നീ വിഷമിക്കേണ്ട ഇന്ന് നമ്മുടെ വിവാഹ ദിവസവും ആദ്യരാത്രിയും ആയതുകൊണ്ടാണ് ഇങ്ങനെ… ക്ഷമിച്ചുകള ഇനി ഇങ്ങനെ…

കവല ചട്ടമ്പിയുടെ വാടക ഭാര്യ

(രചന വിജയ് സത്യ)

========================.

ദാസേട്ടൻ പഴുക്കാൻ വച്ചിരിക്കുന്ന വാഴക്കുലയെ പൊതിഞ്ഞിരിക്കുന്ന തുണി മാറ്റി നോക്കി..

നന്നായി പഴുത്തിരിക്കുന്നു..മിനിഞ്ഞാന്നാള് ജാനുഅമ്മ കൊണ്ടുവന്ന കുലയാണ്.. ആ പഴക്കുല എടുത്ത് തന്റെ കടയുടെ മുന്നിലെ കൊളുത്തിൽ തൂക്കി..

പട്ടണത്തിൽ വലിയ കട നടത്തിയിരുന്ന ദാസേട്ടൻ വേറെ പല ബിസിനസിലും കയ്യിട്ടു കടംകയറി മുടിഞ്ഞപ്പോൾ അതൊക്കെ വിറ്റ് പെറുക്കി വന്നതായിരുന്നു ആ ഗ്രാമത്തിൽ…

ദാസേട്ടോ… സന്തോഷമായി കേട്ടോ…ദാസേട്ടൻ എന്റെ ആഗ്രഹം അറിഞ്ഞു പ്രവർത്തിക്കുന്ന ആൾ തന്നെ..

ദാസേട്ടൻ ശബ്ദം കേട്ട് ഭാഗത്തേക്ക് നോക്കി..

അയ്യോ ചട്ടമ്പി ദാമു ആണല്ലോ..

ദാസേട്ടൻ മനസ്സിൽ പറഞ്ഞു..

എങ്കിലും ഭയം പുറത്തു കാണിക്കാതെ ദാമുവിനോട് ചോദിച്ചു…

എന്താ ദാമു അങ്ങനെ പറഞ്ഞത്..

ദാസേട്ടൻ ചോദിച്ചു.

ദാസേട്ടൻ അറിഞ്ഞു കാണുമല്ലോ ഇന്ന് രാവിലെ ഞാനൊരുത്തിയെ കൈപിടിച്ചു വീട്ടിലോട്ട് കൂട്ടി കൊണ്ടുവന്നത്….. അതായത് ചെറിയൊരു കല്യാണം കഴിച്ചു.. അങ്ങനെ ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ് കേട്ടോ…..

ശരിയാണ് ദാമു…നല്ല കാര്യം…
അല്ല ദാമു ഇത് എത്രാമത്തെതാ..

ദാസേട്ടൻ ഉദ്ദേശിച്ചത് കല്യാണമാണോ അതോ പെണ്ണാണോ…അതിനൊന്നും ഒരു കണക്കില്ല… ദാസേട്ടാ…അതൊക്കെ വരും പോകും…

ആട്ടെ ദാമു എന്താ നിന്റെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ എന്താ പ്രവർത്തിച്ചത്… അങ്ങനെയാണല്ലോ കയറി വരുമ്പോൾ പറഞ്ഞത്…

ആ… അത്…ദാസേട്ടാ കണ്ടില്ലേ….ഇവിടെ തൂങ്ങിയാടുന്നത്…

എന്ത്…?

കുല…

കുലയോ…?

ആ…ഈ പഴക്കുല..എനിക്ക് അതിൽ നിന്നും ഒന്നുരണ്ട് കിലോ വേണം. ഞാൻ അതിനാ വന്നത്..

ചതിച്ചോ ദൈവമേ..ബോണി വരെ ആയില്ല അതിനുമുമ്പ് ഈ കാലമാടൻ കൊണ്ടുപോകുമല്ലോ ഈ നല്ല കദളിക്കുലയിൽ നിന്നും രണ്ടു കിലോ…

ദാസേട്ടൻ മനസ്സിൽ പറഞ്ഞു.

ദാമുവിന് എന്തിനാ ഇപ്പോൾ കദളിപ്പഴം…?

ഞാൻ പറഞ്ഞല്ലോ ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണെന്ന്.. … പാലും പഴവും വേണമല്ലോ.അതിനുവേണ്ടിയാണ്…നല്ല മുഴുത്ത പടല നോക്കി ഒരു കിലോ തൂക്കു എടുക്ക് ദാസേട്ടാ സമയം കളയാതെ…

ദാമു അല്പം ശബ്ദമുയർത്തി..

ങ്ങാ..ആയിക്കോട്ടെ… ശരി… എന്നാലും…

ദാസേട്ടൻ തല ചൊറിഞ്ഞു… അല്പം നേരം ആമാന്ദിച്ചു നിന്നു..

ഞാൻ കത്തിയെടുക്കണോ.. എന്നും പറഞ്ഞ് ദാമു തന്റെ എളിയിൽ തിരുകി വെച്ചിരിക്കുന്ന കത്തിയിലേക്ക് കൈ കൊണ്ടുപോയി..

വേണ്ട ഞാൻ എടുത്തോളാം.. എന്ന് പറഞ്ഞു ദാസേട്ടൻ വേഗം കത്തിയെടുത്ത് പഴകുലയിൽ നിന്നും നല്ല പഴുത്ത പടല അരിഞ്ഞ് തൂക്കി കൊടുത്തു…

പ്രതീക്ഷിച്ച പോലെ തന്നെ ഒന്നും കൊടുക്കാതെ ദാമു അതും വാങ്ങി കൂളായി നടന്നു പോയി..

പണ്ടാരക്കാലൻ എവിടുന്ന് വന്നു കൃത്യസമയത്ത് തന്നെ… അവന്റെ മറ്റെടുത്ത ആദ്യരാതി…

ദാസേട്ടൻ പിറുപിറുത്തുകൊണ്ട് കടക്കകത്ത് കയറിപ്പോയി..

കവലയിലുള്ള മറ്റു കടകളോടു ചേർന്നിരിക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ കോലത്തിലുള്ള സ്വന്തം കെട്ടിടത്തിലാണ് ദാമുവിന്റെ താമസം…

രാത്രി ഏറെ വൈകി… എല്ലാ കടക്കാരും അവരവരുടെ വീട്ടിലേക്ക് പോയി.. കവലയിലും ആളൊഴിഞ്ഞു… ഒരു ഭയവും ഇല്ലാതെ ആ വലിയ സ്ട്രീറ്റ് ലൈറ്റിന്റെ മറവിലിരുന്ന് മദ്യപിക്കുകയായിരുന്നു ചട്ടമ്പി ദാമുവും സുഹൃത്ത് ശശിയും…

എന്നാൽ ഞാൻ പോട്ടെ ദാമൂവേട്ടാ..
പാക്കരൻ പോലീസ് പറഞ്ഞിരിക്കുന്നു ഇപ്പോൾ ഇവിടെ പുതിയ എസ്ഐ ആണ് ചാർജ് എടുത്തിരിക്കുന്നത് എന്ന്… ആളിത്തിരി പിശാക് ആണത്രെ .. രാത്രിയിലെ മറ്റോ പെട്രോലിങ്ങിനു ഇറങ്ങി, ഇനിയെങ്ങാനും നിങ്ങളെ കണ്ടു ആളെ പരിചയമില്ലാതെ തൂക്കിയെടുത്ത് അകത്തിട്ടാല് പിന്നെ നിങ്ങൾക്ക് നഷ്ടമാകുന്നത് ആദ്യരാത്രിയാണ്..
നിങ്ങളുടെ ആദ്യ രാത്രിയാണല്ലോ… അതുകൊണ്ട് ഇന്ന്
വൈകിക്കേണ്ട.. സുമതിച്ചേച്ചി അവിടെ കാത്തിരുന്നു മുഷിയുന്നുണ്ടാകും..ചെല്ല് ദാമുവേട്ട…

ഡാ നീ ദാമുവിനെ പറഞ്ഞു പേടിപ്പിക്കുന്നോ… ഈ ദാമു ജനിച്ചതും വളർന്നതും ഈ കവലയിലാണ്.. ഈ കവലയിൽ ഏത് നേരവും എവിടെ പോകാനും ഇരിക്കാനും കിടക്കാനും എനിക്ക് അധികാരം ഉണ്ട്.. അതിന് എന്നെ ചോദ്യം ചെയ്യാൻ ഇവിടെ ആരും ജനിച്ചിട്ടില്ല..

അതൊക്കെ എനിക്കറിയാം എന്നാലും ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് എന്നേയുള്ളൂ…

ഉം… ശരി…. ശരി.. എന്നാൽ ശശി പൊയ്ക്കോ…ഞാൻ ഇതും കൂടി തീർത്തിട്ടെ പോകുന്നുള്ളൂ.. അതിനിടയിൽ ഏവന്മാര് വന്നാലും ഈ ദാമുവിനു പുല്ലാ..

അതും പറഞ്ഞുകൊണ്ട് ദാമു തന്റെ ദൂരെ കാണുന്നസ്വന്തം കെട്ടിടത്തിന്റെ വാതിൽക്കലേക്ക് നോക്കി.. സുമതി തന്നെയും പ്രതീക്ഷിച്ചിരിപ്പാണ്…

ശശി വേച്ച് വേച്ചു നടന്നു പോയി..

ദാമു കുറെ സമയം കഴിഞ്ഞപ്പോൾ കുപ്പി ഒക്കെ കാലിയാക്കി വീട്ടിലേക്ക് നടന്നു..

മദ്യപിച്ച് ആടിയാടി വരുന്ന ദാമുവിനെ കണ്ടപ്പോൾ സുമതി അല്പം നീരസം പ്രകടിപ്പിച്ചു..

നീ വിഷമിക്കേണ്ട ഇന്ന് നമ്മുടെ വിവാഹ ദിവസവും ആദ്യരാത്രിയും ആയതുകൊണ്ടാണ് ഇങ്ങനെ… ക്ഷമിച്ചുകള ഇനി ഇങ്ങനെ ഉണ്ടാവില്ല..

വാതിൽക്കൽ നിൽക്കുന്ന സുമതിയെ നോക്കി സ്നേഹപൂർവ്വം അങ്ങനെ പറഞ്ഞു തോളിൽ കയ്യിട്ട് അയാൾ വീടിനകത്തേക്ക് കടന്നു…

ഹോ ഇതെന്റെ വീട് തന്നെയാണോ… ഇത്രയും ഭംഗിയുണ്ടായിരുന്നുവോ ഇതിന്..

ദാമു അത്ഭുതപ്പെട്ടു ചോദിച്ചു..

തൊട്ടു പുറത്ത് കവലയിലുള്ള
ചന്ത പോലെ ഉണ്ടായിരുന്ന റൂമിനുള്ളിൽ
ഇപ്പോൾ ഒരു അടുക്കും ചിട്ടയും കൈവന്നിരിക്കുന്നു..

സുമതി ഇരുവർക്കും അത്താഴം വിളമ്പി..
രണ്ടുപേരും ഇരുന്നു കഴിച്ചു..

ദാമു ഭക്ഷണം വായിൽ ഇട്ടപ്പോൾ തന്നെ നല്ല രുചി അനുഭവപ്പെട്ടു..

ആഹാ…. കൊള്ളാലോ ഇത്രയും രുചിയായിട്ട് ഭക്ഷണം ഉണ്ടാക്കാൻ അറിയുമോ സുമതിക്ക്… ഞാനാ അപ്പുവേട്ടന്റെ കടയിൽ നിന്നായിരുന്നു ഇതുവരെ നിത്യവും വേണ്ടുന്ന ഭക്ഷണം കഴിച്ചിരുന്നത്… ഇനി അങ്ങനെ പറ്റില്ലല്ലോ അതുകൊണ്ടാ അടുക്കള നിറയെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ട് വച്ചത്…

അത് നന്നായി.. ഈ ദാമുവേട്ടൻ എന്താ ജോലി…

എനിക്കോ… ഞാനീ കവലയുടെ ഫുൾ മേൽനോട്ടം…

ആരാ ഈ ജോലി ഏൽപ്പിച്ചത്…

സുമതി ചോദിച്ചു..

ദാമു ഒന്നു പരുങ്ങി.. ഇവിടെയുള്ള പാവപ്പെട്ട കച്ചവടക്കാരെ കത്തി കാട്ടി പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആണ് താൻ നിത്യവും കഴിഞ്ഞുകൂടുന്നതെന്ന് എങ്ങനെ പറയും..

അതൊക്കെ പണ്ട് എന്റെ അപ്പൻ ഉള്ള കാലത്തെ തുടങ്ങിവച്ച സമ്പ്രദായമാണ്…
നമ്മുടെ ഈ വീടിരിക്കുന്ന കെട്ടിടം പണ്ട് അച്ഛൻ നടത്തിയ ഒരു കടയായിരുന്നു..

അച്ഛന് ശേഷം അമ്മ ഇവിടെ പപ്പടവും അച്ചാറും വറുത്ത പലഹാരങ്ങളും ഉണ്ടാക്കി വിറ്റ് കൊണ്ടുണ്ടായിരുന്നു… അങ്ങനെയാണ് ഞാൻ വളർന്നത്..

അമ്മ മരിച്ചതിൽ പിന്നെ കടയൊന്നും നടത്തിയിട്ടില്ല. ഈ കവലയിലുള്ള കാര്യങ്ങളൊക്കെ നോക്കി രാത്രി ഞാൻ ഇവിടെ കേറി കിടക്കും..

അപ്പോൾ ദാമുവേട്ടനു പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ല..അല്ലെ.. അപ്പോൾ ഇനി എങ്ങനെ ജീവിക്കും…

അതാ ഞാനിപ്പോൾ ആലോചിക്കുന്നത്…
അന്തസ്സിനും അഭിമാനത്തിനും ഞാൻ ഒരു വിലകൽപ്പിച്ചിട്ടില്ലായിരുന്നു.. നീ ഭാര്യയായി വന്നപ്പോൾ തൊട്ട് എനിക്ക് അതിനൊക്കെ ഒരു വില ഉണ്ടെന്ന് തോന്നുന്നു..

അതിന് ഞാൻ നിങ്ങളുടെ പെർമനന്റ് ഭാര്യ ഒന്നുമല്ലല്ലോ… വാടകയ്ക്ക് വന്നതല്ലേ..

നമ്മൾ ഉറപ്പിച്ച കരാർ പ്രകാരം ആറുമാസം എന്റെ കൂടെ ഒരു ഉത്തമ ഭാര്യയെപോലെതന്നെ കഴിയണമല്ലോ… ഒരു കുറവും ഇല്ലാതെ..

അതൊക്കെ ശരി തന്നെ….
സ്വന്തമായി തൊഴിലില്ലാതെ അന്യരുടെ വീട്ടിൽ വീട്ടുജോലിക്ക് നിൽക്കുന്ന എനിക്ക്
എന്റെ അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി ഗതിമുട്ടി നിന്ന ഒരു സാഹചര്യത്തിൽ ഒരു വഴിയും കാണാതെ വേണ്ടുരുത്തി പാലത്തിൽ നിന്നും താഴോട്ടു ചാടി ചാവാൻ നിന്നപ്പോൾ എന്നെ ഒരു ദൈവദൂതൻ എന്നപോലെ വന്നു രക്ഷിച്ച്, എന്റെ കാര്യം അറിഞ്ഞപ്പോൾ വെച്ച് നീട്ടിയ 50000 രൂപ ഞാൻ വാങ്ങിയപ്പോൾ നിങ്ങൾ എന്നെ കെട്ടിക്കോട്ടെ എന്ന് ചോദിച്ചു.. ഒരു ചട്ടമ്പി ആയി നടക്കുന്ന നിങ്ങളിൽ എനിക്ക് അത്ര വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്.. എന്റെ അച്ഛനെ സഹായിക്കാൻ ആരെയോ തല്ലി അതിന്റെ കൂലിയായി കിട്ടിയ 50,000 രൂപ ഒരു മടിയും കൂടാതെ എനിക്ക് ആ നിമിഷം തന്നപ്പോൾ നിങ്ങളിൽ ഞാനൊരു നല്ല മനുഷ്യനെ കണ്ടു… ഒരു നല്ല മനസ്സിനെ കണ്ടു… എങ്കിലും അത് എത്രകാലം എന്നറിയാൻ വേണ്ടിയിട്ടാണ് ഈ ഒരു ആറുമാസത്തെ കരാർ വെച്ചിട്ട് ഞാൻ നിങ്ങളുടെ ഭാര്യയായി വന്നത്.. എന്റെ അച്ഛനെ രക്ഷിച്ച ഒരു സന്തോഷം കൂടി അതിന്റെ പിറകിൽ ഉണ്ടായിരുന്നു..അത് അറിയാമല്ലോ ദാമുവേട്ടന് .. നിങ്ങൾ ഇങ്ങനെ ജോലിയും കൂലിയും ഇല്ലാതെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയും, കവലക്കാരെയും നാട്ടുകാരെ തല്ലി പ്രതിഫലവും വാങ്ങിച്ച് എത്ര നാൾ കഴിയും..
ഈ ആറുമാസ കാലം നിങ്ങൾ നല്ലൊരു ജോലി കണ്ടുപിടിച്ച് മാന്യമായി എന്നെ സംരക്ഷിതമെന്ന് എനിക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഞാൻ തുടർന്നും ഭാര്യയായി നിൽക്കുള്ളൂ…

നിനക്ക് എന്നും തിന്നാനും കുടിക്കാനും കിട്ടിയാൽ പോരെടി…..സുമതി…

അതു പോരാ… ദാമു വേട്ട… വല്ലെടുത്തൊന്നും പേടിപ്പിച്ചും പിടിച്ചു പറിച്ചും കൊണ്ടുവരുന്നത് കൊണ്ട് എനിക്ക് ദഹിക്കില്ല… മാന്യമായി അധ്വാനിച്ചു കൊണ്ടുവരുന്ന പൈസ ഉണ്ടെങ്കിലേ ഞാൻ നിങ്ങളുടെ ഭക്ഷണം കഴിക്കൂ..

ചുരുക്കിപ്പറഞ്ഞാൽ ഞാൻ നല്ല പിള്ളയായി ജീവിച്ചു കാണിക്കണം അല്ലേ…

കലർപ്പില്ലാതെ പറയാമല്ലോ.. അതേ… ദാമുവേട്ട… അത് തന്നെയാണ് ഉദ്ദേശിക്കുന്നത്…

ദാസേട്ടന്റെ കടയിൽ നിന്നും ബലമായി വാങ്ങിച്ച പഴം കൊണ്ട് ആദ്യരാത്രി ആഘോഷിക്കുമ്പോഴും ദാമുവിന്റെ ചിന്ത ഇനി എങ്ങനെ മാന്യമായി ജീവിച്ചു കാണിക്കും എന്നതായിരുന്നു..

 

സുമതി തരുന്ന സ്നേഹവും പരിലാളനയും സുരക്ഷിതത്വവും എന്നും വേണമെന്ന് തോന്നി പോവുകയാണ് ദാമുവിന്..

പിറ്റേന്ന് രാവിലെ കാപ്പി കുടി ഒക്കെ കഴിച്ച് ദാമു കവലയിലേക്ക് ഇറങ്ങാൻ നേരമായപ്പോൾ ദാമു തന്റെ കത്തി അന്വേഷിച്ചു അവിടെയും ഇവിടെയും തപ്പാൻ തുടങ്ങി..

അത് കാണില്ല അത് ഞാൻ എടുത്തു കളഞ്ഞു…

എന്ത്… എനിക്ക് അന്നം തരുന്ന ആ സാധനം കളഞ്ഞോ….. അതുകൊണ്ടുള്ള അന്നം ഇനി വേണ്ട… വല്ല ജോലിക്കും പോ…ദാമുവേട്ടാ…

ദേഷ്യം കൊണ്ട് ദാമുവിന്റെ കൈത്തരിച്ചു എങ്കിലും അത് അടക്കി അയാൾ ഒന്നു മുറു മുറുത്തു പുറത്തേക്ക് കത്തി ഇല്ലാതെ നടന്നു…

ഉച്ചയ്ക്ക് ഊണിന് വരണെ… ഞാൻ ഒരുക്കി വെക്കാം… വല്ലെടുത്തും കയറി ഭീഷണിപ്പെടുത്തി ഓസിന് തിന്നാൻ നിൽക്കല്ലേ…

ശോ.. ഇതെന്ത് കഷ്ടം വരാം…

ഇവളാകെ നാണം കെടുത്തുന്നുണ്ടല്ലോ… ഇത്തരം കാര്യങ്ങളൊക്കെ ഒരു നാണവും മാനവും ഉണ്ടെന്ന് അന്ന് ദാമു ആദ്യമായി തിരിച്ചറിഞ്ഞു…

അന്ന് അയാൾക്ക് കടകളിൽ പോയി ആൾക്കാരെ പേടിപ്പിച്ച് വല്ലതും വാങ്ങിക്കാനോ തിന്നാൻ ഒന്നും തോന്നിയില്ല..

പലരും സുമതിയുടെ കാര്യങ്ങൾ അന്വേഷിക്കുന്നു…

പലരും ഒരു കുടുംബത്തിലുള്ള വിശേഷം ചോദിക്കുന്നതുപോലെ അങ്ങനെ ചോദിക്കുമ്പോൾ ദാമുവിനു ബന്ധങ്ങളുടെയും മറ്റുള്ളവരോട് അതൊക്കെ മറന്നു നികൃഷ്ടമായ പെരുമാറുന്നതിന്റെ ജാള്യതയും അനുഭവപ്പെട്ടു..

ദാമു ക്രമേണ മാറുകയായിരുന്നു..

ഉച്ചയ്ക്കും വൈകിട്ടും രാത്രിയും കൃത്യമായി സമയത്തിന് അയാൾ വീട്ടിലെത്തി.. ഭാര്യ സുമതി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു..
സുമതിയുടെ പെരുമാറ്റങ്ങളും സ്വാന്തനവും ഇഷ്ടപ്പെട്ടു..

അടുക്കളയിൽ കൊണ്ട് കൂട്ടിയ സാധനങ്ങൾ കാലിയായി വരുന്നു…

ഇനി അതുപോലെ പിടിച്ചുപറിച്ചു കൊണ്ടുവരാൻ സാധിക്കില്ല…

സുഹൃത്ത് ശശി ഏർപ്പാടാക്കിയ ഒരു മേസ്ത്രിയുടെ കൂടെ ദാമു ജോലിക്ക് പോയി തുടങ്ങി.. ആദ്യം കയ്യാളായി… പിന്നെ ക്രമേണ പണി പഠിച്ചു..

ആഴ്ചയിൽ കിട്ടുന്ന പൈസ കൊണ്ട് സാധനങ്ങൾ വാങ്ങി വീട്ടിൽ വന്നു..

ഒരു ദിവസം ജോലികഴിഞ്ഞ് വീട്ടിലെത്തിയ ദാമുവിനെ കാത്തു പട്ടണത്തിലൊക്കെ ബിൽഡിങ്ങുകൾ നിർമ്മിക്കുന്ന ഒരു മുതലാളി വന്നിട്ടുണ്ടായിരുന്നു..

ദാമു വിന്റെ വീടിരിക്കുന്ന സ്ഥലംകൂടാതെ ആ ഏരിയയിലുള്ള മൊത്തം സ്ഥലം അയാൾ എടുക്കുന്നു… കൂട്ടത്തിൽ ദാമു സ്ഥലവും വേണം..

ആദ്യം ദാമു എതിർത്തു എങ്കിലും.. അയാൾ സ്ഥലം വിൽക്കുന്നവർക്കൊക്കെ ഒരു ഓഫർ വെച്ചിരുന്നു… അയാൾ പണിയുന്ന ബിൽഡിങ്ങിന്റെ താഴെവരുന്ന കടകളിൽ ഓരോ റൂം വാടകയ്ക്ക് ഇവർക്ക് നൽകും.. ഇവർക്ക് അതിൽ കച്ചവടം ചെയ്യാം.. കൂടാതെ സ്ഥലത്തിനായി വലിയ തുക വാഗ്ദാനവും ചെയ്തു…

ദാമു അതിൽ മയങ്ങി… സുമതിയുടെ കൂടെ നല്ലൊരു ജീവിതം ജീവിക്കണമെങ്കിൽ പണം വേണം.. അതുകൊണ്ട് അയാൾ സമ്മതിച്ചു..
വലിയ തുക കൈവന്നതോടുകൂടി ഗ്രാമത്തിലുള്ള ഒരു വീട് നോക്കി വില കൊടുത്തു എടുത്തു..
തുടർന്ന് സുമതിയെയും കൂട്ടി താമസം അങ്ങോട്ട് ആക്കി…

വളരെ പെട്ടെന്ന് ദാമവും കൂട്ടരും വിറ്റ സ്ഥലത്ത് ബിൽഡിംഗ് ഉയർന്നുവന്നു..

എല്ലാവർക്കും ലഭിക്കുന്നതുപോലെ ദാമുവിനും കടനടത്താനായി ഒരു റൂം വാടകയ്ക്ക് ലഭിച്ചു..

പണ്ട് അച്ഛന്റെ കൂടെ കച്ചവടം ചെയ്ത പാരമ്പര്യം ഉള്ളതുകൊണ്ട് തന്നെ ദാമു നല്ല ഒരു സ്റ്റേഷനറി കട ഇട്ടു…

അതിനിടയിൽ കരാറിൽ പറഞ്ഞ ആറുമാസം കടന്നുവന്നു…

ഇനി സുമതിക്ക് പോകണം എന്ന് തോന്നുന്നുണ്ടോ…

ഇല്ല ദാമുവേട്ടാ… ദാമുവേട്ടൻ മാറിയല്ലോ ഒരുപാട് മാറി..

 

ഉം…. മാറ്റി എന്ന് പറയുന്നതാണ് സത്യം…
എന്റെ ഈ ഉത്തമ ഭാര്യ… എന്നെ മാറ്റിയെടുത്തു..
അല്ലെങ്കിൽ ആരുടെയെങ്കിലും പിച്ചാത്തി പിടിയിൽ ഓടുങ്ങേണ്ട ജീവിതമായിരുന്നു…

അങ്ങനെയൊന്നും പറയല്ലേ… ഇനി അതൊന്നും ഓർക്കല്ലേ..
ദാമുവേട്ടാ… ഇനി ജീവിതകാലം മുഴുവൻ ദാമുവേട്ടന്റെ കൂടെ ഉത്തമ ഭാര്യയായി ജീവിക്കണം അതാണ് എന്റെ ആഗ്രഹം…

ദാമു അവളെ സ്നേഹത്തോടെ ചേർത്തു നിർത്തി…

.
.

രചന വിജയ് സത്യ.