കി എടുത്തില്ല..
എന്നാൽ അനിതയുടെ കുഞ്ഞ് അവളുടെ കയ്യിൽ ഇരിക്കുമ്പോൾ, സുരേഷ് അതിനു വന്ന് എടുക്കും.. അന്നേരം അറിയാത്തതുപോലെ അവളുടെ മാറിടങ്ങളിൽ സ്പർശിക്കും..
ഇത് പതിവായപ്പോൾ ആണ് അയാൾ മനപ്പൂർവമാണ് ഇങ്ങനെ ഓരോന്ന് ചെയ്യുന്നത് ഭാമയ്ക്ക് മനസ്സിലായത്.. അതോടെ അവൾ അയാളിൽ നിന്ന് അകലം ഇട്ടു..
ഒരു ദിവസം പുറത്തെ ബാത്റൂമിൽ കുളിച്ച് ഭാമ അവരുടെ റൂമിലേക്ക് വരുമ്പോൾ അയാൾ അവിടെ എന്തോ ചെയ്യുന്നുണ്ടായിരുന്നു…
തന്റെ റൂമിൽ സുരേഷ് എന്തിനാണ് കയറിയത് എന്നറിയാതെ നിന്നപ്പോൾ എന്തോ കള്ളം പറഞ്ഞ് അയാൾ അവിടെ നിന്ന് ഇറങ്ങിപ്പോയി അയാളുടെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു..
അതുകഴിഞ്ഞ് ഒരു കല്യാണത്തിന് ഇടാൻ നോക്കിയപ്പോഴാണ് തന്റെ സ്വർണത്തിൽ ചിലതൊന്നും കാണാനില്ല എന്ന് ഭാമ തിരിച്ചറിഞ്ഞത് അവൾക്ക് സുരേഷിന്റെ മുഖമാണ് ഓർമ്മവന്നത്..
വിശാലക്ഷിയോട് ഉണ്ടായത് പറഞ്ഞപ്പോൾ ആണ് ഇക്കണ്ട പുകിലെല്ലാം ഉണ്ടായത്..
സുരേഷിന്റെ സ്വഭാവം ആനന്ദിനോട് ഇതിനകം അവൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു..
അനിത ചേച്ചിയുടെ ജീവിതമല്ലേ നമ്മളായിട്ട് തകർക്കേണ്ട എന്ന് പറഞ്ഞ് അവളോട് സഹിക്കാൻ പറയുകയായിരുന്നു അയാൾ ഇതുവരെ.
എന്നാൽ ഇങ്ങനെ ഒരു പ്രശ്നം അവൾ പറഞ്ഞതും വിശാലക്ഷിയും അനിതയും അവളെ കണ്ണടച്ച് കുറ്റം പറഞ്ഞു സുരേഷ് അവളുടെ സ്വഭാവം ശരിയല്ല എന്ന് അവരോട് പറഞ്ഞു കൊടുത്തതോട് കൂടി രണ്ടുപേരും ഭാമയെ വല്ലാതെ കഷ്ടപ്പെടുത്തി ആനന്ദ് ഇതറിഞ്ഞപ്പോൾ പ്രശ്നം രൂക്ഷമായി..
അയാൾ അവളോട് സ്വന്തം വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞു അമ്മയോടും അനിതയോടും ഉള്ള ദേഷ്യത്തിന് അടുത്തമാസം ആനന്ദ് പൈസ അയച്ചുകൊടുത്തതും ഇല്ല.
അതോടെ അവിടുത്തെ കാര്യങ്ങൾ എല്ലാം പരിഗണിയിലായി ആനന്ദ് പൈസ അയക്കുമ്പോൾ ഒരു നല്ല തുക വിശാലാക്ഷി സുരേഷിന് കൈമാറുന്നത് പലപ്പോഴും ഭാമ കണ്ടിട്ടുണ്ട് അത് കിട്ടാതായതോടുകൂടി സുരേഷിന്റെ സ്വഭാവം മാറാൻ തുടങ്ങി..
ഇതിനിടയിൽ അയാൾക്ക് വേറെ ഏതോ ഒരു പെണ്ണുമായി ബന്ധമുണ്ട് എന്നുകൂടി ആരോ അറിയിച്ചപ്പോൾ അനിതയും വിശാലക്ഷിയും ഒന്ന് ഞെട്ടി..
പിന്നീടാണ് ഞെട്ടിക്കുന്ന അയാളെ പറ്റിയുള്ള ഓരോ കഥകൾ അറിയുന്നത് നാടിനും വീടിനും ഉപകാരം ഇല്ലാത്ത ഒരാൾ ആയിരുന്നു..
ജോലിക്ക് പോകാതെ ജീവിക്കാനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു അയാൾക്ക് അനിതയുമായുള്ള വിവാഹം.
എല്ലാം അറിഞ്ഞപ്പോൾ അനിത തകർന്നു..
വിശാലാക്ഷി ആനന്ദിനെ വിളിച്ച് മാപ്പ് പറഞ്ഞ് എല്ലാ കാര്യങ്ങളും അവനെ അറിയിച്ചു അതോടെ ആനന്ദ ഭാമയോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു..
ഭാമയാണ് അനിതയ്ക്ക് ധൈര്യം കൊടുത്തത്..
ഭാമയെ തെറ്റിദ്ധരിച്ചതിന് അനിത മാപ്പ് പറഞ്ഞു.. ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും എന്നായിരുന്നു അനിതയുടെ ഉള്ളിൽ..
അതിനും ഭാമ പരിഹാരം കണ്ടു.
പലഹാരങ്ങൾ നന്നായി ഉണ്ടാക്കാൻ കഴിവുള്ള അനിതയ്ക്ക് അതിന്റെ ചെറിയ ഒരു യൂണിറ്റ് ഉണ്ടാക്കാൻ ഭാമ പ്രോത്സാഹനം നൽകി.
മുറുക്കും അച്ചപ്പവും എല്ലാം നല്ല വൃത്തിയിൽ സ്വാധോടെ ഉണ്ടാക്കി കൊടുത്തപ്പോൾ അതിന് ആവശ്യക്കാർ കൂടിക്കൂടി വന്നു..
അതോടെ സ്വന്തം കാലിൽ നിൽക്കുന്നതിന്റെ അഭിമാനം ആയിരുന്നു അനിതയ്ക്ക്…
സുരേഷിനെ തന്റെ ജീവിതത്തിൽ നിന്ന് അവൾ ഒഴിവാക്കി..
സുരേഷ് എന്ന ചെന്നായ ആ വീട്ടിൽ നിന്ന് പടി ഇറങ്ങിയപ്പോൾ അത് വീണ്ടും ഒരു സ്വർഗ്ഗം ആയി തീർന്നു.