സംഭവിച്ചതെന്താണെന്ന് സുറുമി തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അവളുടെ മുഖമാകെ എബിയുടെ ചുണ്ടുകൾ ഇഴഞ്ഞൊടുവിലവളുടെ…

(രചന: രജിത ജയൻ)

എനിയ്ക്ക് നിന്നെ ഇഷ്ടമാണ് കൊച്ചേ… ഇഷ്ടംന്ന് പറഞ്ഞാൽ കെട്ടികൂടെപ്പൊറുപ്പിക്കാനുള്ള ഇഷ്ടം…
എന്റെ മക്കളെ നിന്റെ കൂടിയാക്കാനുള്ള ഇഷ്ടം…

“എന്നേം ഇഷ്ടാണ് കൊച്ചിനെന്ന് എനിയ്ക്കറിയാം..
ഒന്ന് സമ്മതിക്ക് കൊച്ചേ കൊച്ചിനെന്നോടും ഇഷ്ടാണെന്ന്..
കെട്ടി കൂടെ പൊറുത്തോളാന്ന്… അത്രയ്ക്കും ഇഷ്ടായോണ്ടല്ലേ ഇങ്ങനെ കെഞ്ചി പുറകെ നടക്കണത്… പ്ലീസെടീ ഒന്നു പറ എന്നെ ഇഷ്ടാണെന്ന്…..”

ആദ്യം തമാശയിലും ഒടുവിൽ നൊമ്പരത്തിലും സുറുമിയോട് പറഞ്ഞു നിർത്തുമ്പോൾ ഇടറിയിരുന്നു എബിയുടെ ശബ്ദം.. ഉള്ളിലെ നൊമ്പരമേറി നനവു പടർന്നിരുന്നവന്റെ മിഴികളിലും…

തനിയ്ക്ക് മുമ്പിൽ നിന്ന് പ്രണയം തുറന്നു പറഞ്ഞു കെഞ്ചുന്നവനെ, അവന്റെ നിറഞ്ഞ കണ്ണുകളെ വേദനയോടെ നോക്കി നിന്നു സുറുമി…

ഇഷ്ടമാണവനെ പ്രാണനോളം… പ്രണയമാണവനോട് അറിവു വെച്ച കാലം മുതൽ…. പക്ഷെ സമ്മതിച്ചു കൊടുക്കാൻ വയ്യ… വേദനിപ്പിക്കാൻ വയ്യ ആരെയും…

പ്രതീക്ഷയോടെ തന്നെ നോക്കുന്ന എബിയുടെ മുഖത്ത് കണ്ണുകളുറപ്പിച്ച് നോക്കുമ്പോൾ സുറുമിയുടെ മുഖം ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞിരുന്നു..

‘ഇഷ്ടംന്നും പ്രണയംന്നും പറഞ്ഞു എന്റെ പുറകെ വരുന്ന ആദ്യത്തെ ആളൊന്നുമല്ല എബിച്ചാ നിങ്ങള്…നിങ്ങൾക്കും അറിയാലോ അത്…?
അവരോടും നിങ്ങളോടും എന്നും ഒരു മറുപടിയേ എനിയ്ക്ക് പറയാനുള്ളു ,എന്റെ ഉപ്പച്ചിയെ വേദനിപ്പിക്കാനും നിങ്ങളെ പ്രണയിക്കാനുമൊന്നും എനിയ്ക്ക് വയ്യ… എന്റെ ഉപ്പച്ചിയുടെ എല്ലാം ഞാനാണ്…
എന്റെ ഉപ്പച്ചി തീരുമാനിക്കുന്നതാണ് എന്റെ വിവാഹ ജീവിതം… അതാർക്കൊപ്പം ആയാലും…’

തന്റെ മുഖത്തു നോക്കി പറഞ്ഞ് തിരിഞ്ഞു നടക്കുന്നവളെ വേദനയോടെ നോക്കി നിന്നു എബിൻ…

കുഞ്ഞു പ്രായം തൊട്ടറിയുന്നവളാണ്… മനസ്സിൽ മോഹങ്ങൾ മുള പൊന്തിയ കാലം മുതൽ തന്റെ പ്രാണന്റെ പാതിയായിട്ട് അവളുടെ മുഖമേയുള്ളു…

അവൾക്കും തന്നെയിഷ്ടമാണ് .. അവളുടെ നോട്ടത്തിലും ഭാവത്തിലുമെല്ലാം തെളിഞ്ഞു കണ്ടിട്ടുമുണ്ടത് താൻ ,പക്ഷെ അവളതൊരിക്കലും സമ്മതിച്ചു തരില്ല..
തരാനവളുടെ സാഹചര്യം അവളെ അനുവദിക്കില്ല

പേരുകേട്ട് മുല്ല മൻസിലിലെ മുസ്ലീം പെൺക്കുട്ടിയായ അവൾക്കൊരിക്കലും തന്നെ പോലൊരു നസ്രാണി ചെക്കനെ കുടുംബത്തെയും വീട്ടുക്കാരെയും വെറുപ്പിച്ച് സ്നേഹിക്കാനാവില്ല, അങ്ങനെ സംഭവിച്ചാൽ ഉമ്മയില്ലാത്തൊരു പെൺകുഞ്ഞിനെ ഇത്രനാളും നെഞ്ചിലെ ചൂടു നൽകി സ്നേഹിച്ചുവളർത്തിയ അവളുടെ ഉപ്പച്ചി സഹിക്കില്ല… താങ്ങില്ല…

“എന്തായ് എബിച്ചാ സുറുമിത്തയെ കണ്ടോ … ഇത്ത എബിച്ചനെ ഇഷ്ടാണെന്ന് സമ്മതിച്ചോ…?

തിരികെ വീട്ടിലെത്തിയതും ആകാംക്ഷയോടെ തന്നെ പൊതിഞ്ഞു പിടിച്ച് ചോദിക്കുന്ന അനിയത്തിമാരെ ദേഹത്ത് നിന്നടർത്തിമാറ്റി നിറഞ്ഞു വരുന്ന കണ്ണുകൾ അവർ കാണാതെ മറച്ച് വേഗത്തിൽ തന്റെ മുറിയിലേക്ക് നടന്നു എബി….

“അമ്മേ.. ഇളയപ്പനയച്ച വിസ ഞാനങ്ങ് എടുത്താലോന്നാ… എനിയ്ക്ക് ഇവിടെ നിന്നൊന്ന് മാറി നിൽക്കണം കുറേ നാളത്തേയ്ക്ക്.. ”

ആശ്വസിപ്പിക്കാനായ് അരികിലെത്തിയ അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തിയവൻ പറയുമ്പോഴും അവന്റെ നിറയുന്ന കണ്ണുകളുടെ നനവ് അറിയുന്നുണ്ടായിരുന്നു ആ അമ്മ …

മനസ്സിലൊരുത്തി ഇളക്കി മാറ്റാൻ പറ്റാത്ത വിധം കയറിയിരുന്നപ്പോൾ അതാദ്യം തന്നെ അമ്മയോടും പെങ്ങൻമാരോടും പറഞ്ഞ മകനെ ഓർത്തവർ വേദനയോടെ..

“എല്ലാവരിൽ നിന്നും ഓടിയൊളിച്ച് എല്ലാ കാലത്തും നിനക്ക് ജീവിക്കാൻ പറ്റില്ല എബി… ചാച്ചൻ മരിച്ചതിൽ പിന്നെ നിന്റെ അനിയത്തിമാർക്ക് നീ ഏട്ടൻ മാത്രമല്ല അവരുടെ ചാച്ചനും കൂടിയാണ്… നീയുള്ളതാണ് എനിയ്ക്കും ധൈര്യം… ആ നീ നാടുപേക്ഷിച്ച് പോവുന്നത് അമ്മയ്ക്ക് സഹിക്കില്ല… ആ തീരുമാനം വേണ്ട മോനേ… എല്ലാം മറക്കാനുള്ള കരുത്ത് എന്റെ കുഞ്ഞിനു കർത്താവു തരും… ”

അവന്റെ ശിരസ്സിൽ തലോടി പറഞ്ഞവർ

” എനിയ്ക്ക് വയ്യമ്മച്ചി ഇവിടെ… എനിയ്ക്കൊന്നു മാറി നിൽക്കണം… അല്ലേൽ എനിയ്ക്ക് സത്യായിട്ടും പ്രാന്ത് പിടിയ്ക്കും… ”

അമ്മയെ കെട്ടിപ്പിടിച്ചൊരു തേങ്ങലോടെ പറയുന്നവന്റെ ശരീരം കരച്ചിലിനനുസരിച്ച് ഉലഞ്ഞതും ആ അമ്മ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു സുറുമി എന്ന പെൺകുട്ടി തന്റെ മകനെത്ര മാത്രം പ്രിയപ്പെട്ടവളാണെന്ന്…

ദിവസങ്ങൾ നീങ്ങവേ എബി അവന്റെ ഇളയപ്പനയച്ചുകൊടുത്ത വിസയിൽ വിദേശത്ത് പോവാനൊരുങ്ങി… നാട്ടിലെ അവന്റെ ഷോപ്പ് വിശ്വസ്ഥനായ കൂട്ടുക്കാരനെ നോട്ടം ഏൽപ്പിച്ചു

വിജനമായ ആ വഴിയിൽ ദിവസങ്ങൾക്കു ശേഷം സുറുമിയെ കാത്തു നിൽക്കുമ്പോൾ പിടഞ്ഞടിക്കുന്നുണ്ടായിരുന്നു എബിയുടെ നെഞ്ചകം…

നാളെ ഉച്ചയ്ക്കാണ് പോവുന്നത്, പോവുന്നത് ,പോവുന്നതിനു മുമ്പ് ഒരിക്കൽ കൂടി സുനുമിയെ കാണണം, കണ്ട് യാത്ര പറഞ്ഞ് മനസ്സിൽ നിറച്ചു വെക്കണം അവളുടെ രൂപം.

താൻ തിരികെ മടങ്ങി വരുമ്പോൾ അവളൊരിക്കലും ഇന്നത്തെ ഈ സുറുമി ആവില്ലന്നും അവൾക്കവകാശിയായ് ഒരു പുരുഷനുണ്ടാവുമെന്നും അത്ര ഉറപ്പുണ്ടവന്… ആ ഓർമ്മയിൽ പോലും നീറി പിടയുന്നുണ്ടവൻ…

താൻ വരുന്നതും നോക്കി ഇമ ചിമ്മാതെ നിൽക്കുന്നവനെ ദൂരെ വെച്ചേ കണ്ടു സുറുമിയും…

നോവിന്റെ തിരമാലയാർത്തവളുടെ ഉള്ളിൽ…

പ്രിയപ്പെട്ടവനാണ്… പ്രാണനാണ്….

പക്ഷെ ഒരിക്കലും നേടാൻ കഴിയാത്തവനുമാണ്….

ആ ഓർമ്മ ഉളളിൽ വന്നതും നിറയാനൊരുങ്ങുന്ന കണ്ണുകൾ എബി കാണാതെ തുടച്ചവന്റെ അടുത്തേക്ക് ചെന്നവൾ

ഒന്നും പരസ്പരം ഉരിയാടാതെ നിമിഷങ്ങളോളം മുഖത്തോടു മുഖം നോക്കി നിന്നവർ…

അറിയാം ഇനിയൊരു കാഴ്ച ഇതുപോലെ അവർക്കിടയിൽ ഉണ്ടാവില്ലെന്ന്…

നോട്ടങ്ങളുടെ തീവ്രതയേറിയതും തനിയ്ക്ക് സ്വയം തന്നെ നിയന്ത്രിക്കാൻ പറ്റാതെയാവുന്നത് തിരിച്ചറിഞ്ഞ സുറുമിയൊരു യാത്ര പോലും എബിയോട് പറയാതെ പിൻതിരിഞ്ഞതും കാറ്റു പോലവളെ പുണർന്നു തന്നോടു ചേർത്തു എബി

സംഭവിച്ചതെന്താണെന്ന് സുറുമി തിരിച്ചറിഞ്ഞു വരുമ്പോഴേക്കും അവളുടെ മുഖമാകെ എബിയുടെ ചുണ്ടുകൾ ഇഴഞ്ഞൊടുവിലവളുടെ ചുണ്ടുകളിലെത്തിയിരുന്നു.

ഞെട്ടി പകച്ചവനെ സുറുമി നോക്കുമ്പോൾ അവളുടെ ചുണ്ടുകൾ വല്ലാത്തൊരാവേശത്തോടെ സ്വന്തമാക്കി തുടങ്ങിയിരുന്നു എബി…

ഇടക്കലർന്ന ശ്വാസനിശ്വാസങ്ങളും വായിലറിയുന്ന പുതു രുചികളും സുറുമിയെ വല്ലാത്തൊരവസ്ഥയിൽ എത്തിച്ചതും അവളിൽ നിന്നകന്ന് മാറിയിരുന്നു എബി

“സോറി….

കുനിഞ്ഞ ശിരസ്സോടെ കൈകൂപ്പി പറഞ്ഞവൻ തിരിഞ്ഞു വേഗത്തിൽ നടക്കുമ്പോഴും ആ വഴിയിൽ ഞെട്ടൽ മാറാതെ പകച്ചു നിന്നു സുറുമി..

പിന്നേറ്റ് രാവിലെ കൊണ്ടു പോവാനുള്ള ബാഗെല്ലാം മുറിക്കുള്ളിൽ നിന്ന് എബിയുടെ സുഹൃത്തുക്കൾ പുറത്തെ കാറിലേക്ക് എടുത്ത് വെയ്ക്കും നേരമാണ് സുറുമിയുടെ കൈപിടിച്ച് അവളുടെ ഉപ്പച്ചി എബിയുടെ വീടിന്റെ ഗേറ്റു കടന്നു വന്നത്..

എല്ലാവരും പകച്ചു നിന്നാ നേരമെങ്കിൽ ആരെയും മുഖമുയർത്തി നോക്കാനാവാതെ ശിരസ്സു കുനിച്ചവിടെ നിന്നു എബി

താനിന്നലെ സുറുമിയ്ക്ക് നൽകിയ ചുംബനത്തിന്റെ പകരമാണ് ഈ വരവെന്നവന് തോന്നിയെങ്കിലും അവളോടാ ചെയ്തതിൽ അല്പം പോലും കുറ്റബോധമില്ലവന്…

തന്റെ നോവുന്ന മനസ്സിനാശ്വസമായ് അത്രയെങ്കിലും വേണം തനിക്കെന്ന ചിന്തയായിരുന്നവന്… മുന്നോട്ടു ജീവിക്കാൻ, ഓർമ്മയിൽ സൂക്ഷിക്കാൻ അത്രയെങ്കിലും ഇല്ലെങ്കിൽ താൻ തകർന്നു പോവുമെന്നത്രയും ഉറപ്പുണ്ടവന്…

“കാര്യങ്ങളൊക്കെ ഇങ്ങനെ പാതി വഴിയിലിട്ട് അങ്ങനെയങ്ങ് പോയാലെങ്ങനെയാണ് എബീ… ഇതിനൊക്കയൊരു തീരുമാനം വേണ്ടേ…?

സുറുമിയുടെ ഉപ്പച്ചി ചോദിച്ചതും കാര്യം മനസ്സിലാവാതെ അയാളെ പകച്ചു നോക്കി എല്ലാവരും

“എന്റെ മോളോട് നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കെട്ടി കൂടെ പൊറുപ്പിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അതു നീ പറയേണ്ടത് എന്നോടല്ലേ എബീ…?
എന്നലല്ലേ എന്റെ മകളെ നിനക്ക് തരണോ വേണ്ടയോ എന്നെനിക്ക് തീരുമാനിക്കാൻ പറ്റൂ… അതിനു പകരം നീ നാടുവിട്ടാലെങ്ങനെയാണ്….”

ഉപ്പച്ചി പറഞ്ഞു വരുന്നത് എന്താണെന്നറിയാതെ എബി അയാളെ അമ്പരന്നു നോക്കിയതും അവനെ തന്നോടു ചേർത്തമർത്തി പുണർന്നയാൾ

“എന്റെ മകളെ നിനക്ക് തരാൻ എനിയ്ക്ക് സമ്മതമാണ് എബീ… അതിന്റെ പേരിലുണ്ടാവുന്ന എന്തും നമ്മുക്കൊരുമിച്ച് നേരിടാം.. എന്റെ മോളെക്കാൾ വലുതല്ല എനിയ്ക്കൊന്നും…

‘ഇന്നലെ രാത്രി ഒരു പോള കണ്ണടയ്ക്കാതെ എന്റെ കാലു പിടിച്ചു കരഞ്ഞിവൾ പറഞ്ഞതൊക്കെയും നിന്നെ പറ്റിയാണ്… നിന്നെ നേടികൊടുക്കാനാണ്… അവളെക്കാൾ വലുതല്ല മോനേ ഈ ഭൂമിയിലൊന്നുമെനിയ്ക്ക്…”

നിറമിഴികളോടെ ആ ഉപ്പച്ചിയുടെ കാലിലേക്ക് വീഴുമ്പോൾ എബിയുടെ മനസ്സിലെന്തായിരുന്നുവെന്നവന് തന്നെ അറിയില്ലെങ്കിലും ഇന്നലെ താനവൾക്ക് നൽകിയ ആ ഉമ്മകൾ എത്രയോ മുമ്പ് താനവൾക്ക് നൽക്കേണ്ടതായിരുന്നുവെന്നോർത്തവൻ.. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നവളവന്റെ നെഞ്ചോരം പതുങ്ങി ചേർന്നിരുന്നേനെ എന്ന ചിന്തയിൽ അത്രയും തെളിഞ്ഞൊരു പുഞ്ചിരി അവനിൽ തെളിഞ്ഞതും കാർമേഘമൊഴിഞ്ഞ മാനം പോലെ തെളിഞ്ഞിരുന്നവരുടെയെല്ലാം മനസ്സ്… ഇനിയവർ സ്നേഹിക്കട്ടെ ല്ലേ….

ശുഭം

രജിത ജയൻ