അത് മോനേ ഇന്നലെ ഉമ്മയേം കൊണ്ട് ഡോക്ടറുടെ അടുത്ത് പോയിരുന്നു ഡോക്ടർ സർജറി വേണമെന്ന്…

(രചന: Saji Thaiparambu)

നാളെ മക്കള് വരുമ്പോൾ പറയാം ,
അവരെന്തേലും വഴി കാണും , അല്ലാതെ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല
നീ ബേജാറാവാതിരിക്ക് , ,,

കാർഡിയോളജിസ്റ്റിനെ കണ്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഹൈദറ് ഭാര്യ ഐഷയെ സമാധാനിപ്പിച്ചു

രൂപ ഒന്നും രണ്ടുമല്ല ചിലവാകുന്നത്? ഈ പറഞ്ഞ സർജ്ജറിക്ക് കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും കരുതണമെന്നാണ് ഡോക്ടർ പറഞ്ഞത്, നമ്മുടെ മക്കളിൽ അത്രയും തുക ചിലവാക്കാൻ ഷംസൂനോ ഷംലാക്കോ കഴിയില്ല അവർക്ക് രണ്ട് പേർക്കും
സ്വന്തമായി ഒരു കൂര പോലുമില്ലാത്തതാണ് പിന്നെയുള്ളത് ഷെഫീഖാണ് അവനാണെങ്കിൽ കുറെ നാള് കൊണ്ട് പറയുന്നതാണ് ഹജ്ജിന് പോകണമെന്ന് അതിന് സ്വരുകൂട്ടി വച്ച കാശെടുത്ത് സർജ്ജറി നടത്താൻ പറ്റുമോ ?

നിരാശയോടെ ഐഷ ചോദിച്ചു

എല്ലാം അറിയുന്ന റബ്ബ് ഒരു വഴി കാണിച്ച് തരാതിരിക്കില്ല

ഹൈദറ് ഭാര്യയെ സമാധാനിപ്പിച്ചു

പിറ്റേന്ന് ചെറിയ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ് മക്കളെല്ലാം കുടുംബത്തിലേക്ക് വന്നു

ഐഷയുടെ കൈപ്പുണ്യമുള്ള അരി ഒറോട്ടിയും തേങ്ങാപ്പാലും ബീഫ് കറിയും കൂട്ടി എല്ലാവരും ഒരുമിച്ചിരുന്ന് നാസ്ത കഴിച്ചു

ഇതെന്താ ഉമ്മാടെ മുഖത്തൊരു ക്ഷീണം? ഉപ്പയ്ക്കും ഒരു ഉഷാറില്ലല്ലോ?

കഴിക്കുന്നതിനിടയിൽ ഷഫീഖാണ് അത് ചോദിച്ചത്

അത് മോനേ ഇന്നലെ ഉമ്മയേം കൊണ്ട് ഡോക്ടറുടെ അടുത്ത് പോയിരുന്നു

ഡോക്ടർ സർജറി വേണമെന്ന് പറഞ്ഞതും ലക്ഷങ്ങൾ ചിലവാകുമെന്നുമൊക്കെ പറഞ്ഞ കാര്യം ഹൈദറ് മക്കളെ അറിയിച്ചു

അയ്യോ ഉപ്പാ ഞങ്ങള് നിയ്യത്ത് വച്ച് പോയല്ലോ ഇല്ലെങ്കിൽ ഹജ്ജിന് പോകാൻ വച്ച പൈസയെടുത്ത് നമുക്ക് ഉമ്മായുടെ ഓപറേഷൻ നടത്താമായിരുന്നു

ഷെഫീഖ് നിരാശയോടെ പറഞ്ഞു

ശരിയാണ് ഞാനാണെങ്കിൽ വാട്സാപ്പിൽ സ്റ്റാറ്റസിട്ട് എല്ലാരേം അറീക്കയും ചെയ്തു എനിക്കിപ്പോൾ വലിയ പത്രാസാണെന്ന് കൂട്ടുകാരികള് കളിയാക്കുകയും ചെയ്തു ഇനിയത് മാറ്റി വയ്ക്കുന്നതും നാണക്കേടാണ്

ഷെഫീഖിൻ്റെ ഭാര്യയും സഹതാപത്തോടെ
ഭർത്താവിനെ പിന്തുണച്ചു

അത് സാരമില്ലുപ്പാ, നിങ്ങള് വിഷമിക്കണ്ടാ, എൻ്റെ ടാക്സിക്കാറ് വിറ്റാൽ രണ്ടര ലക്ഷം രൂപയോളം കിട്ടും നമുക്കത് കൊടുത്തിട്ട് ഉമ്മയുടെ ഓപ്പറേഷൻ നടത്താവുന്നതേയുള്ളു , നിങ്ങള് ബേജാറാവാതിരിക്ക്

എല്ലാം കേട്ട് കൊണ്ടിരുന്ന ഷംസു ഇടയ്ക്ക് കയറി പറഞ്ഞു

മോനേ അത് നിൻ്റെ ജീവിത മാർഗ്ഗമല്ലേ ?അത് നഷടപ്പെടുത്തിയാൽ പിന്നെ ,നീയും നിൻ്റെ കുടുംബവും എങ്ങനെ ജീവിക്കും?

എനിക്ക് ഡ്രൈവിങ് മാത്രമല്ലല്ലോ ഉപ്പാ അറിയാവുന്നത് ?വേറെന്തെല്ലാം തൊഴിലുണ്ട് ഈ നാട്ടിൽ , അത് എന്തേലും ചെയ്ത് ഞാൻ കുടംബം നോക്കിക്കോളാം, ഉമ്മാ ” ഇങ്ങള് എനിക്ക് രണ്ട് അരി ഒറോട്ടി കൂടെ ഇങ്ങോട്ട് ഇട്ടേ ,നല്ല രുചിയുണ്ട്,,

ഷംസു ഇടപെട്ടതോടെ അവരുടെ ഇടയിലെ പിരിമുറുക്കം കുറഞ്ഞു

ഇക്കാ, പണ്ട് ഉമ്മയ്ക്ക് ഉംറ ചെയ്യാൻ ഉപ്പ കരുതി വച്ചിരുന്ന പൈസയെടുത്ത് തന്നിട്ടാണ് നിങ്ങളെ അവര് ഗൾഫിലേക്കയച്ചത് അവിടെ നിന്നാണ് ഇക്കയ്ക്ക് ഇപ്പോൾ കുടുംബത്തോടെപ്പം ഹജ്ജ് ചെയ്യാനുള്ള നിലയിലെത്താൻ കഴിഞ്ഞത്, പിന്നേ ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗ്ഗമെന്നല്ലെ നമ്മള് പഠിച്ചിട്ടുള്ളത്? അത് നഷ്ടപ്പെടുത്തിയിട്ട് ഹജ്ജ് ചെയ്യാൻ അള്ളാഹു പറഞ്ഞിട്ടുണ്ടോ? എല്ലാ ആഘോഷങ്ങൾക്കും നമുക്കിങ്ങനെ ഒത്ത് കൂടാൻ കഴിയുന്നത് ഉമ്മയും ഉപ്പയും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നത് കൊണ്ടാണ്, നമുക്കൊരു തറവാടുണ്ടെന്ന്
നാലാൾടെ മുന്നിൽ അഭിമാനത്തോടെ പറയാൻ കഴിയുന്നതും അവരുള്ളപ്പോൾ മാത്രമാണ്

കഴിച്ച് കഴിഞ്ഞ് വാഷ്ബേസനിൽ കൈകഴുകി കൊണ്ടിരിക്കുമ്പോഴാണ് ഷെഫീഖിനോട് ഷംസു അത്രയും സംസാരിച്ചത്

അനുജൻ്റെ മുന്നിൽ തലകുനിഞ്ഞ് പോയ ഷെഫീഖിന് മാറി ചിന്തിക്കേണ്ടി വന്നു.
കഥ സജി തൈപ്പറമ്പ്.