കലിപ്പൻ ഇച്ചായന്റെ കാന്താരി പെണ്ണ്.
( രചന : വിജയ് സത്യ)
ആ ഇടവകപള്ളിയിലെ ഏറെ പ്രസിദ്ധമായ പെരുന്നാളാണ് ഇന്ന്…
നഗരം മധ്യത്തിലൂടെ പൊന്നുംകുരിശ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്..
ഒലിവിലയും മാന്ത്രിക വടിയും ഏന്തിയ കൊച്ചു മാലാഖ കുട്ടികൾ വെള്ള പഞ്ഞികെട്ടിന്റെ പ്രഭാജാലമൊരുക്കി കൊച്ചു ചുവടുകൾ വച്ചങ്ങനെ റോഡിലൂടെ നടന്നു നീങ്ങുന്നു..
ഇടവകക്കാർ ഒന്നോഴിയാതെ ആ ഘോഷയാത്രയിൽ അണിനിരന്നിട്ടുണ്ട്…
വർഷാവർഷം നടക്കുന്ന പള്ളിപ്പെരുന്നാളിന് പൊന്നിൻ കുരിശ് എടുക്കാനുള്ള അവകാശം മാളിയേക്കൽ തറവാട്ടിലെ അവറാച്ചന്റെ കുടുംബത്തിനാണ്… അവറാച്ചന്റെ വല്യാപ്പപ്പൻ കുഞ്ഞ് ഔതക്കുട്ടി പണ്ടാദേശത്തിന്റെ ഏറ്റവും വലിയ പണക്കാരൻ ആയിരുന്നു. അന്ന് പള്ളിക്ക് പണി കഴിപ്പിച്ചു കൊടുത്തതാണ് ആ പൊന്നിൻ കുരിശ്..
അച്ഛനും കപ്പിയാരും മറ്റു ക്ഷണിക്കപ്പെട്ട മെത്രാന്മാരും പൊന്നിൻ കുരിശേന്തിയ അവറാച്ചനും ഘോഷയാത്രയുടെ മുൻനിരയിലുണ്ട്..
അവറാച്ചന്റെ പിറകിലായി അവറാച്ചന്റെ കുടുംബമായ ഭാര്യ ആലീസും മകൾ മറിയ എന്ന മേരി കുഞ്ഞും പിന്നെ ഇളയ മകൻ ക്രിസ്റ്റഫറും കൂടെയുണ്ട്..
മ്യൂസിക് ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി
പള്ളിമുറ്റത്ത് നിന്ന് പുറപ്പെട്ട ഘോഷയാത്ര കുരിശുപള്ളിയിൽ പോയി, അവിടെ നിന്നും തിരിച്ചുവരും..
ശേഷം പള്ളിയിലുള്ള രാത്രി കുർബാന ചടങ്ങുകൾ ആരംഭിക്കും.
പുറത്താണെങ്കിൽ സ്റ്റേജിൽ പരിപാടിയുണ്ട്..
ഒക്കെക്കൂടി അന്നത്തെ ദിവസം അടിപൊളിയാണ്. എല്ലാവരുടെ മനസ്സിലും ശരീരത്തിലും പെരുന്നാളിന്റെ സന്തോഷം അടിമുടി നിറഞ്ഞിരിക്കുകയാണ്.
കുരിശു പള്ളിയിലേക്കുള്ള ഘോഷയാത്ര അങ്ങനെ നീങ്ങവേ അലീസ് അമ്മച്ചിയുടെ പിറകെ നിഴൽ പറ്റി നടന്നു നീങ്ങുന്ന മേരിക്കുഞ്ഞിന്റെ ഫോൺ വൈബ്രേഷനിൽ ഉള്ളത് പ്രവർത്തിച്ചുതുടങ്ങി… ബ്ലൗസും ജീൻസും ഇട്ട അവളുടെ ജീൻസിലാണ് ഫോൺ ഉള്ളത്… ചാടി എടുത്താൽ അമ്മച്ചി അറിയും.. പക്ഷേ ഫോൺ അവിടെ കിടന്നു അവളുടെ തുടയാകെ ഇക്കിളി കൂട്ടുകയാണ്… ഇനിയും തുടർന്നാൽ പ്രശ്നമാകും… എന്തു ചെയ്യും.. എടുത്തില്ലെങ്കിൽ ഷിബുച്ചായൻ പിന്നെ ഒരൊറ്റ വിളിയായിരിക്കും..
അവൾ അമ്മച്ചി കാണാതെ ഫോൺ നോക്കി.. ഷിബുച്ചായനാണ്…
അവൾ ഫോൺ അറ്റൻഡ് ചെയ്തു…
ബാൻഡ് മേള ശബ്ദത്തിന് ഇടയിൽ കേൾക്കുമോ എന്തോ… അതിനാൽ അവൾ അവൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു.
എടി…മേരികുഞ്ഞെ….. ആമ്പിള്ളേരുടെ വായ നോക്കാൻ ഘോഷയാത്രയുടെ മുമ്പിൽ തന്നെ കൂടിയിരിക്കുകയാണല്ലേ…
അത് പിന്നെ പൊന്നിൻ കുരിശ് ഏന്തുന്നത് അപ്പച്ചൻ ആണല്ലോ.. മുമ്പിൽ നടക്കാനുള്ള ഞങ്ങളുടെ അവകാശം അങ്ങനെ വിട്ടുകളയില്ല മോനെ…
കൊല്ലും ഞാൻ വല്ലവനെയും നോക്കി വെള്ളമിറക്കിയാൽ….നാലു പാടും നോക്കാതെ നടക്കണം.. കേട്ടോടി പെണ്ണെ…. രണ്ട് കിലോമീറ്റർ അങ്ങോട്ടും രണ്ട് കിലോമീറ്റർ ഇങ്ങോട്ടുമായി 4 കിലോമീറ്റർ നടക്കണം മോളെ… നിന്റെ കാലിന്റെ ഊപ്പാടിളകും..
അതിനു ഇച്ചായൻ വിഷമിക്കേണ്ട ഞാൻ നോക്കിക്കോളാം… ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നുണ്ടല്ലോ ഞാൻ അങ്ങനെയൊന്നും ഊപ്പാട് ഇളകില്ല…
എടി… മേരിക്കു നേരിൽ മിണ്ടാൻ കൊതിയാവുന്നു..
അവിടെ നിന്നും ഊരി പോരാൻ പറ്റുമോ…
അയ്യോ. ഇല്ല…ഇച്ചായാ ഞങ്ങൾ മുമ്പിൽ തന്നെയാണുള്ളത് . അതുകൊണ്ട് ഇവിടെ നിന്നും അനങ്ങാൻ പറ്റില്ല.. അമ്മച്ചിയും അനിയൻ കിച്ചു ചെക്കനും കൂടെയുണ്ട്..
ശരി ശരി …ഞാൻ ഇപ്പോൾ പള്ളിയിൽ തന്നെയുണ്ട്.. അതായത് സ്റ്റേജിന്റെ പിറകിൽ .. സ്റ്റേജ് പ്രോഗ്രാമിന്റെ മേൽനോട്ടം ഫുൾ എനിക്കാണെന്ന് അറിയാമല്ലോ… ഘോഷയാത്ര തിരിച്ചുവന്നാൽ നീ നേരെ ഇങ്ങോട്ട് പോര്…
ഉം…. നോക്കട്ടെ… ഇച്ചായ
നോക്കിയാൽ പോരാ..വരണം ഞാൻ കാത്തിരിക്കും…
ശരി…അപ്പോഴേ എനിക്കും ഫ്രീ ആകാൻ പറ്റത്തുള്ളൂ…
അതും പറഞ്ഞു മേരിക്കുഞ്ഞ് ഫോൺ വെച്ചു..
ഘോഷയാത്രയ്ക്കിടയിൽ മ്യൂസിക് ബാന്റിന്റെ താളത്തിനനുസരിച്ച് തുള്ളുന്നവരുടെ കൂട്ടത്തിൽ രണ്ടു കണ്ണുകൾ സദാസമയം അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ആ നാട്ടിലെ കള്ള് ഷാപ്പ് നടത്തുന്ന കറിയുടെ മകൻ ‘ദേ…മീൻ കറിയാ’ എന്ന ഇരട്ടപേരിൽ അറിയപ്പെടുന്ന ടോമിൻ കറിയ എന്ന പയ്യനാണ് മേരിക്കുഞ്ഞിനെ നോട്ടമിട്ടിരിക്കുന്നത്…
ഔഷധഗുണം ഉള്ളതാണ്.. നല്ല തെങ്ങും കള്ളാണ് എന്നൊക്കെ പറഞ്ഞാണ് കുഞ്ഞിൻനാളിലെ കറിയ തന്റെ മകൻ ടോമിനു കാൽ ഗ്ലാസ് വീതം കള്ള് ഒക്കെ ഒഴിച്ചു കെടുത്തു വളർത്തിയിരുന്നത്… അതുകൊണ്ടുതന്നെ സ്കൂളിൽ പഠിക്കുമ്പോൾ അവൻ വെള്ളത്തിന് പകരം ഇടയ്ക്ക് കള്ളാണ് കൊണ്ടുവന്നിരുന്നത്…
അതാരും അറിയില്ലായിരുന്നു… ഉച്ച ഭക്ഷണ വേളയിൽ ഒരു പ്രാവശ്യം പാലാണെന്നും പറഞ്ഞു മേരിക്കുഞ്ഞിനെ ഈ ടോമി അല്പം കള്ള് ഒഴിച്ച് കൊടുത്തു… വായിലേക്ക് കമഴ്ത്തിയ അവൾ എന്തോ അരുചി തോന്നി അങ്ങനെ തന്നെ ക്ലാസ് റൂമിൽ മുഴുവനും തുപ്പികളഞ്ഞു.
ഉച്ചയ്ക്കുശേഷം ക്ലാസ് മുറിയിൽ വന്ന അധ്യാപകന് എന്തോ ഒരു മണം അനുഭവപ്പെട്ടു. അയാൾ ക്ലാസ്സ് മുറി സസൂക്ഷമം പരിശോധിച്ചപ്പോൾ മണം വരുന്നത് നിലത്ത് നിന്നാണെന്ന് മനസ്സിലായത്… തുടർന്ന് അത് കള്ളാണെന്ന് അയാൾ തിരിച്ചറിഞ്ഞു..
മാഷ് ദേഷ്യപ്പെട്ട് ചോദിച്ചപ്പോൾ പിന്നീട് മറ്റ് കുട്ടികൾ പറയാൻ മടിച്ച കാര്യം ഷിബു വിളിച്ചു പറഞ്ഞു…. ടോമിച്ചൻ പാലും വെള്ളമാണെന്ന് പറഞ്ഞ് മറിയ കുഞ്ഞിനെ വീട്ടിൽ നിന്നും വാട്ടർ ബോട്ടിലിൽ കൊണ്ടുവന്ന കള്ള് നൽകിയതാണെന്ന്…
അന്ന് ടോമിന് ഹെഡ്മാസ്റ്ററുടെ വക കണക്കിന് കിട്ടി… തന്നെ ഒറ്റിക്കൊടുത്ത ഷിബുവിനോടും അവനെ ഇഷ്ടപ്പെടുന്ന മേരിക്കുഞ്ഞിനോടും ടോമിന് പിന്നെ കലിപ്പ് ആയിരുന്നു…ശേഷം പ്ലസ് ടു കോളേജ് പഠനം ഒക്കെ ആയി… ഉള്ളിലെ കലിപ്പ് അവന് ഇപ്പോഴും തീർന്നിട്ടില്ല…
സ്കൂൾ പഠനം കഴിഞ്ഞ് മുതിർന്ന ക്ലാസിൽ പഠിക്കുമ്പോൾ പലയിടങ്ങളിലും മേരിക്കുഞ്ഞിനെ ടോമിൻ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ഷിബു ഇടപെട്ട് നല്ല തല്ലു കൊടുക്കും..
പള്ളിയിലെ ക്വയറിൽ നല്ല പാട്ടുപാടുന്ന പെണ്ണാണ് മേരിക്കുഞ്ഞ്.. ഷിബു പള്ളിയിലെ മ്യൂസിക് ഓർക്കസ്ട്ര ക്യാപ്റ്റൻ ആണ്.. ഇലക്ട്രിക് ഓർഗൺ നന്നായി വായിക്കും..ടോമിച്ചൻ ആകട്ടെ പള്ളിയിലെ നാസിക്ക് ബാൻഡ് ട്രൂപ്പിലും…
മരിയ കുഞ്ഞ് ഫോണിൽ സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ ടോമിൻ അറിയാം, ആ വിളിച്ചത് ഷിബു ആയിരിക്കും… കുഞ്ഞുനാളിൽ തുടങ്ങി ഇപ്പോഴും കൊണ്ടുപിടിച്ച പ്രേമമാണ് രണ്ടുപേരും..
പഠനം ഒക്കെ കഴിഞ്ഞ് ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി. മേരിക്കുഞ്ഞിൻ ആണെങ്കിൽ എൽ പി യു സ്കൂളിൽ ടീച്ചറായും ജോലി കിട്ടി. അതോടെ ആദ്യമൊക്കെ രണ്ടുപേരുടെയും പ്രേമത്തെ എതിർത്ത അവറാച്ചൻ ഇപ്പോൾ മകളുടെ പ്രേമത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്ന് നാട്ടിൽ ഒരു കരക്കമ്പി ഉണ്ട്.. അതിനാൽ ഈ പെരുന്നാൾ കഴിഞ്ഞാൽ അവർ വിവാഹിതരാകും… ടോമിൻ അതോർത്തപ്പോൾ സഹിച്ചില്ല.. അങ്ങനെ അവന്റെ കൂടെ ഞാൻ വിടില്ല…
എന്റെ പെണ്ണാണ്… അവനെക്കാൾ മുമ്പേ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്… അത് പക്ഷേ എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ല എന്ന് മാത്രം… അവനുമുമ്പ് ഞാൻ നിന്നെ സ്വന്തമാക്കും… അവൻ മനസ്സിൽ കുറിച്ചിട്ടു.
ഡ്രമ്മിന്റെ കൃത്രിമ ചർമ്മത്തിൽ ആഞ്ഞടിച്ച് ശബ്ദം ഉണ്ടാക്കുമ്പോഴും ടോമിൻ മേരിക്കുഞ്ഞിന്റെ ഓരോ ചലനവും നീക്കവും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു…
ഘോഷയാത്ര കുരിശു പള്ളിയിൽ പോയി തിരിച്ചുവന്ന് പള്ളിമുറ്റത്ത് സമാപിച്ചു…
എടുത്തെടുത്തു തന്നെ പൊന്നുംകുരിശ് തിരിച്ച് സ്ഥാപിച്ചപ്പോൾ അവറാച്ചന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞു.
എടി മക്കളെ… ഇനിയും നിങ്ങൾ ഇങ്ങനെ വടിപോലെ നിൽക്കാതെ നിങ്ങൾ പെരുന്നാള് അടിപൊളി ആക്കിക്കോടാ…
തന്റെ കൂടെ ചടച്ചു നിൽക്കുന്ന കുട്ടികളുടെ അവസ്ഥയോർത്ത് അയാൾ മേരിക്കുഞ്ഞിനെയും ക്രിസ്റ്റഫറിനെയും നോക്കിപറഞ്ഞു..
അതു കേട്ടതോടെ ക്രിസ്റ്റഫർ കാഴ്ചകൾ കാണാൻ ചന്തയിൽ ഓടി…
അവറാച്ചൻ അദ്ദേഹത്തിന്റെ സമപ്രായക്കാരോടൊപ്പം കുശലം പറഞ്ഞ് നടന്ന് പോയപ്പോൾ ആലിസും മകൾ മേരിക്കുഞ്ഞും തനിച്ചായി..
അമ്മച്ചി ദേ അമ്മച്ചിയുടെ സുഹൃത്തും കൂട്ടരും..
സൂസന്നയും ക്ലാര ചേച്ചിയും അങ്ങോട്ട് കടന്നു വന്നപ്പോൾ അവരെ കാണിച്ച് മേരിക്കുഞ്ഞ് ആലീസ് അമ്മച്ചിയോട് പറഞ്ഞു..
ആലീസ് അവരെ കണ്ടപ്പോൾ അങ്ങോട്ടുപോയി വർത്തമാനം പറഞ്ഞു തുടങ്ങി..
അമ്മച്ചി ഇവിടെയുണ്ടല്ലോ ഞാൻ ഇനി എന്റെ കൂട്ടുകാരെ ഒന്ന് കണ്ടിട്ട് വരാവേ..
താമസിക്കല്ലേ… ഇപ്പോൾ കുർബാന തുടങ്ങും..വേഗം വരണേ മോളെ… ഞാനീ പള്ളി വരാന്തയിൽ തന്നെ ഉണ്ടാകും..
ശരി അമ്മേ…
ഹാവൂ രക്ഷപ്പെട്ടു…
മേരിക്കുഞ്ഞു അവിടെ നിന്നും നടന്നു പള്ളിപ്പറമ്പിലെ സ്റ്റേജ് ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി…
ഹമ്മച്ചി എന്തൊരു ആൾക്കൂട്ടം…
കൊച്ചിയിൽ നിന്നെത്തിയിരിക്കുന്ന നാടക ട്രൂപ്പ് ആണ് പരിപാടി അവതരിപ്പിക്കുന്നത്. ഗീവർഗീസ് പുണ്യാളന്റെ കഥ..
പരിപാടി കാണാൻ ജനസമുദ്രം സ്റ്റേജിന് മുന്നിലുണ്ടു..
സ്റ്റേജിന്റെ പിറകിൽ പോകാൻ വേറൊരു വഴിയിലൂടെ വേണം സഞ്ചരിക്കാൻ…
ഘോഷയാത്ര പള്ളിയിൽ തിരിച്ച് എത്തിയാൽ പിന്നെ സ്റ്റേജിന്റെ പിറകിലേക്ക് വരാനാണ് അവൻ പറഞ്ഞിരിക്കുന്നത്.. അതു മേരിക്കുഞ്ഞിന്റെ മനസ്സിലുണ്ട്..
വിജനമായ ആ വഴിയിലൂടെ അവൾ സഞ്ചരിക്കുമ്പോൾ ആരോ തന്നെ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നി..
പള്ളിയിലുള്ള പ്രകാശങ്ങൾ എത്താത്ത മരങ്ങളുടെ നിഴൽ കൊണ്ട് കട്ട ഇരുട്ടുള്ള ഒരിടത്ത് എത്തിയപ്പോൾ അവളുടെ മേൽ ആരോ ഒരാൾ ചാടി വീണു…
പേടിച്ചുപോയ അവൾ വീണുപോയി..
ആ സമയം മതിയായിരുന്നു അവൻ അവന് അവളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ..
കർത്താവെ… ആരോ തന്നെ ബലമായി പ്രാപിക്കാൻ ശ്രമിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി…
അവളെ കീഴ്പ്പെടുത്തുന്ന ആ ദേഹത്തു നിന്നും വരുന്ന ആ ഗന്ധം വർഷങ്ങൾക്കു മുമ്പ് അവൾ സ്കൂളിൽ മണത്തതാണ്…
ഇത് ടോമിനാണ്… അവൾക്ക് ഉറപ്പായി..
ഷിബുച്ചായാ
അവൾ അലറി വിളിച്ചുകൊണ്ട് തന്റെ ജിമ്മ് പഠിപ്പിക്കുന്ന ഗുരുനാഥനേ മനസ്സിൽ സ്മരിച്ചു അവന്റെ കഴുത്തിന്റെ കൊരവള്ളി പിടിച്ച് ആഞ്ഞ് തള്ളി മറിച്ചിട്ട് ചാടി എഴുന്നേറ്റു..
എന്നിട്ട് അവൾ സ്റ്റേജിന്റെ പിറകിലേക്കുള്ള വഴിയിലൂടെ ഓടാൻ ശ്രമിച്ചത് അവൻ പിന്തുടർന്ന് വന്ന് അവളെ വീണ്ടും വട്ടം ചുറ്റികെട്ടിപ്പിടിച്ചു..
നിൽക്കെടി എവിടെയാ ഇങ്ങനെ ഓടുന്നത്.. നിന്റെ മറ്റവന്റെ അടുത്തേക്ക് ആണോ…… ഈ ടോമിന് ഇല്ലാത്തത് ആർക്കും വേണ്ട… നീ എന്റെ കൂടെ വാ… ഞാൻ വണ്ടി റെഡിയാക്കിയിട്ടുണ്ട് നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം…ഇല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും..
പോടാ ഒന്ന്….വിടെടാ പട്ടി…
അവളും അവന്റെ ഇരുകൈകൾക്കുള്ളിൽ കിടന്ന പിടയവേ വിളിച്ചുപറഞ്ഞു..
എന്നിട്ട് ശക്തിയായി ഒന്ന് കുതറിയപ്പോൾ മദ്യം മടുത്തു പിടിപ്പിച്ച അവൻ തെറിച്ചു വീണു..
ആ സമയം മതിയായിരുന്നു അവൾക്ക് ഓടാൻ..
എഴുന്നേറ്റ് അവനും അവളെ പിന്തുടർന്നു ഓടി..
കണ്ണു തുറന്നിട്ട് ഓടിയിട്ട് പോലും മുന്നിലൊന്നും കാണുന്നില്ല.. ഏതോ ഒരു കുറ്റിത്തടഞ്ഞ് അവൾ ആഞ്ഞു തെറിച്ചു വീണത് ഷിബുച്ചായന്റെ കയ്യിൽ..
മേരി കുഞ്ഞെ…എന്തുപറ്റി…
ഷിബുച്ചായ…ആ ടോമിൻ….എന്നെ ഇങ്ങോട്ട് വരുമ്പോൾ പതിയിരുന്നു ഉപദ്രവിച്ചു……പിന്നാലെ ഉണ്ട്.
അതും പറഞ്ഞു അവൾ ഷിബുവിന്റെ നെഞ്ചത്ത് കുഴഞ്ഞു ബോധമറ്റു വീണു..
മേരി കുഞ്ഞേ… മേരിക്കുഞ്ഞെ…
അവൻ കുലുക്കി വിളിച്ചു.
അവൾ ഉണർന്നു..
അപ്പോഴേക്കും ഓടിവന്ന രൂപം ഷിബുവിന്റെ മുന്നിൽ പെട്ടു..
ഒരു കൈയാൽ മേരി കുഞ്ഞിനെ താങ്ങി മറ്റേ കൈകൊണ്ടു
ഞൊടിയിടയിൽ ഷിബു അവന്റെ മുഖംമൂടി വലിച്ചു കീറി…
നീയാണോ…
ടോമിനെ തിരിച്ചറിഞ്ഞ ഷിബുവിന്റെ കോപം ഇരട്ടിയായി…
ഷിബു മേരിക്കുഞ്ഞിനെ മാറ്റി നിർത്തി..
പൊരിഞ്ഞ തല്ലായിരുന്നു പിന്നെ…
വേറെ നേരത്തെ പോരാട്ടത്തിനൊടുവിൽ ഷിബു തല്ലി കിടത്തി അവനെ താഴെയിട്ടു.
അവന്റെ നെഞ്ചത്ത് കാൽ വച്ച് അവൻ അലറി..
പട്ടി ചെറ്റ നായയുടെ മോനെ… കുറെ നാളായി നീ നീ എന്റെ പെണ്ണിന്റെ പിറകെ കൂടിയിട്ട്… നിന്റെ കുടിപ്പക ഞാൻ എന്ന് തീർക്കും..
ഷിബു മുന്നിൽ കണ്ട വലിയ കല്ലെടുത്ത് അവന്റെ തലതല്ലി തകർക്കാൻ ശ്രമിച്ചു.
വേണ്ട ഷിബുച്ചായൻ എവിടെയെങ്കിലും പെഴച്ചു ജീവിക്കട്ടെ… ഇതുപോലുള്ള വൃത്തികെട്ട നായയെ നമ്മുടെ ജീവിതം തകർക്കുന്നത് എന്തിനാ…
അവന്റെ തലയ്ക്കു നേരെ ഇടാൻ ഉയർത്തിപ്പിടിച്ച് കല്ലുമായി പറഞ്ഞു..
അത് ശരിയാണ്… ഈ ചെറ്റയെ കൊല്ലുന്നതിലും ഭേദം ആത്മഹത്യയാണ് നല്ലത്…ഇനിയും ഞങ്ങളുടെ ജീവിതത്തിലെ വന്നാൽ പിന്നെ നീ ഇതുപോലെ ജീവൻ എരന്നു വാങ്ങാൻ ഉണ്ടാവില്ല..
അതും പറഞ്ഞു ഷിബു കല്ലും ദൂരേക്ക് വലിച്ചെറിഞ്ഞു..
തന്റെ പെണ്ണിനെയും കൈപിടിച്ച് അവൻ സ്റ്റേജിന്റെ പിറകിലേക്ക് നടക്കവേ ഷിബു മേരിക്കുഞ്ഞിനെ തന്റെ നെഞ്ചത്ത് ചേർത്ത് പറഞ്ഞു…
നാടകം തുടങ്ങാനായി അണിയറ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ഈ പാവപ്പെട്ടവന്റെ മേൽനോട്ടത്തിൽ ആണല്ലോ…
പാവപ്പെട്ടവനോ ആണൊരുത്തൻ എന്ന് പറ…
മേരിക്കുഞ്ഞ് കൂട്ടിച്ചേർത്തു…
സ്റ്റേജിൽ ഗീവർഗീസ് പുണ്യാളിന്റെ നാടകം അരങ്ങ് തകർക്കുമ്പോൾ അല്പം അകലെ ഇരുളിൽ മാറി ഷിബുവും മേരിക്കുഞ്ഞും തങ്ങളുടെ പ്രേമത്തിന്റെ വല്ലരിയിൽ വിരിഞ്ഞ പുഷ്പങ്ങൾ ഓരോന്നും ഇറുത്തെടുത്ത്, ജീവിതത്തിന്റെ ഈടും പാവും ഇഴ ചേർത്ത് നെയ്തെടുത്ത വസ്ത്രത്തിൽ തുന്നി പിടിപ്പിക്കുകയായിരുന്നു..
അടുത്ത പള്ളിപ്പെരുന്നാൾ ആകുമ്പോഴേക്കും അവർ വിവാഹിതരായി…
.
.
രചന : വിജയ് സത്യ